Flash News

മോദിയെ തടഞ്ഞ് സുപ്രിം കോടതി (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

October 27, 2018

modiye thadanju-1സി.ബി.ഐ കേസിലെ സുപ്രിം കോടതിയുടെ വെള്ളിയാഴ്ചത്തെ ഇടപെടലിന് ചരിത്രപരമായ ഒട്ടേറെ മാനങ്ങളുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ ഇച്ഛയ്ക്കനുസരിച്ച് ആയുധമാക്കുന്ന പ്രധാനമന്ത്രി മോദിയുടെ നീക്കങ്ങള്‍ക്കെതിരായ സുപ്രിം കോടതിയുടെ ശക്തമായ മുന്നറിയിപ്പാണ് അതില്‍ പ്രധാനം.

സി.ബി.ഐ ഉന്നത മേധാവികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളുടെ അന്വേഷണം സ്വന്തം നിരീക്ഷണത്തില്‍ നടത്തണമെന്നാണ് സുപ്രിം കോടതി തീരുമാനിച്ചത്. സര്‍ക്കാര്‍ അന്വേഷണ ചുമതലയേല്‍പ്പിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സുപ്രിം കോടതി നിയോഗിച്ച റിട്ടയേര്‍ഡ് ജഡ്ജി എ.കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. പന്ത്രണ്ടു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിബന്ധനയും പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കു തടയിടും. സി.ബി.ഐ ഡയറക്ടറുടെ ചുമതല ഇടക്കാലത്തേക്ക് ഏല്പിച്ച ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവു നയപരമായ തീരുമാനങ്ങളെടുക്കാന്‍ പാടില്ലെന്ന കല്പനയും പ്രധാനമന്ത്രി മോദിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.

Photo1ബുധനാഴ്ച അര്‍ദ്ധരാത്രി ചുമതലയേറ്റതു മുതല്‍ സ്വീകരിച്ച എല്ലാ നടപടികളും മുദ്രവെച്ച കവറില്‍ സുപ്രിം കോടതി മുമ്പാകെ ഹാജരാക്കണമെന്ന ഉത്തരവും സുപ്രധാനമാണ്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ സുപ്രിം കോടതി പ്രതിബദ്ധതയോടെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് അതിലൂടെ രാജ്യത്തിനു നല്‍കിയത്. അതാകട്ടെ അടിയന്തരാവസ്ഥയില്‍ മാത്രം നടന്നതുപോലുള്ള ഇടപെടല്‍ അര്‍ദ്ധരാത്രിയില്‍ നടത്തി സി.ബി.ഐ ആസ്ഥാനം പൊലീസിനെക്കൊണ്ടു വളയിച്ച് ഡയറക്ടറടക്കം പതിനാലോളം ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന്റെ ഞെട്ടലില്‍ രാജ്യം നിലകൊള്ളുമ്പോള്‍.

രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ന്നതിന്റെ പേരിലാണ് പ്രധാനമന്ത്രി മാറി നിന്ന് സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ മുഖേന കേന്ദ്ര വിജിലന്‍സ് ഏജന്‍സിയെ ഉപകരണമാക്കി ഭരണഘടനാ വ്യവസ്ഥകള്‍ കാറ്റില്‍പറത്തി ഇതു ചെയ്യിച്ചത്. കേസിന്റെ ഉള്ളടക്കത്തിലേക്കും ആഴങ്ങളിലേക്കും കടക്കാതെതന്നെ ശരിക്കും ഈ നീക്കങ്ങള്‍ക്ക് തടയിടുകയാണ് ഉടനടി സുപ്രിം കോടതി ചെയ്തത്. അതിലൂടെ ആരോപണങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നതും വിശ്വാസ്യത നഷ്ടപ്പെടുന്നതും പ്രധാനമന്ത്രി മോദിക്കുതന്നെ.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പിലാണ് പ്രധാനമന്ത്രി. തൊട്ടുപിറകെ പൊതു തെരഞ്ഞെടുപ്പിനെയും നേരിടണം. പ്രധാനമന്ത്രിയുടെ അഴിമതിവിരുദ്ധതയും വിശ്വാസ്യതയുമാണ് ഈ കേസിലൂടെ അതിശക്തമായി ചോദ്യം ചെയ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രിം കോടതി ബഞ്ച് അടുത്തമാസംതന്നെ മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന വിധി പുറപ്പെടുവിക്കുമെന്നതാണ് ഏറ്റവും നിര്‍ണ്ണായകം.

