Flash News

ശബരിമലയെ മറ്റൊരു സുവര്‍ണ്ണ ക്ഷേത്രമാക്കാനോ? (ലേഖനം)

October 22, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Sabarimalaye-1ശബരിമല പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും അപകടകരമായ തലത്തിലേക്ക് നീങ്ങുകയുമാണ്. ശബരിമല തുറക്കുന്നതിന്റെ തലേന്നും തുറന്ന ദിവസവും പൊലീസ് സ്വീകരിച്ച തണുത്ത നിലപാട്. സ്ത്രീപ്രവേശം അനുവദിക്കണമെന്ന സുപ്രിം കോടതിവിധിക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ സ്വീകരിച്ച മുതലെടുപ്പ്. നാമജപ സമരക്കാരെ ഒഴിപ്പിക്കാന്‍ പിന്നീട് പൊലീസ് സ്വീകരിച്ച ബലപ്രയോഗം. വെള്ളിയാഴ്ച പൊലീസ് വേഷത്തില്‍ രണ്ട് യുവതികളെ സന്നിധാനത്തിനടുത്ത് നടപ്പന്തല്‍വരെ കൊണ്ടുപോയ പൊലീസ് നടപടി. യുവതികള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്നും ക്ഷേത്രം അടച്ചിടേണ്ടിവരുമെന്നും തന്ത്രി കണ്ഠരര് രാജീവര് നല്‍കിയ മുന്നറിയിപ്പ്. പരികര്‍മ്മികള്‍ പുറത്തുവന്നു നടത്തിയ ശരണംവിളിച്ചുള്ള പ്രതിഷേധവും അതില്‍ അയ്യപ്പഭക്തര്‍കൂടി പങ്കാളികളായതും. തുടര്‍ന്നുള്ള പൊലീസിന്റെ പിന്മാറ്റം, ക്രമസമാധാനനില തകരാതിരിക്കാനുള്ള ജാഗ്രത പാലിക്കാന്‍ ഡി.ജി.പിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ നടത്തിയ ഇടപെടല്‍ – ഇതെല്ലാം ഒരു പൊട്ടിത്തെറിയുടെ വക്കോളം കാര്യങ്ങള്‍ എത്താവുന്ന സ്ഥിതി സൃഷ്ടിച്ചു.

Photo1പൊലീസ് നയം പാളിയെന്നും ഇല്ലെന്നുമുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെയും പ്രസ്താവനകള്‍. സ്ഥിതിഗതികളുടെ ഗൗരവം അറിയിക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ വെള്ളിയാഴ്ചത്തെ തീരുമാനം. വിശ്വാസികളായ പൊലീസുകാര്‍ സര്‍ക്കാര്‍ നയത്തിന് കൂട്ടുനില്‍ക്കരുതെന്ന ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന – കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്നതിന്റെ ചില സൂചനകള്‍ മാത്രമായി ഇത്.

സിഖ് മത തീവ്രവാദം അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം കേന്ദ്രീകരിച്ച് രാജ്യത്തെ ക്രമസമാധാനം തകര്‍ത്തതുപോലുള്ള ഒരവസ്ഥയിലേക്ക് ശബരിമല പ്രശ്‌നം കൈവിട്ടുപോകുകയാണെന്ന് മുന്‍കൂട്ടി കാണേണ്ട സമയം വൈകിയിരിക്കുന്നു.

