Flash News

ശബരിമല ക്ഷേത്രവും യുവതികളുടെ പ്രവേശനവും (അവലോകനം)

October 21, 2018 , ജോസഫ് പടന്നമാക്കല്‍

sabarimala kshethravum-1അയ്യപ്പ ശാസ്താവിന്റെ പ്രതിഷ്ഠയിലുള്ള ശബരിമല അമ്പലം കേരളത്തിന്റെ കിഴക്കേ അറ്റത്ത് പത്തനംതിട്ട ജില്ലയിലുള്ള നിലയ്ക്കല്‍നിന്നും ഇരുപത്തിമൂന്നു മൈല്‍ ദൂരെ ഉള്‍വനങ്ങള്‍ കടന്നുള്ള വനാന്തരങ്ങളില്‍ സ്ഥിതി ചെയ്യുന്നു. പുരുഷന്മാര്‍ക്കും പത്തു വയസ്സിനു താഴെയുള്ള ബാലികാമാര്‍ക്കും അമ്പതു വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന ഈ അമ്പലത്തില്‍ പുതിയ സുപ്രീം കോടതി വിധിയോടെ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നുള്ള നിയമം വന്നിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കേരളമൊന്നാകെ ഇന്ന് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിധ്വനി ലോകമെമ്പാടെയുള്ള മലയാളികളിലും മുഴങ്ങി കേള്‍ക്കാം.

പന്തളത്തു രാജാവിന്റെ വളര്‍ത്തുപുത്രനായ മണികണ്ഠനും അയ്യപ്പനും ഒന്നാണെന്നുള്ള വിശ്വാസമാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മണികണ്ഠന്‍ അയ്യപ്പന്റേയോ ശാസ്താവിന്റെയോ മനുഷ്യരൂപമെന്നാണ് വിശ്വാസം. കഥയനുസരിച്ച് മണികണ്ഠന്‍ നൈഷ്ഠിക ബ്രഹ്മചാരിയാകുന്നു. അതേ സമയം മണികണ്ഠന്റെ മനുഷ്യശരീരം ശബരിമല ശാസ്താവെന്ന ബ്രഹ്മത്തില്‍ ലയിച്ചുവെന്നും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ശാസ്താവായ ദൈവത്തെ മണികണ്ഠന്‍ എന്നും വിളിക്കുന്നത്. ധര്‍മ്മശാസ്താ അഥവാ അയ്യപ്പനെന്നുള്ളത് അവിവാഹിതനായ ഒരു ദൈവമാണ്. എന്നാല്‍ തമിഴ് ഐതിഹ്യം അനുസരിച്ച് ശാസ്താവ് വിവാഹിതനാണ്. ശാസ്താവിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. അച്ചന്‍ കോവിലാറിനടുത്ത് മറ്റൊരു അയ്യപ്പന്റെ അമ്പലവും ഉണ്ട്. ‘പുഷ്‌കല എന്നും പൂര്‍ണ’ എന്നുമായിരുന്നു ഭാര്യമാരുടെ പേരുകള്‍. അച്ചന്‍കോവിലിനുള്ളിലെ അയ്യപ്പനെ പൂജിക്കുന്നത് രണ്ടു ഭാര്യമാര്‍ എന്ന നിലയിലാണ്.

main-qimg-44b5499f4df20095ee1dc17d8ee7e5de[1]

Dharmasastha with his two wives (Raja Ravi Varmma Picture)

ശാസ്താവിനോടുള്ള ആരാധന ശബരിമലയില്‍ മണികണ്ഠനു മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഇന്നും ശബരിമലയില്‍ ആരാധിക്കുന്നത് ധര്‍മ്മ ശാസ്താവെന്ന നിലയിലാണ്. അല്ലാതെ പന്തളം രാജാവിന്റെ ദത്തുപുത്രന്‍ മണികണ്ഠനെന്ന നിലയിലല്ല. ഓരോ സ്ഥലത്തും നിലനിന്നു പോരുന്ന ഐതിഹ്യ കഥകള്‍ മാറ്റാനും എളുപ്പമല്ല. ശാസ്താവ് വിവാഹിതനായ ദൈവമായതുകൊണ്ടു ബ്രഹ്മചാരിയായ അയ്യപ്പനെന്ന ഒരു ദൈവവുമായി യോജിപ്പിക്കാനും സാധിക്കില്ല. യുക്തി സഹജവുമല്ല.

മത വിശ്വാസങ്ങള്‍ എല്ലാം തന്നെ മനുഷ്യ നിര്‍മ്മിതമാണ്. ഒരു വിശ്വാസവും ദൈവത്തിന്റെ കരവേലകള്‍കൊണ്ട് നിര്‍മ്മിച്ചതല്ല. ക്രിസ്തീയതയില്‍ പത്തു ദൈവ കല്‍പ്പനകള്‍ എബ്രാഹാമിന് കൊടുത്തതായി വിശ്വസിക്കുന്നു. എന്നാല്‍ ഹിന്ദു മതത്തിന് അങ്ങനെ ദൈവ കല്പനകളായി ഒന്നും തന്നെയില്ല. എല്ലാ പാരമ്പര്യ വിശ്വാസങ്ങളും കാലാകാലങ്ങളായി അതാത് ദേശത്തിനൊത്തു വന്നതാണ്. പലതും ഐതിഹ്യ കഥകള്‍കൊണ്ട് കോര്‍ത്തിണക്കിയതാണ്. സ്ത്രീകള്‍ അയ്യപ്പന്റെ വിഗ്രഹത്തിനു മുമ്പില്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു ആരുടെയോ ഭാവനയിലും മുളച്ചുവന്നു. അടിസ്ഥാനമില്ലാത്ത ഈ വിശ്വാസം ഒരു പുരാണത്തിലും സൂചിപ്പിച്ചിട്ടില്ല. മനുഷ്യന്‍ വാമൊഴിയായി തുടര്‍ന്ന ഒരു പാരമ്പര്യം മാത്രമേ അതില്‍നിന്നും മനസിലാക്കേണ്ടതുള്ളൂ.