സി.ബി.ഐ ആസ്ഥാനത്ത് അര്‍ദ്ധരാത്രി പ്രധാനമന്ത്രി നടത്തിയ അട്ടിമറി തടയപ്പെട്ടു എന്നതാണ് സുപ്രിം കോടതി ഇടപെടലിലൂടെ സംഭവിച്ച ഏറ്റവും പ്രധാനമായ കാര്യം. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതും ഭരണഘടന അട്ടിമറിച്ചതും ഏകാധിപത്യ മാര്‍ഗത്തിലൂടെ അധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി നടത്തിയ ശ്രമമായിരുന്നു എന്നത് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. റഫേല്‍ അഴിമതി ആരോപണം പ്രധാനമന്ത്രി മോദിയില്‍ചെന്ന് തറയ്ക്കുന്നത് തടയാനാണ് സി.ബി.ഐ ആസ്ഥാനം പിടിച്ചെടുത്തതും സി.ബി.ഐ ഡയറക്ടറെയടക്കം പുറത്താക്കി വിശ്വസ്തരെ ചുമതലയിലേല്‍പ്പിച്ചതും.

മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് കേഡറിലിരുന്ന വിശ്വസ്തനായ പൊലീസ് ഓഫീസര്‍ രാകേഷ് അസ്താനയെ സി.ബി.ഐ ഡയറക്ടറാക്കാന്‍ നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ മോദിക്ക് തിരിച്ചടിയായത്. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്നനിലയില്‍ രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടലായും പരസ്പരം ചുമത്തുന്ന അഴിമതി കേസുകളായും വളര്‍ന്ന വിവാദങ്ങളല്ല യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയെ ഈ ഗൂഢനീക്കത്തിന് പ്രേരിപ്പിച്ചത്.

ഇതിനകം ഇന്ത്യയിലും ഫ്രാന്‍സിലും വന്‍ അഴിമതി വിവാദമായി ആളിപ്പടരുന്ന റഫേല്‍ വിമാന ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ നീങ്ങുന്നതു തടയാനാണ് അര്‍ദ്ധരാത്രി തന്ത്രപരമായ മിന്നലാക്രമണം നടത്തിയത്. അതോടൊപ്പം ജനുവരിവരെമാത്രം കാലാവധിയുളള, അതിനിടയില്‍ തല്‍സ്ഥാനത്തുനിന്നു നീക്കരുതെന്ന സുപ്രിം കോടതി നിര്‍ദ്ദേശമുള്ള അലോക് വര്‍മ്മയെ സി.ബി.ഐ ആസ്ഥാനത്തുനിന്നുതന്നെ എടുത്തെറിഞ്ഞതും.

ഇതിന് മൂന്നാഴ്ചമുമ്പാണ് റഫേല്‍ വിമാന ഇടപാടില്‍ അഴിമതി നടത്തിയതിന് പ്രധാനമന്ത്രി മോദിയെ ഒന്നാം പ്രതി ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വാജ്‌പേയി മന്ത്രിസഭയിലെ അംഗങ്ങളായ യശ്വന്ത് സിന്‍‌ഹയും അരുണ്‍ ഷൂരിയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും തെളിവുകളും രേഖകളും ഉള്‍പ്പെട്ട 135 പേജുള്ള പരാതി സി.ബി.ഐ ഡയറക്ടര്‍ക്കു നല്‍കുന്നത്. അതിന്റെ തലേന്നാള്‍ എം.എല്‍ ശര്‍മ്മയും വിനീത് ധാന്തയും സുപ്രിം കോടതിയില്‍ ഈ ഇടപാട് സംബന്ധിച്ച് ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തെ അവഗണിച്ച് പത്തുദിവസം മുമ്പുമാത്രം പടച്ചുണ്ടാക്കിയ അനില്‍ അംബാനിയുടെ റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് റഫേല്‍ ഇടപാടിന്റെ അഴിമതിപ്പണം നല്‍കിയിട്ടുണ്ടെന്ന് ആരോപിച്ച്.

ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി അനില്‍ അംബാനി, ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ലിമിറ്റഡിന്റെ സി.ഇ.ഒ എന്നിവരുടെ പേരില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് റഫേല്‍ ഇടപാടിലെ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങള്‍ കോടതിയെ അറിയിക്കണമെന്നു നിര്‍ദ്ദേശിച്ചത്

അതുവരെ മാധ്യമങ്ങളിലും പാര്‍ലമെന്റിലും രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും മാത്രം നിറഞ്ഞുനിന്നതായിരുന്നു റഫേല്‍ അഴിമതിപ്രശ്‌നം. അത് സുപ്രിം കോടതിയിലൂടെയും സി.ബി.ഐയിലൂടെയും പ്രധാനമന്ത്രി മോദിയെ വളഞ്ഞുപിടിക്കുന്ന നിയമപ്രശ്‌നമായി മാറിയത് മൂന്നാഴ്ചകള്‍ക്കുള്ളിലാണ്. അതില്‍നിന്ന് രക്ഷനേടാനുള്ള ഒരു ഏകാധിപതിയുടെ സ്വാഭാവികമായ പ്രതിനീക്കങ്ങളാണ് സി.ബി.ഐ ആസ്ഥാനത്തെ അട്ടിമറിയില്‍ നടന്നത്.

സി.ബി.ഐ എന്ന കുറ്റാന്വേഷണ ഏജന്‍സിയെ കൈയിലൊതുക്കുന്നതിന് ആറ് സി.ബി.ഐ കേസുകള്‍ നേരിടുന്ന രാകേഷ് അസ്താനയെ സി.ബി.ഐ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ പ്രധാനമന്ത്രി മോദി ശ്രമം നടത്തി. അമിത് ഷായും മോദിയും ഉള്‍പ്പെട്ട കൂട്ടക്കൊല – ഏറ്റുമുട്ടല്‍ കേസുകളില്‍ രക്ഷപെടാന്‍ സഹായിച്ച അസ്താന സി.ബി.ഐ ഡയറക്ടര്‍ ആകാതെ പോയത് നിയമനത്തിനെതിരെ സുപ്രിം കോടതി നടത്തിയ ഇടപെടലിലൂടെയാണ്. ഡല്‍ഹി പൊലീസ് മേധാവിയായിരുന്ന അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടരാക്കേണ്ടിവന്നതും ആ കേസില്‍നിന്ന് തലയൂരാനായിരുന്നു.

