Flash News

റബ്ബര്‍ തോട്ടത്തിലൊളിച്ച ആചാര സംരക്ഷകരോട് : ഡോ. എസ്.എസ്. ലാല്‍

October 22, 2018

sabarimalayil kalleru banner-1ദൈവത്തിന്റെ പേരില്‍ തുടങ്ങിയ നാമജപങ്ങള്‍ ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു എന്ന് ആചാര സംരക്ഷകര്‍ ഒരു നിമിഷം ആലോചിക്കണം. ആലോചിക്കാന്‍ കഴിയുന്നവര്‍ എങ്കിലും.

നാട് തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ ചോ.കൂ.മോ. എന്ന് വിദ്യാഭ്യാസമില്ലാത്ത ഒരു പാവം വീട്ടമ്മയെക്കൊണ്ട് നിങ്ങള്‍ വിളിപ്പിച്ചത് ലോകത്തിന്റെ മുന്നില്‍ നമ്മളെ മുഴുവന്‍ ആദ്യം നാറ്റിച്ചു. മലയാളികള്‍ മുഴുവനും തലകുനിച്ച ദിവസം. മതത്തിലും ജാതിയിലും വിശ്വസിക്കാത്ത, ജനനം കൊണ്ട് മലയാളി മാത്രം ആയ, എന്നെപ്പോലെയുള്ള ഒരുപാട് പേര്‍ നാണം കെട്ടുപോയ ദിവസമാണത്. എന്തിന്, പച്ചയ്ക്ക് ജാതി പറയുന്നവര്‍ പോലും നാണിച്ചുപോയി. എന്റെ മക്കളൊന്നും ആ വീഡിയോ ക്ലിപ്പ് കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ എപ്പോഴും നമ്മുടെ നാടിന്റെ നന്മകളെപ്പറ്റി അവരോട് പറയാറുണ്ട് എന്നത് തന്നെ കാരണം.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോടും നിലപാടുകളോടും വിദ്യാഭാസ കാലം മുതല്‍ രാഷ്ട്രീയമായ എതിര്‍പ്പുള്ള എനിക്കും ആ തെറിവിളി കേട്ടപ്പോള്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമെന്ന് തോന്നി. തെരുവില്‍ മുന്നില്‍ നിന്ന് എതിര്‍ക്കുന്നവനെപ്പോലും തിരികെ തെറി വിളിക്കാന്‍ താത്പര്യമില്ലാത്ത ഒരുപാട് മനുഷ്യരുടേതും കൂടിയാണ് നമ്മുടെ നാട് എന്ന് ആചാര സംരക്ഷകര്‍ ഓർക്കണം. ഒരു മനുഷ്യനെയും ജാതി പറഞ്ഞ് ആക്ഷേപിക്കാന്‍ പാടില്ലാത്ത ഒരു നാട്ടിലാണ് മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് തെറിവിളിച്ചത്‌. അദ്ദേഹത്തിന്റെ ജാതിയോടായിപ്പോയി എതിര്‍പ്പുകള്‍ എന്നത് പ്രതിഷേധത്തെയും തിരിച്ചടിച്ചു.

ശബരിമലയില്‍ പോകുന്ന പല സംസ്ഥാനക്കാരെയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ നല്ലത് വരുമെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അതവരുടെ വിശ്വാസം. ആ സംസ്ഥാനക്കാരൊക്കെ ശബരിമലയില്‍ നടക്കുന്ന ‘ആചാര സംരക്ഷണ’ അഭ്യാസങ്ങള്‍ ടെലിവിഷനില്‍ കാണുകയാണ്. ശബരിമലയില്‍ കപ്പലണ്ടി മുതല്‍ അരവണ വരെ വില്‍ക്കപ്പെടുന്നുണ്ട്. തോളില്‍ തൂക്കിയ പഴയ തുണിസഞ്ചി മാത്രം കൈമുതലായുള്ള കപ്പലണ്ടിക്കച്ചവടക്കാരന്‍ മുതല്‍ ദേവസ്വം ബോര്‍ഡ് വരെ അയ്യപ്പ ഭക്തന്മാരുടെ നാണയത്തുട്ടുകള്‍ പ്രതീക്ഷിക്കുന്നവരാണ്. കേരളത്തിന് പുറത്തുനിന്നുള്ള ഭക്തരാണ് ഈ ക്രയവിക്രയങ്ങള്‍ക്ക് പ്രധാന കാരണം. അവരുടെ വാഹനങ്ങള്‍ തടഞ്ഞാല്‍, അവരെ തല്ലിയോടിച്ചാല്‍, ഭാവിയില്‍ ഭക്തജന പ്രവാഹം കുറയും. കച്ചവടവും കുറയും. തീര്‍ന്നില്ല, പല സംസ്ഥാനങ്ങളിലെയും അമ്പലങ്ങള്‍ സന്ദര്‍ശിക്കുന്നവരാണ് മലയാളികളും. അവിടെയൊക്കെ പോയി ഇതിനുള്ള പ്രതിഫലം വാങ്ങിച്ചോണ്ട് വരുന്നത് അവിടെ ചെന്നുപെടുന്ന നിരപരാധി മലയാളി ആയിരിക്കും.

