Flash News

“എന്നെ അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല, ഞാന്‍ സ്വയം രാജിവെച്ചതാണ്”; മോഹന്‍‌ലാലിന്റെ വാദം ഘണ്ഡിച്ച് ദിലീപ് രാജിക്കത്ത് പുറത്തു വിട്ടു

October 23, 2018

amma-1-545x325നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടന ‘അമ്മ’ പുറത്താക്കിയതല്ല, സ്വയം രാജി വെച്ചതാണെന്ന് വെളിപ്പെടുത്തി ദിലീപ്. തന്റെ പേരില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി സംഘടനയെ തകര്‍ക്കാനാണ് ശ്രമം. വിവാദങ്ങള്‍ അവസാനിപ്പിക്കാനായി താന്‍ സ്വയം അംഗത്വത്തില്‍ ഒഴിവാകുകയാണെന്നും തന്റെ രാജി സ്വീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 19 ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനെ പുറത്താക്കാന്‍ രാജി ആവശ്യപ്പെട്ടിരുന്നു എന്ന് പറഞ്ഞിരുന്നു.

”അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.”-ദിലീപ് പറഞ്ഞു.

ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് പറഞ്ഞു. വേട്ടയാടപ്പെടുന്നത് മനസ്സറിയാത്ത കുറ്റത്തിനാണെന്നും ദിലീപ് രാജിക്കത്തില്‍ പറയുന്നു.

അതേസമയം, കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം അമ്മ ഭാരവാഹികൾ മാധ്യമപ്രവർത്തകരോടു പറഞ്ഞതിനു വിരുദ്ധമാണിത്. അമ്മയിൽനിന്നു ദിലീപ് രാജി വച്ചതായി പ്രസിഡന്റ് മോഹൻലാലാണ് മാധ്യമങ്ങളെ അറിയിച്ചത്. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ച് ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദിലീപിന്റെ രാജിക്കത്തിന്റെ പൂര്‍ണരൂപം:

വളരെ ഏറെ ദുഃഖത്തോടെയാണ് ഞാൻ ഇത് കുറിക്കുന്നത്. നിങ്ങൾക്ക് അറിയാവുന്നതുപോലെ മനസ്സാവാചാ അറിയാത്ത കുറ്റത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി ഞാൻ വേട്ടയാടപ്പെടുകയാണ്. അതിന്റെ പേരിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ സംഘടനയുടെ അവയിലബിൾ എക്സിക്യൂട്ടിവ് എന്നെ പുറത്താക്കാൻ തീരുമാനിക്കുകയും അത് കഴിഞ്ഞുവന്ന ജനറൽ ബോഡി എനിക്കെതിരായ നടപടി മരവിപ്പിക്കുവാനും തീരുമാനിച്ചു. സംഘടനയുടെ പരമോന്നത കമ്മിറ്റിയായ ജനറൽ ബോഡി എടുത്ത തീരുമാനം ഞാൻ അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണ്.

സംഘടനയിലെ അംഗമായിരുന്ന എന്നെ ഔദ്യോഗികമായി ഈ വിവരം ആരും അറിയിക്കാതിരുന്നിട്ടു പോലും ഈ വിഷയത്തിൽ ചില തൽപര കക്ഷികൾ വിവാദം സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ തന്നെ സംഘടനയുടെ നന്മയെ കരുതി എനിക്കെതിരെ ആരോപിക്കപ്പെട്ട കേസിൽ കോടതിയുടെ തീർപ്പുണ്ടാകും വരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് തീരുമാനിച്ച് ഞാൻ അമ്മയ്ക്ക് കത്ത് നൽകിയിരുന്ന കാര്യം ഓർക്കുമല്ലോ?

അത് കൊണ്ടരിശം തീരാത്തവർ എന്റെ പേരിൽ അമ്മയെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാകാൻ ഞാൻ തയാറല്ലെന്ന് പരസ്യ നിലപാടെടുത്തിട്ട് കൂടി ഈ വിഷയത്തിൽ വിവാദങ്ങൾ സൃഷ്ടിച്ച് എന്നെയും അമ്മയെയും അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങൾ അനസ്യൂതം തുടരുകയാണുണ്ടായത്. സിനിമാ താരങ്ങൾ എല്ലാം സമ്പന്നരാണെന്ന ഒരു പൊതു ധാരണയുണ്ട്. അങ്ങനെല്ലെന്ന് നമുക്കറിയാമല്ലോ. അവശത അനുഭവിക്കുന്ന ആലംബമില്ലാത്ത അനേകംപേർക്ക് കൈത്താങ്ങാവുന്ന നമ്മുടെ ഈ സംഘടന പൂർവാധികം ശക്തിയോടെ നിലനിൽക്കേണ്ടതുണ്ട്. എന്റെ പേര് പറഞ്ഞ് അമ്മയെന്ന് സംഘടനയെ ഇല്ലായ്മ ചെയ്യാനാണ് ചിലരുടെ ശ്രമം. എനിക്ക് അറിയാം അവർ ലക്ഷ്യം വെയ്ക്കുന്നത് എന്നെയാണെന്ന്.