ദൈവവും മനുഷ്യരും തമ്മില്‍ വ്യത്യാസമുണ്ട്. ദൈവം എന്നത് എല്ലാ വൈകാരിക ഭാവാദികള്‍ക്ക് അധീനമെന്നാണ് വെപ്പ്. ഭൗതികമായും വൈകാരികമായുമുള്ള ചിന്തകളില്‍നിന്നും ദൈവം വേറിട്ട് നില്‍ക്കുന്നു. ദൈവം സൃഷ്ടിയായ സ്ത്രീയെ ആകര്‍ഷിക്കുന്ന ഒരു സത്തയല്ല. ദൈവമെന്നു പറയുന്നത് മായാലോകത്തില്‍നിന്നും ഉപരിയായ അനാദിയെന്നും മതം പഠിപ്പിക്കുന്നു. മനുഷ്യന്‍ അതിന്റെ ഘടകം മാത്രം. ഹിന്ദു മതം അനുസരിച്ച് ഓരോ സൃഷ്ടിയും ദൈവതുല്യമായിട്ടാണ്, കരുതുന്നത്. ഓരോ ജീവജാലങ്ങളിലും ആത്മം കുടികൊള്ളുന്നു. അവനിലെ ആത്മം സ്വതന്ത്രമാകുമ്പോള്‍ അവന്‍ തന്നെ ദൈവമാകുന്നു. അതാണ് ‘തത് ത്വം അസി’ (‘Tat Tvam Asi’) എന്ന് പറയുന്നത്. ‘തത്വമസി’ അതിന്റെ അര്‍ത്ഥം ‘നീയാണ് അത്’ (divinity). ഈ ദൈവിക വാക്കാണ് ശബരിമലയുടെ മുമ്പിലായി എഴുതി വെച്ചിരിക്കുന്നത്. എല്ലാ മനുഷ്യരും ദൈവമാണെന്നുള്ള സന്ദേശം ശാസ്താവില്‍ക്കൂടി സ്വാഗതം ചെയ്യുന്നു. ഓരോരുത്തരും ദൈവത്തെ തേടിയുള്ള അന്വേഷണത്തില്‍ , അവനിലുള്ള ‘ആത്മം’ സ്വതന്ത്രമാകണം. അങ്ങനെ അയ്യപ്പനെപ്പോലെ ദൈവമാകണം. ഹൈന്ദവത്തില്‍ സ്ത്രീയും ദൈവമാണ്. അയ്യപ്പനെപ്പോലെ ആത്മാവില്‍ സ്വതന്ത്രമാകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീക്കും ശാസ്താവിന്റെ മുമ്പില്‍ തൊഴാന്‍ അവകാശമുണ്ട്. അവളുടെ അവകാശങ്ങളെ നിഷേധിക്കുന്നതും യുക്തമല്ല. അത്, സമത്വമെന്ന ജനകീയ ചിന്തകള്‍ക്കു വ്യതിചലനമുണ്ടാക്കുന്നു.

astro-sabarimala.jpg.image.784.410ശബരിമലയിലെ ശാസ്താവായ മണികണ്ഠന്‍ ബ്രഹ്മചര്യത്തില്‍ക്കൂടി, കഠിനാധ്വാനത്തില്‍ക്കൂടി മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന ദൈവമായി. ലോകത്തിന്റെ ആഗ്രഹങ്ങളെയും ആനന്ദത്തെയും കീഴടക്കി. ഒരു സ്ത്രീ മുമ്പില്‍ നിന്നാല്‍ അയ്യപ്പന്‍ കുലുങ്ങുകയില്ല. അയ്യപ്പനോട് പ്രാര്‍ത്ഥിച്ചാലോ അനുഗ്രഹം നേടിയാലോ ദൈവമായി തീര്‍ന്ന അയ്യപ്പനില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ പോവുന്നില്ല. അയ്യപ്പനെ വാസ്തവത്തില്‍ അര്‍ത്ഥമില്ലാത്ത പ്രചാരണങ്ങളില്‍ക്കൂടി വിലയിടിക്കുകയാണ്. അയ്യപ്പന്‍ ഭൗതിക ചിന്തകള്‍ക്കു മേലെ ദൈവമായതിനാല്‍ സ്ത്രീകളെ വിവേചിക്കുവാന്‍ സാധിക്കില്ലെന്ന് വിശ്വസിക്കുന്നതായിരിക്കണം കൂടുതല്‍ യുക്തി.

