Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ 8)

October 31, 2018 , എച്‌മുക്കുട്ടി

part 7വിമന്‍സ് ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിയുണ്ടെന്ന് പറയുവാന്‍ അവള്‍ തീരുമാനിച്ചു. ഇനി ആ വീട്ടിലേക്ക് മടങ്ങുവാന്‍ അവള്‍ക്ക് മനസ്സില്ല. ഉടുത്ത വേഷത്തോടെയാണ് അവള്‍ ആ വീട് വിട്ടത്.

അവളുടെയും പിന്നെ അയാളുടെയും പേരിലുള്ള ആ വീട്ടിലാണ് എല്ലാ സാധനങ്ങളും. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍, അവാര്‍ഡുകള്‍, അവളുടെ വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെറിയ കൌതുകവസ്തുക്കള്‍, അമ്മ കൊടുത്ത കുറച്ച് ആഭരണങ്ങള്‍, മകനെ ആദ്യം പൊതിഞ്ഞ റ്റര്‍ക്കി റ്റവല്‍, അവനെ ആദ്യം ഇടീപ്പിച്ച ജിബില, കുഞ്ഞു കരിവളകള്‍ , അവന്റെ കൊഴിഞ്ഞു വീണ പൊക്കിള്‍ക്കൊടി അങ്ങനെ അവളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാമെല്ലാം. .. അവളുടെ ജീവിതം മുഴുവന്‍ അവിടെ ആ മുറികളില്‍ പരന്നു കിടക്കുകയാണ്..

പോലീസുകാരി പറഞ്ഞു, ‘നിങ്ങളുടെ ഓഫീസ് എവിടെയാണെന്ന് പറയൂ. അവിടെ വന്ന് മൊഴിയെടുക്കാം.അല്ലാതെ ഫോണില്‍ പറഞ്ഞാല്‍ ശരിയാവില്ല.’

അവള്‍ വിലാസം കൊടുത്തു.

ഓഫീസിലെ എച്ച് ആര്‍ ഡിവിഷനില്‍ ചെന്ന് അവള്‍ക്ക് താമസിക്കാനിടമില്ലെന്നും ജീവിതം ഇത്ര ദുരിതപൂര്‍ണമായെന്നും എഴുതിക്കൊടുത്തു. ഓഫീസ് ഗസ്റ്റ് ഹൌസിലെ ഒരു ഡബിള്‍ റൂം അവള്‍ക്ക് അനുവദിച്ച് അപ്പോള്‍ തന്നെ എച്ച് ആര്‍ ഹെഡ് ഉത്തരവായി.
ചേട്ടനെയും ചേട്ടത്തിയമ്മയേയും അനിയത്തിയേയും വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. കേട്ട വാര്‍ത്തയുടെ ആഘാതത്തില്‍ ആരും കൂടുതല്‍ സംസാരിച്ചില്ല.

ഉച്ചയ്ക്ക് മകനെ സ്‌ക്കൂളില്‍ ചെന്ന് വിളിച്ചുകൊണ്ടു വന്നു. സ്‌ക്കൂള്‍ ബസ്സില്‍ വീട്ടിലേക്ക് പോകാത്തതില്‍ അവന്‍ വിരോധം ഒന്നും പറഞ്ഞില്ല. ഓഫീസിന്റെ ഗസ്റ്റ് ഹൌസില്‍ അവള്‍ അവനൊപ്പം താമസിച്ചു.

ഒരു മൂന്നര മണിയായപ്പോള്‍ അയാള്‍ക്ക് മനസ്സിലായി, മോനും അവളും കൂടി വീട് വിട്ടിരിക്കുന്നു എന്ന്.. മകന്‍ സ്‌ക്കൂള്‍ ബസ്സില്‍ മടങ്ങി വന്നില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ തുടരെത്തുടരെ അവളുടെ ഫോണില്‍ വിളിച്ചു. അവള്‍ എടുത്തതേയില്ല.

വരാമെന്ന് പറഞ്ഞെങ്കിലും വിമന്‍ ഹെല്‍പ് ലൈനില്‍ നിന്ന് ആരും അവളെ അന്വേഷിച്ചു വന്നില്ല. ഒരു ഫോണ്‍ പോലും വരികയുണ്ടായില്ല.

