Flash News

ഭ്രാന്താലയത്തിലെ ഭ്രാന്തന്മാരുടെ ഇന്‍ക്രഡിബിള്‍ ഇന്‍ഡ്യ ? (ലേഖനം)

October 31, 2018 , ജയന്‍ വര്‍ഗീസ്

Incredible india-1കേരളത്തെ “ഭ്രാന്താലയം” എന്ന് വിളിച്ച സ്വാമി വിവേകാനന്ദനോട് എനിക്ക് നീരസമുണ്ടായിരുന്നു ഒരിക്കല്‍. കേരളത്തിന് ‘ ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന് പേര് നല്‍കിയതാരാണെങ്കിലും അയാളെ മനസ്സാ ആദരിച്ചിരുന്നൂ ഞാന്‍.

ചരിത്രത്തിന്റെ താളബോധത്തെ തകിടം മറിച്ചു കൊണ്ട് ബാലറ്റ് പെട്ടിയിലൂടെ ലോകത്തിലാദ്യമായി കമ്യൂണിസത്തെ അധികാരത്തിലേറ്റിയ കേരളത്തിലെ ജനങ്ങള്‍, മാര്‍ക്‌സിസവും, ലെനിനിസവും ഇഴ കീറി പരിശോധിച്ച് കമ്യൂണിസ്റ്റു കാരായിരുന്നത് കൊണ്ടല്ല അത് സംഭവിച്ചത് മറിച്ച്, ബ്രിട്ടീഷ് നുകത്തിന്‍ കീഴില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ നിശ്വാസം ഉതിര്‍ത്തു തീരുന്നതിന് മുന്‍പ് ഇന്ത്യന്‍ മേധാവികളുടെ കനത്ത നുകം വീണ്ടും കഴുത്തിലമാക്കുന്നതിന്റെ വേദന തിരിച്ചറിഞ്ഞത് കൊണ്ടായിരുന്നു. ഇക്കാലത്ത് കേരളത്തിലെ ജനങ്ങളുടെ സ്വപ്നങ്ങളില്‍ വിളഞ്ഞു നിന്ന സ്ഥിതി സമത്വത്തിന്റെ വയലേലകള്‍ കൊയ്‌തെടുക്കുവാന്‍ സഖാവ് ഇ. എം. എസ്. നന്പൂതിരിപ്പാടിന്റെ മന്ത്രിസഭക്ക് സാധിച്ചുവോ എന്നത് ഇന്ന് പ്രസക്തമല്ലെങ്കിലും, അത്തരത്തിലുള്ള ചില മുന്നേറ്റങ്ങള്‍ക്ക് തുടക്കക്കാരാകുവാന്‍ ആ മന്ത്രിസഭക്ക് സാധിച്ചിരുന്നു എന്ന് കാണാം.

‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകു’ മെന്നു വിഭാവനം ചെയ്തിരുന്ന യഥാര്‍ത്ഥ കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളും ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന് തൊട്ടു മുന്‍പ് തങ്ങളുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടന്ന ഇന്ത്യന്‍ ഭരണ ഘടനയുടെ ‘ ഡെമോക്ലീസിന്റെ വാള്‍ ‘ കണ്ടു പിന്തിരിയേണ്ടി വന്ന നിര്‍ഭാഗ്യകരമായ സ്ഥിതി വിശേഷമാണ് ജനങ്ങള്‍ക്കുണ്ടായത്. അതുകൊണ്ടു തന്നെ നീതിന്യായ വ്യവസ്ഥയുടെ സംരക്ഷണത്തിന്റെ പിന്‍ബലത്തോടെ ഭരണ അധികാര സംവിധാനങ്ങളില്‍ അള്ളിപ്പിടിച്ചിരുന്നു കൊണ്ട് ഇന്ത്യന്‍ ദരിദ്ര വാസിയുടെ അപ്പച്ചട്ടികളില്‍ നിന്ന് കൈയിട്ടു വാരി കൊഴുത്തു തടിച്ച ഇന്ത്യന്‍ മേധാവികള്‍ക്കെതിരെ ഭരണ ഘടനയുടെ വൃത്ത സമസ്യകളില്‍ വട്ടം ചുറ്റിയതല്ലാതെ കാതലായ യാതൊരു പുത്തന്‍ മാറ്റവും ജനങ്ങളിലെത്തിക്കാന്‍ കേരളത്തിലെയോ, പശ്ചിമ ബംഗാളിലെയോ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല എന്നുള്ളതാണ് ചരിത്ര പരമായ നഗ്‌ന സത്യം.