സുപ്രിംകോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച് വിശേഷിച്ച് മാസപ്പൂജയ്ക്ക് ശബരിമല ക്ഷേത്രം തുറന്നതിനെതുടര്‍ന്നുണ്ടായ ഗുരുതരമായ സംഭവങ്ങളുടെ വെളിച്ചത്തില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ വെള്ളിയാഴ്ച വൈകുന്നേരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗംചേര്‍ന്ന് തീരുമാനിച്ചു. നേരത്തെ ദേവസ്വം ബോര്‍ഡിനെ സുപ്രിംകോടതിയില്‍ പ്രതിനിധീകരിച്ച സീനിയര്‍ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വിയുമായി ആലോചിച്ച് റിപ്പോര്‍ട്ടോ റിവ്യൂവോ എന്ന കാര്യം തീരുമാനിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറിന്റെ വിശദീകരിച്ചത്. ദേവസ്വം ബോര്‍ഡിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി വിധി എന്നതുകൊണ്ട് റിവ്യൂ ഹര്‍ജി നല്‍കുന്നത് പരിഹാസ്യമാകുമെന്ന കോടിയേരിയുടെ പ്രതികരണത്തിനു പിറകെയാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ശബരിമല കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രഖ്യാപനത്തെ പിന്തുണച്ചും ശബരിമലയുടെയും വിശ്വാസികളായ ഭക്തജനങ്ങളുടെയും താല്പര്യം ബോര്‍ഡ് ഉയര്‍ത്തിപ്പിടിക്കുമെന്ന് ഉറപ്പിച്ചുമാണ് പത്മകുമാര്‍ സംസാരിച്ചത്. കടകംപള്ളിയുടെ അഭിപ്രായം പാര്‍ട്ടി നയമല്ലെന്ന കോടിയേരിയുടെ വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടിലും ബോര്‍ഡ് തീരുമാനത്തിലും പാര്‍ട്ടിയുമായുള്ള ഭിന്നത പ്രകടമായി.

ഇത് ശബരിമല വിശ്വാസികളുടെ സമരത്തെ ആര്‍.എസ്.എസ് – സംഘ് പരിവാര്‍ താല്പര്യത്തിനനുസരിച്ച് ദീര്‍ഘമായ രാഷ്ട്രീയ സമരമായി കൊണ്ടുപോകാനുള്ള ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതാണ് ഈ സംഭവ വികാസങ്ങള്‍. സംസ്ഥാന ഗവണ്മെന്റിലും അതിനെ നയിക്കുന്ന ഇടതുപക്ഷ – ജനാധിപത്യ മുന്നണിയിലും വൈരുദ്ധ്യം മൂര്‍ച്ഛിപ്പിച്ച് ബി.ജെ.പിക്ക് ഊര്‍ജ്ജമാക്കാന്‍ സാവകാശം കിട്ടുന്നു. പ്രത്യേകിച്ചും നവംബര്‍ 17ന് മണ്ഡലപൂജക്കു നട തുറക്കുന്നതോടെ വലിയതോതില്‍ തീര്‍ത്ഥാടക പ്രവാഹം ഉണ്ടാകാന്‍പോകുന്ന സാഹചര്യത്തില്‍.

പ്രശ്‌നം സുപ്രിംകോടതിയിലേക്കും ഹൈക്കോടതിയിലേക്കും കൊണ്ടുപോകാനുള്ള ബോര്‍ഡ് തീരുമാനം നീണ്ട സമയം ആവശ്യപ്പെടുന്നതാണ്. അതിനിടയില്‍ വിശ്വാസികളുടെ വികാരം ജ്വലിപ്പിച്ചുകൊണ്ട് വളര്‍ത്തിക്കൊണ്ടുവന്ന സമരത്തെ കൂടുതല്‍ ആളികത്തിക്കാന്‍ അവസരവും സാവകാശവും സംഘ് പരിവാര്‍ ശക്തികള്‍ക്കു കിട്ടും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭയിലും സി.പി.എമ്മിലും ഇടതുപക്ഷ – ജനാധിപത്യ മുന്നണിയില്‍ പൊതുവിലും ശബരിമല പ്രശ്‌നത്തില്‍ ഭിന്നതയും ആശയകുഴപ്പവും രൂപപ്പെട്ടിരിക്കുകയാണ്. ദേവസ്വം മന്ത്രി കടകംപള്ളി സ്വീകരിച്ച നിലപാടിനെ മന്ത്രി ഇ.പി ജയരാജന്‍ അവഗണിച്ചു നടത്തിയ പ്രതികരണം, മന്ത്രി കടകംപള്ളിയുടെ പ്രസ്താവന പാര്‍ട്ടിനയമല്ലെന്ന കോടിയേരിയുടെ പ്രസ്താവന, തുടര്‍ന്നു കടകംപള്ളി എ.കെ.ജി സെന്ററില്‍ ചെന്നുനല്‍കിയ വിശദീകരണം – ഇതൊക്കെ സര്‍ക്കാറിലും സി.പി.എം നേതൃത്വത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തിപ്പെടുന്നതാണ് കാണിക്കുന്നത്.

