Flash News

ഐക്യം നഷ്ടപ്പെടുത്തിയ ഐക്യ പ്രതിമ (എഡിറ്റോറിയല്‍)

October 31, 2018 , ചീഫ് എഡിറ്റര്‍

Untitledഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമാ അനാച്ഛാദനം ഇന്ന് നടക്കുകയാണ്. സ്റ്റാച്ച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന സ്ഥാനം കരസ്ഥമാക്കുകയാണ്. അഹമ്മദാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വഡോദര-നര്‍മ്മദാ ഡാം ഹൈവേയ്ക്ക് സമീപമാണ് ഏക്താ പ്രതിഭ നിലകൊള്ളുന്നത്. സര്‍ദാര്‍ സരോവര്‍ ഡാമിന് അഭിമുഖമായി 182 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രതിമ ഇന്ത്യയുടെ വിനോദ സഞ്ചാരമേഖലയുടെ മുഖമാകുമെന്ന് കരുതപ്പെടുന്നു. മ്യൂസിയം, ബോട്ടിങ്, ഫുട്‌കോര്‍ട്ട്, കിലോമീറ്റര്‍ കണക്കിന് ദൂരത്തില്‍ പൂന്തോട്ടം എന്നിവയെല്ലാം പ്രതിമയ്ക്ക് ചുറ്റും സജ്ജമാക്കിയിട്ടുണ്ട്.

മൂവായിരം കോടി രൂപ മുടക്കി പണികഴിപ്പിച്ച ഈ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യുമ്പോള്‍ മറുവശത്ത് ഗുജറാത്തിലെ ഗോത്രവര്‍ഗ വിഭാഗങ്ങളും ഗ്രാമീണരും പ്രതിഷേധസ്വരമുയര്‍ത്തുകയാണ്. അതോടൊപ്പം തന്നെ എന്താണ് ഈ പ്തിമ കൊണ്ട് മോദിയും ബിജെപി സര്‍ക്കാരും നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യവും ഉയരുന്നു.

ഗുജറാത്തില്‍ ബിജെപിയുടെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമാണ് പട്ടീദാര്‍ സമുദായത്തിന്റെ പിന്തുണ. ഹര്‍ദിക പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരുന്നു. സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ ആ പിന്തുണ തിരിച്ചുപിടിക്കാമെന്ന് ബിജെപി കരുതുന്നു.

പട്ടേല്‍ പഴയ ഒരു സംഘപരിവാറുകാരനാണെന്ന ധ്വനിയുണ്ടാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും ആര്‍എസ്എസിനോട് പട്ടേല്‍ അടുപ്പം കാണിച്ചതിന് തെളിവില്ല. മറിച്ച് ആര്‍എസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും വര്‍ഗീയ അജണ്ടകളെ പട്ടേല്‍ രൂക്ഷമായി വിമര്‍ശിച്ചതിന് തെളിവുകളുണ്ട് താനും. ഗാന്ധിവധത്തെത്തുടര്‍ന്ന് ആര്‍എസ്എസിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അത് നീക്കിക്കിട്ടാന്‍ പട്ടേലിന്റെ മുമ്പില്‍ അപേക്ഷയുമായെത്തിയ സംഘടനാ തലവന്‍ എംഎസ് ഗോള്‍വാള്‍ക്കറിനെക്കൊണ്ട് അക്രമവും രഹസ്യപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാമെന്നും ഇന്ത്യയെയും ഇന്ത്യന്‍ ദേശീയ പതാകയെയും ബഹുമാനിക്കുകയും ചെയ്യാമെന്നും വ്യവസ്ഥ ചെയ്യിപ്പിച്ചയാളാണ് പട്ടേല്‍. എന്നിട്ട് മാത്രമാണ് വിലക്ക് നീക്കിയത്. അങ്ങിനെയുള്ള പട്ടേല്‍ തങ്ങളുടെയാളാണെന്നാണ് ആര്‍എസ്എസും ബിജെപിയും പ്രചരിപ്പിക്കുന്നത്.

ഗുജറാത്തില്‍ നിന്നുള്ള ഈ കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും ബിജെപി പ്രചരിപ്പിക്കുന്നു. നെഹ്‌റു കുടുംബത്തിന്റെ അധിനിവേശമാണ് ഇതിന് കാരണമെന്നും പറഞ്ഞുപരത്തുന്നുണ്ട്. മാത്രമല്ല, പ്രാദേശിക ദേശീയത ഉണര്‍ത്തി ഗുജറാത്തികളെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരുക എന്ന തന്ത്രവും പ്രതിമയ്ക്ക് പിന്നിലുണ്ട്.

പട്ടേല്‍ പ്രതിമയ്ക്കായി രാഷ്ട്രീയ ഏക്ത എന്നൊരു ട്രസ്റ്റ് രൂപീകരിച്ചു ഗുജറാത്ത് സര്‍ക്കാര്‍. ഇതിനെ ഒരു ജനകീയ മുന്നേറ്റമാക്കാനുള്ള ശ്രമങ്ങളും നടത്തി. പ്രതിമ നിര്‍മ്മിക്കാനാവശ്യമായ ഇരുമ്പിനായി രാജ്യത്തെ കര്‍ഷകരുടെ പഴയ പണിസാമാനങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്റ്റാച്യു ഓഫ് യൂണിറ്റി മൂവ്‌മെന്റ് എന്ന പേരില്‍ രാജ്യത്തെമ്പാടുമായി 40 ഓളം ഓഫീസുകള്‍ സ്ഥാപിച്ച് ഇവ ശേഖരിച്ചു. എന്നാല്‍ ഇങ്ങിനെ ശേഖരിച്ച 5000 ടണ്ണോളം ഇരുമ്പ് പ്രതിമാ നിര്‍മ്മാണത്തിനായി ഉപയോഗിച്ചില്ലെന്നതാണ് വാസ്തവം. ഉരുക്കു കൊണ്ടുണ്ടാക്കിയ ഫ്രെയിമിനുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രതിമാ നിര്‍മ്മാണത്തിനായി ആദിവാസികളുടെ കൈവശമുണ്ടായിരുന്ന ഏക്കറു കണക്കിന് ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി നഷ്ടപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ല. 72 ഗ്രാമങ്ങളെയാണ് പ്രതിമാ നിര്‍മ്മാണം പ്രതികൂലമായി ബാധിച്ചത്. ഇതില്‍ ഏറ്റവും രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങള്‍ക്കാണ്. ചില ഗ്രാമങ്ങളില്‍ നഷ്ടപരിഹാരം മാത്രം നല്‍കുകയും ഭൂമി, ജോലി തുടങ്ങിയവയുടെ കാര്യത്തില്‍ ഉറപ്പുകള്‍ പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന ദിവസം തങ്ങളുടെ വീടുകളില്‍ ഭക്ഷണം പാകം ചെയ്യില്ലെന്നാണ് ആദിവാസികള്‍ അറിയിച്ചിരിക്കുന്നത്.

ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top