Flash News

ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ

October 18, 2018 , .

suhasini-raj-1ശബരിമലയിലേക്ക് സ്ത്രീ പ്രവേശനമാകാമെന്ന സുപ്രിം കോടതി വിധി വന്നതിനു പിറകെ വ്യക്തികളും സംഘടനകളും സ്തീകളെ ശബരിമലയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് ആരുടേയും കണ്ണില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെയാണെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തിയ വനിതകളില്‍ മൂന്നാമത്തെ ആളാണ് ദി ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹിയില്‍ സൗത്ത് ഏഷ്യ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ്. എന്നാല്‍ ആദ്യം മല കയറിയതും ഇവരാണ്. ലഖ്നൗ സ്വദേശിയായ ഇവര്‍ മലകയറാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തിനൊടുവില്‍ തിരിച്ചിറങ്ങുകയായിരുന്നു. 2005 ഡിസംബര്‍ 12 ന് ആജ് തക് ചാനല്‍ സംപ്രേഷണം ചെയ്ത എംപിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്റെ ‘ഓപ്പറേഷന്‍ ദുര്യോധന’യിലെ പ്രധാന പങ്കാളി കൂടിയായിരുന്നു സുഹാസിനി.

2005 ഡിസംബര്‍ 23 ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അന്നാണ് ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയ 11 എംപിമാരെ പാര്‍ലമെന്റ് പുറത്താക്കിയത്. ലോക്‌സഭയിലെ പത്തംഗങ്ങളുടെയും രാജ്യസഭയിലെ ഒരംഗത്തിന്റേയും അംഗത്വം റദ്ദാക്കി.’ഓപ്പറേഷന്‍ ദുര്യോധന’ എന്ന പേരില്‍ കോബ്ര പോസ്റ്റ് ഡോട്ട് കോം നടത്തിയ രഹസ്യ നീക്കത്തിലാണ് പതിനൊന്ന് എംപിമാര്‍ കുരുങ്ങിയത്. പവന്‍കുമാര്‍ ബന്‍സലിന്റെ നേതൃത്വത്തിലുള്ള സമിതി ലോക്‌സഭയിലും ഡോ. കരണ്‍സിങ് അധ്യക്ഷനായുള്ള സമിതി രാജ്യസഭയിലും അന്വേഷണം നടത്തി. രണ്ട് സമിതികളുടേയും റിപ്പോര്‍ട്ട് കുറ്റക്കാരെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഉത്തരേന്ത്യന്‍ ചെറുകിട ഉത്പാദക അസോസിയേഷന്‍ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളില്‍ നിന്നാണ് എംപിമാര്‍ പണം കൈപ്പറ്റിയത്. സംഘടനയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവര്‍ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികള്‍ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളില്‍ 25 എണ്ണം പാര്‍ലമെന്റിന്റെ കടുത്ത ചോദ്യ തെരഞ്ഞെടുപ്പ് രീതിയെ മറികടന്ന് ഉന്നയിക്കപ്പെട്ടു.

photoഎന്‍ഡിഎ ഭരണകാലത്ത് തെഹല്‍ക ഡോട്ട് കോമിലൂടെ പ്രതിരോധ ഇടപാടിലെ കോഴക്കഥ പുറത്തുകൊണ്ടുവന്നു ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന്റെയും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും കസേര തെറിപ്പിച്ച അനിരുദ്ധ ബഹാലിനൊപ്പം കോബ്ര പോസ്റ്റ് ഒരുക്കിയ’ഓപ്പറേഷന്‍ ദുര്യോധന’യില്‍ സുഹാസിനി രാജായിരുന്നു പ്രധാന പങ്കുവഹിച്ചത്.

സുഹാസിനി മലകയറിയതിന് തൊട്ട് പിന്നാലെ പ്രതിഷേധവുമായി പതിനഞ്ചോളം പേര്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. തുടര്‍ന്ന് അവര്‍ മാധ്യമസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ രേഖകും എല്ലാ കാണിച്ചെങ്കിലും പ്രതിഷേധക്കാര്‍ അവരെ തടഞ്ഞു. എന്നാല്‍, അവര്‍ പതറാതെ പിടിച്ചു നിന്നു. സാഹചര്യം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പൊലീസ് സംഭവ സ്ഥലത്ത് എത്തി സുഹാസിനിക്ക് സുരക്ഷാ വലയം തീര്‍ത്തു. പിന്നീട് അവര്‍ പൊലീസ് അകമ്പടിയോടെ ശബരിമലയിലേക്ക് യാത്ര ചെയ്തു. അപ്പാച്ചിമേടിനടുത്ത് ഭക്തര്‍ ശരണംവിളികളോടെ മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചതോടെ അവര്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു.

താന്‍ പ്രകോപനം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോലിയുടെ ഭാഗമായാണ് ശബരിമലയില്‍ എത്തിയതെന്നും സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, താന്‍ നേരിട്ടത് കടുത്ത ആക്രമണങ്ങളാണെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് നേരെ കൈയ്യേറ്റ ശ്രമവും കല്ലേറുമുണ്ടായി. പ്രതിഷേധക്കാര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവില്‍ സുഹാസിനിയെ പൊലീസ് സംരക്ഷണയില്‍ പത്തനംതിട്ടയിലേക്ക് മാറ്റിയിട്ടുണ്ട്.

വിദേശിയായ സഹപ്രവര്‍ത്തകനൊപ്പം പമ്പയില്‍ എത്തിയ സുഹാസിനി ഭക്തരുടെ ശ്രദ്ധയില്‍പ്പെടാതെയാണ് മല കയറിയത്. സുപ്രീം കോടതി വിധിക്ക് ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച പത്തിനും അന്‍പതിനും മധ്യേ പ്രായമുള്ള മൂന്നാമത്തെ വനിതയാണ് സുഹാസിനി. ബുധനാഴ്ച തമിഴ്‌നാട്, ആന്ധ്ര സ്വദേശികളായ രണ്ടു സ്ത്രീകള്‍ നിലയ്ക്കലിലും പമ്പയിലും പ്രതിഷേധം കാരണം മലകയറ്റം ഉപേക്ഷിച്ചിരുന്നു. കോടതി വിധിക്ക് ശേഷം ശബരിമല സന്നിധാനത്തിന് ഏറെ അടുത്തെത്താന്‍ ശ്രമിച്ച സ്ത്രീ കൂടിയാണ് സുഹാസിനി. അവര്‍ സന്നിധാനത്ത് എത്തിയിരുന്നെങ്കില്‍ കോടതി വിധി വന്നതിനുശേഷം ശബരിമല കയറിയ ആദ്യത്തെ യുവതി എന്ന ഖ്യാതിയും അവര്‍ക്ക് ലഭിച്ചേനെ. ഇന്നലെ പമ്പയില്‍ നിന്ന് മല കയറിയ ആന്ധ്ര സ്വദേശി മാധവിക്ക് പ്രതിഷേധത്തിനിടെ മലയിറങ്ങേണ്ടി വന്നിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top