Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

തെരുവു യുദ്ധം ഒഴിവാക്കാന്‍ സുപ്രിം കോടതിയെ സമീപിക്കണം

October 18, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

744643-activist-protesting-against-the-entry-afpശബരിമലയിലെ സ്ത്രീപ്രവേശത്തിനെതിരായ സമരം നിയമം കൈയിലെടുത്ത് മുന്നോട്ടുപോകുകയാണ്. ഏതു സമയവും ഒരു പൊട്ടിത്തെറിയിലേക്ക് എത്താവുന്ന സംഘര്‍ഷാത്മകവും സ്‌ഫോടകാത്മകവുമായ സ്ഥിതിയാണ് ശബരിമല കേന്ദ്രീകരിച്ച് നിലനില്‍ക്കുന്നത്. പന്തളം കൊട്ടാരത്തിന്റെയും ശബരിമല തന്ത്രികുടുംബങ്ങളുടെയും നേതൃത്വത്തില്‍ നാമജപ സമരമെന്ന ആത്മീയമുറയാണ് പ്രഖ്യാപിച്ചതെങ്കിലും.

Photo1ശബരിമലയില്‍ നിലനിന്നിരുന്ന ആചാരങ്ങള്‍ സുപ്രിം കോടതിവിധി ലംഘിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് സമരത്തിനു നേതൃത്വം കൊടുക്കുന്ന വിവിധ നേതാക്കള്‍ നല്‍കുന്ന ന്യായീകരണം. എന്നാല്‍ സഞ്ചരിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വന്തം വിശ്വാസം വെച്ചുപുലര്‍ത്താനും ഭരണഘടന വ്യക്തികള്‍ക്കനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളും പത്രപ്രവര്‍ത്തന സ്വാതന്ത്ര്യംപോലും സംഘടിച്ചും ബലംപ്രയോഗിച്ചും തകര്‍ക്കുകയാണ് ശബരിമലയിലേക്കുള്ള തീര്‍ത്ഥാടക വഴിയില്‍ ‘വിശ്വാസി’കളുടെ പേരില്‍ ചെയ്തുകൂട്ടുന്നത്. സുപ്രിം കോടതിവിധിയില്‍ വിശ്വസിച്ച് തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും വന്ന പതിവു വിശ്വാസികളെ ബലംപ്രയോഗിച്ച് തിരിച്ചയച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളി മാത്രമല്ല. സാക്ഷാല്‍ അയ്യപ്പനോടും വിശ്വാസത്തോടുമുള്ള നിന്ദ്യമായ അവഹേളനംകൂടിയാണ്.

സുപ്രിംകോടതിവിധി പാലിക്കാന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരമുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഗവണ്മെന്റിന് സുപ്രിംകോടതിവിധി നടപ്പാക്കുകയല്ലാതെ പോംവഴിയില്ല. ഇക്കാര്യത്തില്‍ അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ രാജകുടുംബാംഗങ്ങളും തന്ത്രി കുടുംബാംഗങ്ങളും ആത്മാര്‍ത്ഥത കാണിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ചതും പരിഹാരമെന്നോണം ദേവസ്വം ബോര്‍ഡിന്റെ യോഗത്തില്‍ചെന്ന് ഇറങ്ങിപ്പോന്നതും അതിന്റെ തെളിവ്.

സംസ്ഥാന ഗവണ്മെന്റ് റിവ്യൂ ഹര്‍ജി നല്‍കി വിധി തിരുത്തിക്കണമെന്നാവശ്യപ്പെടുന്ന ബി.ജെ.പി – കോണ്‍ഗ്രസ് ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം നിലയില്‍ സുപ്രിംകോടതിയെ സമീപിച്ചില്ല, സമീപിക്കാന്‍ ഉദ്ദേശ്യവുമില്ല. ബി.ജെ.പി സ്വന്തം കേന്ദ്രസര്‍ക്കാറിനോട് ശബരിമല ശാസ്താവിനുവേണ്ടി ആചാരം സംരക്ഷിക്കാന്‍ നിയമപരമായ ഇടപെടല്‍ നടത്തണമെന്നൊട്ടു പറയുന്നുമില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സുപ്രിംകോടതി വിധിയെ എതിര്‍ക്കാനില്ല. തല്‍ക്കാലം കോണ്‍ഗ്രസ് പതാക കയ്യൊഴിഞ്ഞ് പ്രതിഷേധക്കാരുടെ കൂടെകൂടാനാണ് കെ.പി.സി.സി നേതൃത്വം പക്ഷെ ഇറങ്ങിപുറപ്പെട്ടത്.