ശബരിമലയില്‍ ഹിന്ദു പാരമ്പര്യത്തേക്കാള്‍ കൂടുതലായും കാണുന്നത് ബുദ്ധമതത്തിന്റെ ചിന്തകളുള്‍പ്പെട്ട സത്യങ്ങളിലാണ്. ‘ബ്രഹ്മചര്യം’ എന്നുള്ളത് ബുദ്ധമതത്തില്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. ദൈവികത്വത്തിന്റെ അഴകാര്‍ന്ന പ്രകാശ സ്തൂപങ്ങളെ ബ്രഹ്മചര്യത്തില്‍ക്കൂടി കാണുന്നു. എന്നാല്‍ അത് ഹിന്ദു വിശ്വാസമല്ല. ഹിന്ദുമത വിശ്വാസമനുസരിച്ച് ‘ബ്രഹ്മചര്യം’ എന്നുള്ളത് പരമപ്രധാനമായിട്ടുള്ളതല്ല. ഹിന്ദുമതം രണ്ടു ശക്തി വിഭാഗങ്ങളില്‍ വിശ്വസിക്കുന്നു. ശിവന്‍ എന്ന പുരുഷനിലും ശക്തിയെന്ന സ്ത്രീയിലും ഒരുപോലെ വിശ്വസിക്കുന്നു. മണികണ്ഠന്‍ എന്ന നിത്യ ബ്രഹ്മചാരി , ശിവന്‍-വിഷ്ണു പുരുഷ ദൈവങ്ങളുടെ സന്താനമാണെങ്കിലും ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് അവിടെ വിഷ്ണു സ്ത്രീ രൂപീകരണം പ്രാപിക്കണമെങ്കില്‍ ‘സ്ത്രീശക്തി’ ആവശ്യമെന്നാണ്. ‘വിഷ്ണു’ സ്ത്രീ രൂപമായ മോഹിനിയായി വന്നു അയ്യപ്പനെ ജനിപ്പിക്കുകയായിരുന്നു. ‘പാര്‍വതി’ എന്ന ദേവതയുടെ സ്ത്രീ സത്തയില്ലാതെ ശിവനെ പൂര്‍ണ്ണ ദൈവമായി കണക്കാക്കാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ ‘ഞാന്‍ ദൈവം’ എന്ന സത്തയെ കണ്ടെത്തുന്ന തീര്‍ത്ഥ യാത്രയില്‍ സ്ത്രീയെ തഴയുന്നത് എന്തിന്?

എല്ലാ ഹിന്ദു ദൈവങ്ങളിലും ഒരു സ്ത്രീശക്തിയുടെ പ്രതിരൂപവും കാണാം. ശാസ്താവിനും ഭാര്യമാരുണ്ടായിരുന്നു. മുരുഗന്‍ ബ്രഹ്മചാരിയെന്നു വിശ്വാസമുണ്ടെങ്കിലും മുരുഗനും ഭാര്യയുണ്ടായിരുന്നു. അതുകൊണ്ടു പൗരാണിക ഹിന്ദുമതം ബ്രഹ്മചര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അയ്യപ്പനെപ്പറ്റി ഒരേ ശ്വാസത്തില്‍ രണ്ടു തത്ത്വ ചിന്തകള്‍ സൃഷ്ടിക്കുക എന്നതും എളുപ്പമല്ല. ബുദ്ധമതത്തെ ഹൈന്ദവ മതം സ്വീകരിക്കാതെ പരിപൂര്‍ണ്ണമായ ഒരു ഹിന്ദുവെന്നു ചിന്തിക്കാനും സാധിക്കില്ല.

നിത്യ ബ്രഹ്മചാരിയായിട്ടാണ് ഭക്തജനങ്ങള്‍ അയ്യപ്പനെ ആചരിക്കുന്നതെങ്കിലും ചില അമ്പലങ്ങളില്‍ അയ്യപ്പന് ഭാര്യയും മക്കളുമുള്ളതായ ഐതിഹാസിക ചരിത്രങ്ങളും ഉണ്ട്. പാരമ്പര്യം അനുസരിച്ച് ആര്‍ത്തവ കാലങ്ങള്‍ കടന്നുപോകുന്ന സ്ത്രീകള്‍ ശബരി മലയില്‍ സന്ദര്‍ശിക്കാന്‍ പാടില്ലാന്നുള്ളതാണ്. അത് വ്രതം എടുത്തിരിക്കുന്ന അയ്യപ്പ ഭക്തന്മാര്‍ക്ക് തടസങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ന്യായങ്ങളും ഉന്നയിക്കുന്നു. ശബരിമല പ്രവേശനത്തില്‍ പത്തു വയസിനും അമ്പതു വയസിനുമിടയിലുള്ളവര്‍ക്കുള്ള നിയന്ത്രണം പഴയ കാലങ്ങളിലുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ ഈ നിയമം പ്രാബല്യത്തിലാകാന്‍ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. അതിന്റേതായ പ്രാഥമികമായ നടപടികള്‍ ഇനിയും നടപ്പാക്കേണ്ടതായുണ്ട്.

