Flash News

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയെ വിമര്‍ശിച്ച് അമിത് ഷാ; ഭക്തജനങ്ങളുടെ അവകാശം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; വേണ്ടിവന്നാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന്

October 27, 2018

newsrupt2018-10a8f75e13-e1d6-4d90-a9a4-18202436ea97Amit_Shah_at_Kannur_Airportകണ്ണൂര്‍: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് അമിത് ഷാ. കോടതി വിധിയുടെ മറവില്‍ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. ആയിരക്കണക്കിന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണ്. അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കും. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. അയ്യപ്പഭക്തര്‍ക്കൊപ്പം രാജ്യമാകെ അണിനിരക്കും. ഭക്തരുടെയും സര്‍ക്കാരിന്റെയും ഏറ്റുമുട്ടലിന് കേരളം വേദിയാകുന്നു. ക്ഷേത്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിത അക്രമം നടത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ശരണം വിളിച്ചുകൊണ്ടാണ് കണ്ണൂരിൽ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം അമിത് ഷാ തുടങ്ങിയത്. സുപ്രീം കോടതിയ്ക്കെതിരെ തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്നാണ് വിമര്‍ശിച്ചത്. ഇടതുസർക്കാർ അയ്യപ്പന്റെ ആചാരാനുഷ്‍ഠാനങ്ങളിൽ മാറ്റം വരുത്തി ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു.കമ്യൂണിസ്റ്റ് സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡിനെ വരുതിയിൽ നിർത്താനുള്ള ശ്രമം നടത്തുകയാണ്.

സുപ്രീംകോടതി വിധിയുടെ ബലത്തിൽ ഇടത് സർക്കാർ ഭക്തരെ അടിച്ചമർത്തുകയാണ്. ഇത് തീക്കളിയാണെന്ന് പിണറായി വിജയൻ തിരിച്ചറിയണം. കൂട്ടത്തോടെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധിച്ച അയ്യപ്പഭക്തര്‍ എന്തുതെറ്റാണ് ചെയ്തത്? ഈ വേട്ടക്കെതിരെ കേരളസമൂഹം പ്രതികരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മുസ്ലിംപള്ളികളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്നതുൾപ്പടെയുള്ള വിധികൾ ഈ നാട്ടിലെ സ‍ർക്കാർ നടപ്പാക്കിയിട്ടില്ല. ഇതൊന്നും നടപ്പാക്കാൻ കഴിയാത്ത സർക്കാർ എന്തുകൊണ്ട് ശബരിമല വിധി നടപ്പാക്കാൻ ആവേശം കാണിക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു.

സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഹിന്ദുമതം. രാജ്യത്ത് പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനാകുന്ന ആചാരങ്ങളുണ്ട്. അവയെയൊന്നും ഭക്തര്‍ ചോദ്യം ചെയ്യുന്നില്ല. കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുതെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top