Flash News

ശബരിമല വിഷയത്തില്‍ സുപ്രിം കോടതിയിലുള്ളത് ഇരുപതോളം ഹര്‍ജികള്‍; ശബരിമലയില്‍ ഇന്ന് നടയടയ്ക്കും

October 22, 2018

supreme-courtപൂജാ അവധിക്കുശേഷം ഇന്ന് സുപ്രിം കോടതി തുറക്കുമ്പോള്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരുപതോളം ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ ഏത് ജാതിമത വിഭാഗത്തിനും കയറാമെന്നിരിക്കയാണ് അന്യമതക്കാരെ തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭ ഹര്‍ജി നല്‍കുന്നത്.

തന്ത്രികുടുംബവും പന്തളം രാജകുടുംബവും അടക്കം റിവ്യൂ ഹര്‍ജികള്‍ നല്‍കിയിരിക്കെ അയ്യപ്പ സേവാ സംഘവും സ്ത്രീപ്രവേശനത്തിനെതിരെ റിവ്യൂ ഹര്‍ജി നല്‍കും.

ദേവസ്വം ബോര്‍ഡ് വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതിയേയും ഹൈക്കോടതിയേയും നിലപാടറയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ പ്രതിസന്ധി സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നല്‍കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ന് അന്തിമതീരുമാനമെടുക്കും. തിങ്കളാഴ്ചയോ അല്ലെങ്കില്‍ ചൊവ്വാഴ്ചയോ റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്യും. റിപ്പോര്‍ട്ടിനൊപ്പം മറ്റുചില നിയമപരമായ നീക്കങ്ങള്‍ക്കുകൂടി സാധ്യതയുണ്ടെന്ന നിയമോപദേശം ബോര്‍ഡിന് കിട്ടിയിട്ടുണ്ട്.

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.

ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി നാളെ തീരുമാനിക്കും

ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം നാളെ. ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നാളെ തീരുമാനിക്കും. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെയാണ് ഹര്‍ജി. 19 പുനഃപരിശോധനാ ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്.

ശബരിമലയിൽ നിലനിൽക്കുന്ന അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉടൻ ഹർജി പരിഗണിയ്ക്കണമെന്നായിരുന്നു ഒരു സംഘം അഭിഭാഷകർ ആവശ്യപ്പെട്ടത്. ശബരിമലയിൽ ഇതരമതസ്ഥർ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയും ഇക്കൂട്ടത്തിൽ പെടും. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയുടെ അഭിഭാഷകൻ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെയാണ് ആവശ്യമുന്നയിച്ചത്. ഇതേത്തുടർന്നാണ് പുതിയ ഹർജികൾ എന്ന് പരിഗണിയ്ക്കണമെന്ന് നാളെ അറിയിക്കാമെന്ന് കോടതി അറിയിച്ചത്.

തുടർന്ന് ഇതേ വിഷയത്തിൽ പുനഃപരിശോധനാഹർജികളുമുണ്ടെന്ന് ഒരു അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അത് കോടതിയ്ക്കറിയാമെന്നും 19 പുനഃപരിശോധനാഹർജികൾ ഇതുവരെ കോടതിയിലെത്തിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ ഹർജികൾ എപ്പോൾ പരിഗണിയ്ക്കണമെന്ന കാര്യത്തിൽ ഇപ്പോഴും കോടതി അന്തിമതീരുമാനമെടുത്തിട്ടില്ല. ദേവസ്വം ബോർഡിന് ഈ ഹർജികളിലെല്ലാം നിലപാട് അറിയിക്കേണ്ടി വരും. ശബരിമലയിലെ തൽസ്ഥിതി അറിയിച്ചുകൊണ്ട് ഒരു റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top