Flash News

അബ്ദുള്‍ നാസര്‍ മ‌അ്‌ദനി ഇന്ന് കേരളത്തില്‍

October 29, 2018

രോഗബാധിതയായ മാതാവിനെ കാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അ്‌ദനി ഇന്ന് കേരളത്തിലെത്തും. കര്‍ശന ഉപാധികളോടെ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെ കേരളത്തില്‍ തങ്ങാന്‍ അനുമതിയുണ്ട്. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിക്കുന്ന അദ്ദേഹം രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. അസുഖബാധിതയായ ഉമ്മയെ കാണാനായിട്ടാണ് മഅദനി കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിലേക്കുളള യാത്രക്കായി എന്‍ഐഎ വിചാരണ കോടതി കര്‍ശന വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയത്.

ഇത് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഉമ്മ അസ്മാബീവിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ തീരുമാനം മാറ്റുകയായിരുന്നു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെ കേരളത്തില്‍ തങ്ങാനാണ് മഅദനിക്ക് അനുമതി.

മഅദനിക്കായി സുരക്ഷയൊരുക്കുന്നത് 11 അംഗസംഘമാണ്. ഇതിനായി രണ്ടുലക്ഷത്തോളം രൂപ മഅദനിയില്‍ നിന്ന് ഈടാക്കുകയും ചെയ്തു. ഉമ്മയെ കാണാന്‍ പോകുമ്പോള്‍ കൂടെ വരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിനായിട്ടാണ് മഅദനി 176600 രൂപ മുന്‍കൂറായി കെട്ടിവെക്കേണ്ടി വന്നത്. തിരിച്ചെത്തിയ ശേഷം മറ്റ് ചെലവുകളുടെ തുകയും അടക്കേണ്ടി വരും.

ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിന് 60 രൂപയാണ് കിലോമീറ്ററിന് ഈടാക്കുക. ഇവ കൂടാതെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം, താമസം എന്നിവയും മഅദനി സ്വയം വഹിക്കേണ്ടി വരും.മാധ്യമങ്ങളെ കാണുന്നതിനും കേസുമായി ബന്ധപ്പെട്ട കക്ഷികളെ കാണുന്നതിനും രാഷ്ട്രീയക്കാരെ കാണുന്നതിനും മഅദനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top