ഒരു ജനറൽ ബോഡി കൈക്കൊണ്ട തീരുമാനം മാറ്റുവാൻ മറ്റൊരു ജനറൽ ബോഡിക്കു മാത്രമേ അവകാശം ഉള്ളൂ എന്ന നിയമാവലിയിൽ പറയുമ്പോൾ നടപടിപ്രകാരമല്ലാതെ ഒരംഗത്തെ വിശദീകരണം നൽകാൻ പോലും അവസരം നൽകാതെ നിയമാവലി അനുസരിച്ചു പുറത്താക്കാനാവില്ല എന്നറിയാമായിരുന്നിട്ടും അമ്മ എന്ന സംഘടനയെ അതിലെ അംഗങ്ങളിൽ ചിലരുടെ നേതൃത്വത്തിൽ തന്നെ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ നിരന്തരം സമ്മർദത്തിലാക്കുന്നതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. മാധ്യമ പിന്തുണ ഒന്ന് കൊണ്ട് പൊതു ബോധത്തെ അട്ടിമറിക്കാനും ഇല്ലാ നുണകൾ കൊണ്ട് നിയമ വ്യവസ്ഥയെ കണ്ടില്ലെന്ന് നടിക്കാനും ശ്രമിക്കുന്നവരാണിവർ. അവരുടെ ഉപജാപങ്ങളിൽ അമ്മ എന്ന സംഘടന തകരരുത്.

എന്നെ അമ്മയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യം വീണ്ടുമുയർത്തി സംഘടനയിൽ വിവാദവും ഭിന്നിപ്പും സൃഷ്ടിക്കാൻ സംഘടിത നീക്കം ചില അംഗങ്ങളുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ശേഷവും ശക്തമായി തുടരുന്നതായ് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞു. അത്തരക്കാരുടെ ഉപജാപങ്ങളിൽ അമ്മ എന്ന സംഘടന തകരാൻ അനുവദിച്ചൂ കൂടാ. നാളിതുവരെ സംഘടനയുടെ അച്ചടക്കത്തെ ലംഘിക്കാത്ത, സംഘടനയ്ക്കും അതിന്റെ നിയമാവലിക്കും ഉള്ളിൽ നിന്ന് മാത്രം അനുസരണയോടെ പ്രവർത്തിച്ചിട്ടുള്ള ഞാൻ ഇനിയും സംഘടനയുടെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടി ഒരു തീരുമാനമെടുക്കുകയാണ്. കാരണം അമ്മ എന്ന സംഘടന നൽകുന്ന കൈനീട്ടം കൊണ്ട് ജീവിക്കുന്ന ഒരുപാട് പേരു‌ണ്ട്. അവർക്ക് വേണ്ടി അവരുടെ നാളേക്ക് വേണ്ടി അമ്മ എന്നും ശക്തമായി നിലകൊള്ളണം.

ഏതായാലും ഇനി, എന്റെ പേര് പറഞ്ഞ് അമ്മയെ തകർക്കാനുള്ള ഗൂഢാലോചനകളും വിവാദങ്ങളും തുടരേണ്ട. ഈ നിമിഷം വരെ ഞാൻ അമ്മയിൽ അംഗമാണ് എന്ന് വിശ്വസിക്കുന്നു. ഈ വിവാദം അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാൻ നൽകുന്ന രാജിക്കത്തായി ഈ കത്ത് പരിഗണിക്കണമെന്നും അമ്മയുടെ അംഗത്തിൽ നിന്നും എന്ന ഒഴിവാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. അമ്മയ്ക്കും അമ്മയിലെ അംഗങ്ങൾക്കും എല്ലാ ഭാരവാഹികൾക്കും സർവമംഗളങ്ങളും നേർന്ന് കൊണ്ട്…

സ്‌നേഹത്തോടെ, ദിലീപ്.

44758718_1656659931164436_2582821919669616640_n44571554_1656659981164431_326248099511009280_n

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top