ശബരിമലയിലും സംസ്ഥാനത്താകെയും പൊട്ടിപ്പുറപ്പെടുമായിരുന്ന കലാപത്തില്‍നിന്നും രക്തച്ചൊരിച്ചിലില്‍നിന്നും കേരളം തലനാരിഴക്ക് രക്ഷപെട്ടെന്നാണ് മന്ത്രി കടകംപള്ളി പറഞ്ഞത്. അത്തരമൊരു ഗൂഢാലോചനയും ആസൂത്രണവും വകുപ്പുമന്ത്രി വെളിപ്പെടുത്തിയിട്ടും പാര്‍ട്ടി സെക്രട്ടറി അത് ഗൗനിക്കാതെ പൊലീസ് നയത്തെ ശക്തമായി പിന്താങ്ങുകയാണ് ചെയ്തത്. പ്രത്യേകിച്ചും വിശ്വാസികളുടെ പേരില്‍ സംസ്ഥാന ഗവണ്മെന്റിനെതിരായി ആര്‍.എസ്.എസ് രൂപപ്പെടുത്തിയിട്ടുള്ള വിശാല രാഷ്ട്രീയ മുന്നണിയുടെ ഗൂഢനീക്കങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ സംസ്ഥാന പൊലീസ്- ഇന്റലിജന്റ്‌സ് പരാജയപ്പെട്ടെന്ന പൊതു വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍.

സി.പി.എം -സി.പി.ഐ സെക്രട്ടറിമാരെ കണ്ടശേഷമാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തത്. ബോര്‍ഡിന്റെ തീരുമാനം പൊതുവിലും പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കണമെന്ന ബോര്‍ഡിന്റെ നിര്‍ദ്ദേശം വിശേഷിച്ചും മുഖ്യമന്ത്രി സ്വീകരിച്ചുപോന്ന നയത്തിലുള്ള വിയോജിപ്പിന്റെ പ്രതിഫലനം പ്രകടമാക്കുന്നു.

പൊലീസ് തന്നെ ശബരിമലയില്‍ സ്വീകരിച്ചത് പരസ്പര വിരുദ്ധമായ നിലപാടുകളാണ്. നട തുറക്കുന്നതിന്റെ തലേന്ന് നാമജപസമരം വിശ്വാസികള്‍ ശക്തമാക്കിയപ്പോള്‍ പൊലീസ് സാന്നിധ്യം ബന്ധപ്പെട്ട പ്രദേശങ്ങളിലോ പത്തനംതിട്ട ജില്ലയില്‍പോലുമോ നാമമാത്രമായിരുന്നു. നാമജപ സമരക്കാരുടെ പിന്‍ബലത്തില്‍ ഒരുകൂട്ടം സ്ത്രീകളും സംഘ് പരിവാര്‍ പ്രവര്‍ത്തകരും അന്ന് നിയമം സമ്പൂര്‍ണ്ണമായി കൈയിലെടുത്തു. വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ പരിശോധിക്കാനും സംശയിക്കുന്നവരെ പിടിച്ചിറക്കാനും നിയമം കൈയിലെടുത്തു. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെതിരായ സമരക്കാരുടെ കൈയിലായി ശബരിമലയിലും പരിസരത്തുമുള്ള ക്രമസമാധാനപാലനം.

അടുത്തദിവസവും ആദ്യം അതേ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. മണിക്കൂറുകള്‍ക്കു ശേഷമാണ് പൊലീസ് നിലപാട് മാറ്റിയതും കോടതിവിധിയനുസരിച്ച് ശബരിമല കയറാന്‍ തയാറായ സ്ത്രീകള്‍ക്ക് സംരക്ഷ നല്‍കാനും തയാറായത്. നാമജപ സമരക്കാര്‍ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ പോക്കിന് പമ്പയില്‍ തടസം സൃഷ്ടിക്കുമെന്ന് വന്നു. അതോടെ പൊലീസ് ബലം പ്രയോഗിക്കുകയും സമരക്കാരെ അടിച്ചോടിക്കുകയും അവരുടെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കുകയുമാണ് ചെയ്തത്.