ഇന്ത്യയിലെ ‘മതേതരത്വം’ അമേരിക്കയിലെയോ യൂറോപ്പിലെയോ മതേതരത്വ ചിന്താഗതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മതേതരത്വത്തിന് നിരവധി നിര്‍വചനങ്ങളുണ്ടെങ്കിലും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്നുള്ള ഒരു ഭരണഘടനയാണ്, ഇന്ത്യയ്ക്കുള്ളത്. ഒരു മതത്തിന്റെ ആചാരങ്ങളില്‍ രാജ്യം ഇടപെടരുതെന്നുമുണ്ട്. അതായത് മതത്തിന്റെ പാരമ്പര്യങ്ങളെ മാറ്റുവാനുള്ള അവകാശം മതേതരത്വത്തില്‍ അടിസ്ഥാനമായ രാജ്യത്തിനില്ല. മതത്തിന്റെ മൗലിക സ്വാതന്ത്ര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ സര്‍ക്കാരിന് മതത്തിന്റെ മേല്‍ അധികാരമുണ്ടെന്നും വരും. എല്ലാ സമൂഹങ്ങളെയും മതങ്ങളെയും ഒന്നുപോലെ പരിഗണിക്കുകയെന്നതും മതേതരത്വത്തിന്റെ അടിസ്ഥാനതത്ത്വവും കൂടിയാണ്. സ്ത്രീകളുടെ ശബരിമലയിലുള്ള അമ്പല പ്രവേശനം സംബന്ധിച്ചുള്ള വിധിയെ ഒന്ന് ചിന്തിക്കുക. ഓരോ മതക്കാരും അവരുടെ സ്വാതന്ത്ര്യം അനുസരിച്ച് തങ്ങളുടെ ആചാരങ്ങള്‍ സംരക്ഷിക്കുന്നത് മനസിലാക്കാം. സ്ത്രീകളെ എന്തുകൊണ്ട് അമ്പലത്തില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും മനസിലാക്കാം. എന്നാല്‍ അത് സ്ത്രീകളുടെ തുല്യതയെ, അവരുടെ സമത്വം സ്വാതന്ത്ര്യം എന്ന അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.

sabarimala-759സര്‍ക്കാര്‍ എല്ലാ മത സമൂഹങ്ങളോടും ‘തുല്യത’ എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ സ്റ്റേറ്റ് എല്ലാ മതങ്ങളുടെയും ആചാരങ്ങളില്‍ തുല്യമായി ഇടപെടണം. ഇല്ലെങ്കില്‍ സ്റ്റേറ്റ് ഇടപെടാതെ മതങ്ങള്‍ അവരുടെ ആചാരങ്ങള്‍ തുടരട്ടെയെന്ന് തീരുമാനിക്കണം. അങ്ങനെ മതവും സ്റ്റേറ്റും തമ്മില്‍ തുല്യമായ സമദൂരം പാലിക്കേണ്ടതായുണ്ട്. കോടതി വിധിയെ മാനിച്ചാലും ഇല്ലെങ്കിലും ഈ വിധി പ്രത്യേകമായ ഒരു സ്ഥലത്തിലെ അമ്പലത്തിനുവേണ്ടിയെന്നതും പ്രത്യേകതയാണ്. ഭാരതമൊന്നാകെ അമ്പലങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യകതയും ഇവിടെ പ്രകടമാകുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയിലെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് എല്ലാ മത വിഭാഗങ്ങള്‍ക്കും ഉപ വിഭാഗങ്ങള്‍ക്കും മത സ്ഥാപനങ്ങളും ധര്‍മ്മസ്ഥാപനങ്ങളും സ്ഥാപിക്കാനുള്ള അവകാശങ്ങള്‍ ഉണ്ട്. മതപരമായ പ്രശ്‌നങ്ങള്‍ മതത്തിലുള്ളവര്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുമാണ്. എല്ലാ വിഭാഗങ്ങള്‍ക്കും തങ്ങളുടെ മനഃസാക്ഷിയനുസരിച്ച് മതാചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം. മതം പ്രചരിപ്പിക്കുകയും ചെയ്യാം. സാമൂഹിക നന്മകളും പരിഷ്‌കാരങ്ങളും അതാത് മതത്തിന്റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്യാം. അങ്ങനെയെങ്കില്‍ എല്ലാ ഹിന്ദുക്കള്‍ക്കും സ്ത്രീ പുരുഷ ഭേദമെന്യേ അമ്പലങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കണം. അവിടെ സമത്വവും മതേതരത്വവും തമ്മില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത് സമത്വമാണ് ആദ്യം പ്രാധാന്യം കല്പിക്കേണ്ടത്. അവിടെ സമത്വത്തെ വയസ്സിന്റെ പേരിലോ ആര്‍ത്തവത്തിന്റെ പേരിലോ വേര്‍തിരിക്കാനുള്ളതല്ല.

ഇന്ത്യ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു രാജ്യമാണ്. ഒരു നിയമം ഉണ്ടാക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുവായ താല്പര്യമേറിയ ഒരു ഏകീകൃത നിയമത്തിനും പ്രാധാന്യം നല്‍കണം. ഇന്ത്യയിലെ മറ്റു അമ്പലങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നുള്ള സ്ഥിതിക്ക് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലായെന്നുള്ള ഒരു പ്രാദേശിക താല്‍പ്പര്യവും നീതികരിക്കാവുന്നതല്ല. അതുകൊണ്ടു സുപ്രീം കോടതി വിധി എന്തുകൊണ്ടും അഭിനന്ദനീയമാണ്. വിധി ന്യായത്തില്‍ അഞ്ച് ജഡ്ജിമാരില്‍ നാലുപേരും ഒരു പോലെ വിധിയെ ശരിവച്ചു. എന്നാല്‍ അഞ്ചുപേരില്‍ ഒരാളായ സ്ത്രീ ജഡ്ജി ‘മല്‍ഹോത്ര’ മാത്രം വിധിയെ എതിര്‍ത്തു വോട്ടു ചെയ്തു.