ഫെഡറല്‍ സംവിധാനം എന്ന് വിളിക്കപ്പെടുന്ന ‘അടിമ ഉടമ ‘ സംപ്രദായത്തില്‍ കേന്ദ്ര ഗവര്‍മെന്റിന്റെ വല്യമ്പ്രാനെക്കണ്ടാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ അടിമപ്പുലയന്മാര്‍ക്കു വഴി മാറി പോകേണ്ടി വരുന്ന പഴയ ഫ്യൂഡലിസം തന്നെയാണ് ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നത് എന്നതിന് സമീപ കാല സംഭവങ്ങള്‍ വരെ സാക്ഷികളായി നില്‍ക്കുന്നു ജനങ്ങളുടെ ഇച്ഛാ ശക്തി ആഘോഷിച്ചാധികാരത്തിലേറ്റിയ ജനകീയ ഭരണ കൂടങ്ങളെ ഭരണ ഘടനയുടെ വാളൂരി വെട്ടിയിട്ടതിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ കേരളത്തില്‍ നിന്നാണെന്നു തോന്നുന്നു. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ള ഭരണ കൂടങ്ങള്‍ കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലുമായി നിലവില്‍ വരുന്‌പോള്‍ വല്യപ്രാന്റെ വലിയ വാള് ഊക്കോടെ ഉറയില്‍ നിന്ന് പുറത്തു വരുന്നു. ജന ജീവിതത്തിന്റെ സമസ്ത മേഖലകളിലും വൈപ്ലവിക മാറ്റങ്ങള്‍ക്കു വഴി മരുന്നിട്ട ഇ. എം. എസ. ന്റെ ഇടതു പക്ഷ സര്‍ക്കാര്‍ ഗളഛേദം ചെയ്യപ്പെട്ടത് അങ്ങിനെയാണ്.

അനീതികള്‍ക്കും,അക്രമങ്ങള്‍ക്കും എതിരേ അതി ശക്തമായി പ്രതികരിച്ചിരുന്ന ഒരു പൊതു ബോധം എന്നും ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും ഉണ്ടായിരുന്നു. കാലാതി വര്‍ത്തികളായ എഴുത്തുകാരും, സാംസ്കാരിക പ്രവര്‍ത്തകരുമാണ് ഇതിനു നേതൃത്വം കൊടുത്തിരുന്നത്. ഇവരുടെ പ്രവര്‍ത്തന ഫലമായി ‘ സതി ‘ ഉള്‍പ്പടെയുള്ള എത്രയെത്ര അനാചാരങ്ങളാണ് സമൂഹത്തില്‍ നിന്ന് നാലു കാലും പറിച്ചോടിയത്. (“ഞങ്ങള്‍ക്ക് സതി അനുഷ്ടിക്കേണം” എന്ന ആവശ്യവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ അന്ന് തെരുവിലിറങ്ങിയതിന് സമാനമായി ” ഞങ്ങള്‍ക്ക് ശബരി മലയില്‍ പോകണ്ടാ ” എന്ന ആവശ്യവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ ഇന്നും തെരുവിലിറങ്ങിയിരിക്കുന്നു. )

നമ്മുടെ പൊതു മനസ്സിന് എന്താണ് സംഭവിക്കുന്നത് ? ആര്‍ക്കോ വേണ്ടി വാലാട്ടുന്ന കൊടിച്ചിപ്പട്ടികളെപ്പോലെ അത് തരം താണിരിക്കുന്നു. നമ്മുടെ മത നിരപേക്ഷതയുടെ മനോഹര മുഖം, മത രാഷ്ട്രീയ തീവ്ര വാദത്തിന്റെ കരിവിഷം ചൂടി പരമ വികൃതമായിരിക്കുന്നു ഇപ്പോള്‍. സത്യം പറയുന്നവരെ കള്ളം പറഞ്ഞു തോല്‍പ്പിക്കാനാവാതെ വരുന്‌പോള്‍ അവരെ കായികമായി ആക്രമിച്ചു കാലപുരിക്കയക്കുക എന്നതാണ് ഇന്‍ക്രിഡിബിള്‍ ഇന്ത്യയുടെ പുത്തന്‍ സന്പ്രദായം എന്ന് വരുന്നത് ‘ മഹത്തായ ഭാരതീയ സംസ്ക്കാരം ‘ എന്ന് ലോകത്താകമാനമുള്ള ജനപഥങ്ങള്‍ പടിപ്പുകഴ്ത്തുന്ന ഒരു ജീവിത രീതിയുടെ പിന്മുറക്കാരായ നമുക്ക് മാന്യമായി ലജ്ജിക്കാനുള്ള അവകാശം പോലും നഷ്ടപ്പെടുത്തുന്നതാണ് എന്ന് എനിക്ക് തോന്നുന്നു.?( ഉദാഹരണമായി, സ്വാമി സന്ദീപാനന്ദ ഗിരിയുടെ നേര്‍ക്കും, അദ്ദേഹത്തിന്‍റെ ആശ്രമത്തിന് എതിരെയും നടന്ന ആക്രമണങ്ങള്‍.)

