Flash News

ശബരിമലയില്‍ പ്രതിരോധം തീര്‍ക്കാന്‍ സ്ത്രീകളെ ഉപയോഗിച്ച് ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയുന്നു

October 29, 2018

save-sabarimalaപുരുഷന്മാരെ ഇറക്കി പ്രതിരോധം തീര്‍ത്ത് പരാജയപ്പെട്ട ബിജെപി പുതിയ സമരമുറകള്‍ക്കായി സ്ത്രീകളെ രംഗത്തിറക്കുന്നു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. മുതിര്‍ന്ന 1000 സ്ത്രീകളെ എല്ലാ ദിവസവും സന്നിധാനത്തെത്തിക്കും. ശബരിമലയില്‍ വരുന്ന യുവതികളെ ഇവരെ ഉപയോഗിച്ച് തിരിച്ചയയ്ക്കാനാണ് നീക്കം.

മണ്ഡലമകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ നാമജപവുമായി സന്നിധാനത്തുണ്ടാകും. പുരുഷന്മാര്‍ പ്രതിഷേധത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പൊലീസ് കടുത്ത നടപടികളിലേക്ക് പോകും. എന്നാല്‍, സ്ത്രീകളാകുമ്പോള്‍ അങ്ങനെയാകില്ല. ഇതൊക്കെ കണക്കിലെടുത്താണ് ബിജെപിയുടെ നീക്കം. മുതിര്‍ന്നസ്ത്രീകള്‍ യുവതികളെ പറഞ്ഞുമനസ്സിലാക്കി തിരിച്ചയയ്ക്കുമെന്നാണ് ബിജെപി പറയുന്നത്. പൊലീസുമായി സംഘര്‍ഷത്തിന് ഇവര്‍ മുതിരില്ല. നവംബര്‍ 16ന് വൈകീട്ട് അഞ്ചിനാണ് മണ്ഡലകാല തീര്‍ഥാടനത്തിന് ക്ഷേത്രം തുറക്കുന്നത്. ഡിസംബര്‍ 27ന് മണ്ഡലപൂജ കഴിഞ്ഞാല്‍ രണ്ടുദിവസം അടയ്ക്കുന്ന ക്ഷേത്രം 30ന് തുറക്കും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത് ജനുവരി 20നാണ്. ഈ ദിവസങ്ങളില്‍ ഏതൊക്കെ പ്രദേശങ്ങളില്‍നിന്ന് സ്ത്രീകള്‍ എത്തണമെന്നത് ഉടന്‍ തീരുമാനിക്കും.

നട തുറന്നാല്‍ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 24 മണിക്കൂറില്‍ക്കൂടുതല്‍ ആരെയും നിര്‍ത്തരുതെന്നാണ് പൊലീസിന്റെയും ശുപാര്‍ശ. ശബരിമലയും പരിസരവും അവിടേക്കുള്ള പാതകളും അതിസുരക്ഷാമേഖലയാക്കി പോലീസ് വലയത്തിലാക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടാകും.

അതേസമയം കോടതിവിധി നടപ്പാക്കുന്നതിനെതിരെയും ആചാരസംരക്ഷണം ആവശ്യപ്പെട്ടും ബിജെപിയുടേയും എന്‍ഡിഎയുടേയും രണ്ടാംഘട്ടസമരം ഇന്ന് തുടങ്ങുകയാണ്.

പി.എസ്.ശ്രീധരന്‍പിള്ള ഇന്ന് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഉപവാസ സമരം നടത്തും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം ശക്തമാക്കാനുറച്ച് ബിജെപി. പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഇന്ന് തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഉപവാസ സമരം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ഉപവാസം.

മറ്റ് ജില്ലകളില്‍ എസ്പി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി ശ്രീധരന്‍ പിള്ള കാസര്‍ഗോഡ് മുതല്‍ പമ്പ വരെ രഥ യാത്ര നയിക്കും. അടുത്ത മാസം എട്ടുമുതലാണ് യാത്ര. കാസര്‍ഗോഡ് മധുര്‍ ക്ഷേത്രത്തില്‍ തുടങ്ങി, പമ്പയില്‍ യാത്ര അവസാനിക്കും. കണ്ണൂരില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top