മതവിശ്വാസ ചിന്തകളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്നായിരുന്നു മല്‍ഹോത്രയുടെ വാദം. സാമൂഹികമായ എന്തെങ്കിലും പൊതുവിപത്തുകളോ, ദോഷവശങ്ങളോ തിന്മയോ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം മതവിശ്വാസങ്ങളില്‍ കോടതി ഇടപെടാവൂ എന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടിരുന്നത്. ശബരിമലയില്‍ ആരെയും പീഡിപ്പിക്കാത്ത ഒരു വിശ്വാസം നൂറ്റാണ്ടുകളായി അവിടെ ഹൈന്ദവ സമൂഹം കാത്തു സൂക്ഷിക്കുന്നു. അങ്ങനെയുള്ള ഒരു വിശ്വാസത്തെ കോടതി മാനിക്കണമെന്നും മല്‍ഹോത്ര അഭ്യര്‍ഥിച്ചിരുന്നു. അത്തരം വിവാദമായ കാര്യങ്ങളില്‍ വിശ്വാസി സമൂഹമാണ് തീരുമാനമെടുക്കേണ്ടതും കോടതിയല്ലെന്നുമുള്ള അവരുടെ വാദങ്ങള്‍ ഫുള്‍ബെഞ്ച് ചെവികൊണ്ടില്ല. മതേതരത്വ ജനാധിപത്യ രാജ്യത്ത് മറ്റെല്ലാ സ്വാതന്ത്ര്യം പോലെ മതത്തിന്റെ യാഥാസ്ഥിതികത്വവും സംരക്ഷിക്കേണ്ടതായുണ്ട്. ‘യാഥാസ്ഥികത്വം മറ്റുളളവരെ പീഡിപ്പിക്കാത്ത കാലത്തോളം, ഒരാളിന്റെ മൗലികാവകാശങ്ങള്‍ തടസപ്പെടാത്ത കാലത്തോളം അവരുടെ അഭിപ്രായങ്ങള്‍ക്കും കോടതി വിലമതിക്കണമെന്നു’ ജഡ്ജി മല്‍ഹോത്ര ആവശ്യപ്പെട്ടിരുന്നു.

main-qimg-458dbd6cd4e0c92fa5a2c075b7a99eb9[1]പഴങ്കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ എത്തിച്ചേരുക എളുപ്പമായിരുന്നില്ല. കാരണം, ശബരിമല നിലകൊണ്ടിരുന്നത് കൊടും വനത്തിലായിരുന്നു. വഴികള്‍ അപകടം പിടിച്ചതായിരുന്നു. വന്യമൃഗങ്ങള്‍ വനപ്രദേശങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു. ദിവസങ്ങള്‍ മല ചവുട്ടിയാല്‍ മാത്രമേ ശബരിമല ശാസ്താവിന്റെ സന്നിധാനത്ത് എത്തുമായിരുന്നുള്ളൂ. സ്വാഭാവികമായും സ്ത്രീകളെ ശബരിമലയില്‍ പോവാന്‍ അക്കാലങ്ങളില്‍ പുരുഷന്മാര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. കൊള്ളക്കാര്‍ സ്ത്രീകളെ തട്ടിക്കൊണ്ടു പോവുന്ന ചരിത്രമൊക്കെ ശബരിമല ഭാഗത്ത് ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ തീര്‍ത്ഥാടനത്തിന് കൊണ്ടുപോവുന്നത് അപകടകരമെന്നു തീര്‍ത്ഥാടകരും ചിന്തിക്കാന്‍ തുടങ്ങി. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളെ അവരുടെ സുരക്ഷിതത്വത്തിനായി ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നും നിരോധിച്ചതുമാകാം. എന്നാല്‍ ഇന്നത്തെ സാമൂഹിക ചുറ്റുപാടുകളിലും യാത്രാ സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതിന്റെ പൊരുളും യുക്തിസഹജമല്ല.