ജമീന്ദാരി ഭൂസ്വാമികളുടെ ആസനം താങ്ങികളായി അധഃപതിച്ചു പോയ ഉത്തരേന്ത്യന്‍ മതാധിപതികള്‍ ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും പേരില്‍ ഒരു ജനതയെത്തന്നെ അടിമകളായി നില നിര്‍ത്തുന്ന ജീവിത സാഹചര്യങ്ങളെ ‘ ഇന്‍ക്രിഡിബിള്‍ ഇന്ത്യ ‘ എന്ന് വെള്ള പൂശുന്ന ഭരണ കൂടങ്ങളാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നു നമുക്കറിയാം. എന്നാല്‍ അതായിരുന്നില്ല കേരളം. ഭ്രാന്താലയം എന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍ പോലും ‘ ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന് ഉളുപ്പില്ലാതെ വിളിച്ചു പോകുമായിരുന്ന ഒരു ഒരു ജീവിത പരിസരം കേരളത്തിന് കൈവന്നിരുന്നൂ കഴിഞ്ഞ ദശകങ്ങളില്‍. മഹത്തായ ഈ സ്വച്ഛ ശീതള ജീവിത ശ്യാമളിമ, മത രാഷ്ട്രീയ പ്രളയ ജലത്തിന്റെ കുത്തൊഴുക്കില്‍ നശിച്ചു നാറാണക്കല്ല് പിടിച്ചതെങ്ങിനെ ? സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ സജീവ പഠനത്തിന് വിഷയമാവേണ്ട ഈ അവസ്ഥ നിക്ഷ്പക്ഷനായ ഒരു നിരീക്ഷകന്റെ കാഴ്ചപ്പാടിലൂടെ വിലയിരുത്തുവാനുള്ള എന്റെ എളിയ ശ്രമമാണ് ഈ ലേഖനം.

അര നൂറ്റാണ്ടിനും മുന്‍പേ ആദര്‍ശാധിഷ്ഠിതമായ ഒരു ചിന്താ ധാര രൂപപ്പെടുത്തുന്നതില്‍ ആത്മ സമര്‍പ്പണവും, ധാര്‍മ്മിക അവബോധവുമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. അക്കാദമികളുടെയും, സാംസ്കാരിക കേന്ദ്രങ്ങളുടെയും അകത്തളങ്ങളില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള അന്യന്റെ അപ്പം ആഹരിച്ചു കൊഴുത്തു തടിക്കുന്ന തലയില്‍ മൂളയില്ലാത്ത താടി ജീവികളായ ” വരട്ടു കിഴവന്മാര്‍ ” ( ബൈ പി. സി. ജോര്‍ജ്.) ആയിരുന്നില്ലാ അന്നത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍. നഗരങ്ങളിലെയും, നാട്ടുന്പുറങ്ങളിലെയും സാംസ്ക്കാരിക സംവേദനങ്ങളുടെ ഊട്ടു പുരകളായിരുന്ന ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികളുടെ വേദികകളില്‍ ആശയ വിസ്‌പോടനങ്ങളുടെ അഗ്‌നിജ്വാലകള്‍ സൃഷ്ടിച്ചു മുന്നേറിയ. അമേച്വര്‍ കലാകാരന്മാരുടെ ആത്മ സമര്‍പ്പണങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചു കൊണ്ടാണ് ഒരു ജനത ഇത് സാധിച്ചെടുത്തത്.

ഇന്ന് കലയും സാഹിത്യവുമെല്ലാം കശാപ്പുകാരായ കച്ചവടക്കാരുടെ കൈകളില്‍ പിടഞ്ഞു മരിക്കുന്ന വെറും കുറുപ്രാവുകള്‍ !സമൂഹ സന്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകള്‍ സ്വന്തം മാളത്തിലേക്ക് കടിച്ചു വലിച്ച്, അതിനു കാവലിരിക്കുന്ന പെരുച്ചാഴികള്‍ മാത്രമാണ് പുതിയ കാല അജപാലകര്‍. അവരെ പൊക്കിപ്പിടിച്ചു കള്ള് കുടിപ്പിച്ചു ലോകം ചുറ്റിക്കുന്ന പ്രവാസി മലയാളി കൂട്ടായ്മകള്‍, പരസ്യം കൊടുത്തിട്ടാണെങ്കിലും സ്വന്തം പടം പത്രത്തില്‍ വരുത്താനുള്ള തറ വേലകള്‍, ഇതൊക്കെയായി തരം താണു പോയ നമ്മുടെ ധാര്‍മ്മിക നൈതിക അപചയത്തിന്റെ അനന്തര ഫലങ്ങളാണ് ഇന്ന് കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ധാര്‍മ്മിക സദാചാര തകര്‍ച്ച.?