ഒരു സഹപ്രവര്‍ത്തകന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ പതിനായിരം രൂപ മാത്രമേ അവളുടെ പക്കല്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. മകന്‍ സ്‌കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു. അവള്‍ അവനു ഇഷ്ടമുള്ള ആഹാരം വയറു നിറയെ മേടിച്ചു കൊടുത്തു. ആഹാരം കഴിക്കുമ്പോള്‍ ‘അമ്മയുടെ കൈയില്‍ പൈസയില്ല, അല്ലേ’ എന്നവന്‍ ചോദിക്കാതിരുന്നില്ല. അവന്റെ ശബ്ദത്തില്‍ ഉല്‍ക്കണ്ഠ നിഴലിട്ടിരുന്നു. അവള്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. ‘അതൊക്കെ ശരിയാവും മോന്‍ വിഷമിക്കാതെ ഭക്ഷണം കഴിച്ചോളൂ,.’ വയറു നിറഞ്ഞപ്പോള്‍ സന്തോഷത്തോടെ മുറിയിലെ ടി വി ഓണ്‍ ചെയ്ത് അവന്‍ കട്ടിലില്‍ കിടന്നു, അങ്ങനെ ടി വി കണ്ട് കിടന്ന് അവന്‍ ഉറങ്ങിപ്പോയി. പാവം, ഇന്നലത്തെ രാത്രി അവന് എത്ര മേല്‍ ആഘാതം നല്‍കിയിരിക്കുമെന്ന് ഓര്‍ത്ത് അവള്‍ക്ക് കരച്ചില്‍ വന്നു.

നാളെ രാവിലെ എത്താമെന്ന് ചേട്ടത്തിയമ്മ അവളെ വിളിച്ചറിയിച്ചത് അപ്പോഴാണ്. ചേട്ടനും വരുന്നുണ്ടെന്ന് അവര്‍ അവളെ സമാധാനിപ്പിച്ചു. ചേട്ടനേക്കാള്‍ ചേട്ടത്തിയമ്മ വരുന്നുണ്ടെന്നതാണ് അവളെ കൂടുതല്‍ ശാന്തയാക്കിയത് .

രാത്രി എട്ടര മണിയായപ്പോള്‍ അവളുടെ ഒന്നു രണ്ട് സഹപ്രവര്‍ത്തകര്‍ വന്നു,അവര്‍ കുറച്ച് ഫയലുകളും ഡ്രോയിംഗുകളും കൊണ്ടുവന്നിരുന്നു. അടിയന്തരമായി അവള്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഓഫീസ് വിട്ടതുകൊണ്ട് അവയൊന്നും അവള്‍ നോക്കീരുന്നില്ല. കൃത്യം അപ്പോഴാണ് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അവള്‍ക്ക് ഫോണ്‍ വന്നത്. അവള്‍ ഫോണ്‍ എടുത്തു.

പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു അത്.

അയാള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അവള്‍ അയാളുടെ മകനേയും തട്ടിക്കൊണ്ട് മുങ്ങിയെന്നായിരുന്നു അയാളുടെ പരാതി.

അവള്‍ പറഞ്ഞു.’ ഞാനും എന്റെ മകനും ഇവിടെ തന്നെയുണ്ട്. എങ്ങും മുങ്ങിയിട്ടില്ല. ഞാന്‍ അയാള്‍ക്കൊപ്പം ഇനി താമസിക്കില്ല. അയാള്‍ എന്നെ അടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ഞാന്‍ പെറ്റ എന്റെ മകനെക്കൊണ്ട് എന്നെ അടിപ്പിക്കുകയും ചെയ്തു. എന്റെ എ റ്റി എം കാര്‍ഡും ചെക്കുബുക്കുമടക്കം സകല സാധനങ്ങളും ആ വീട്ടിലാണുള്ളത്.’

പോലീസുകാരന്‍ ‘ഒ കെ മാഡം’ എന്ന് ഫോണ്‍ വെച്ചു.

അവള്‍ ഫയലുകള്‍ നോക്കി, ഡ്രോയിംഗുകളില്‍ ഒപ്പ് വെച്ചു.
സഹപ്രവര്‍ത്തകര്‍ ധൈര്യമായിരിക്കാന്‍ ആശ്വസിപ്പിച്ച് നല്ല രാത്രി നേര്‍ന്ന് മടങ്ങിയപ്പോള്‍ അവള്‍ വാതില്‍ തഴുതിട്ട് മകനെ ഗാഢമായി ആലിംഗനം ചെയ്തു കിടന്നു.

