Flash News

സെല്‍‌ഫി സംസ്ക്കാരം ദുരന്തമായി മാറിയ അമൃത്സറിലെ ദസറ ആഘോഷം; സംഘാടകര്‍ക്കെതിരെ വ്യാപക പ്രതിഷേധവും ആക്രമണവും; പോലീസിന് നേരെ ജനക്കൂട്ടത്തിന്റെ കല്ലേറ്

October 21, 2018

amritsarഅമൃത്സര്‍ (പഞ്ചാബ്): ദസറ ആഘോഷം വന്‍ ദുരന്തമായി മാറിയ അമൃത്സറില്‍ വ്യാപക ആക്രമണം. 59 പേര്‍ മരിക്കാനിടയായ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്. പൊലീസിനുനേരെ ജനക്കൂട്ടം കല്ലേറ് നടത്തി. രണ്ട് ദിവസത്തിനുശേഷവും ആരെയും അറസ്റ്റു ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണം. ദസറ ആഘോഷത്തിന്റെ സംഘാടകരുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ചടങ്ങിന്റെ സംഘാടകരായ കൗണ്‍സിലര്‍ വിജയ് മദന്‍, അദ്ദേഹത്തിന്റെ മകന്‍ സൗരഭ് മദന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരുടെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അപകടം നടന്ന സ്ഥലത്ത് റെയില്‍വെ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് നീക്കംചെയ്തു. ഇതിനിടെയാണ് പൊലീസിനുനേരെ കല്ലേറുണ്ടായത്. ജില്ലാ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ റെയില്‍വെ പാളത്തില്‍ കുത്തിയിരുന്നത്.

സംഘര്‍ഷം ഉണ്ടായതോടെ ജനങ്ങള്‍ വീടിനുള്ളില്‍തന്നെ കഴിയാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. അപകടം നടന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു രാജിവെക്കണമെന്നാണ് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ദസറാ ആഘോഷത്തില്‍ സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അപകടം നടക്കുന്നതിനുമുമ്പ് അവര്‍ അവിടെനിന്ന് മടങ്ങിയെന്നാണ് സിദ്ദു പറയുന്നത്.

അപകടത്തിനുശേഷം പലരെയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. കാണാതായവരെ ഉടന്‍ കണ്ടെത്തണമെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പഞ്ചാബ് പൊലീസ് കമാന്‍ഡോയ്ക്കും ഒരു മാധ്യമ പ്രവര്‍ത്തകനും പൊലീസിനുനേരെ ഉണ്ടായ കല്ലേറിനിടെ പരിക്കേറ്റു.

അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് റെയില്‍ അധികൃതര്‍. ജനക്കൂട്ടം റെയില്‍വെ ട്രാക്കില്‍ അതിക്രമിച്ചു കടന്നാണ് അപകടത്തിന് ഇടയാക്കിയെന്നാണ് റെയില്‍വേയുടെ വാദം.

അമൃത്സര്‍ തീവണ്ടി അപകടം; ദുരന്തമായി സെല്‍ഫി സംസ്‌കാരം

selfie-1അമൃത്സര്‍: തീവണ്ടി ഇടിച്ചുകയറുമ്പോള്‍ ആളുകള്‍ മൊബൈല്‍ഫോണുകളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നെന്ന് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ ജനങ്ങള്‍ ദസറ ആഘോഷങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്.

ഛൗറ ബസാറില്‍ നടന്ന ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് തീവണ്ടിയിടിച്ച് കയറുകയായിരുന്നു. അറുപതിലധികം പേരാണ് അപകടത്തില്‍ മരിച്ചത്.മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു അപ്പോള്‍. പടക്കങ്ങള്‍ പൊട്ടുന്നതിന്റെ ശബ്ദം കാരണം ജലന്ധര്‍ അമൃത്സര്‍ എക്‌സ്പ്രസ് അതിവേഗത്തിലെത്തിയത് ജനങ്ങള്‍ അറിഞ്ഞില്ല. എല്ലാവരും ആഘോഷങ്ങളും സെല്‍ഫികളും പകര്‍ത്തുന്ന തിരക്കിലായിരുന്നു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. അപകടം നടക്കുമ്പോള്‍ ഏഴുന്നൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

തീവണ്ടി ഇടിച്ചുകയറുമ്പോഴും ജനങ്ങള്‍ സെല്‍ഫി പകര്‍ത്തുന്നത് അവസാനിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ ട്വീറ്റ് ചെയ്തു. സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അശ്രദ്ധമൂലം വരുത്തിവച്ച അപകടമാണിതെന്നും ഒഴിവാക്കാമായിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top