Flash News

സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ പോലീസ് സം‌രക്ഷണത്തോടെ സന്നിധാനത്തെത്തിയത് കിസ് ഓഫ് ലൗ, മാറ് തുറക്കല്‍ സമര നായിക രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും; പ്രതിഷേധക്കാര്‍ വളഞ്ഞതോടെ ഇരുവരെയും തിരിച്ചിറക്കി

October 19, 2018 , .

rahanaപമ്പ: സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ പോലീസ് സം‌രക്ഷണത്തോടെ സന്നിധാനത്തെത്തിയത് മാറ് തുറക്കല്‍ സമര നായിക രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും. എന്നാല്‍ പ്രതിഷേധക്കാര്‍ വളഞ്ഞതോടെ ഇരുവരെയും പോലീസ് തിരിച്ചിറക്കി. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. പ്രശ്‌നങ്ങളുണ്ടാക്കാനാണ് അക്ടിവിസ്റ്റുകള്‍ മലയിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക് കയറി ഇടപെടാന്‍ ശബരിമലയെ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ തിരിച്ചുപോകാന്‍ തയാറല്ലെന്ന് രഹന ഫാത്തിമ അറിയിച്ചു. എറണാകുളത്തെ രഹ്നയുടെ വീട് പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു. യുവതികളെ വനം ഐബിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതികള്‍ സന്നിധാനത്ത് എത്തിയതോടെ നടപന്തലില്‍ അഞ്ഞൂറോളം ഭക്തര്‍ നിരന്ന് കിടന്നു. അയ്യപ്പ ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഐജി ശ്രീജിത്ത് എത്തി ഭക്തരോട് കാര്യങ്ങള്‍ വിശദീകരിച്ചു. വിശ്വാസികളെ മറികടന്ന് മുന്നോട്ട് പോകില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നയപരമായ തീരുമാനം മന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇതോടെ ആക്ടിവിസ്റ്റുകളാണ് എത്തിയതെന്ന് പൊലീസും സര്‍ക്കാരും സമ്മതിക്കുന്ന അവസ്ഥയും വന്നു.

അങ്ങനെ സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ ശബരിമലയില്‍ എത്തുന്നവര്‍ ആക്ടിവിസ്റ്റുകളാണെന്ന് സര്‍ക്കാരും പ്രഖ്യാപിക്കുന്ന അവസ്ഥയാണ്. ആക്ടിവിസ്റ്റുകളെ കയറ്റിയാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് അടിയന്തര ഇടപെടല്‍ വരുന്നത്. ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കും. ഇത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ വിവാദ നായിക രഹ്നാ ഫാത്തിമ സന്നിധാനത്തേക്ക് ഇരുമുടിയുമായെത്തിയാണ് സര്‍ക്കാരിനേയും വെട്ടിലാക്കിയത്. ഇതാണ് നയപരമായ തീരുമാനം എടുക്കാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചാണ് കടകംപള്ളി തീരുമാനം എടുത്തത്.

4f94ea5ffa5cd8a5fee8a035b3bbee30വേറിട്ട പ്രതിഷേധവുമായി ചര്‍ച്ചകളില്‍ നിറഞ്ഞ വ്യക്തിയാണ് രഹ്ന. അത്തരത്തില്‍ ഒരു സമരത്തിന്റെ ഭാഗമായി തന്നെയാണ് രഹ്നാ ഫാത്തിമ ശബരിമലയിലും എത്തിയത്. അതുകൊണ്ട് തന്നെയാണ് ഒരു ആക്ടിവിസ്റ്റിന്റെ സമരത്തെ സര്‍ക്കാരും തടഞ്ഞത്. ചുംബന സമരവും വത്തക്കാ സമരവും മാറു തുറക്കലുമായി വിവാദങ്ങളില്‍ ഇടംപിടിച്ചയാളാണ് രഹ്നാ ഫാത്തിമ. ഇത്തരത്തില്‍ ഒരു ആക്ടിവിസ്റ്റ് ശബരിമലയില്‍ എത്തിയത് മനപ്പൂര്‍വ്വം കുഴപ്പം ഉണ്ടാക്കാന്‍ തന്നെയാണ്. ഇതുകൊണ്ടാണ് സര്‍ക്കാരും രഹ്നാ ഫാത്തിമയെ അനുകൂലിക്കാതിരുന്നത്. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളില്‍ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയില്‍ താമസക്കാരിയായ രഹ്ന ബിഎസ്എന്‍എല്‍ ജീവനക്കാരിയുമാണ്.

മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സന ഫേസ്ബുക്കില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തണ്ണിമത്തന്‍ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂര്‍ണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് ഫേസ്ബുക് കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കുന്നില്ലെന്ന പേരില്‍ നീക്കം ചെയ്തു.