അടുത്ത നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ സ്പര്‍ശിച്ചതറിഞ്ഞ് അവന്‍ മോഹനമായ ഒരു പുഞ്ചിരിയോടെ തിരിഞ്ഞ് കിടന്ന് അവളുടെ മേല്‍ കാല്‍ കയറ്റി വെച്ചു. എന്നിട്ട് സമാധാനമായി ഉറക്കം തുടര്‍ന്നു.

അവന്റെ പുറത്ത് മന്ദമായി തട്ടിക്കൊണ്ട് അവളും മെല്ലെ ഉറക്കത്തിലേക്ക് വഴുതി ..

ശാന്തവും ഗാഢവുമായ നിദ്ര. ആരുടേയും അലട്ടില്ലാത്ത ദു:സ്വപ്നങ്ങളില്ലാത്ത സുഖനിദ്ര.

രാവിലെ ഒമ്പതു മണിയ്ക്ക് വാതില്‍ക്കല്‍ അക്ഷമയോടെയുള്ള, ഉറക്കെയുള്ള മുട്ടുകള്‍ കേട്ടപ്പോഴാണ് അവള്‍ ഉണര്‍ന്നത്. സ്ഥലകാലബോധം വരാന്‍ കുറച്ചു മിനിറ്റുകള്‍ എടുത്തു. മകന്റെ മൃദുലമായ കരവലയം അവളില്‍ സുരക്ഷിതയെന്ന ഒരു പുഞ്ചിരി തെളിയിക്കാതിരുന്നില്ല.. നിദ്രയില്‍ ലയിച്ചു കിടക്കവേ, അവന്റെ തുപ്പലൂര്‍ന്ന് വീണ കമ്മീസിന്റെ കൈ നനവ് ഇടതു കൈ കൊണ്ട് തുടച്ച് , തലമുടി ഒന്നൊതുക്കി അവള്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ചേട്ടനെയും ചേട്ടത്തിയമ്മയേയും ഇന്ദുമോളേയുമായിരുന്നു.

ഇന്ദു മോള്‍ ‘അമ്മായീ’ എന്ന് വിളിച്ച് അവളെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ചേട്ടനും ചേട്ടത്തിയമ്മയും മൌനമായിരുന്നതേയുള്ളൂ.

കുറച്ച് കഴിഞ്ഞ് അവള്‍ എല്ലാം വിശദീകരിച്ചപ്പോള്‍ ചേട്ടന്‍ ചോദിച്ചു. ‘ഇനി എന്താണ് നിന്റെ ഉദ്ദേശം ? എന്തു ചെയ്യാനാണ് നീ അഗ്രഹിക്കുന്നത്? തീരുമാനങ്ങള്‍ നീ സ്വന്തമായി എടുക്കണം. ഒടുവില്‍ ഞങ്ങള്‍ പറഞ്ഞു അതുകൊണ്ട് ചെയ്തു എന്നാവരുത്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കണം.’

അവള്‍ക്ക് പൊടുന്നനെ വിശാലമായ ഒരു മരുഭൂമിയില്‍ ഒറ്റപ്പെട്ടതു പോലെ തോന്നി.

ഇത് പറയാനാണോ ചേട്ടന്‍ വിമാനം കയറി വന്നത്? ഉത്തരവാദിത്തം എന്ന ഭാരത്തിന്റെ ഘനം ചേട്ടന്റെ ചുമലിലല്ല എന്ന് പിന്നെയും പിന്നെയും പ്രഖ്യാപിയ്ക്കാന്‍..

മോന് അവര്‍ പാര്‍ത്തിരുന്ന ആ കോളനിയില്‍ തന്നെ വീടെടുത്ത് താമസിക്കണമെന്നാണ് ആഗ്രഹമെന്ന് അവന്‍ അറിയിച്ചിട്ടുണ്ട്. അവന്റെ കൂട്ടുകാരെല്ലാം അവിടെയാണ്. അവന്റെ സ്‌ക്കൂള്‍ ബസ്സ് അവിടെയാണ് വരിക. അവന്‍ അധിക ദിവസവും അമ്മയ്‌ക്കൊപ്പം പാര്‍ക്കും. വേണെമെങ്കില്‍ ഒന്നോ രണ്ടോ ദിവസം അച്ഛന്റെ കൂടെയും അവനു നില്‍ക്കാമല്ലോ.

‘അപ്പോള്‍ അവന്‍ സ്ഥിരമായി നിനക്ക് ഒപ്പമുണ്ടാവില്ലേ’ എന്ന ചേട്ടത്തിയമ്മയുടെ ചോദ്യത്തില്‍ വല്ലാത്ത ഉല്‍ക്കണ്ഠ നിഴലിട്ടിരുന്നു.

