Flash News

കര്‍ഷകരെ സംരക്ഷിക്കാത്ത സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം: ഇന്‍ഫാം

October 20, 2018 , ഇന്‍ഫാം

Ltrhd 2018കൊച്ചി: കര്‍ഷകരെയും കാര്‍ഷികമേഖലയെയും സംരക്ഷിക്കുവാന്‍ ശ്രമിക്കാതെ നിരന്തരം പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വഞ്ചിക്കുന്ന സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍.

പ്രളയത്തിലും പ്രകൃതിദുരന്തത്തിലുംപെട്ട കര്‍ഷകര്‍ക്ക് ദുരിതാശ്വാസമല്ല നഷ്ടപരിഹാരമാണ് വേണ്ടത്. 10000 രൂപയുടെ പ്രഖ്യാപിത ദുരിതാശ്വാസം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിലും കാര്‍ഷികമേഖലയിലെ നഷ്ടങ്ങള്‍ നിര്‍ണ്ണയിക്കുന്നതിലും വന്‍ ഉദ്യോഗസ്ഥവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

കാര്‍ഷികടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തിനടപടികളുമായി ബാങ്കുകള്‍ നീങ്ങുന്നത് ധിക്കാരപരമാണ്. 2018 ഒക്‌ടോബര്‍ 12ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും കര്‍ഷകര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെ എല്ലാ വായ്പകളിന്മേലുള്ള ജപ്തിനടപടികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിറക്കിയ ഉത്തരവിനെ ഉദ്യോഗസ്ഥരും ധനകാര്യസ്ഥാപനങ്ങളും പുറന്തള്ളുന്നത് ഭരണസംവിധാനതകര്‍ച്ചയാണ്. പാലക്കാട് കര്‍ഷകജപ്തിയെ ചോദ്യംചെയ്ത കര്‍ഷകനേതാക്കളെ ജയിലിലടച്ചു. വയനാട്ടില്‍ കര്‍ഷകഭൂമിയില്‍ റവന്യൂവകുപ്പ് കയ്യേറ്റം തുടരുന്നു. കര്‍ഷകരെ കള്ളക്കേസുകളില്‍ കുടുക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമാണിപ്പോള്‍. സര്‍ഫാസി നിയമം അട്ടിമറിച്ച് കര്‍ഷകദ്രോഹം തുടരുന്നു. വിലത്തകര്‍ച്ചയും കടക്കെണിയും മൂലം കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന സംസ്ഥാന കൃഷിമന്ത്രാലയത്തിന്റെ ദ്രോഹനിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.

നെല്‍കൃഷി വ്യാപിപ്പിക്കണമെന്ന് പ്രസംഗിക്കുന്നവര്‍ കര്‍ഷകര്‍ക്ക് നെല്‍വിത്തുനല്‍കാതെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുവാന്‍ ഉപദേശിക്കുന്നതില്‍ നീതീകരണമില്ല. പുഞ്ചകൃഷിക്ക് ഏക്കറൊന്നിന് 50 കിലോഗ്രാം വിത്ത് സൗജന്യമായി നല്‍കുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി മാറി. കേന്ദ്രസര്‍ക്കാര്‍ നെല്ല് വിലയില്‍ 2 രൂപ വര്‍ദ്ധിപ്പിച്ചതിന്‍പ്രകാരം 23.30 രൂപ അടിസ്ഥാനവില നല്‍കുവാനും നെല്ലുസംഭരണം സമയബന്ധിതമായി നടപ്പാക്കാനും സാധിക്കാത്ത കൃഷിവകുപ്പിന്റെ കര്‍ഷകസ്‌നേഹവും കര്‍ഷകക്ഷേമപ്രഖ്യാപനങ്ങളും കാപഠ്യമാണെന്നും നിലനില്‍പിനായി കര്‍ഷകര്‍ വിളമാറ്റത്തിലേയ്ക്ക് തിരിയണമെന്നും സെബാസ്റ്റ്ന്‍ പറഞ്ഞു.

കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷികമേഖലയിലെ ഇന്നത്തെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നവംബര്‍ 2ന് കൊച്ചിയില്‍ വിവിധ കര്‍ഷകസംഘടനാനേതാക്കളുടെ സമ്മേളനം ചേരും.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top