Flash News

പാല പൂക്കുമ്പോള്‍ (യക്ഷിക്കഥകള്‍)

November 1, 2018 , ജോണ്‍ ഇളമത

Pala pookumbol banner-1ഹാലോവീന്‍ യക്ഷിക്കഥകളുടെ കാലമാണ്. കുട്ടിക്കാലങ്ങളില്‍ കേട്ട യക്ഷിക്കഥകള്‍ ഭീതിയുടേയും, ജിജ്ഞാസകളുടെയും അനുഭവങ്ങളായിരുന്നു. പമ്പയാറും, പനയാന്നാറുകാവും, പരുമലയും, മാന്നാറും, നിരണവുല്ലൊം യക്ഷിക്കഥകള്‍ നിറഞ്ഞു നിന്നൊരു കാലഘട്ടത്തിലാണ് എന്‍െറ ബാല്യവും, കൗമരവും, യൗവനത്തിന്‍െറ ആദ്യ ഘട്ടങ്ങളുമൊക്കെ കഴിഞ്ഞുപോയത്. പനയന്നാറുകാവിലെ യക്ഷികള്‍ കറുത്ത രാത്രികളുടെ മദ്ധ്യാനത്തില്‍ ആകാശത്തിലൂടെ പറക്കുമെന്നും പാലമരങ്ങളില്‍, പാല പൂക്കുബോള്‍ ചേക്കേറുമെന്നും ഗ്രാമത്തിലും, കൗമാരക്കാരും, യുവത്വത്തിലേക്കു കാലുകുത്തുന്നവരും വിശ്വസിച്ചിരുന്ന ഒരുകാലത്ത് ഞാനും ഒരെക്ഷിയെ കണ്ട് ഭയന്നുവിറച്ചു.

ഒരു പാതിരാത്രിയില്‍ വീട്ടുകാരറിയാത സ്കൂള്‍ ഫൈനല്‍ പഠനകാലത്ത് സെക്കന്‍റ് ഷോ കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ പാതിര അടുത്തിരുന്നു. കൂര്യത്ത് കടത്തിറങ്ങി കാല്‍ വലിച്ചുനീട്ടി നടന്നു. പെട്ടന്ന് വീടെത്തണം. ആരുമറിയാതെ ചാരിയ അടുക്കള വാതിലിലൂടെ കിടക്കമുറിയില്‍ എത്തണം. സാരമില്ല, ശനിയാഴ്ചത്തെ അവധി ദിവസം. കുറേ നേരം ഉറങ്ങി ഉറക്കക്ഷീണം തീര്‍ക്കാം. കൗമാരം കഴിഞ്ഞ് യൗവനം പൊട്ടിമുളക്കുന്ന സ്വപ്നസുന്ദര കാലം. മനോരാജ്യങ്ങളുടെ മണിയറയില്‍, നൂര്‍ജഹാനും, മിസ് കുമാരിയുമക്കെ സഞ്ചരിക്കുന്ന കാലം. അന്ന് കണ്ട സിനിമ തമിഴാണ്. എംജിആര്‍ വിലസിനിന്ന കാലം. എന്തോ ഒരു തിരുടന്‍! എംജിആറിനെ കൂടാതെ എമ്മന്‍ നമ്പ്യാര്‍, വൈജയന്തിമാലയൊക്കെ നടിച്ച ചിത്രം! ബഞ്ചിലിരുന്ന എന്‍െറ മുമ്പിലെ ഒരു തറ ടിക്കറ്റുകാരന്‍ ചേട്ടന്‍, മടിയില്‍ പാക്കുവെട്ടാന്‍ വെച്ചിരുന്ന ഓലപിച്ചാത്തി, എംജിആര്‍ അണ്ണനെ നേരെ എറിഞ്ഞ് ആക്രോശിച്ചു!

അണ്ണാ, കവലപ്പെടാതെ എന്‍ കത്തിയെടുത്ത് ആ നമ്പ്യാര് തണ്ടിയെ കാച്ച്! പാതി ഉറക്കത്തിലിരുന്ന ഞാന്‍ ഞെട്ടി ഉണര്‍ന്നു, കാര്യം ശരിയാണ്, എംജിയാറണ്ണന്‍ ഗുരുതരാവസ്ഥയിലാണ്. നമ്പ്യാരിന്‍െറ മരണപൂട്ടില്‍ എംജിയാര്‍ ശ്വാസം മുട്ടിപിടയുന്നു. വൈജയന്തിമാല എന്ന എംജിയാറിന്‍െറ കാമുകി സമീപത്തു നിന്ന് നെഞ്ചത്തലക്കുന്നു. അപ്പോള്‍ തറയിലിരുന്ന് ഓലപിച്ചാത്തി എറഞ്ഞു കൊടുത്ത ചേട്ടന്‍െറ ശബ്ദം വീണ്ടും ഉച്ചത്തില്‍ – എടീ, വൈജയന്തിമാല പെണ്ണേ, നിന്നു മോങ്ങാതെ കത്തിഎടുത്ത് അണ്ണന്‍െറ കൈയ്യിലോട്ടു കൊടുക്കെടീ!

