Flash News

കുടുംബ ജീവിത വിജയം ഭാര്യാഭര്‍ത്താക്കന്മാര്‍ തോറ്റുകൊടുക്കുന്ന ഭവനങ്ങളില്‍ : റവ. റ്റി.സി. ജോര്‍ജ്#

October 29, 2018 , പി.പി. ചെറിയാന്‍

IMG_1648മസ്‌കിറ്റ് (ഡാലസ്): വിജയകരമായ കുടുംബ ജീവിതം പ്രകടമാകുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തോറ്റു കൊടുക്കുന്ന ഭവനങ്ങളില്‍ മാത്രമാണെന്ന് മര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും സുവിശേഷ പ്രാസംഗfകനും ഫ്‌ലോറിഡാ മര്‍ത്തോമാ ഇടവകകളിലെ മുന്‍ വികാരിയുമായ റവ. റ്റി. സി. ജോര്‍ജ് അഭിപ്രായപ്പെട്ടു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് കാനഡ ഭദ്രാസനത്തില്‍ ഒക്ടോബര്‍ 28 ഞായറാഴ്ച ഫാമിലി സണ്‍ഡേയായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാലസ് സെന്റ് പോള്‍സ് മര്‍ത്തോമാ ചര്‍ച്ചില്‍ രാവിലെ ധ്യാന പ്രസംഗം നടത്തുകയായിരുന്നു ജോര്‍ജച്ചന്‍.

വിവാഹബന്ധങ്ങളിലും കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങളെ അഭിമുഖീകരി ക്കേണ്ടി വരുമ്പോള്‍ അതിനെ വിജയകരമായി തരണം ചെയ്യുന്നതിന് ഒറ്റമൂലി ഇതു മാത്രമാണെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

പരിശുദ്ധ വിവാഹ ബന്ധത്തിന്റേയും ക്രിസ്തീയ വിശ്വാസത്തിന്റേയും തായ് വേരറക്കുന്ന വിധി പ്രഖ്യാപനങ്ങളാണ് ഇന്ത്യന്‍ സുപ്രീം കോടതി ഈയ്യിടെ പുറപ്പെടുവിച്ചിരിക്കുന്നത്.സ്വവര്‍ഗ്ഗ വിവാഹം, വിവാഹേതര ബന്ധം എന്നിവക്ക് നിയമസാധ്യത നല്‍കിയത് അംഗീകരിക്കാവുന്നതല്ലെന്നും അച്ചന്‍ പറഞ്ഞു.

വിവാഹം എന്ന കൂദാശയുടെ പ്രാധാന്യം മനസ്സിലാക്കാതെ വിവാഹ മോചനം തേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് വളരെ ഭയപ്പാടോടെയാണ് ക്രൈസ്തവ സഭ കാണുന്നത്.

2018 ല്‍ നാളിതുവരെ കേരളത്തില്‍ 12887 വിവാഹമോചന കേസ്സുകളാണ് തീര്‍പ്പാക്കിയിട്ടുള്ളത്. ക്രൈസ്തവ സഭകളില്‍ പ്രത്യേകിച്ചു മര്‍ത്തോമ്മാ സഭയിലും വര്‍ദ്ധിച്ചുവരുന്ന വിവാഹ മോചന കേസുകള്‍ പരിഗണിക്കുന്നതിന് ഭദ്രാസന തലത്തില്‍ ലീഗല്‍ കമ്മിറ്റികളെ ഏല്‍പിച്ചിരിക്കുകയാണെന്നും അച്ചന്‍ വെളിപ്പെടുത്തി.

കുടുംബ ജീവിതം സ്ഥായിയായി നിലനില്‍ക്കണമെങ്കില്‍ ശക്തമായ അടിത്തറ ആവശ്യമാണ്. പാറയാകുന്ന ക്രിസ്തുവില്‍ പണിയപ്പെടാത്ത കുടുംബ ജീവിതങ്ങള്‍ ശിലിലമാകുമെന്നും അച്ചന്‍ പറഞ്ഞു.

പുരുഷനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്നും പുരുഷനു തക്ക തുണയായിരിക്കേണ്ടതിന് പുരുഷന്റെ വാരിയെല്ലില്‍ ഒന്നെടുത്താണ് സ്ത്രീയെ നിര്‍മ്മിച്ചതെന്നും പറയുമ്പോള്‍ തന്നെ അതില്‍ അടങ്ങിയിരിക്കുന്ന മര്‍മ്മം വര്‍ണ്ണനാതീതമാണെന്ന് അച്ചന്‍ സമര്‍ത്ഥിച്ചു. സ്ത്രീയെ നിര്‍മ്മിക്കുന്നതിന് തലയില്‍ നിന്നൊ, കാലില്‍ നിന്നൊ എല്ല് എടുക്കാതിരുന്നതിന് കാരണമുണ്ടെന്നും വാരിയെല്ലു നീക്കം ചെയ്ത വിടവിലൂടെ അകത്തു പ്രവേശിക്കുന്ന സ്ത്രീക്ക് ഹൃദയത്തില്‍ സ്ഥാനം നല്‍കുവാന്‍ പുരുഷന്‍ ബാധ്യസ്ഥനാണെന്നും സരസമായി അച്ചന്‍ വ്യാഖ്യാനിച്ചതു കേള്‍വിക്കാര്‍ക്ക് പുതിയൊരനുഭവമായിരുന്നു. കുടുംബ ജീവിതത്തിന്റെ സുദൃഢബന്ധം ഇവിടെ തന്നെ സ്ഥാപിക്കപ്പെട്ട് കഴിഞ്ഞതായും അച്ചന്‍ പറഞ്ഞു.

കുടുംബദിന പ്രത്യേക ശുശ്രൂഷകള്‍ക്ക് റ്റി. സി. ജോര്‍ജച്ചന്‍, റവ. മാത്യു ജോസഫ് (മനോജച്ചന്‍), എന്‍. വി. അബ്രഹാം, റോബിന്‍ ചേലങ്കരി, ടി. എം. സ്‌കറിയ, സഖറിയ തോമസ്, കൃപാ തോമസ്, ലാലി അബ്രഹാം, എഡിസണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബ ജീവിതത്തിന്റെ പ്രാധാന്യം വര്‍ണിക്കുന്ന ശ്രുതി മനോഹര ഗാനങ്ങള്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ആലപിച്ചു.

അറ്റ്‌ലാന്റാ മാര്‍ത്തോമാ ചര്‍ച്ച് നടത്തുന്ന പ്രത്യേക ധനസമാഹരണത്തിന് അറ്റ്‌ലാന്റായില്‍ നിന്നെത്തിയ സംഘ പ്രതിനിധി സുനില്‍ കൊച്ചുകുഞ്ഞു സഹകരണമഭ്യര്‍ത്ഥിച്ചു പ്രസ്താവന ചെയ്തു.

ഡാലസിലെ സെഹിയോന്‍ മര്‍ത്തോമാ ചര്‍ച്ച്, കരോള്‍ട്ടന്‍ മര്‍ത്തോമാ ചര്‍ച്ച്, ഫാര്‍മേഴ്‌സ് ബ്രാഞ്ച് മര്‍ത്തോമാ ചര്‍ച്ച് തുടങ്ങിയ ഇടവകകളിലും ഫാമിലി സണ്‍ഡേയോടനുബന്ധിച്ചു പ്രത്യേക ആരാധനകളും ധ്യാന പ്രസംഗങ്ങളും നടന്നു.

IMG_1644IMG_1646


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top