Flash News

ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ഹൈക്കോടതി; എന്തു വില കൊടുത്തും വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

October 25, 2018

pinarayശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ഹൈക്കോടതി. ശബരിമലയില്‍ അടിസ്ഥാന സൗകര്യമില്ലാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭരണഘടന അതാണ് ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പുരുഷനുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീപ്പൊരിയും പിപ്പിരിയും കാണിച്ചാല്‍ ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്. മലയില്‍ ക്യാമ്പ് ചെയ്ത് ചിലത് ചെയ്യാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. ചിലരുടെ പ്രഖ്യാപനത്തിന് മറുപ്രഖ്യാപനം നടത്താനില്ല. പ്രഖ്യാപനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

നിയമനിര്‍മ്മാണത്തിലൂടെ വിധി മറികടക്കാനാവില്ല. ഏതെങ്കിലും സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ ആകുമെങ്കില്‍ കേന്ദ്രം എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും നടപ്പിലാക്കുമെന്നുമുള്ള നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ശബരിമലയില്‍ ക്യാമ്പ് ചെയ്യാന്‍ ആരേയും അനുവദിക്കില്ല. അയ്യപ്പദര്‍ശനത്തിന് ലക്ഷക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടി വരും. എന്നാല്‍ അവിടെ ക്യാമ്പ് ചെയ്യുന്നത് അവകാശമാണെന്ന വാദത്തെ അംഗീകരിക്കാന്‍ സാധിക്കില്ല.

ശാന്തിയുടെയും സമാധാനത്തിന്റെ സ്ഥലമായ സന്നിധാനം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് നടന്നത്. അതാണ് സമരനേതാവ് പറഞ്ഞ കാര്യങ്ങളില്‍ പുറത്ത് വരുന്നതെന്നും രാഹുല്‍ ഈശ്വറിന്റെ പേര് പറയാതെ മുഖ്യന്ത്രി ചൂണ്ടിക്കാട്ടി. ചോരവീഴ്ത്തുവാന്‍ സംഘങ്ങളെ നിര്‍ത്തിയിട്ടുണ്ടെന്നും അവര്‍ അവിടെ ചോരവീഴ്ത്താന്‍ തീരുമാനിച്ചെന്നും ഒരു നേതാവ് പറഞ്ഞു. അങ്ങനെ ചെയ്താല്‍ നടയടക്കേണ്ടിവരുമെന്ന് പ്രഖ്യാപിച്ചവര്‍ കലാപമല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

പടുകിളവന്‍മാര്‍ക്ക് പതിനെട്ട് തികയാത്ത പെണ്‍കുട്ടികളെ കല്യാണം നടത്തികൊടുത്തിരുന്ന ഒരു നാട് , സ്വന്തം മകന് അച്ഛനെ തൊടാന്‍ കഴിയാത്ത സമ്പ്രദായം അനുഭവിക്കേണ്ടി വന്ന നായര്‍ സ്ത്രീകള്‍ ഉണ്ടായിരുന്ന നാട്, മാറു മറയ്ക്കാന്‍ അവകാശമില്ലാതിരുന്നൊരു നാട്, പുരുഷന് മുട്ടിന് താഴെ മുണ്ടുടുക്കാന്‍ കഴിയാത്ത, വഴിനടക്കാന്‍ അവകാശമില്ലാത്ത കാലം എങ്ങനെ മാറി? ഇത്തരം വിശ്വാസങ്ങളെ മാറ്റാന്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ തയ്യാറായി. അവരോടൊപ്പം നില്‍ക്കാന്‍ സമൂഹം തയ്യാറായി.

മുന്‍പെ സഞ്ചരിച്ചവര്‍ സാമൂഹിക പരിഷ്‌ക്കരണത്തിന് ശ്രമിച്ചതുകൊണ്ടാണ് ഇന്നത്തെ കേരളമുണ്ടായതെന്ന് ഓര്‍ക്കണം. അന്നത്തെ തലമുറ ഇനി സാമൂഹിക പരിഷ്‌ക്കരണം തുടരേണ്ട, ഇനി പുറകോട്ട് പോകാം എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ഇന്നത്തെ കേരളമുണ്ടാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. യാഥാസ്ഥിതികര്‍ എല്ലാ കാലത്തും സാമൂഹിക പരിഷ്‌കരണത്തെ എതിര്‍ത്തിരുന്നു. കഴിഞ്ഞ കാലത്ത് ഉണ്ടായിരുന്ന ദുരാചാരങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ മുഖ്യമന്ത്രി അത് മാറ്റിയെടുത്ത സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ അതേ പാത പിന്തുടരണമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസ് നേതാക്കള്‍ പറയുന്നതിനേക്കാള്‍ വാശിയോടെ സംസാരിക്കുന്നവരാണ്. നിങ്ങള്‍ കോണ്‍ഗ്രസുകാര്‍ മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും പാമ്പര്യം പിന്‍പറ്റുന്നവരാണ് പക്ഷെ ഇപ്പോള്‍ ആര്‍എസ്എസിന് ആളെകൂട്ടുന്ന പരിപാടിയാണ് ചെയ്യുന്നത്. പഠിക്കാന്‍ തയ്യാറാണെങ്കില്‍ കോണ്‍ഗ്രസിന് ധാരാളം ഉദാഹരണളുണ്ട്.

ചിലര്‍ ശബരിമലയെ സംരക്ഷിക്കാനെന്ന പേരില്‍ തമ്പടിച്ചിരിക്കുകയാണ്. അവരാണ് ആക്രമം നടത്തുന്നതെന്നും അത് ഇനി നടക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍എസ്എസ് പ്രത്യേക പരിശീലനം നല്‍കിയ ക്രിമിനലുകളാണ് ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ടത്. മുന്‍പെങ്ങും ഇല്ലാത്ത ആക്രമമാണ് മാധ്യപ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എന്തു പറയണമെന്ന് അവരെ ആയുധത്തിന്റെ മുന്നില്‍ നിര്‍ത്തി പറയിപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top