‘അവന്‍ അച്ഛനെ കാണരുതെന്ന് ഞാന്‍ പറയാമോ, ഏട്ടത്തി’ എന്നവള്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ കര്‍ശനമായി വിലക്കി. ‘ഒരിക്കലും നീ ആ തെറ്റ് ചെയ്യരുത്.’

അപ്പോഴാണ് മോന്‍ ഉണര്‍ന്നത്.

എണീറ്റപ്പോള്‍ അവന്റെ മുഖം ഇരുണ്ടു.

‘ഇന്ദു ചേച്ചിയെ കാണണ്ട’ എന്നവന്‍ അലറി. ‘അമ്മയ്ക്ക് എന്നെക്കാള്‍ ഇഷ്ടം ഇന്ദു ചേച്ചിയോടാണെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. അതല്ലേ അമ്മ അന്ന് അങ്ങനെ ചെയ്തത്?’

അവള്‍ എത്ര ശ്രമിച്ചിട്ടും അവന്‍ ശാന്തനായില്ല.

അമ്മാവനേയും അമ്മായിയേയും അവിടെ കണ്ടതും അവനു തീരെ ഇഷ്ടമായില്ല. അവര്‍ അവനു കിട്ടേണ്ട അവന്റെ അമ്മയുടെ സമ്പാദ്യം തട്ടിയെടുക്കുന്നവരാണെന്ന് അച്ഛന്‍ അവനെ അറിയിച്ചിട്ടുണ്ട്.

ഇവരൊക്കെക്കൂടി അമ്മയെ പറ്റിക്കുമോ, അച്ഛന്‍ പറയുമ്പോലെ പണമെല്ലാം അടിച്ചുമാറ്റുമോ എന്ന വല്ലാത്ത ഒരു തരം അരക്ഷിതത്വം അവനെ വലയം ചെയ്തു.

ഇന്ദുചേച്ചി വിശദീകരണത്തിനു മുതിര്‍ന്നത് അവനെ കൂടുതല്‍ അരിശം പിടിപ്പിച്ചതേയുള്ളൂ. അവള്‍ രണ്ട് വര്‍ഷം മുന്‍പൊരിക്കല്‍ അവനെയും അമ്മായിയേയും കാണാന്‍ വന്ന സമയത്ത് ഒരു രാത്രി അവന്‍ ദേഷ്യം പിടിച്ച് അവന്റെ അമ്മയെ ഒരു ജി ഐ പൈപ്പ് കഷണം കൊണ്ട് തല്ലാന്‍ ശ്രമിച്ചിരുന്നു. തണുപ്പുകാലമായതുകൊണ്ട് അവന്‍ സ്വറ്റര്‍ ധരിക്കണമെന്ന് അമ്മ നിര്‍ബന്ധിച്ചതായിരുന്നു അതിനു കാരണം. നല്ല തടിമിടുക്കും പത്ത് പന്ത്രണ്ട് വയസ്സ് മുതിര്‍ച്ചയുമുള്ള ഇന്ദുചേച്ചി അവന്റെ അടി ബലമായി തടുക്കുകയും പകരം അവനെ നല്ല ചുട്ട അടി അടിക്കുകയും ചെയ്തു. ‘പെറ്റമ്മയെ തല്ലുന്നോടാ വൃത്തികെട്ടവനെ’ എന്ന് ചോദിച്ചായിരുന്നു ചേച്ചി അടിച്ചത്. ഇന്ദു ചേച്ചി ക്യാന്‍സര്‍ പിടിച്ചോ വണ്ടിയിടിച്ചോ റേപ് ചെയ്യപ്പെട്ടോ മരിക്കുമെന്ന് അവന്‍ അന്ന് ശപിച്ചപ്പോള്‍ ‘ എന്റെ മോന്‍ അങ്ങനെ ഒരിയ്ക്കലും പറയരു’തെന്ന് അമ്മ അവനെ വിലക്കിയെങ്കിലും ‘അവനെ അടിക്കരുതെടീ നാശം പിടിച്ചവളേ’ എന്ന് ഇന്ദുചേച്ചിയെ തടഞ്ഞില്ല.

അച്ഛന്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന്‍ തിരിച്ചെത്തും മുമ്പേ അവന്‍ കുറെ കരഞ്ഞു പിഴിഞ്ഞെങ്കിലും അമ്മയോടും ചേച്ചിയോടും അപ്പോഴേക്കും ഒരുവിധംസ്‌നേഹമാവുകയും ചെയ്തുകഴിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെയാണ് അവന്‍ അമ്മയെ അടിച്ചത്… അത് അവന്റെ ഇഷ്ടത്തിനല്ല, പിന്നെ അവന്‍ പതുക്കെമാത്രമേ അടിച്ചതുമുള്ളൂ.

