Flash News

കേന്ദ്ര സര്‍ക്കാരിനെ റഫാലില്‍ കുരുക്കി സുപ്രീം കോടതി; കരാറിന്റെ മുഴുവന്‍ വിവരങ്ങളും പത്തു ദിവസത്തിനകം ഹര്‍ജിക്കാര്‍ക്ക് നല്‍കണം; വിമാനങ്ങളുടെ വിലയുടെ വിശദാംശങ്ങള്‍ മുദ്ര വെച്ച കവറില്‍ കോടതിക്കും നല്‍കണം

October 31, 2018

newsrupt2018-10b52b40ed-7655-431a-82b5-322d432ab955supreന്യൂഡൽഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ തിരിച്ചടി. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവ‍ച്ച കവറിൽ പത്ത് ദിവസത്തിനകം
കോടതിക്ക് നല്‍കണമെന്നും കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് നി‍ർദേശം. റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ അറിയിച്ചത്. എന്തുകൊണ്ട് വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. പാര്‍ലമെന്റിനെ പോലും വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ പറഞ്ഞെങ്കിലും പത്തു ദിവസത്തിനകം മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തരവിട്ടു.

‘വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ മുദ്ര വച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കണം’ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. റഫാൽ ഇടപാടിൽ ഇന്ത്യയിലുള്ള പങ്കാളികളുടെ വിവരങ്ങളും കോടതിയെ അറിയിക്കണം. ഇടപാടിന്‍റെ നടപടിക്രമങ്ങളും സർക്കാർ സുപ്രീം കോടതിയെ അറിയിക്കണം. ഒഫീഷ്യൽ സീക്രട്ട്സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് ഇത്തരത്തിൽ മുദ്ര വച്ച കവറിൽ കോടതിയിൽ നൽകേണ്ടത്. പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ കഴിയുന്ന മറ്റ് വിവരങ്ങളെല്ലാം ഹർജിക്കാർക്ക് നൽകാനും കോടതി ഉത്തരവിട്ടു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജിക്കാരിൽ ഒരാളായ അഡ്വ.പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ അക്കാര്യം ഇപ്പോൾ പരിഗണിയ്ക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ‘കാത്തിരിയ്ക്കൂ, ആദ്യം സിബിഐയ്ക്കുള്ളിലെ പ്രശ്നങ്ങളൊക്ക ഒന്ന് ഒത്തുതീരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മറുപടി.

ഈ മാസം 10 ന് കേസ് പരിഗണിച്ചപ്പോൾ റഫാൽ വിമാനങ്ങളുടെ വില വിവരപ്പട്ടിക നൽകേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാൽ ഇന്ന് വില വിവരങ്ങളടങ്ങിയ വിശദാംശങ്ങളുൾപ്പടെ തന്ത്രപ്രധാനവിവരങ്ങളെല്ലാം നൽകണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസിലെ ഹർജികൾ തളളാനൊരുക്കമല്ല സുപ്രീംകോടതി എന്ന് തന്നെയാണ് ഈ നിർദേശങ്ങളിലൂടെ വ്യക്തമാകുന്നത്. വിശദമായ കോടതി ഇടപെടൽ റഫാൽ കേസിലുണ്ടാകും എന്ന് വ്യക്തം. ലോക്സഭാതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ തന്ത്രപ്രധാനമായ ഒരു കേസിൽ കോടതിയുടെ നിരീക്ഷണവും ഇടപെടലുമുണ്ടാകുന്നത് ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയാണ്. കേസ് ഇനി നവംബർ 14 ന് വീണ്ടും പരിഗണിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top