അതിനുശേഷം രാകേഷ് അസ്താന സി.ബി.ഐ ആസ്ഥാനത്തിരുന്ന് അട്ടിമറിച്ച കല്‍ക്കരി കുംഭകോണം കേസുകള്‍ തൊട്ട് സുപ്രിം കോടതിയുടെ നിശിത വിമര്‍ശനം ഏറ്റുവാങ്ങിയ നിരവധി കേസുകളുണ്ട്. അതിനിടയ്ക്കാണ് ഹൈദരാബാദിലെ മാംസ വ്യാപാരിയില്‍നിന്ന് രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയതിന്റെ പരാതി അസ്താനയ്‌ക്കെതിരെ ഉണ്ടായതും തെളിവ് ലഭിച്ചതും. ഇതു സംബന്ധിച്ച അന്വേഷണത്തിന് ഡയറക്ടര്‍ വര്‍മ്മ നിയോഗിച്ച ഡി.ഐ.ജിയെയാണ് കഴിഞ്ഞദിവസം സി.ബി.ഐ ആസ്ഥാനത്തുനിന്ന് ആന്റമാനിലേക്ക് സ്ഥലം മാറ്റിയത്. ഒരു ഡസനോളം ഉന്നത ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്കും. അസ്താനയ്‌ക്കെതിരായി സി.ബി.ഐ കേസെടുത്തതിന് പിറകെയാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ അസ്താന അഴിമതി ആരോപണം രേഖാമൂലം ഉന്നയിക്കുന്നത്. സി.ബി.ഐ ഡയറക്ടര്‍ വര്‍മ്മയെയും അഡീഷണല്‍ ഡയറക്ടര്‍ അസ്താനയെയും പ്രധാനമന്ത്രി വിളിപ്പിച്ച് ഒത്തുതീര്‍പ്പിന് നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇടപെടേണ്ടിവന്നതാണ് സി.ബി.ഐ ആസ്ഥാനത്തെ സ്ഥാന ചലനങ്ങള്‍ക്കും അധികാര മാറ്റങ്ങള്‍ക്കും കാരണമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കേന്ദ്ര സര്‍ക്കാറും സ്വീകരിച്ച ഔദ്യോഗിക നിലപാട്. എന്നാല്‍ സി.ബി.ഐ ഡയറക്ടറുടെ ജന്‍പഥിലെ ഔദ്യോഗിക വസതി നിരീക്ഷിക്കുകയായിരുന്ന നാല് ഐ.ബി ഉദ്യോഗസ്ഥരെ അലോക് വര്‍മ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതോടെ ഗവണ്മെന്റിന്റെ ഉദ്ദേശ്യം കൃത്യമായി വെളിപ്പെട്ടു. സുപ്രിംകോടതിതന്നെ സി.വി.സിയെ ഉപയോഗിച്ചു നടത്തിയ അട്ടിമറിയെയും നിയമനങ്ങളെയും മരവിപ്പിച്ചു എന്നത് കേന്ദ്ര സര്‍ക്കാറിന്റെ വ്യാഖ്യാനങ്ങളെ തള്ളിക്കളയുന്നു.

പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോകസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്നാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കേണ്ടതും അവര്‍ ആലോചിച്ചുവേണം നീക്കം ചെയ്യേണ്ടതും. എന്നിരിക്കെ, അര്‍ദ്ധരാത്രിയില്‍ വിളിച്ചുണര്‍ത്തി ഇനി താന്‍ സി.ബി.ഐ ആസ്ഥാനത്ത് വരേണ്ടതില്ലെന്ന് അറിയിക്കുകയും ഔദ്യോഗിക വാഹനവും ഡ്രൈവറെപോലും പിന്‍വലിക്കുകയും ചെയ്ത അസാധാരണ കാഴ്ചകളാണ് ഉണ്ടായത്. കൈക്കൂലി വാങ്ങി സി.ബി.ഐ കേസുകളില്‍ അനുകൂലമായ വിധി സമ്പാദിച്ചു കൊടുക്കുന്നതിന് ചെന്നൈ സി.ബി.ഐ ഓഫീസില്‍ ഇരിക്കെതന്നെ ആരോപണത്തിനു വിധേയനായ ഒഡീഷ സ്വദേശിയായ ജോയിന്റ് ഡയറക്ടര്‍ക്കാണ് സി.ബി.ഐ ഡയറക്ടറുടെ അധികാരം കൈമാറിയത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ആരോപണവിധേയനാണ്.

സുപ്രിംകോടതി വെള്ളിയാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇത്തരം ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ നിരായുധമാക്കുന്നതും കോടതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതുമാണ്.

സുതാര്യമായ നിയമവാഴ്ച ഉറപ്പുവരുത്തുന്ന നടപടികളാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഏകാധിപതികളാരും നീതിയും നിയമവും പാലിച്ചല്ല ചരിത്രത്തില്‍ മുന്നേറാന്‍ ശ്രമിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥയില്‍ നമ്മുടെ രാജ്യം അത് അനുഭവിച്ചതുമാണ്. അതുകൊണ്ട് വരും ദിവസങ്ങളിലെ സംഭവങ്ങള്‍ ഏതുനിലയ്ക്ക് നീങ്ങുമെന്നത് ആശങ്ക ഉയര്‍ത്തുന്നതാണ് എന്നുകൂടി പറഞ്ഞുവെക്കട്ടെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top