ഗള്‍ഫില്‍ നിന്ന് ലീവെടുത്തുവന്ന മലയാളി അയ്യപ്പനും കല്ലേറ് കിട്ടിയതായി അയാള്‍ ടെലിവിഷനില്‍ പറയുന്നത് കേട്ടു. മലയാളികളായ തൊഴിലാളികളില്‍ നിന്ന് കാശുപിരിക്കാന്‍ നാട്ടിലെ മുഖ്യമന്ത്രി ഗള്‍ഫില്‍ പോയിരിക്കുന്ന സമയത്താണ് ഗള്‍ഫില്‍ നിന്ന് വന്ന മലയാളി ഭക്തനെ നിലയ്ക്കലില്‍ കല്ലെറിയുന്നത്. കെ.എസ്.ആര്‍.ടി.സി. ബസുകളും പോലീസ് വാഹനങ്ങളും തകര്‍ക്കുന്നത്. കോടികളുടെ നഷ്ടമുണ്ടാക്കുന്നത്. പ്രളയക്കെടുതികളില്‍ നിന്ന് മറികടക്കാനുള്ള ശ്രമങ്ങളെ സഹായിക്കാന്‍ വന്ന ലോക ബാങ്കുകാരനും കാണുന്നുണ്ട് ടെലിവിഷനും പത്രങ്ങളും.

വിശ്വാസം സംരക്ഷിക്കാന്‍ വന്ന സംരക്ഷകരുടെ കൈയ്യില്‍ എവിടെ നിന്നാണ് എറിയാനുള്ള കല്ല് കിട്ടിയത്? കല്ല് കാലുക്ക് മെത്തയാണെന്ന് വിളിച്ചു മലകയറുന്ന ഭക്തന്റെ തലയില്‍ത്തന്നെ കല്ലെറിയണം. ഭക്തികൊണ്ട് കല്ലെറിഞ്ഞിട്ട്‌ പോലീസിന്റെ ലാത്തി കാണുമ്പോള്‍ റബ്ബർ തോട്ടത്തിലേയ്ക്ക് ഓടി രക്ഷപ്പെടണം. തിരികെ വന്ന് മാധ്യമങ്ങളെ കല്ലെറിയണം. വനിതാ മാധ്യമ പ്രവര്‍ത്തകയെ തെറി വിളിക്കണം. നല്ല ഭക്തര്‍.

സംരക്ഷകര്‍ ഓര്‍ക്കുക. കുറച്ചു ദിവസം മുമ്പ് സ്ത്രീ ഭക്തര്‍ക്ക് ചവിട്ടിക്കയറാന്‍ നെഞ്ചുമായി നടന്ന ഒരു തന്ത്രിയെയും അവിടെ കല്ലെറിയാനോ തല്ലുവാങ്ങാനോ കാണുന്നില്ല. നിങ്ങള്‍ കല്ലെറിഞ്ഞ് കേസായി അകത്തായാല്‍ സംരക്ഷിക്കാനും ഈ നെഞ്ച് വിതരണക്കാര്‍ കാണില്ല. മുഖ്യമന്ത്രിയെ തെറിവിളിച്ച സ്ത്രീയുടെ അറിവേയുള്ളൂ വണ്ടി തടയുന്ന സ്ത്രീകൾക്കും കല്ലെറിഞ്ഞിട്ട് കണ്ടം വഴി ഓടുന്ന പുരുഷ പുലികള്‍ക്കും.

നിയമം കയ്യിലെടുക്കുന്നവനെ നിയമപരമായി നേരിടണം. അതില്‍ കല്ലെറിഞ്ഞ അധഃകൃതനും എറിയിക്കുന്ന തന്ത്രിയും തമ്മില്‍ വ്യത്യാസം ഉണ്ടാകരുത്. എറിയിച്ചവനായിരിക്കണം കൂടുതല്‍ ശിക്ഷ. അവിടെ തകര്‍ക്കപ്പെട്ട പൊതുമുതലിന്റെ നഷ്ടപരിഹാരം ഈ കല്ലെറിയിച്ചവന്മാരില്‍ നിന്നും ഈടാക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top