കൊള്ളക്കാരുടെ ആക്രമണം മൂലം പന്തളം രാജാവുള്‍പ്പടെ പ്രാദേശിക രാജാക്കന്മാര്‍ക്കും രാജ്യത്തിന്റെ സുരക്ഷ വഹിക്കാന്‍ സാധിക്കാതെ വന്നു. പുരുഷന്മാരെ ഒറ്റക്ക് കാട്ടില്‍ വിടാന്‍ വിസമ്മതിച്ച സ്ത്രീകളെ വിശ്വസിപ്പിക്കാന്‍ ഇങ്ങനെയൊരു ‘ആര്‍ത്തവ കഥ’ പിന്നീട് സൃഷ്ടിക്കേണ്ടി വന്നു. സ്ത്രീകള്‍ ഇല്ലാതെ പുരുഷന്മാര്‍ യാത്ര ചെയ്താല്‍ അവരുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കുന്ന സ്ഥിതി വിശേഷവും വന്നു. കറുത്ത വസ്ത്രങ്ങള്‍ മാത്രം ലളിതമായി ധരിച്ചിരുന്നതുകൊണ്ടു ധനികനും ദരിദ്രനും തമ്മില്‍ തിരിച്ചറിയാനും ബുദ്ധിമുട്ടായിരുന്നു. ഇന്ന് പോലീസ് വേണ്ടത്ര സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന കാലത്ത് എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പോയിക്കൂടായെന്നാണ് അടുത്ത ചോദ്യം. കാരണം, ഓരോ വര്‍ഷവും ശബരിമല ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജനത്തിരക്കുമൂലം ശ്വാസം വിടാന്‍ പോലും അവിടെ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഭാര്യയും കുടുംബവും മക്കളുമായി പോവുമ്പോള്‍ യാത്ര അത്ര സുഗമമായിരിക്കില്ല. സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരായ അയ്യപ്പന്മാരെ വ്രതം അനുഷ്ഠിക്കുന്നതിലും അവരുടെ സുരക്ഷിതമായ യാത്രയിലും സഹകരിക്കുന്നുണ്ട്. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം യാത്ര ചെയ്യാതെ ശാസ്താവില്‍ മനസുകൊണ്ട് സഹകരിക്കുകയാണ്. അയ്യപ്പന്‍ നിലയ്ക്കല്‍ മലമുകളിലല്ല മറിച്ച് ഓരോരുത്തരുടെ ഹൃദയങ്ങളിലാണ് വസിക്കുന്നതെന്നും സ്ത്രീകള്‍ ചിന്തിക്കുന്നു. അല്ലെങ്കില്‍ പരമ്പരാഗതമായി കാത്തുസൂക്ഷിച്ച അവരുടെ ചിന്തകള്‍ക്ക് മാറ്റങ്ങളുള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറുമല്ല.

ഹൈന്ദവ മതത്തിലെ വിശ്വാസങ്ങളിലേറെയും മനുഷ്യ ചിന്തകള്‍ക്കതീതമായ വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞതാണ്. ദൈവങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു ചരിത്രമോ ഐതിഹാസികമോ ഇല്ല. അതുപോലെ അയ്യപ്പനെ സംബന്ധിച്ചും ഓരോ പ്രദേശ വാസികള്‍ക്ക് അനുകൂലമായ രീതിയില്‍ കഥകളും പ്രചരിച്ചിട്ടുണ്ട്. ആര്യ ദൈവമായ വിഷ്ണുവില്‍നിന്നും ദ്രാവിഡ ദൈവമായ ശിവനില്‍ നിന്നും ജനിച്ചതുകൊണ്ടാണ് അയ്യപ്പനെ ‘ഹരി ഹര’ പുത്രനെന്നു പറയുന്നത്. ഈ രണ്ടു ദൈവങ്ങളും പുരുഷ ദൈവങ്ങളാണ്. ഈ കഥകള്‍ കൂടാതെ ദക്ഷിണ ഭാരതത്തിലുള്ളവര്‍ അയ്യപ്പനെ ഇന്ത്യയില്‍ ആര്യന്മാര്‍ വരുന്നതിനുമുമ്പുള്ള ദൈവമായും വിശ്വസിക്കുന്നു. ആര്യന്മാരുടെ കുടിയേറ്റതോടെ ദ്രാവിഡ വിശ്വാസങ്ങളിലുണ്ടായിരുന്ന പല ദൈവങ്ങളും ആര്യന്‍ സംസ്‌ക്കാരത്തില്‍ ലയിക്കുകയായിരുന്നു. ശിവനും വിഷ്ണുവുമായുള്ള ആ സംയോജനം പിന്നീടുള്ള കാലഘട്ടത്തിന്റെ സൃഷ്ടിയുമാകാം.

11238903084_f673215734_bഅയ്യപ്പന് ഒരു മുസ്ലിം സഹോദരനായ വാവരെ കൂട്ടുകിട്ടിയതാണ് മറ്റൊരു കഥ. അയ്യപ്പന്റെ ഭൂമിയിലുള്ള വാസത്തില്‍ ശത്രുസംഹാരം നടത്തണമെന്ന ദൗത്യമുണ്ടായിരുന്നു. ലോകത്തില്‍ നടമാടിയിരിക്കുന്ന തിന്മകളെ നശിപ്പിച്ചു നന്മയെ പുനഃപ്രതിഷ്ഠിക്കാന്‍ അയ്യപ്പനെ സഹായിച്ചിരുന്നത് ‘വാവരെന്ന’ ഒരു മുസ്ലിം ധീരയോദ്ധാവായിരുന്നു. ഈ ഐതിഹ്യ കഥ ഹിന്ദു മതത്തെയും ഇസ്ലാം മതത്തെയും ആത്മീയമായി അടുപ്പിക്കുകയും ചെയ്യുന്നു. ശബരിമല അമ്പലത്തിലുള്ള ശാസ്താവിനെ കാണുന്നതിനുമുമ്പ് അയ്യപ്പഭക്തര്‍ വാവരമ്പലത്തില്‍ കൂത്തുകളും ശരണം വിളികളും നടത്തുന്നു. അവിടെ കുളത്തില്‍ നിന്ന് അയ്യപ്പഭക്തര്‍ വിശുദ്ധ ജലം ശേഖരിക്കുകയും ചെയ്യുന്നു. ഒരു മുസ്ലിം സഹോദരന്‍ അയ്യപ്പന്മാരുടെ നെറ്റിത്തടത്തില്‍ ചന്ദനവും പൂശി കൊടുക്കും. ഇങ്ങനെ ഹൈന്ദവ മുസ്ലിം ഐക്യമത്യത്തോടെയുള്ള ഒരു ആചാരം ആധുനിക ഇന്ത്യയില്‍ തന്നെ അത്യ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ.