പക്ഷെ, പിന്നീട് കുറെ നാള്‍ കഴിഞ്ഞ് അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ആണ്‍കുട്ടിയായ അവനെ തല്ലാന്‍ ഇന്ദു എന്ന പെണ്‍കുട്ടിക്ക് ഒരു അധികാരവുമില്ലെന്ന കാര്യം അവനു മനസ്സിലായത്. ആണ്‍കുട്ടികളെ പെണ്ണുങ്ങള്‍, അമ്മൂമ്മയായാലും അമ്മയായാലും ചേച്ചിയായാലും ടീച്ചറായാലും ആരു തന്നെയായാലും എപ്പോഴും ബഹുമാനിക്കണം. അവരെ ദേഷ്യം പിടിപ്പിച്ച് അടികൊള്ളാനും അവരുപദ്രവിച്ചു എന്ന് പരാതിപ്പെടാനും നില്‍ക്കരുത്. ആണ്‍കുട്ടികള്‍ക്ക് അവര്‍ ആശിക്കുന്നതു പോലെ സേവനവും ശുശ്രൂഷയും സ്‌നേഹവും കൊടുക്കാന്‍ മാത്രമായിട്ടാണ്, ആണ്‍കുട്ടികളെ പൂര്‍ണമായും അനുസരിക്കാന്‍ മാത്രമായിട്ടാണ് ദൈവം പെണ്‍കുട്ടികളെ ഭൂമിയില്‍ ജനിപ്പിക്കുന്നത്. അച്ഛന്‍ പല പല ബുക്കുകളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും മറ്റും പെണ്ണുങ്ങള്‍ക്ക് ഈ ലോകത്ത് എന്തു സ്ഥാനമാണുള്ളത്, അവര്‍ക്ക് എത്ര ബുദ്ധിയാണുള്ളത് ,എന്തു കഴിവാണുള്ളത് എന്തൊക്കെയാണ് അവരുടെ ജോലികള്‍ എന്നൊക്കെ അവനു വിശദമായി പറഞ്ഞുകൊടുത്തിട്ടുണ്ട്.

മാമിയെപ്പറ്റിയും അവനു പരാതി ഉണ്ട്. മാമി അവന്‍ കുഞ്ഞായിരുന്നപ്പോള്‍ കുളിപ്പിച്ചിട്ടൊക്കെയുണ്ട്. പക്ഷെ, അതൊക്കെ അവനെ കരയിച്ചുകൊണ്ടായിരുന്നു, അവനോട് സ്‌നേഹമുണ്ടായിരുന്നെങ്കില്‍ കാലില്‍ കിടത്തി കുളിപ്പിക്കുമ്പോള്‍ അവനെ കരയിക്കുമായിരുന്നില്ല.

അവന്‍ മുഖം കുത്തി വീര്‍പ്പിച്ചു തന്നെ ഇരുന്നു.

ആ ബഹളത്തിനിടയില്‍ ഫോണില്‍ വന്ന മെസ്സേജ് അവള്‍ കണ്ടില്ല. ഒരു വിധത്തില്‍ അവനെ സമാധാനിപ്പിച്ച് അവന്റെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിടാമെന്ന് അമ്മവാഗ്ദാനം ചെയ്ത് , ഇന്ദു വാങ്ങിക്കൊണ്ടുവന്ന ടീഷര്‍ട്ടും ട്രൌസറും ഒത്തിരി പുന്നാരിക്കലിലും ഉമ്മകളിലും കുതിര്‍ത്ത് ധരിപ്പിച്ച് , പാസ്തയും ഓംലെറ്റും ഐസ്ഡ് എസ്‌കിമോയും കഴിപ്പിച്ച് , ഓഫീസിലെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് അവന്റെ ഒരു കളി ക്കൂട്ടുകാരന്റെ വീട്ടില്‍ കൊണ്ടുവിട്ട ശേഷമാണ് അവള്‍ ഫോണ്‍ മെസ്സെജ് നോക്കിയത്.

