Flash News

ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയ നാല് മെഡിക്കല്‍ കോളേജുകളുടെ അനുമതി സുപ്രീം കോടതി റദ്ദാക്കി; വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

October 29, 2018

Supreme_Courtmay7ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയ സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 550 സീറ്റുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി ജസ്റ്റിസ്മാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ മെഡിക്കല്‍ കോളെജുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ കണ്ടെത്തിയത്. ഇതോടെ ഇവിടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവിയും ആശങ്കയിലായി.

ഈ മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശന അനുമതി നിഷേധിച്ച ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ നാല് മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതി ആദ്യം പ്രവേശനാനുമതി നല്‍കിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജികളിലാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.

സെപ്റ്റംബര്‍ ആദ്യ വാരം നടന്ന സ്‌പോട്ട് അഡ്മിഷനില്‍ നാലു കോളേജുകളിലെയും ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം നടന്നിട്ടുണ്ട്. ചില കുട്ടികള്‍ പിന്നീട് വീണ്ടും നല്‍കിയ അവസരം ഉപയോഗിച്ച് മറ്റ് കോളേജുകളില്‍ ചേര്‍ന്നു. ബാക്കിയുള്ളവര്‍ ഇപ്പോഴും തുടരുകയാണ്.

പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ടി വരുമെന്ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നു. നാലുകോളെജുകളിലായി 550 എംബിബിഎസ് സീറ്റുകളാണുളളത്.

മെഡിക്കല്‍ കൗണ്‍സില്‍ ഹര്‍ജി പരിഗണിച്ച് പ്രവേശന നടപടികള്‍ സുപ്രീംകോടതി സെപ്തംബര്‍ അഞ്ചിനാണ് സ്‌റ്റേ ചെയ്തത്. പോരായ്മകള്‍ പരിഹരിച്ചെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് കോടതി പിന്നീട് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top