ആന്ധ്രയില്‍നിന്നുള്ള പത്രപ്രവര്‍ത്തകയായ ഒരു യുവതിയേയും കൊച്ചിയിലെ വനിതാ ആക്റ്റിവിസ്റ്റും നടിയുമായ മറ്റൊരു യുവതിയേയും ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സന്നിധാനത്തിലെത്തിച്ചത്. ഇതില്‍ പ്രതിഷേധിച്ചുണ്ടായ മിന്നല്‍സമരം പൊലീസ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഇല്ലാതായെങ്കിലും പൊലീസ് നിലപാടില്‍ വ്യാപകമായ അവിശ്വാസം പരത്താന്‍ ഇതിടയാക്കി. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാനുള്ള ഗൂഢാലോചന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍തന്നെ നടത്തുന്നു എന്ന വിമര്‍ശനം ഉയരാനും. പൊലീസിന് പരിചിതയായ ആക്റ്റിവിസ്റ്റാണ് കൊച്ചിയില്‍നിന്നുള്ള വിവരം മറച്ചുപിടിച്ചതും പൊലീസ് ജാക്കറ്റ് പുതപ്പിച്ചും ഹെല്‍മറ്റ് ധരിച്ചും സന്നിധാനത്തേക്ക് ഒളിച്ചുകടത്തുകയായിരുന്നെന്ന പ്രചാരണം സര്‍ക്കാറിനെതിരെ ഉയര്‍ത്താനും ഈ നടപടി ഇടവരുത്തി.

‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ ഡല്‍ഹി ലേഖിക സുഹാസിനി ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി ശബരിമല കയറാന്‍ ശ്രമിച്ചതും പൊലീസ് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അതിനുനല്‍കിയ സംരക്ഷയും പ്രതിഷേധം ശക്തമായതിന്റെ പേരില്‍ അവര്‍ പിന്‍വാങ്ങിയതും വ്യാഴാഴ്ച ലോകശ്രദ്ധ നേടി. ശബരിമലയില്‍ സ്ത്രീകളെ ഭീകരവാദികളെപോലെയാണ് സമരക്കാര്‍ കാണുന്നതെന്നും അവിടെ വിളയാടുന്നത് പോക്രിത്തരവുമാണെന്ന് തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. യഥാര്‍ത്ഥപ്രശ്‌നം സുപ്രിംകോടതി ഉത്തരവുകള്‍ പൂര്‍ണ്ണമായോ സ്വേച്ഛാപരമായോ നടപ്പിലില്‍ വരുത്തിയാല്‍ മതിയെന്ന യാഥാസ്ഥിക നിലപാടുമായുള്ള ഏറ്റുമുട്ടലാണെന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ നിരീക്ഷിച്ചു. എന്നാല്‍ സംസ്ഥാന ഗവണ്മെന്റും വിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്, അതില്‍ പൊലീസ് ആയുധമാകുകയാണ് എന്ന വിധിയെ എതിര്‍ക്കുന്നവരുടെ വാദത്തെ സഹായിക്കുകയാണ് പൊലീസ് നയത്തിലെ വ്യത്യസ്ത നിലപാടുകള്‍ ഇടയാക്കിയത്. രണ്ട് യുവതികളെ വന്‍ സുരക്ഷാ സംവിധാനത്തില്‍ സന്നിധാനത്ത് എത്തിച്ച പൊലീസ് മലകയറാനെത്തിയ മേരി സ്വീറ്റി എന്ന മറ്റൊരു യുവതിയെ ബോധ്യപ്പെടുത്തി തിരിച്ചയച്ചതും ഈ വൈരുദ്ധ്യം തുറന്നുകാട്ടുന്നു.