ലോക ജനതയുടെ ഇന്ന് വരെയുള്ള ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അധ്വാന വര്‍ഗ്ഗ സര്‍ക്കാരിനെ അധികാരത്തിലേറ്റി അവരോധിച്ച ഈ ജനതക്ക് ഇന്നെന്തു പറ്റി ?ഒറ്റപ്പെടലിന്റെ തുരുത്തുകളില്‍ നിത്യ നാശത്തിന്റെ നീണ്ട നിരകളില്‍ ആത്മഹത്യാ മുനന്പുകളില്‍ അടുത്ത ഊഴക്കാരനായി അഭയം തേടുന്ന മലയാളി സമൂഹത്തിലെ ഈ മഹാ ഭൂരിപക്ഷത്തിന് ഈ ദുരന്തം സമ്മാനിച്ചതാര് ?

ഈ അന്വേഷണം അതിന്റെ ശരിയായ നിലയില്‍ നീങ്ങുകയാണെങ്കില്‍, മഹാന്മാരെന്നും, മഹതികളെന്നും ഒക്കെ വിളിച്ചു സമൂഹം ആരാധിക്കുന്ന ചിലരെങ്കിലും അവര്‍ പോലുമറിയാതെ പ്രതിക്കൂട്ടില്‍ എത്തിച്ചേരും. അവരില്‍ പലരും മരിച്ചു മണ്ണടിഞ്ഞവരാണ് എന്നതിനാലും, നന്മയെന്നു കരുതി അവര്‍ ചെയ്ത പ്രവര്‍ത്തികള്‍ വിപരീത ഫലം ഉളവാക്കിയതു മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്നതിനാലും, അവരോടുള്ള എല്ലാ ബഹുമാനത്തോടും കൂടി മാപ്പു ചോദിച്ചു കൊണ്ടാണ് അവരുടെ പേരുകള്‍ ഈ ലേഖനത്തിലേക്ക് വലിച്ചിഴക്കേണ്ടി വരുന്നത് എന്ന് മുന്‍കൂറായി പ്രസ്താവിച്ചു കൊള്ളട്ടെ !

മലയാള മനോരമ പത്ര സാമ്രാജ്യത്തിലെ ‘ വനിത, ബാലരമ ‘ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരിയായിരുന്ന ഒരു മഹതിയാണ് അതിലൊരാള്‍. പരന്പരാഗത കുടുംബ ബന്ധങ്ങളിലും, ത്യാഗ സുരഭിലമായ ജീവിത രീതികളിലും തങ്ങളുടെ കുടുംബത്തിന്റെ താങ്ങും, തണലുമായിരുന്ന നാടന്‍ വനിതകളെയും, വീട്ടമ്മമാരെയും അവര്‍ പഠിപ്പിച്ച പരിഷ്ക്കാര രീതികള്‍ ഫലത്തില്‍ പ്രതികൂലമായി ഭവിക്കുകയാണുണ്ടായത്. അപ്പനും,അമ്മയും, ഭര്‍ത്താവും, കുട്ടികളുമടങ്ങുന്ന കുടുംബ നൗകയുടെ അമരം തുഴഞ്ഞു കരയടുപ്പിക്കുന്നതില്‍ ഭര്‍ത്താവിനൊപ്പമോ, അതിലുപരിയോ പങ്കു വഹിച്ചിരുന്ന ഈ ഗ്രാമീണ വനിതകളെ അവര്‍ വിളിച്ചുണര്‍ത്തി.