ഭര്‍ത്താവ് അവളുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് രണ്ടരലക്ഷത്തിലധികം രൂപ അയാളുടെ എക്കൌണ്ടിലേക്ക് മാറ്റിയിരിക്കുന്നുവെന്ന ബാങ്ക് അറിയിപ്പ് മെസ്സേജുകളായിരുന്നു അത്. അറുപതിനായിരം രൂപ ക്യാഷായി പിന്‍വലിക്കുകയും ബാക്കി രണ്ടുലക്ഷം നേരിട്ട് എക്കൌണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു അയാള്‍ ചെയ്തത്. അയാള്‍ അങ്ങനെ ചെയ്യുമോ ചെയ്യില്ലേ എന്നൊക്കെ അവള്‍ മനസ്സിലിട്ട് പാറ്റിക്കൊഴിച്ചെങ്കിലും ചെയ്യും എന്നവള്‍ ആ നിമിഷം വരെയും കരുതിയിരുന്നില്ല. സത്യംപറഞ്ഞാല്‍ അവള്‍ ഞെട്ടിപ്പോയി. ഞെട്ടലൊതുക്കി ബാങ്കില്‍ വിളിച്ച് ആ എ ടി എം കാര്‍ഡ് റദ്ദാക്കാന്‍ അവള്‍ ആവശ്യപ്പെട്ടു.

ചേട്ടത്തിയമ്മ അവളോട് ഈ മെയില്‍ ചെക് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പാസ്സ് വേര്‍ഡ് അയാള്‍ മാറ്റിയിരിക്കുന്നുവെന്ന് അവള്‍ക്ക് മനസ്സിലായത്.

സൈബര്‍ സെല്ലില്‍ പരാതി കൊടുക്കണമെന്ന് ചേട്ടത്തിയമ്മ രോഷംകൊണ്ടപ്പോള്‍ ‘നീ മിണ്ടാതിരിക്ക്, അവളുടെ യുക്തം പോലെ ചെയ്യട്ടേ’ എന്ന് ചേട്ടന്‍ അവരെ വിലക്കി.

അവള്‍ക്ക് ഒരു വീട് എടുക്കണമെന്ന് അവള്‍ ചേട്ടനോട് പറഞ്ഞു. ചേട്ടന് പൊടുന്നനെ ഒന്നും പറയാന്‍ കഴിഞ്ഞില്ല, ഒട്ടുനേരം കഴിഞ്ഞ് വാക്കുകള്‍ അളന്നു തൂക്കി ‘നിനക്ക് ധാരാളം സഹപ്രവര്‍ത്തകരില്ലേ, അവര്‍ സഹായിക്കില്ലേ, എന്തിനാണ് അതിനൊക്കെ ഞാന്‍’ എന്നായിരുന്നു ചേട്ടന്റെ ചോദ്യം.

ചേട്ടത്തിയമ്മ അപ്പോള്‍ വല്ലാതെ ഒച്ചവെച്ചു. പിന്നെ നമ്മള്‍ വന്നതെന്തിനാണെന്നായിരുന്നു അവരുടെ ചോദ്യം .

അവള്‍ ഇന്നലെത്തന്നെ സഹപ്രവര്‍ത്തകരൊടെല്ലാം ‘വീട് എനിക്കൊരു വീട് ‘എന്ന് ജപിച്ചിരുന്നു. അതുകൊണ്ട് ഉച്ചയായപ്പോഴേക്കും കുറച്ച് വീടുകള്‍ പോയിക്കാണാമെന്നായി.

അപ്പോഴാണ് മറ്റൊരു പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നത്. പോലീസുകാരന്റെ ശബ്ദത്തില്‍ തികഞ്ഞ ധാര്‍ഷ്ട്യമുണ്ടായിരുന്നു.

ഭര്‍ത്താവിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മകനെയും കൊണ്ട് അവള്‍ അങ്ങനെ ഒളിച്ചു താമസിക്കാന്‍ പാടില്ലെന്നും പോലീസുകാരന്‍ പറഞ്ഞു. മകനെയും കൂട്ടി ഉടനടി സ്റ്റേഷനില്‍ ഹാജരാകണമെന്ന് അയാള്‍ അവളോട് കല്‍പിച്ചു. അവള്‍ അവിടെ വരില്ലെന്നും വിമന്‍സ് സെല്ലില്‍ ഹാജരാകാമെന്നും അവള്‍ പതറാതെ മറുപടി നല്‍കി.