പൊലീസ് ഓടിച്ച സംഘ് പരിവാര്‍ വളന്റിയര്‍മാര്‍ സന്നിധാനത്തിലേക്കുള്ള പഴയ പാതയുടെ ഇരുവശങ്ങളിലെയും നിബിഡ വനങ്ങളില്‍ താവളമടിക്കുകയായിരുന്നു. ഈ വിവരം പൊലീസിനു കിട്ടിയിട്ടും അത് അവഗണിക്കുകയാണ് ചെയ്തത്. ന്യൂയോര്‍ക്ക് പത്രത്തിന്റെ പ്രതിനിധികളെ സന്നിധാനത്തേക്കുള്ള യാത്രയില്‍ കാട്ടില്‍നിന്ന് ഇറങ്ങിവന്ന് തടഞ്ഞതും കല്ലെറിഞ്ഞതും തീര്‍ത്ഥാടകരുടെ വേഷത്തില്‍ ഇവരായിരുന്നു. സംഘ് പരിവാര്‍ നിയോഗിച്ച വലിയൊരു സംഘം പ്രവര്‍ത്തകര്‍ തീര്‍ത്ഥാടകവേഷത്തില്‍ സന്നിധാനത്തും ക്ഷേത്ര വഴികളിലും പമ്പയിലും നിലയ്ക്കലും മറ്റുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കൃത്യമായി ഏകോപിപ്പിക്കുന്ന സംവിധാനവും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗറില്ലാ മാതൃകയിലുള്ള ഇത്തരമൊരു പ്രവര്‍ത്തനം സുപ്രിംകോടതി വിധി നടപ്പാക്കും എന്ന സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. തല്ക്കാലം ഞായറാഴ്ചയോടെ മാസപൂജ അവസാനിക്കുമെങ്കിലും നവംബര്‍ 17ന് മണ്ഡലപൂജ തുടങ്ങുന്നതോടെ സമരം തുടരുന്ന പക്ഷം സ്ഥിതിഗതികള്‍ ഗുരുതരമാകും. ഭൂരിപക്ഷ വിശ്വാസികളെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും സുപ്രിംകോടതിവിധി നടപ്പാക്കുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റിയും സംസ്ഥാനത്തെ ക്രമസമാധാന പാലനം എന്ന സര്‍ക്കാറിന്റെ മുഖ്യ ഉത്തരവാദിത്വം നിര്‍വ്വഹിച്ചും സര്‍ക്കാറിന് മുന്നോട്ടുപോകേണ്ടതുണ്ട്.

അത് സാധ്യമാക്കത്തക്ക തരത്തില്‍ മന്ത്രിമാര്‍ക്കിടയിലും മുന്നണിയിലും പാര്‍ട്ടിയിലും മാത്രമല്ല ശബരിമലയില്‍ വിധി പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവരുടെ വിശ്വാസവും സഹകരണവും ഉറപ്പുവരുത്തുകയും ചെയ്യേണ്ട ബാധ്യത സര്‍ക്കാറിന്, വിശേഷിച്ച് മുഖ്യമന്ത്രിക്കുണ്ട്. റിവ്യൂ ഹര്‍ജി, തല്‍സ്ഥിതി റിപ്പോര്‍ട്ട്, ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കെല്ലാം പൊലീസ് സുരക്ഷ തുടങ്ങി ഘട്ടംഘട്ടമായി പ്രത്യേകം പ്രശ്‌നം പരിഹരിക്കുകയല്ല വേണ്ടത്. ഭരണപരമായ സമഗ്രനയം സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. അതിനുവേണ്ട വിട്ടുവീഴ്ചകളും തുറന്ന ചര്‍ച്ചകളും ഒത്തുതീര്‍പ്പുകളും അനിവാര്യമാണ്. കാരണം ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അത് കയ്യിലെടുക്കുന്നത് തീവ്ര-മത ശക്തികളാണ്. അതിന്റെ അപകടം സുവര്‍ണ്ണ ക്ഷേത്രത്തില്‍ സിഖ് തീവ്രവാദികള്‍ പ്രയോഗിച്ച് കാണിച്ചതാണ്. ആ വഴിക്ക് ശബരിമലയെ എത്തിച്ചുകൂട. ഈ കാഴ്ചപ്പാടില്‍നിന്നുകൊണ്ടുള്ള പുനര്‍ചിന്ത സമരരംഗത്തുള്ള വിവിധവിഭാഗം നേതാക്കള്‍ക്കും കോടതിവിധി നടപ്പാക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും ബാധ്യതയുള്ള സര്‍ക്കാറില്‍നിന്നും മുഖ്യമന്ത്രിയില്‍നിന്നും ഈ പരീക്ഷണഘട്ടം അടിയന്തരമായി ആവശ്യപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top