Flash News

സമാധാനത്തിനായി നിലകൊള്ളുക: സിന്ധ്യാ ഐസക്

October 24, 2018 , അഫ്സല്‍ കിളയില്‍

UN DAY MARKED @ TALENT PUBLIC SCHOOL

ഐക്യ രാഷ്ട്ര സംഘടന ദിനാചരണത്തിന്റെ ഭാഗമായി ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ സംഘടിപ്പിച്ച പരിപാടി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് ഉദ്ഘാടനം ചെയ്യുന്നു

ദോഹ: രാജ്യങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും എന്നല്ല കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സമാധാനപരമായ സഹവര്‍ത്തിത്വവും സഹകരണവും നിലനിക്കുമ്പോഴേ അവിരതമായ പുരോഗതി സാക്ഷാല്‍ക്കരിക്കാനാവുകയുള്ളൂവെന്നും വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം ഓരോരുത്തരും സമാധാനത്തിനായിനിലകൊള്ളണമെന്നും ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനാ ദിനത്തോടനുബന്ധിച്ച് സ്‌ക്കൂള്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അവര്‍.

ലോകത്ത് നടക്കുന്ന യുദ്ധങ്ങളും കലഹങ്ങളും പുരോഗതിയില്‍ നിന്നും മനുഷ്യകുലത്തെ പിറകോട്ട് വലിക്കുക മാത്രമല്ല നാം നേടിയെടുക്കുന്ന പലതും നഷ്ടപ്പെടുത്തുകയും ചെയ്യും. മാനവ രാശിക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കുന്ന ചെറുതും വലുതുമായ എല്ലാ കുഴപ്പങ്ങളും കലാപങ്ങളും അവസാനിപ്പിച്ച് ക്രിയാത്മകമായ പാതയില്‍ മുന്നോട്ട് സഞ്ചരിക്കുവാനുള്ള വഴിയൊരുക്കുക എന്നത് ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സംഘടന ദിനം പ്രസക്തമാകുന്നത്.

ഒന്നാം ലോക മഹായുദ്ധാനന്തരം രൂപീകരിക്കപ്പെട്ട ലീഗ് ഓഫ് നാഷണ്‍സും രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനത്തോടെ പിറവിയെടുത്ത ഐക്യരാഷ്ട്ര സംഘടനയും ആത്യന്തികമായി മാനവരാശി സമാധനമാണ് ആഗ്രഹിക്കുന്നത് എന്ന ചിന്തയുടെ പ്രതിഫലനമാണ്. ആരോഗ്യകരമായ സംവാദങ്ങളാണ് ലോകത്ത് വളര്‍ന്ന് വരേണ്ടത്.

മനുഷ്യന്‍ അടിസ്ഥാനപരമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. സമാധാനാന്തരീക്ഷത്തില്‍ മാത്രമേ ക്രിയാത്മകമായ ആശയങ്ങളും രചനാത്മകമായ ഭാവനകളും ജീവിതത്തെ ധന്യമാക്കുകയുള്ളൂ. എന്നാല്‍ സ്വാര്‍ഥതയും സാമ്രാജ്യത്വ മോഹവും മനുഷ്യ സമൂഹത്തില്‍ അസൂയയുടേയും വൈരത്തിന്റേയും വിഷവിത്തുകള്‍ പാകുമ്പോഴാണ് സംഘട്ടനങ്ങളുണ്ടാകുന്നത്. ആശയപരവും ആദര്‍ശപരവുമായ സംവാദങ്ങളും സമാധാന പൂര്‍ണമായ പങ്കുവെക്കലുകളുമാണ് സമകാലിക സമൂഹത്തിന്റെ പുരോഗതിക്കാവശ്യം. വ്യക്തി തലത്തിലും കുടുംബതലത്തിലും രാജ്യ തലത്തിലും രാജ്യാന്തര തലത്തിലുമെല്ലാം സമാധാനപരമായ കൊടുക്കലും വാങ്ങലും വളരുമ്പോള്‍ ലോകത്തിന്റെ വളര്‍ച്ചാവേഗം കൂടും. ലോകത്തിന്റെ ശ്രദ്ധയും ചിന്തയും പുരോഗതിയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചുമാകുന്ന മനോഹാരമായ സാമൂഹ്യ പരിസരമാണ് ഇതുവഴി സംജാതമാവുക.

സ്വന്തത്തേയും സഹജീവികളേയും പ്രകൃതിയേയുമൊക്കെ ശരിയായി മനസിലാക്കുകയാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കേണ്ടത്. മനുഷ്യനെ സംസ്‌കൃതനും നല്ലവനുമാക്കാന്‍ അറിവിന് കഴിയണം. തിരിച്ചറിവ് നല്‍കാത്ത അറിവ് അജ്ഞതപോലെ അര്‍ഥ ശൂന്യമാണ്. അതവനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കെത്തിക്കുകയില്ല. മനുഷ്യനെ മൂല്യവല്‍ക്കരിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. മനുഷ്യ മനസിന് സത്യലോകത്ത് സ്വാതന്ത്ര്യവും ഭാവനയുടേയും കലാവാസനകളുടേയും ലോകത്ത് സഹാനുഭൂതിയും സ്‌നേഹവും വളര്‍ത്തുന്ന രീതിയില്‍ വിദ്യാഭ്യാസ ക്രമം മാറുമ്പോഴാണ് സമൂഹത്തില്‍ ആശാവഹമായ മാറ്റങ്ങളുണ്ടാകുന്നത്.

സാമ്രാജ്യത്വ ശക്തികളും യുദ്ധക്കൊതിയരും ആയുധകച്ചവടത്തിലൂടെ മനുഷ്യരാശിയുടെ പുരോഗതിക്ക് ഇടങ്കോലിടുന്നത് തിരിച്ചറിയുവാന്‍ സമാധാനമാഗ്രഹിക്കുന്നവര്‍ക്ക് കഴിയണം. ലോക രാഷ്ട്രങ്ങളെ തമ്മിലകറ്റാനും തമ്മിലടിക്കാനുമുള്ള തല്‍പര കക്ഷികളുടെ കുതന്ത്രങ്ങളെ വിവേകപൂര്‍വം പ്രതിരോധിക്കുകയും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ നിര്‍ഭയത്തോടെ പറന്നുയരുന്ന അരുണോദയം സ്വപ്‌നം കാണുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ലോകം മാറുമെങ്കില്‍ ശാസ്ത്ര പുരോഗതിയുടെ ഗുണഫലങ്ങളാസ്വദിച്ച് പുരോഗതിയും സമാധാനവും അനുഭവിക്കുവാനാകും.

പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, സംഘര്‍ഷങ്ങള്‍, ന്യൂക്‌ളിയര്‍ മാലിന്യങ്ങള്‍, കാര്‍ബിണ്‍ വികിരണം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് മനുഷ്യന്റെ സമാധാനപരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നതെന്നും ലോകര്‍ക്കാകമാനം സമാധാനമെന്ന മഹത്തായ ആശയമാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുഖമുദ്രയെന്നും പരിപാടിയില്‍ സംസാരിച്ച പ്രസംഗകര്‍ ചൂണ്ടി കാട്ടി. സാമൂഹ്യ ശാസ്ത്രാധ്യാപകനായ രജീഷ്, വിദ്യാര്‍ഥികളായ റിദ ഹനാന്‍, സഫ, ശഹിന്ദ, ആഷില, ശഹാന, റസീന്‍ അഹ്മദ്, റിദ ടി. മുസ്തഫ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top