മാറുമറക്കല്‍ സമരത്തിനും പൊതുബോധത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ റൂമിനുള്ളില്‍ കതകടച്ച് ഭര്‍ത്താവിന് കാണാന്‍ മാത്രം ബ്ലൗസ് ധരിച്ച സത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തമ്പ്രാക്കള്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തില്‍ നിന്ന് നടന്നുപോയ സ്ത്രീകളും ഉണ്ടായിരുന്നു. ദിയ സനയിട്ട സ്വന്തം ചിത്രത്തിനു കീഴില്‍ രഹ്ന ഇങ്ങനെയാണ് കുറിച്ചത്. അങ്ങനെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിത്വമാണ് രഹ്ന.

ചുംബന സമരത്തിലെ പങ്കാളിത്തത്തിനു ശേഷമാണ് ശരീര രാഷ്ട്രീയ പ്രവര്‍ത്തനം രഹ്ന ആരംഭിച്ചത്. തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡയിയില്‍ ഇട്ടതിന് രഹ്ന മതവാദികളുടെ വധ ഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന പേരിലായിരുന്നു അന്നത്തെ ആക്രമണം. പുരുഷന്മാര്‍ ആധിപത്യം സ്ഥാപിച്ച തൃശൂരിലെ പുലിക്കളിയില്‍ ആദ്യത്തെ പെണ്‍പുലിയായി 2016ല്‍ രഹ്ന ചരിത്രം സൃഷ്ടിച്ചു. നഗ്‌നശരീരത്തിലായിരുന്നു പുലി വര. ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പെണ്‍ പുലിക്കളി സംഘം ഇറങ്ങിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. പുലിയായി വേഷമിട്ട് രഹ്നയും പെണ്‍പടയും തൃശൂരില്‍ താരങ്ങളായി.

പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതല്‍ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹ്ന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്‌ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി. തൃശൂര്‍ പുലികളിയില്‍ പെണ്‍പുലിയായി വേഷമിട്ടും രഹ്ന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നഗ്‌ന ശരീരത്തില്‍ പുലികളിയുടെ പെയിന്റ് അടിച്ചായിരുന്നു പുലികളിക്ക് എത്തിയത്.

മലകയറാന്‍ ഒരുങ്ങിയ 46കാരിയെ തിരിച്ചയച്ചു; സുരക്ഷ നല്‍കില്ലെന്ന് പൊലീസ്

meriപമ്പ: മലകയറാന്‍ ഒരുങ്ങിയ കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. 46 വയസ്സുള്ള സ്ത്രീയാണ് മേരി. വിദ്യാരംഭമായതിനാല്‍ ഇന്നുതന്നെ ദര്‍ശനം നടത്തണമെന്നാണ് മേരി സ്വീറ്റി പറഞ്ഞത്.

എന്നാല്‍, യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊലീസ് രംഗത്ത് എത്തി. തനിച്ചുവേണമെങ്കില്‍ പോകാം. പൊലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും എസ്‌ഐ പറഞ്ഞു. കൂടാതെ പ്രതിഷേധക്കാര്‍ ശരണം വിളികളോടെ മേരിയെ വളഞ്ഞതോടെ പൊലീസ് ഇടപെട്ട് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

ശബരിമല സന്നിധാനത്തെത്തിയ രണ്ട് യുവതികള്‍ മടങ്ങിയത് അല്‍പം മുന്‍പാണ്. കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ മടക്കയാത്ര തുടങ്ങി. വിശ്വാസലംഘനമുണ്ടാകരുതെന്ന് സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയെന്ന് ഐജി പറഞ്ഞു. എറണാകുളം സ്വദേശിനി രഹനയും ഹൈദരാബാദില്‍ നിന്നുളള ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിതയുമാണ് ഇന്ന് രാവിലെ മലകയറിയത്. ഐ.ജി എസ്ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍പൊലീസ് സുരക്ഷയിലാണ് ഇരുവരും സന്നിധാനത്തേക്ക് എത്തിയത്. നടപ്പന്തലില്‍ ഭക്തരും പ്രതിഷേധക്കാരും കവചമായി നിന്നതോടെ പൊലീസ് ഇവിടെ ചര്‍ച്ചയ്ക്ക് മുതിര്‍ന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. ഇതിനിടെ ബലപ്രയോഗിച്ച് യുവതികളെ കയറ്റേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ആക്ടിവിസ്റ്റുകള്‍ക്ക് പോകാനുളള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി ഡി.ജി.പിയെ വിളിച്ച് സൂചിപ്പിച്ചു. യുവതികളെ സ്ഥിതി ബോധ്യപ്പെടുത്തിയാണ് പൊലീസ് മടക്കിക്കൊണ്ടുവരുന്നത് .

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top