Flash News

ഡോവല്‍, ഇത് ദേശസുരക്ഷയോ മോദി സുരക്ഷയോ?: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

November 3, 2018

14-1500022148-ajit-doval-pm-modi-400പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അത്യന്തം ഗുരുതരമായ ഭവിഷ്യത്തുണ്ട്. നരേന്ദ്രമോദി ഗവണ്മെന്റ് അടുത്ത പത്തുവര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് അനിവാര്യമാണെന്നാണ് ഡോവല്‍ പരോക്ഷമായി സ്ഥാപിക്കുന്നത്. കടുത്ത തീരുമാനങ്ങളെടുക്കേണ്ട ഈ കാലയളവില്‍ ദുര്‍ബലചിത്തര്‍ നയിക്കുന്ന ഒരു മുന്നണി ഗവണ്മെന്റ് രാജ്യത്തിന് അയോഗ്യമാണെന്നും.

‘വ്യാജ സംഭവ വിവരണങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തും. കോര്‍പ്പറേറ്റുകളെയെല്ലാം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് ശരിയല്ല. കൂട്ടുകക്ഷി മന്ത്രിസഭകളാണ് ഭരണം അസ്ഥിരമാക്കുന്നതും കൂടുതല്‍ അഴിമതിക്ക് വിധേയമാകുന്നതും ‘ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജ്യത്തിനു അക്കമിട്ടുനല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.

പാതിരാത്രിയില്‍ തന്ത്രപരമായ കടന്നാക്രമണത്തിലൂടെ സി.ബി.ഐ ആസ്ഥാനത്തിന്റെ സ്വതന്ത്രപ്രവര്‍ത്തനം കയ്യിലെടുത്ത കടുത്ത നീക്കത്തിനു തൊട്ടുപിന്നാലെയാണ് രാജ്യരക്ഷാ ഉപദേഷ്ടാവിന്റെ പരിധിവിട്ടുള്ള ഈ രാഷ്ട്രീയ ഇടപെടല്‍. റഫേല്‍ വിമാന ഇടപാട് പ്രധാനമന്ത്രി ഉള്‍പ്പെട്ട അഴിമതി സംഭവ വിവരണമായി വളരുകയും അതുസംബന്ധിച്ച പരാതി സ്വീകരിച്ച് ഫയലുകള്‍ തേടിയ സി.ബി.ഐ ഡയറക്ടര്‍ അസാധാരണ രീതിയില്‍ നീക്കം ചെയ്യപ്പെടുകയും, അത്യുന്നതര്‍ ഇടപെട്ട ചില കേസുകള്‍ പരിഗണിച്ചതിന്റെ പേരില്‍ നിയമവിരുദ്ധമായി തന്നെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഡയറക്ടര്‍ സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തതിനു തൊട്ടുപിറകെയാണ് ഡോവലിന്റെ പ്രതികരണം.

ഡോവല്‍ പ്രധാനമന്ത്രി മോദിയെ പരോക്ഷമായി ന്യായീകരിക്കുന്നു. പ്രതിപക്ഷം രാജ്യതാല്പര്യത്തിനുപോലും എതിരെന്ന് വിമര്‍ശിക്കുന്നു. വിശേഷിച്ചും, റഫേല്‍ വിമാന ഇടപാടു സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും അനില്‍ അംബാനിയടക്കം ചില കോര്‍പ്പറേറ്റുകള്‍ക്ക് നിയമവും രാജ്യ താല്പര്യവും മറികടന്നു ചെയ്ത സാമ്പത്തിക ഒത്താശകളും ഡോവല്‍ ന്യായീകരിക്കുന്നു. രാജ്യരക്ഷാ ആയുധ കൈമാറ്റങ്ങള്‍ നൂറുശതമാനം സാങ്കേതികവിദ്യ കൈമാറ്റം ചെയ്താകണമെന്നും സാമ്പത്തിക വ്യവസ്ഥയെ ആഗോളതലത്തില്‍ മത്സരശേഷിയുള്ളതാക്കാന്‍ ജനങ്ങളെ വേദനിപ്പിക്കുന്ന നടപടികള്‍ അനിവാര്യമാണെന്നുമുള്ള തുടര്‍വാദങ്ങളും അതിന്റെ തുടര്‍ച്ചമാത്രമാണ്.

‘മേലില്‍ ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങളുടെ കാവലാളുകള്‍ കോര്‍പ്പറേറ്റുകളാണെന്നും എച്ച്.എ.എല്‍- നെ തഴഞ്ഞത് പുതിയ നയത്തിന്റെ ഭാഗമാണെന്നും’ ഡോവല്‍ വ്യക്തമാക്കുന്നു.

