Flash News

റഫാല്‍ വിവരങ്ങള്‍ കോടതിക്കും നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം

November 1, 2018 , .

rafaleന്യൂഡല്‍ഹി: വിവാദമായ റഫാല്‍ വിമാനത്തിന്റെ വിവരങ്ങള്‍ കോടതിക്ക് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന 36 റഫാല്‍ പോര്‍വിമാനങ്ങളുടെ വിലയോ ചെലവോ മുദ്രവെച്ച കവറില്‍പ്പോലും സുപ്രീം കോടതിക്കു നല്‍കാന്‍ കഴിയില്ല. പാര്‍ലമെന്റിനോടുപോലും വെളിപ്പെടുത്താത്ത കാര്യമാണിതെന്നു പറഞ്ഞാണ് ബുധനാഴ്ച കേന്ദ്രം വിസമ്മതമറിയിച്ചത്.

എന്നാല്‍, വിലവിവരം പരസ്യമാക്കുന്നതില്‍ സര്‍ക്കാരിനുള്ള എതിര്‍പ്പിന്റെ കാരണം വിശദമാക്കി 10 ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ മൂന്നംഗ ബെഞ്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് നിര്‍ദേശിച്ചു. ‘എന്തുകൊണ്ടാണ് വിവരം പങ്കുവെക്കാതിരിക്കുന്നതെന്നറിയിച്ച് ദയവായി സത്യവാങ്മൂലം നല്‍കുക. എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കുക. ഞങ്ങള്‍ അതു കേള്‍ക്കാം.’ ചീഫ് ജസ്റ്റിസ് ഗൊഗോയ്, വേണുഗോപാലിനോടു പറഞ്ഞു.

റഫാല്‍ വിമാനങ്ങളുടെ വിലയും ചെലവും മേന്മകളെന്തെങ്കിലുമുണ്ടെങ്കില്‍ അതും വിശദമായി അറിയാന്‍ താത്പര്യമുണ്ടെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

രാജ്യസഭാംഗം സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എം.എല്‍. ശര്‍മ എന്നിവരുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

റഫാല്‍ വിമാനം വാങ്ങിയതിന്റെ ഔചിത്യത്തെയോ വ്യോമസേനയ്ക്ക് അതുകൊണ്ടുണ്ടാകുന്ന പ്രയോജനത്തെയോ പരാതിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘തീരുമാനമെടുക്കല്‍ പ്രക്രിയയെയും വിമാനത്തിന്റെ വിലയെയുമാണ്’ ചോദ്യം ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനില്‍നിന്നാണ് ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. യുദ്ധ വിമാനങ്ങളുണ്ടാക്കുന്നതില്‍ ഒരുതരത്തിലുള്ള മുന്‍പരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത റിലയന്‍സ് ഡിഫന്‍സ് പോലൊരു കമ്പനി 59,000 കോടി രൂപയുടെ അതിപ്രാധാന്യമുള്ള ഈ പ്രതിരോധ ഇടപാടിന്റെ ഭാഗമായതിനെയാണ് പരാതിക്കാര്‍ ചോദ്യം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിനെ എന്തുകൊണ്ട് കരാറില്‍നിന്നു നീക്കി എന്ന കാര്യത്തില്‍ വിശദീകരണവും തേടിയിട്ടുണ്ട്.

റഫാല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് നിയമപ്രകാരം പരസ്യപ്പെടുത്താന്‍ കഴിയുന്ന ലഭ്യമായ വിവരങ്ങളെല്ലാം ഹാജരാക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കുന്ന രേഖയിലുള്ള തന്ത്രപ്രധാനവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പരാതിക്കാര്‍ക്കോ മറ്റുകക്ഷികള്‍ക്കോ നല്‍കുകയില്ലെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ കൈമാറുന്ന വിവരങ്ങളില്‍ പലതും ഔദ്യോഗികരഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നതും വെളിപ്പെടുത്താന്‍ പാടില്ലാത്തതുമാണെന്ന് വേണുഗോപാല്‍ അറിയിച്ചു. ‘ഞങ്ങളുടെ ഉത്തരവ് വായിക്കൂ. നിയമാനുസൃതം പരസ്യപ്പെടുത്താവുന്ന വിവരങ്ങളെന്നാണ് ഞങ്ങള്‍ പറഞ്ഞത്’ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

റഫാല്‍ ഇടപാടില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മുന്‍മന്ത്രിമാര്‍ക്കൊപ്പം സുപ്രീം കോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷണ്‍, ഇക്കാര്യമാവശ്യപ്പെട്ട് മുമ്പ് സി.ബി.ഐ.ക്കു പരാതി നല്‍കിയിരുന്നതായി പറഞ്ഞു. എന്നാല്‍, പരാതിയെക്കുറിച്ച് സി.ബി.ഐ. മറുപടി നല്കിയില്ലെന്നും അദ്ദേഹം അറിയിച്ചു. ‘ഈ വിഷയത്തില്‍ നിങ്ങള്‍ കാത്തിരിക്കണം, ഭൂഷണ്‍. സ്വന്തം പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കാണാന്‍ സി.ബി.ഐ.യെ അനുവദിക്കൂ’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്കിടയിലെ അധികാരത്തര്‍ക്കവും സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.കെ. അസ്താനയും പുറത്താക്കപ്പെട്ട കാര്യവും പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഈ സംഭവങ്ങള്‍ സി.ബി.ഐ.യുടെ വിശ്വാസ്യതയെ ചോദ്യംചെയ്തിരിക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top