പത്രത്താളുകളില്‍ അച്ചടിച്ച് വന്ന പാചകക്കുറിപ്പുകളിലും, പച്ചപ്പരിഷ്ക്കാരികളുടെ കേശാലങ്കാര രീതികളിലും അവര്‍ ആകൃഷ്ടരായി. ചക്കക്കുരുവും, മാങ്ങയും, തേങ്ങയും, മുരിങ്ങക്കായും ചേര്‍ത്തു രുചികരമായ നാടന്‍ കറികള്‍ ഉണ്ടാക്കിയിരുന്ന അവര്‍ പൊതിനായിലയും, വാനിലാ എസ്സെന്‍സും തിരക്കി മാര്‍ക്കറ്റുകളിലലഞ്ഞു. മിക്‌സിയും, പ്രഷര്‍ കുക്കറും, ഫ്രിഡ്ജും, പിന്നെ വാഷിങ്ങ് മെഷീനും അവര്‍ക്കു ഒഴിവാക്കാന്‍ ആവാതെയായി. മുഖം പേഷ്യല്‍ ചെയ്യുന്നതിനും, നഖം പോളീഷ് ചെയ്യുന്നതിനും, മുടി അലങ്കാര രീതിയില്‍ മുത്തുകള്‍ പതിപ്പിച്ചു കെട്ടി വയ്ക്കുന്നതിനും, ചുണ്ടില്‍ ചായം പൂശുന്നതിനും, ബ്ലൗസിന്റെ സ്ലീവറുക്കുന്നതിനും, മുലകളെ പൊക്കി നിര്‍ത്തുന്നതിനുള്ള ബ്രാ ധരിക്കുന്നതിനും ഒക്കെ ആ മഹതി തന്റെ പത്രത്തിലൂടെ ഉപദേശിച്ചപ്പോള്‍ നാട്ടുംപുറത്തെ പാവം പെണ്ണുങ്ങള്‍ അതില്‍ വീണു പോയി.

കാര്‍ഷിക ദരിദ്ര മേഖലയിലോ, ചെറുകിട തോഴി ശാലകളിലോ അന്നന്നപ്പം തേടിയിരുന്ന അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരുടെ ദുര്‍മുഖം ഒഴിവാക്കുന്നതിനായി വന്‍ തുകകള്‍ കടമെടുക്കേണ്ടി വന്നു. കുട്ടികള്‍ക്ക് ടിന്നിലടച്ചു വരുന്ന പോഷകാഹാരം കൊടുക്കുന്നതിനും, അവരെ ഇഗ്‌ളീഷ് സ്‌റ്റൈലില്‍ വളര്‍ത്തിയെടുക്കുന്നതിനും, മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി പാല്‍പ്പാടയില്‍ മഞ്ഞളരച്ചു പുരട്ടുന്നതിനും, തൊലി ചുളിയാതിരിക്കയുന്നതിനുള്ള ഒറ്റമൂലികള്‍ക്കും, വയറു ചാടാതിരിക്കുന്നതിനുള്ള വ്യായാമങ്ങള്‍ക്കുമായി ഈ സ്ത്രീകളുടെ മുഴുവന്‍ സമയവും ചെലവഴിക്കപ്പെട്ടു എന്നതിന് പുറമെ സ്ലിം ബൂട്ടിയായി വന്പന്‍ സ്രാവുകളുടെ വിഹാര രംഗങ്ങളിലും, അത്തരക്കാരുടെ മേച്ചില്‍പ്പുറങ്ങളായ സിനിമാ സീരിയല്‍ ഫീല്‍ഡുകളിലും ഈ സ്ത്രീകള്‍ എത്തിപ്പെട്ടു.

കൂടുതല്‍ പറയുന്നില്ലാ, ഭര്‍ത്താവിനെ ലൈംഗികമായി സുഖിപ്പിക്കുന്നതിനും, യുവതികള്‍ക്ക് വികാര ശമനം വരുത്തുന്നതിനുള്ള കുറുക്കു വഴികള്‍ സ്വീകരിക്കുന്നതിനും വരെയുള്ള നിര്‍ദ്ദേശങ്ങള്‍ തന്റെ പ്രസിദ്ധീകരണമായ ‘ വനിത ‘ യിലൂടെ അവര്‍ പുറത്തു വിട്ടപ്പോള്‍, എന്നും ഭഗ്‌ന മോഹങ്ങളുടെ കാവല്‍ക്കാരാവാന്‍ വിധിക്കപ്പെട്ട കേരളത്തിലെ സ്ത്രീകള്‍ മുന്‍പിന്‍ നോക്കാതെ ചാടിപ്പുറപ്പെട്ടതിന്റെ ദീര്‍ഘ കാല ഫലങ്ങളില്‍ നിന്നുളവായതാണ് ഇന്നത്തെ കേരളത്തിലെ ധാര്‍മ്മിക സാമൂഹിക സാന്പത്തിക തകര്‍ച്ചകളുടെ പല കാരണങ്ങളില്‍ ഒന്ന്.!