പ്രതിരോധമന്ത്രിയോ പ്രധാനമന്ത്രിക്കുവേണ്ടി പ്രതിരോധത്തിനിറങ്ങുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോ, നരേന്ദ്രമോദിതന്നെയോ നടത്തുന്ന രാഷ്ട്രീയ പ്രസംഗമല്ല ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്. ആദ്യമായി പ്രധാനമന്ത്രി വാജ്‌പേയി ഈ പദവിയില്‍ നിയമിച്ച ബ്രജേഷ് മിശ്ര മുതല്‍ മാറിവന്ന സര്‍ക്കാറുകളില്‍ ചുമതലയേറ്റ നാല് സുരക്ഷാ ഉപദേഷ്ടാക്കളും ലംഘിച്ചിട്ടില്ലാത്ത ഔദ്യോഗികവും നയപരവുമായ ലക്ഷ്മണരേഖയാണ് അജിത് ഡോവല്‍ ലംഘിച്ചത്.

രാജ്യത്തിന്റെ കൂട്ടായ ഇച്ഛ കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ നിലവിലുള്ള സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ഫലം തൊട്ടറിയാവുന്നതാണെന്നും തന്ത്രപരമായ നയരൂപീകരണ സംവിധാനത്തിന്റെ അധ്യക്ഷനായ ഒരാളാണ് ഔദ്യോഗികമായി അവകാശപ്പെടുന്നത്.

അമേരിക്കക്കും ചൈനയ്ക്കും തൊട്ടുപിന്നില്‍ സൂപ്പര്‍ ശക്തിയായി രാജ്യം നിലനില്‍ക്കണമെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലെ ചിതറികിടക്കുന്ന ശക്തികള്‍ക്കുപകരം ജനപ്രിയമല്ലാത്ത കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കെല്പുള്ള സുസ്ഥിരമായ സര്‍ക്കാര്‍ പത്തുവര്‍ഷം തുടരണമെന്നാണ് ഡോവല്‍ ആവശ്യപ്പെടുന്നത്. തന്റെ മുന്‍ഗാമികളെപ്പോലെ കേവലം ഒരു ഉപദേഷ്ടാവോ റിട്ടയര്‍ചെയ്ത ഉദ്യോഗസ്ഥവൃന്ദത്തിന്റെ തലപ്പത്തിരിക്കുന്ന ആളോ അല്ല ഡോവല്‍. ഈ മാസം 18-ാം തീയതിമുതല്‍ കേന്ദ്ര ഗവണ്മെന്റിന്റെ അടിയന്തര സുരക്ഷാ നയ ഗ്രൂപ്പി(എസ്.പി.ജി) ന്റെ അധ്യക്ഷനാണ് അദ്ദേഹം. ത്രിതല ഘടനയുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ആദ്യതലമാണ് ഇപ്പോള്‍ അജിത് ഡോവല്‍ അധ്യക്ഷനായ എസ്.പി.ജി.

കര-നാവിക-വ്യോമസേനയുടെ മൂന്ന് അധിപന്മാരും ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, വിദേശ സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് ഇന്റലിജന്റ്‌സ് ഏജന്‍സി തുടങ്ങി കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര സുരക്ഷാനയ തീരുമാനമെടുക്കാനുള്ള സമിതിയുടെ തലവനാണ് ഡോവല്‍. നേരത്തെ ഈ ചുമതല ഉണ്ടായിരുന്ന ക്യാബിനറ്റ് സെക്രട്ടറികൂടി ഇപ്പോള്‍ അജിത് ഡോവലിനുകീഴിലാണ്.

എന്നിരിക്കെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതടക്കമുള്ള തന്ത്രപരമായ എല്ലാ സൈനിക -സുരക്ഷാ വിഭാഗങ്ങള്‍ക്കും ആധികാരികവും ഔദ്യോഗികവുമായ സന്ദേശമാണ് അജിത് ഡോവല്‍ നല്‍കുന്നത്. പ്രസിഡന്റ് ഭരണമാതൃക നിലനില്‍ക്കുന്ന അമേരിക്കയില്‍ ചെയ്യാവുന്നതും പ്രധാനമന്ത്രിയും മന്ത്രിസഭയും പാര്‍ലമെന്റും ചേര്‍ന്ന ഇന്ത്യയിലേതുപോലുള്ള പാര്‍ലമെന്ററി സംവിധാനത്തില്‍ ഒരു സുരക്ഷാ ഉപദേശകന്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ പാടില്ലാത്തതുമായ രാഷ്ട്രീയ നിലപാടാണ് ഡോവല്‍ മുന്നോട്ടുവെച്ചത്.