അയ്യപ്പന്റെ ബ്രഹ്മചര്യമെന്ന കഥകള്‍ക്കപ്പുറം മറ്റൊരു കഥയും കൂടി പ്രചാരത്തിലുണ്ട്. ദേവനായ അയ്യപ്പനെ വിവാഹം കഴിക്കാന്‍ ദേവിയായ മാളികപ്പുറത്തമ്മ കാത്തിരിക്കുന്നുവെന്നുള്ളതാണ് കഥ. പുതിയതായി ഒരു കന്നി ഭക്തന്‍ അയ്യപ്പ സന്നിധാനത്തില്‍ വരാത്ത കാലത്ത് മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കുമെന്നുള്ള വാഗ്ദാനവും ഉണ്ട്. അങ്ങനെ നാളിതു വരെ സംഭവിച്ചിട്ടുമില്ല. ഓരോ വര്‍ഷവും കന്നി ഭക്തരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം അയ്യപ്പന്‍ നിത്യ ബ്രഹ്മചാരിയായി ശബരിമലയില്‍ സ്ഥിര പ്രതിഷ്ഠ നേടി ഭക്ത ജനങ്ങളുടെ ആചരണങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

ഒരു കാലത്ത് മനുഷ്യര്‍ക്ക് എത്തുവാന്‍ പ്രയാസമേറിയ ശബരിമലപ്രദേശത്ത് ബുദ്ധന്റേയോ അല്ലെങ്കില്‍ ശാസ്താവിന്റെയോ പ്രതിഷ്ഠയുണ്ടായിരുന്നിരിക്കണം. കാലത്തിന്റെ പ്രയാണത്തില്‍ സന്യാസികള്‍ക്കും ഭക്തജനങ്ങള്‍ക്കും പിന്നീട് വനനിബിഢമായ ആ ഭൂപ്രദേശം പ്രാധാന്യമുള്ളതായി തീര്‍ന്നിരിക്കാം. ബ്രാഹ്മണരുടെ സ്വാധീനം മൂലം ഈ പ്രദേശങ്ങള്‍ ബ്രാഹ്മണാധീനതയില്‍ വന്നെത്തി. അവിടെനിന്നും ബുദ്ധമതം കാലക്രമേണ ഇല്ലാതായി. ബുദ്ധം ശരണം, സംഘം ശരണം സ്വാമി ശരണം എന്നീ ശരണം വിളികള്‍ യാദൃശ്ചികമായി വന്നതാകില്ല. കാലക്രമേണ ബുദ്ധ മതം ഹിന്ദു മതത്തില്‍ ലയിക്കുകയായിരുന്നു. എന്നിരുന്നാലും ശാസ്താവിനെ ആരാധിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ശാസ്താവിന് പന്തളം രാജാവിന്റെ സൈന്യാധിപനായിരുന്ന അയ്യപ്പന്‍ ഉള്‍പ്പടെ ധാരാളം ഭക്തരും ഉണ്ടായിരിക്കാം. കൊള്ളക്കാരില്‍ നിന്നും ശാസ്താവിന്റെ സ്മാരകം സംരക്ഷിച്ചശേഷം അവിടവും പരിസരങ്ങളും നിലനിര്‍ത്താന്‍ അയ്യപ്പന്‍ ഒരു സന്യാസിയായി അവിടെ വസിച്ചിരുന്നിരിക്കാം. അന്നത്തെ കാലത്ത് പ്രസിദ്ധനായ അദ്ദേഹം പിന്നീട് ദൈവമായി അറിയപ്പെടാനും തുടങ്ങി. ബ്രാഹ്മണരുടെ അധീനതയില്‍ ശബരിമല വന്നതോടെ കെട്ടുകഥകളും ഓരോന്നായി സ്ഥാനം പിടിച്ചു.

അയ്യപ്പന്റെ ചരിത്ര ഗീതങ്ങള്‍ അവലോകനം ചെയ്യുന്നുവെങ്കില്‍ മൂന്നു തരം സംസ്‌കാരങ്ങളുടെ ഒരു ഒത്തു ചേരല്‍ അവിടെ ദൃശ്യമാകുന്നു. ആദ്യത്തേത് ആര്യന്മാര്‍ക്കു മുമ്പുള്ള ഒരു ചരിത്രവും രണ്ടാമത് ആര്യന്മാര്‍ വന്ന ശേഷമുള്ള ഒരു സംസ്‌ക്കാരവും ചരിത്ര താളുകളില്‍നിന്നും മനസിലാക്കാം. ശിവനും വിഷ്ണുവുമായുള്ള സംയോജന കഥ അതിനു ഉദാഹരണമാണ്. മൂന്നാമത് ആര്യന്‍ ദ്രാവിഡ സംസ്‌ക്കാരവും ഹിന്ദു മതവും ഇസ്ലാമുമായുള്ള ഐക്യദാര്‍ഢ്യവും വഴി മറ്റൊരു സംസ്‌ക്കാരത്തിന്റെ ഒത്തുചേരലും കാണാം. ശബരിമല ശാസ്താവില്‍ക്കൂടി ഒരു ഇസ്ലാമിക സംസ്‌ക്കാരത്തിന്റെ അവ്യക്തതകളും വായിച്ചറിയാന്‍ കഴിയും. അതേ സമയം യാഥാസ്ഥിതികര്‍ ആര്‍ത്തവമുള്ള സ്ത്രീകളെ അയ്യപ്പ സന്നിധാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുമില്ല.