Sabarimala_protest_137428_730x419-mഇതിന്റെ പിന്നിലെ യഥാര്‍ത്ഥ അജണ്ട വിശ്വാസവും ആചാരവും ഒന്നുമല്ല. അത്തരമൊരു മുഖംമൂടിയില്‍ തികഞ്ഞ ജനാധിപത്യവിരുദ്ധ രാഷ്ട്രീയ തെരുവുയുദ്ധം സംസ്ഥാന സര്‍ക്കാറിനെതിരെ തുടങ്ങണം എന്നതാണ്. ഈ വിഷയത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ ബി.ജെ.പിയുടെ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം മറയില്ലാതെ അത് വെളിപ്പെടുത്തി: 24 മണിക്കൂറിനകം സ്ത്രീപ്രവേശ വിഷയം പരിഹരിക്കണമെന്നാണ് അദ്ദേഹം സംസ്ഥാന ഗവണ്മെന്റിനു മുന്നറിയിപ്പു നല്‍കിയത്. ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത, സമരം നയിക്കുന്ന പ്രതിനിധികളും യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കണമെന്ന് അന്ത്യശാസനം നല്‍കി. സുപ്രിംകോടതി തീരുമാനം സംസ്ഥാന – കേന്ദ്ര ഗവണ്മെന്റുകള്‍ ഒന്നിച്ചിറങ്ങിയാലും 24 മണിക്കൂറിനകം മാറ്റിമറിക്കാന്‍ സാധ്യമല്ലെന്ന് അറിയാവുന്ന ഭരണഘടനാ വിദഗ്ധന്‍കൂടിയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്.

ബി.ജെ.പിയുടെ യഥാര്‍ത്ഥ ലക്ഷ്യം അതിന്റെ അധ്യക്ഷന്‍തന്നെ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ അനുസരിച്ചില്ലെങ്കില്‍ ജനങ്ങളുടെ മലവെള്ളപാച്ചിലില്‍ മുഖ്യമന്ത്രിയും സര്‍ക്കാറും ഒലിച്ചുപോകുമെന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ട്. ജനങ്ങളുടെ ആ മലവെള്ളപാച്ചിലിന് തുടക്കം കുറിക്കാനാണ് നിലയ്ക്കലില്‍ ബി.ജെ.പി ഉള്‍പ്പെട്ട സംഘ് പരിവാര്‍ രണ്ടുദിവസമായി കഠിനാധ്വാനം ചെയ്യുന്നതും.

മുള്ളുപോയി ഇലയില്‍ വീണാലുള്ള കേട് ഇലയ്ക്കു മാത്രമല്ല കേരളത്തിനു മൊത്തമാണെന്ന തിരിച്ചറിവ് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പോലുള്ള പാര്‍ട്ടികളുടെ അമരത്തിരിക്കുന്നവര്‍ക്ക് നഷ്ടപ്പെട്ടു. അത് ജനങ്ങളുടെ ദുര്യോഗം.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും അവരുടെ ശക്തി പരമാവധി സമാഹരിച്ചും സംഘ് പരിവാര്‍ മുന്നോട്ടുപോകുമ്പോള്‍ സര്‍ക്കാറിന്റെ പ്രഥമ ബാധ്യതയായ ക്രമസമാധാനപാലനമാണ് ലക്ഷ്യമായി മാറിയിരിക്കുന്നത്. ഇതു തിരിച്ചറിയാതെ ബി.ജെ.പിക്ക് ഇന്ധനം പകരുകയാണ് കോണ്‍ഗ്രസ് സമരപന്തല്‍കെട്ടി കൂട്ടിരിപ്പു സമരത്തിലൂടെ ചെയ്യുന്നത്.