അപ്പൊഴേക്കും വിവരമറിഞ്ഞ് അവളുടെ ചേട്ടന്റെ ഒരു കൂട്ടുകാരനും എത്തിച്ചേര്‍ന്നു. അയാള്‍ക്ക് അവളുടെ ഭര്‍ത്താവിനെ നല്ല പരിചയമുണ്ടായിരുന്നു. ‘എന്തിനു ആ നട്ടിന്റെ കൂടെ ഇത്ര കാലം പാര്‍ത്തു’വെന്ന് അയാള്‍ അവളോട് ചോദിച്ചു.

ചോദ്യങ്ങള്‍ വളരെ എളുപ്പത്തില്‍ ചോദിയ്ക്കാമെന്നും ഉത്തരങ്ങള്‍ അത്ര എളുപ്പത്തില്‍ കിട്ടുകയില്ലെന്നും അവള്‍ക്ക് അറിവുള്ളതാണല്ലോ.

മകനേയും കൂട്ടി ചേട്ടനും ചേട്ടത്തിയമ്മയും ഇന്ദുമോളും ചേട്ടന്റെ സുഹൃത്തുമൊന്നിച്ച് അവള്‍ വിമന്‍സ് സെല്ലില്‍ ചെന്നു.

‘നാളെ പരാതി കേള്‍ക്കാം’ എന്നായിരുന്നു അവരുടെ മറുപടി. ‘ഭാര്യയും ഭര്‍ത്താവുമായാല്‍ ഇത്തിരി വഴക്കൊക്കെ ഉണ്ടാകും . അതൊക്കെ നിസ്സാരം ,അതിലിത്ര പരാതിക്ക് കാര്യമെന്ത് ‘ എന്നായിരുന്നു പ്രായമുള്ള ഒരു പോലീസുകാരന്‍ ചോദിച്ചത്.

ഡി സി പി യ്ക്ക് പരാതി എഴുതിയപ്പോള്‍ അവര്‍ വൈമനസ്യത്തോടെ അതു വാങ്ങി. വനിതാ സബ് ഇന്‍ സ് പെക്ടര്‍ വീട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. ഡി സി പി ഉടനെ തിരികെ വരാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു.

അതിനകം അവളുടെ ഭര്‍ത്താവിനെയും പോലീസുകാര്‍ ഫോണ്‍ ചെയ്ത് വരുത്തി.

അയാള്‍ മകനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. കണ്ണില്‍ വെള്ളം നിറച്ചുകൊണ്ട് ‘നിനക്കെന്നെ വേണ്ടേ മോനേ? നീയും എന്നെ ഉപേക്ഷിച്ചോ’ എന്ന് ചോദിച്ചു.

അച്ഛന്റെ നിറഞ്ഞൊഴുകുന്ന കണ്ണീരില്‍ അവന്‍ തകര്‍ന്നു പോയി, ‘അച്ഛാ’ എന്ന് വിളിച്ചുകൊണ്ട് അവന്‍ അയാളെ ഗാഢം പുണര്‍ന്നു. കുഞ്ഞല്ലേ അവന്‍.. അവന്റെ ഉറപ്പുകള്‍ അത്രയല്ലേ ഉള്ളൂ

അവള്‍ പരാതിയില്‍ എഴുതിയതൊക്കെ സത്യമാണെന്ന് അവളുടെ ഭര്‍ത്താവ് സമ്മതിച്ചു, മകനോട് ചോദിച്ചപ്പോള്‍ അവനും എല്ലാം സത്യമാണെന്ന് പറഞ്ഞു. ‘തനിക്കടിക്കാമായിരുന്നില്ലേ ഭാര്യയെ? ഭര്‍ത്താവിനു ഭാര്യയെ അടിച്ച് എല്ലൊടിക്കാം . അതിലൊരു തെറ്റുമില്ല. എന്നാല്‍ മകനെക്കൊണ്ട് അടിപ്പിച്ചതെന്തിനാണ് ‘ എന്നായിരുന്നു പോലീസുകാരുടെ ചോദ്യം. അയാള്‍ അടിച്ചാല്‍ അവള്‍ക്ക് കൂടുതല്‍ പരിക്കു പറ്റുമെന്നു കരുതിയാണ് മകനെക്കൊണ്ട് അടിപ്പിച്ചതെന്ന് അയാള്‍ പറഞ്ഞപ്പോള്‍ പോലീസുകാര്‍ നിശ്ശബ്ദരായി. വനിതാ പോലീസ് അവള്‍ക്ക് അറിവ് പകര്‍ന്നു, ‘എന്റെ ഭര്‍ത്താവ് എന്നെ അടിക്കാറുണ്ട്. തെറി പറയാറുണ്ട്. അയാള്‍ വെള്ളമടിച്ച് കിടന്നുറങ്ങുമ്പോള്‍ ഞാനുമയാളെ നല്ല അടി അടിക്കും. പച്ചത്തെറിയും പറയും ‘

അങ്ങനെ അടിച്ചും പകരമടിച്ചും തെറി കേട്ടും പറഞ്ഞും എന്തിനാണ് ജീവിക്കുന്നതെന്ന് അവള്‍ അവരോട് ചോദിച്ചു.