ഞാന്‍ പൊട്ടിച്ചിരിച്ചുപോയി, ഓലപിച്ചാത്തിക്കാരന്‍ ചേട്ടന്‍െറ ഒരു ബുദ്ധി! തിരികെ നടന്നപ്പോള്‍ വഴിയില്‍ ആ ചിരി പൊട്ടിച്ചിരിയായി ആറ്റുതീരത്തെ പരുത്തിക്കാട്ടിലെ നിശബ്ദതയില്‍ ഒഴുകി അലിഞ്ഞു. പെട്ടന്നൊരു മാദകഗന്ധം, കൊതിപ്പിക്കുന്ന ഗന്ധം! പരുത്തിക്കാടിനപ്പുറത്ത് റോഡരുകിലെ പാലമരത്തില്‍ നിന്നും എന്നത് തിരിച്ചറിയാന്‍ അല്പനേരമെടുത്തു. പാലമരം പൂത്തു മദനഗന്ധം നിറയുബോള്‍ യക്ഷികള്‍ കാമാര്‍ത്തരായി പാലമുകളില്‍ നിന്നിറങ്ങി മനുഷ്യരെ വശീകരിച്ച് രക്തം ഊറ്റിക്കുടിക്കുമെന്ന് കൂട്ടുകാരൊക്കെ പറഞ്ഞിരുന്ന കാലം! പേടിതോന്നി, ഹെയ് അങ്ങനെയൊന്നില്ല.

ഏതെക്ഷി! വെറും കെട്ടുകഥ, നുണകഥ, കേള്‍ക്കാന്‍ സുഖമുള്ള കഥ! എന്നിങ്ങനെ മനസിനെ ധൈര്യപ്പെടുത്തി. എങ്കിലും ഇടക്കിടെ ചാപല്ല്യം, ചാഞ്ചാട്ടം! ഇന്ന് വെള്ളിയാഴ്ച പാതിരാവ്, കറുത്ത പക്ഷത്തിന്‍െറ അന്ത്യനാളുകള്‍, ഇരുളില്‍ പിടയുന്ന ചന്ദ്രപ്രഭയുടെ ഇടക്കിടെ അരിച്ചെത്തുന്ന നിഴല്‍ പോലയുള്ള പ്രകാശം!

ആ പ്രകാശത്തില്‍ അതാ പാലയുടെ അടിയില്‍, ഇടക്കിടെ അരിച്ചുവീഴുന്ന പ്രകാശത്തില്‍ കണ്ടു. പാദംവരെ നീണ്ടു കിടക്കുന്ന അഴിച്ചിട്ട മുടി, രക്തനിറമുറമുള്ള കണ്ണുകള്‍, തൂവെള്ള വസ്ത്രം, താഴേക്കുകൂടി പെട്ടെന്ന് നോക്കി, കാല്‍ നിലത്തു മുട്ടിയിട്ടില്ല എന്നുതോന്നി, പാറിപ്പറക്കുന്ന മുടിയിഴകള്‍, ഇത് പനയന്നാറുകാവില്‍ നിന്ന് പറന്നുവന്ന യക്ഷിതന്നെ!

അയ്യോ, ഞാനൊരലര്‍ച്ച!

പെട്ടന്നൊരു സ്ത്രീ ശബ്ദം! കുഞ്ഞേ, ഇത് ഞാനാ, പേടിപ്പിച്ച് ആളെക്കൂട്ടാതെ. ഞാന്‍ എന്‍െറ കൈയ്യിലെ ചെറുടോര്‍ച്ച് അവളുടെ മുഖത്തേക്കടിച്ചു നോക്കി. ദേവയാനി! ഞങ്ങളുടെ ഗ്രാമത്തിലെ കാമാര്‍ത്തന്മാരുടെ ഉറക്കം കെടുത്തുന്ന ദേവയാനി!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top