WhatsApp_Image_2018-10-17_at_6വിശ്വാസികളുടെ പേരില്‍ നടത്തുന്ന ഈ രാഷ്ട്രീയ സമരം നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ പൊലീസ് സേനയ്ക്ക് കഴിയാത്ത സ്ഥിതിയുണ്ടെന്നാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നിലയ്ക്കലെയും പമ്പയിലെയും മറ്റും സംഭവവികാസങ്ങള്‍ കാണിക്കുന്നത്. സുപ്രിംകോടതി വിധിയനുസരിച്ച് ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രദര്‍ശനം ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അതോടെ പരാജയപ്പെട്ടു. പൊലീസിന്റെ സംയമനം ബലഹീനതയായി കാണരുതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു കാണുന്നത്. പൊലീസ് സംയമനം വിട്ട് വിശ്വരൂപം കാണിക്കണമെന്നും ചോരപ്പുഴ ഒഴുക്കണമെന്നുമാണ് സര്‍ക്കാറിനെതിരെ സമരരംഗത്തിറങ്ങിയവരുടെ പ്രാര്‍ത്ഥനയെന്ന് സി.പി.എം സെക്രട്ടറി മനസിലാക്കുന്നില്ല. വിശ്വാസികളും പൊലീസ് സേനയും തമ്മിലുള്ള തെരുവു പോരാട്ടം കാണാന്‍ കോപ്പുകൂട്ടി നില്‍ക്കുന്നവര്‍ക്ക് അവസരം കൊടുക്കാതെ ഗവണ്മെന്റും ആഭ്യന്തര വിഭാഗവും മുന്നോട്ടുപോകേണ്ട അസാധാരണ സന്ദര്‍ഭമാണിത്.

ഈ സ്ഥിതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കില്ലെന്ന പ്രഖ്യാപനം സര്‍ക്കാര്‍ പുനപരിശോധിക്കേണ്ടിവരും. ഭരണഘടനാപരമായി സുപ്രിംകോടതി വിധി പുനപരിശോധിക്കണമെങ്കില്‍ അത്തരമൊരു വഴിയിലൂടെ നീങ്ങുകമാത്രമേ പോംവഴിയുള്ളൂ. ഒട്ടേറെ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതിക്കു മുമ്പാകെ ഉണ്ടെന്നതു ശരിതന്നെ. പക്ഷെ, സര്‍ക്കാര്‍ നിലപാടിനെ ദുര്‍വ്യാഖ്യാനംചെയ്ത് വിഷയം തെരുവില്‍ കത്തിക്കുന്ന നിലയിലേക്ക് നീങ്ങുന്ന അപകടകരമായ ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ സംസ്ഥാന ഗവണ്മെന്റിന് മറ്റാരെയും നോക്കാതെ അങ്ങനെ ചെയ്യേണ്ടിവരും.

അതിനര്‍ത്ഥം ലിംഗസമത്വം സംബന്ധിച്ചും അനാചാരത്തിനെതിരെയും ഇടതുപാര്‍ട്ടികള്‍ എടുത്തുപോന്ന നിലപാടുകള്‍ ഉപേക്ഷിക്കുകയെന്നല്ല. സുപ്രിംകോടതിയുടെ വ്യക്തമായ ഉറപ്പുള്ള നിലപാട് പുറത്തുവരാന്‍ ഒരിക്കല്‍ക്കൂടി ശ്രമം നടത്തുക എന്നതാണ്. ജനാധിപത്യ വിരുദ്ധമായ ഒരു അട്ടിമറിക്ക് സര്‍ക്കാര്‍ നിന്നുകൊടുക്കാതെ. കാര്യം തുറന്നുപറഞ്ഞ് ഫ്യൂഡല്‍ – വലതുപക്ഷ ശക്തികളുടെ രാഷ്ട്രീയ ഗൂഢാലോചനയെ പരാജയപ്പെടുത്താന്‍ അത് ആവശ്യമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top