2018_10img18_Oct_2018_PTI10_18_2018_000032B-1200x600അയ്യപ്പ സന്നിധാനത്ത് പോവുന്നതിനു മുമ്പ് അയ്യപ്പന്മാര്‍ 41 ദിവസം നിര്‍ബന്ധമായും വ്രതം എടുത്തിരിക്കണമെന്നുണ്ട്. ഭാര്യയുമായിപ്പോലും സംഭോഗത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. മാംസ മത്സ്യാദികള്‍ ഭക്ഷിക്കാന്‍ അനുവദനീയമല്ല. കറുത്ത മുണ്ടു ധരിക്കണം. ഷര്‍ട്ടിടാനോ ഷേവ് ചെയ്യാനോ എരിവ് പുളി കൂട്ടിയുള്ള ഭക്ഷണം കഴിക്കാനോ ചെരിപ്പിടാനോ പാടില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കുകയോ ശബരിമലയില്‍ പോവുന്ന മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഭക്ഷണമോ കഴിക്കാന്‍ പാടുള്ളൂ. കുളി കഴിഞ്ഞ ശേഷം മാത്രം ഭക്ഷണം കഴിക്കണം. കസേരയില്‍ ഇരിക്കാതെ നിലത്തു മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. കലാപരമായ പരിപാടികളിലോ സ്‌പോര്‍ട്‌സിലോ പങ്കെടുക്കുന്നതും നിയന്ത്രിച്ചിരിക്കുന്നു. ഹരിനാമ കീര്‍ത്തനങ്ങളും ആത്മീയ ഗീതങ്ങളും പാടിക്കൊണ്ടിരിക്കണം. വാസ്തവത്തില്‍ ആധുനിക കാലത്ത് ഈ നിയമങ്ങള്‍ പാലിച്ചുകൊണ്ട് എത്രപേര്‍ ശബരി മലയ്ക്ക് പോവുന്നുണ്ടെന്നുള്ള വസ്തുത അറിയില്ല. സ്ത്രീയുടെ ആര്‍ത്തവം നികൃഷ്ടമായി കാണുന്നതില്‍നിന്നും മാത്രം മാറ്റങ്ങള്‍ വന്നിട്ടില്ല. പുരുഷന്മാര്‍ക്ക് സംഭവിക്കുന്ന ലൈംഗികതയുടെ പ്രകൃതി പ്രക്രീയകള്‍ക്ക് പ്രശ്‌നവുമില്ല.

എല്ലാ പാരമ്പര്യങ്ങളും മനുഷ്യനുണ്ടാക്കിയതും മാറ്റപ്പെടാവുന്നതുമാണ്. എങ്കിലും തലമുറകളായി നിലനില്‍ക്കുന്ന ഒരു പാരമ്പര്യത്തിന് ധൃതഗതിയില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതും എളുപ്പമല്ല. അതിനു സമയവും കാലവും എടുക്കും. 1930-ല്‍ സ്ത്രീകള്‍ മാറു മറയ്ക്കാന്‍ പാടില്ലാന്നുള്ള വ്യവസ്ഥിതികള്‍ക്ക് മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള നിയമം വന്നെങ്കിലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വീണ്ടും കാലങ്ങള്‍ തന്നെ വേണ്ടിവന്നു. 1940 വരെ സ്ത്രീകള്‍ മാറിടം മറയ്ക്കാതെ നഗ്നമായ മേനിയോടെ അമ്പലത്തില്‍ പ്രവേശിക്കണമായിരുന്നു. അതെല്ലാം അന്നുള്ള സാമൂഹിക കടപ്പാടുകളായി മനുഷ്യര്‍ ചിന്തിച്ചിരുന്നു. പഴയ കാലത്തുള്ള അത്തരം സംസ്‌ക്കാരങ്ങളില്‍ക്കൂടി പുറകോട്ടു ചിന്തിക്കാന്‍ ഇന്നുള്ള സ്ത്രീകള്‍ക്ക് സാധിക്കില്ല. അങ്ങനെ പാരമ്പര്യമനുസരിച്ച് മാറ്റങ്ങളും കാലക്രമേണയുണ്ടായി. അതുപോലെ സ്ത്രീകള്‍ക്ക് ആര്‍ത്തവം അശുദ്ധമല്ലെന്നുള്ള ചിന്തകള്‍ക്കായി കാലങ്ങള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു. നാളത്തെ സ്ത്രീകള്‍ ഇന്നത്തെ ആര്‍ത്തവം വരുന്ന സ്ത്രീകളെ ബാര്‍ബേറിയന്‍ കാലഘട്ടങ്ങളോടും സാമ്യപ്പെടുത്തിയേക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top