Flash News

ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്

October 18, 2018 , Moideen Puthenchira

suhasiശബരിമലയിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെ വന്‍ സുരക്ഷാ സന്നാഹത്തോടെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. രാവിലെ ശബരിമലയിലേക്ക് പോകുന്നതിനിടെ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പിന്നീട് തിരിച്ചുവരാന്‍ സന്നദ്ധയായ ഇവരെ വന്‍ പോലീസ് വലയത്തിലാണ് പോലീസ് തിരിച്ചെത്തിച്ചത്. ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളേത്തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.

പോലീസ് വാഹന വ്യൂഹത്തിലാണ് ഇവരെ ശബരിമലയില്‍ നിന്ന് മാറ്റിയത്. നിലവില്‍ ശബരിമല മേഖല പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. അയ്യപ്പന്മാര്‍ പോകുന്ന നടപ്പാതകളിലുള്‍പ്പെടെ സുരക്ഷ ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സുരക്ഷ ശക്തമാക്കാന്‍ എല്ലാ നടപടികളും എടുത്തുവരികയാണെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.

അതിനിടെ ശബരിമലയിലേക്ക് മാധ്യമപ്രവര്‍ത്തകയെ പോകാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് അയ്യപ്പന്മാര്‍ പമ്പയില്‍ പ്രതിഷേധം നടത്തി. എന്നാല്‍ ഒരു സംഘടനയുടേയും പിന്തുണയോടെയല്ല ഇതെന്ന് അയ്യപ്പന്മാര്‍ വ്യക്തമാക്കി.

സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോഴാണ് ശബരിമലയില്‍ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിന് നേരെ നാടകീയ രംഗങ്ങള്‍ നടന്നത്. തനിക്ക് നേരെ അസഭ്യവര്‍ഷമുണ്ടായതായും കൈയേറ്റത്തിന് ശ്രമിച്ചതായും അവര്‍ പറഞ്ഞു. തേങ്ങകൊണ്ട് അവരെ അടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാനന പാതയിലൂടെ മരക്കൂട്ടത്തെത്തിയതോടെയാണ് നാടകീയമായി എല്ലാ ഭാഗത്തു നിന്നും വലിയ ജനക്കൂട്ടം വന്നെത്തിയതത്.

പിന്നീട് അസഭ്യവര്‍ഷവും ആക്രോശവുമായിരുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ തിരിച്ചിറങ്ങിയത്. തിരിച്ചിറങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടേയും പോലീസിന്റേയും നേരെ അസഭ്യവര്‍ഷം തുടങ്ങി. ഏതാണ്ട് 30 കിലോമീറ്റര്‍ ഭാഗത്ത് നിരോധനാജ്ഞ നിലനില്‍ക്കേയാണ് ആള്‍ക്കൂട്ടം അക്രമം നടത്തിയത്..

അയ്യപ്പ വേഷമണിഞ്ഞ ഗുണ്ടകളാണ് ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപിക്കാര്‍ തെറി വിളി നിര്‍ത്തിയാല്‍ സമാധാനം വരുമെന്നും അദ്ദേഹം പറഞ്ഞു. പമ്പ മുതല്‍ സന്നിധാനം വരെയുളള സുരക്ഷാ മേല്‍നോട്ടത്തിനായി ഐജി എസ് ശ്രീജിത്തിനെ കൂടീ ഡിജിപി ഇന്ന് ചുമതലപ്പെടുത്തി.

പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെയുളള വ്യാജപ്രചാരണങ്ങള്‍ക്കെതിരെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും സൈബര്‍ സെല്ലിന് ഡിജിപി ഉത്തരവ് നല്‍കി.

ഇന്ന് രാവിലെ 7.10 ഓടെയാണ് സന്നിധാനത്തേക്ക് പൊലീസ് സംരക്ഷണത്തില്‍ സുഹാസിനി രാജ് മലകയറി തുടങ്ങിയത്. പരമ്പരാഗത കാനനപാതയില്‍ എത്തിയ ഉടന്‍ ഇവരെ സമരക്കാര്‍ തടഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് സമരക്കാരെ നീക്കിയശേഷമാണ് സുഹാസിനിയുടെ യാത്ര ആദ്യം തുടങ്ങിയത്.

എന്നാല്‍ പിന്നീട് യാത്ര മുക്കാല്‍മണിക്കൂറോളം പിന്നിട്ടപ്പോള്‍ മരക്കൂട്ടത്തിന് സമീപം സുഹാസിനി രാജിനെ സമരക്കാര്‍ തടഞ്ഞുവെച്ചു. പൊലീസ് ചുറ്റിലും ഉണ്ടായിരുന്നെങ്കിലും സുഹാസിനിക്കെതിരെ കല്ലേറ് നടത്തിയ സമരക്കാര്‍ കേട്ടാല്‍ അറക്കുന്ന രീതിയിലുളള അസഭ്യമാണ് ചൊരിഞ്ഞത്.

ദര്‍ശനത്തിനായല്ല, ജോലി സംബന്ധമായ ആവശ്യത്തിന് വന്നതാണെന്ന് വ്യക്തമാക്കിയിട്ടും ഇവരെ മുന്നോട്ട് നീങ്ങാന്‍ അനുവദിച്ചില്ല. ശരണം വിളികളോടൊപ്പം ചീത്ത വിളിച്ചാണ് സുഹാസിനി രാജിനെ സമരക്കാരുടെ സംഘം ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് സുഹാസിനിയും സഹപ്രവര്‍ത്തകനും പൊലീസ് സംരക്ഷണത്തില്‍ മടങ്ങുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top