ഈ തകര്‍ച്ച അവര്‍ പോലും വിഭാവനം ചെയ്തതായിരുന്നില്ല എന്നതാണ് നഗ്‌നമായ സത്യം. സ്ത്രീകളുടെ സാമൂഹികവും, സാംസ്കാരികവുമായ ഒരു മുന്നേറ്റമായിരുന്നിരിക്കാം അവര്‍ മനസ്സില്‍ കണ്ടത്. പക്ഷെ, ഞെക്കിപ്പഴുപ്പിച്ച പഴം പോലെ ഇത് ഉപയോഗ ശൂന്യമാവുകയാണ് ഉണ്ടായത്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം കേരളത്തിലെ സാമൂഹ്യ സാന്പത്തിക സാഹചര്യങ്ങള്‍ അന്ന് പരുവപ്പെട്ടിരുന്നില്ല എന്നതായിരുന്നു അതിന്റെ കാരണം.

രണ്ടാമത്തെയാള്‍ ഇതിലും പ്രശസ്തന്‍. കലയ്ക്കും, സാഹിത്യത്തിനും, സിനിമയ്ക്കുമൊക്കെ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചയാള്‍ എന്ന് പൊതു സമൂഹം അംഗീകരിക്കുന്ന ബഹുമാനപ്പെട്ട നമ്മുടെ കലാഭവന്‍ ഹാബേല്‍ അച്ഛന്‍.

കലാ സാഹിത്യ സംരംഭങ്ങളില്‍ തനതായ ഒരു കാഴ്ചപ്പാടും, നിലവാരവും പുലര്‍ത്തിയ നാടാണ് കേരളം. കലയിലും, സാഹിത്യത്തിലും, സിനിമയിലും കലാഭവന് മുന്‍പുള്ള കാലഘട്ടം വേറിട്ട് നില്‍ക്കുന്നതായി കാണാം. തനതായ വ്യക്തിത്വവും നിലവാരവുമുള്ള രചനകള്‍ അക്കാലത്ത് ഓരോ ശാഖയിലും ഉണ്ടായിട്ടുള്ളത് നമുക്കറിയാം. കെ. പി. എ. സി. പോലുള്ള കലാ പ്രസ്ഥാനങ്ങളും, ബഹുമാന്യനായ ശ്രീ സാംബശിവനെപ്പോലുള്ള കലാകാരന്മാരും നിറഞ്ഞു നിന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. ജീവിത അവബോധത്തിനും, ധാര്‍മ്മിക മുന്നേറ്റത്തിനും ഉതകുന്ന ഗഹനങ്ങളും, ഗൗരവതരങ്ങളും, നിലവാരമുള്ളതുമായ കലാ സപര്യകളാണ് അവര്‍ കാഴ്ച വച്ചത്. സാമൂഹിക പരിഷ്ക്കാരങ്ങള്‍ക്കും, വ്യക്തിത്വ വികസനത്തിനും കെ. പി. എ. സി. യുടേത് പോലുള്ള കലാ സാഹിത്യ സംഭാവനകള്‍ ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്.

ഇത്തരം ഒരു സുവര്‍ണ്ണ കാല ഘട്ടത്തിലേക്കാണ് കലാഭവന്റെ കാലു വരവ്. കല ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാവണം, മിമിക്രിയുടെ അവതാരം ഉണ്ടായത്. മിമിക്രിക്കാരുടെ കോമാളിത്തരങ്ങളില്‍ കേരളവും, കേരളീയനും ചിരിച്ചു. തന്റെ സംഘവുമായി അച്ഛന്‍ ലോകം ചുറ്റി ചിരിപ്പിച്ചു.

മഹത്തായ കലാരൂപങ്ങളുടെ മൗന സന്ദേശം സംവേദനത്തിലൂടെ സ്വീകരിച്ചു സ്വയം മനനം ചെയ്തിട്ടാണ് ഒരാളുടെ വ്യക്തിത്വം വികസിക്കേണ്ടത്. കലാഭവന്‍ പരിപാടികളില്‍ സംവേദിക്കാനൊന്നുമില്ല. സ്‌റ്റേജില്‍ ഇളിക്കുന്നവര്‍ക്കൊപ്പം വെറുതേ ഇളിക്കാം. ജീവിതത്തിന്റെ സ്ഥായീ ഭാവമായ സീരിയസ്‌നെസ്സ് വ്യക്തികളില്‍ നിന്ന് പതുക്കെ ഉറയൂരുന്നു. ഇളിപ്പു കാരുടെ ഒരു പുതിയ ലോകം ഉടലെടുക്കുന്നു. അപ്പനും, മകനും തമ്മില്‍ ഇളിപ്പ്, അമ്മയും, മകളും തമ്മില്‍ ഇളിപ്പ്. ആകെ ഇളിപ്പു മയം ?