‘വേറെ എന്താ വഴി’ എന്നായിരുന്നു അവരുടെ ഉത്തരം. നമ്മുടെ കോടതികളും വക്കീലുമാരുമൊക്കെ വലിയ തട്ടിപ്പാണെന്നും വക്കീലുമാര്‍ പണം പിടുങ്ങുന്ന, മറുഭാഗം കൂടുന്ന കള്ളന്മാരാണെന്നും ജഡ്ജിമാരും കൈക്കൂലി വാങ്ങുമെന്നും വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അവളെ താക്കീതു ചെയ്തു. അതുകൊണ്ട് കേസിനൊന്നും പോകാതിരിക്കുന്നതാണ് നല്ലതെന്നും കുറച്ചുനാള്‍ പിണങ്ങി മാറിത്താമസിച്ചാല്‍ അയാള്‍ മര്യാദ പഠിക്കുമെന്നും അവര്‍ പറഞ്ഞു. അയാള്‍ക്ക് ജോലി ഇല്ലാത്തതുകൊണ്ട് ‘ ആ രണ്ടരലക്ഷം അയാളുടെ ചെലവിനെടുത്തോട്ടെ അതിപ്പോ കൊണ്ടുവാ എന്ന് വാശി പിടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ശമ്പളമുണ്ടല്ലോ’ എന്നായിരുന്നു പൊതുവേ ആണും പെണ്ണുമായ പോലീസുകാരുടെ ന്യായം.

ഭര്‍ത്താവിനെതിരേ നിയമപരമായ നടപടികള്‍ക്ക് മുതിരാന്‍ പോലീസിനു ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. അതു വേണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ചേട്ടനും അവളെ പിന്തുണച്ചില്ല. അച്ഛനെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചാല്‍ മോനു വിഷമമാവുമെന്ന് എല്ലാവരും ആളാംവീതം അവളെ പിന്തിരിപ്പിച്ചു. ചേട്ടത്തിയമ്മയോട് സംസാരിക്കരുതെന്ന് ചേട്ടന്‍ വിലക്ക് കല്‍പിച്ചിരുന്നു. എല്ലാ ഉല്‍ക്കണ്ഠയും മനസ്സിലൊതുക്കി അവര്‍ നിശ്ശബ്ദയായി നിന്നു.

ചേട്ടന്റെ കൂട്ടുകാരന് ആകെപ്പാടെ ഒന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ക്കിട്ട് നാല് അടിയെങ്കിലും കൊടുക്കാത്ത പോലീസ് എന്തിനു കൊള്ളാമെന്ന് ചോദിച്ചപ്പോള്‍ വയസ്സന്‍ പോലീസുകാരന്‍ ചിരിച്ചു. ‘ഈ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല, നമ്മള്‍ അവരുടെ ഭര്‍ത്താവിനെ അടിച്ചാല്‍ നാളെ അവര്‍ ഒന്നാവുകയും നമുക്കെതിരേ പരാതിയുമായി വരികയും ചെയ്യും.’

എന്നാല്‍ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍, വസ്ത്രങ്ങള്‍ , എ ടി എം കാര്‍ഡ്, ചെക്കു ബുക്ക് , മകന്റെ സ്‌ക്കൂള്‍ ബുക്കുകള്‍, വസ്ത്രങ്ങള്‍ ഒക്കെ എടുക്കാന്‍ പോലീസ് കൂടെ പോകണമെന്ന് എ സി പി താഴെയുള്ള പോലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. തന്നെയുമല്ല, എസി പി ചോദിച്ചപ്പോള്‍ ഈ മെയിലിന്റെ പാസ്സ് വേര്‍ഡ് അവളുടെ ഭര്‍ത്താവ് വെളിപ്പെടുത്തി. അവള്‍ ഫോണിലൂടെ തന്നെ അത് ഉടന്‍ മാറ്റി സെറ്റ് ചെയ്തു. ഗൂഗിളിന്റെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു അവളുടെ എക്കൌണ്ടില്‍ അന്നേരം.

( തുടരും )

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top