ഈ ഇളിപ്പു കാരില്‍ ഒരു വലിയ വിഭാഗം സിനിമയിലും കയറിപ്പറ്റി എന്ന് മാത്രമല്ലാ, സിനിമ അവരുടെ കൈപ്പിടിയില്‍ ഒതുങ്ങുകയും ചെയ്തു എന്നതാണ് നമ്മുടെ സമകാലീന ദുരന്തം. കലാ മൂല്യമുള്ള സിനിമകള്‍ ഇന്ന് കണികാണാനേയില്ലന്നതോ പോകട്ടെ, അവാര്‍ഡു സിനിമകള്‍ പോലും എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആര്‍ക്കും മനസിലാവുന്നുമില്ല.?

മനോരമ മഹതിയുടെ കുതിപ്പും, കലാഭവന്‍ അച്ഛന്റെ ഇളിപ്പും കൂടിച്ചേര്‍ന്ന് കേരളത്തില്‍ അഴിച്ചു വിട്ട അശ്വത്തിന്റെ ഓമനപ്പേരാണ് അടിപൊളി. ഈ യാഗാശ്വത്തിന്റെ കാലടികളില്‍ കേരളീയ സമൂഹം ചതഞ്ഞരഞ്ഞതിന്റെ അനന്തര ഫലങ്ങളിലാണ്, ദൈവത്തിന്റെ സ്വന്തം നാട് എന്ന വലിയ അഭിമാനത്തിനടിയില്‍ സ്വാമി വിവേകാനന്ദന്‍ പണ്ട് പറഞ്ഞ ഭ്രാന്താലയം ഇന്ന് രൂപം കൊണ്ടിട്ടുള്ളത് ! കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ നിന്ന് ഒന്നും സംവേദിക്കാനില്ലാതെ വരുന്നത് കൊണ്ടാണ് മനുഷ്യന്‍ മതങ്ങളുടെ മോന്തായങ്ങളില്‍ അള്ളിപ്പിടിച്ചു കയറി തല കീഴായി തൂങ്ങിക്കിടക്കുന്നതും, തങ്ങളെ അംഗീകരിക്കാത്തവരെ കഠിനമായി കടിച്ചും, മാന്തിയും മുറിവേല്‍പ്പിക്കുന്നതും.?

ലോകത്ത് കള്ളു കച്ചവടം നാത്തുന്ന ഏക സര്‍ക്കാര്‍ കേരളത്തിലേതാണെന്നു തോന്നുന്നു. ആളോഹരി കള്ളുകുടിയില്‍ ലോക റിക്കാര്‍ഡ് സ്ഥാപിച്ച വീരന്മാരാണ് കേരളീയര്‍. കാര്‍ഷിക ആത്മ ഹത്യകള്‍ക്ക് പേര് കേട്ട കേരളത്തില്‍ അന്‍പതിനായിരം രൂപയാണ് സര്‍ക്കാരിന്റെ വലിയ ധന സഹായം. അന്പലപ്പറന്പുകള്‍ ആയുധ കേന്ദ്രങ്ങളാക്കുന്ന ആചാര പാലകര്‍, കുറുവടിയേന്തി കുര്‍ബ്ബാന കാണുന്ന കുഞ്ഞാടുകള്‍, കാളക്കച്ചവടത്തെക്കാള്‍ തരം താഴുന്ന വിദ്യാഭ്യാസ കച്ചവടം, തങ്ങളുടെ പെണ്ണാടുകളെ കറന്നു കുടിക്കുന്ന പരിശുദ്ധ പിതാക്കന്മാര്‍, അത് അവകാശമാക്കി കിട്ടാനായി കോടതി കയറുന്ന വലിയ ഇടയന്മാര്‍, ഏറ്റവുമൊടുവില്‍ റിയല്‍ എസ്‌റ്റേറ്റും, ബ്ലേഡ് കന്പനികളും വരെ നടത്തി നാല് കാശുണ്ടാക്കുന്ന ക്രിസ്തീയ തിരു സഭകള്‍.?

അടിസ്ഥാന പരമായ പുരോഗതിക്കു തടസ്സം സൃഷ്ടിക്കുവാന്‍ പരസ്പരം മത്സരിക്കുകയാണ് രാഷ്ട്രീയക്കാരും, മതക്കാരുമായ നമ്മുടെ യജമാനന്മാര്‍. അറിവും ജ്ഞാനവും നേടാനായാല്‍ താന്താങ്ങളുടെ അണികള്‍ ചോര്‍ന്നു പോയേക്കുമോ എന്ന് ഓരോരുത്തരും ഭയപ്പെടുന്നു. അതിനാല്‍ത്തന്നെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തില്‍ നിന്ന് അവനെ അവര്‍ വലിച്ചകറ്റുന്നു. എന്നും തങ്ങളുടെ മുന്നില്‍ കൈനീട്ടി യാചിച്ചു നില്‍ക്കുന്ന അടിമയെ ആണ് അവര്‍ക്കു വേണ്ടത്. ദൈവത്തിന്റെ പേര് പറഞ്ഞു കൊണ്ട് ഇക്കൂട്ടര്‍ വില്‍ക്കുന്ന സ്വര്‍ഗ്ഗത്തിന്റെ താക്കോലുകള്‍ വെറും വ്യാജമാണെന്നറിയാതെ അവര്‍ നടത്തുന്ന കസര്‍ത്ത് കളികളില്‍ അകപ്പെട്ട് തങ്ങളുടെ ജീവനും സ്വത്തും ആര്‍ക്കോ വേണ്ടി വെറുതേ നശിപ്പിച്ചു കളയുകയാണ് സന്പൂര്‍ണ്ണ സാക്ഷരരായ മലയാളീ ബുദ്ധിജീവികള്‍ ?

കേരളത്തിന്റെ സമഗ്ര പുരോഗതിക്കും,സന്പൂര്‍ണ്ണ വികസനത്തിനും കാരണമായിത്തീരുന്ന ഒരു നിര്‍ദ്ദേശമായിരുന്നു കന്യാകുമാരി കാസര്‍ഗോഡ് സൂപ്പര്‍ ഹൈവേ. ഒരുത്തനും സമ്മതിക്കുകയില്ല. കേരളം പിളരും, മരങ്ങള്‍ മുറിയും, എന്നൊക്കെയാണ് തടസ്സ വാദങ്ങള്‍. അതിനെപ്പറ്റിയൊന്നും ശബ്ദിക്കാന്‍ ആര്‍ക്കും നേരമില്ല. അന്പല മുറ്റങ്ങളില്‍ ചോര വീഴ്ത്തുവാനും, കല്‍ വിഗ്രഹത്തിന് കടുക്കാവെള്ളം കാച്ചുവാനും ജാതി മത രാഷ്ട്രീയ ഭേദമന്യേ മലയാളി ഓടുകയാണ്.

ഒരു നാടിന്റെ ധാര്‍മ്മിക സാംസ്കാരിക സാഹചര്യങ്ങളെ വിലയിരുത്തുവാന്‍ അവിടുത്തെ മാധ്യമങ്ങള്‍ പഠിച്ചാല്‍ മതി എന്ന് പറയാറുണ്ട്. ചാനലുകള്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ മാധ്യമങ്ങളെ ഒരു ദിവസം പഠിച്ചാല്‍ ആര്‍ക്കും ഭ്രാന്ത് പിടിക്കുകതന്നെ ചെയ്യും. സ്വാമി വിവേകാനന്ദന് വരെ ?

കൂടുതല്‍ പറയുന്നില്ല. കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ച സ്വാമി വിവേകാനന്ദനോട് വിരോധം തോന്നിയതില്‍ ഇന്ന് ദുഖിക്കുന്നു. മാപ്പ്. അറബിക്കടലിന്റെ തീരത്തെ ആ കൊച്ചു ദേശത്തിനു പറ്റിയ പേര് അങ്ങ് മാത്രമേ കണ്ടു പിടിച്ചുള്ളു. മതത്തിലും, രാഷ്ട്രീയത്തിലും, കലയിലും, സാഹിത്യത്തിലും, സിനിമയിലും, സീരിയലിലും എല്ലാം ഭ്രാന്തന്മാര്‍ അലറി വിളിക്കുന്ന നാട്. ശരിക്കും ഭ്രാന്താലയം !!

ദൈവത്തിന്റെ സ്വന്തം നാട് ഒരു സ്വപ്നം മാത്രമാണ്. അകലെ അണയാതെ നില്‍ക്കുന്ന ഒരു ചെറു തിരിനാളം. ഈ ജനതയെ അങ്ങോട്ട് നയിക്കാന്‍ ഒരു ദൈവം തന്നെ വരേണ്ടതുണ്ട് ; ഒരു രക്ഷകന്‍ പിറവിയെടുക്കേണ്ടതുണ്ട് ?

യുഗ സന്ധികളുടെ പരിണാമ ദശകളില്‍ എന്നെങ്കിലും ആ രക്ഷകന്‍ വരാതിരിക്കുമോ ? മരണത്തിന്റെ മായാ സീമകള്‍ക്കപ്പുറത്തും നമുക്ക് കാത്തു കിടക്കാം. ആ പാദ പതന നാദം കാതോര്‍ത്ത് കൊണ്ട് ???


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top