മോദി മന്ത്രിസഭയ്ക്കു മുമ്പുള്ള മൂന്നു പതിറ്റാണ്ടിനിടയില്‍ മൂന്നു കൂട്ടുകക്ഷി മന്ത്രിസഭകള്‍ വാജ്‌പേയിയുടെ നേതൃത്വത്തിലായിരുന്നു. അതിന്റെ അസ്ഥിരതയുടെയും സ്ഥിരതയുടെയും ചരിത്രം ഡോവലിന് അറിയാത്തതല്ല. മോദിയുടെ ഈ ഗവണ്മെന്റുതന്നെ മൂന്നില്‍രണ്ട് ഭൂരിപക്ഷംനേടി അധികാരത്തില്‍ വന്നത് 29 കക്ഷികളുടെ മുന്നണി ഗര്‍ഭംധരിച്ചാണെന്നതും.

ഏകകക്ഷി മേധാവിത്വംപോയി തൂക്കുപാര്‍ലമെന്റ് നിലവില്‍വന്നതും കൂട്ടുകക്ഷി മന്ത്രിസഭകള്‍ അനിവാര്യതയായി മാറിയതും ജനാധിപത്യ പ്രക്രിയയുടെ അനിവാര്യതയാണ്. പാര്‍ലമെന്റില്‍ ഏകാധിപത്യ മേധാവിത്വമുണ്ടായ ഘട്ടത്തില്‍ ഭരണഘടന അട്ടിമറിക്കുകയും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രസിഡന്‍ഷ്യല്‍ മാതൃകയിലുള്ള ഒരു ഗവണ്മെന്റിനുവേണ്ടി ബി.ജെ.പിയടക്കം ഉന്നയിച്ചു പോന്ന ആവശ്യത്തിന് നമ്മുടെ ജനാധിപത്യത്തില്‍ മേല്‍ക്കൈ കിട്ടിയിട്ടില്ല. മോദിയുടെ നാലുവര്‍ഷക്കാലത്തെ ഭരണംതന്നെ പാര്‍ലമെന്റിനോടുള്ള പ്രതിബദ്ധതയ്ക്കു പകരം എല്ലാം പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ മാതൃകയാണ് പുലര്‍ത്തിപ്പോന്നത്. ആസൂത്രണ കമ്മീഷനില്‍നിന്നു തുടങ്ങി സി.ബി.ഐയെ കീഴ്‌പ്പെടുത്തിയ പ്രശ്‌നം സുപ്രിംകോടതി ഇടപെടലില്‍ കലാശിച്ചതടക്കം ആ നീക്കത്തിന്റെ സ്മാരക മുദ്രകളാണ്. വിശേഷിച്ചും റഫേല്‍ വിമാനത്തിന്റെ വിലയും നടപടിക്രമവും ഹാജരാക്കാന്‍ സുപ്രിംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കയാണ്.

ഇതോടെ പ്രധാനമന്ത്രി മോദിയാകട്ടെ തന്റെ രാഷ്ട്രീയ- ഔദ്യോഗിക ജീവിതത്തിലെ അതി നിര്‍ണ്ണായകമായ പരീക്ഷണങ്ങള്‍ക്കു മുമ്പിലാണ്. റഫേല്‍ അഴിമതി വിവാദം പ്രധാനമന്ത്രിയെ ഒന്നാം പ്രതിയാക്കി സി.ബി.ഐയ്ക്കു മുമ്പില്‍ നില്‍ക്കുന്നു. അതിനെ ആശ്രയിച്ചുനില്‍ക്കുന്നു മോദിയുടെ രാഷ്ട്രീയ ഭാവി. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും നിര്‍ണ്ണായകമാകുന്നു. അയോധ്യകേസ് ജനുവരിയിലേക്കു സുപ്രിംകോടതി മാറ്റിയതോടെ ഓര്‍ഡിനന്‍സ് വഴി ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള ഹിന്ദുത്വശക്തികളുടെ സമ്മര്‍ദ്ദം മോദിക്കുമേല്‍ മുറുകുന്നു.

ഇത്തരമൊരു നിര്‍ണ്ണായക പരീക്ഷണ ഘട്ടത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പുതന്നെ ഇല്ലാതാക്കുന്ന ഒരു സാഹചര്യം രൂപപ്പെടുത്തുന്നതിന്റെ സൂചനയാണോ ഒരുമുഴം നീട്ടിയെറിഞ്ഞ ഡോവലിന്റെ തന്ത്രപരമായ നീക്കത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിവരും. അടുത്ത പത്തുവര്‍ഷത്തേക്ക് വേണ്ട ശക്തനായ പ്രധാനമന്ത്രി എന്നനിലയില്‍ മോദിയെ ആസ്പദിച്ച് സുരക്ഷാ ഉപദേഷ്ടാവ് വരയ്ക്കുന്ന രാഷ്ട്രീയ ചിത്രം അതിനു ബലംനല്‍കുന്നു. ആരാണ് അധികാരത്തില്‍ വരേണ്ടത് എന്നത് അടുത്തവര്‍ഷം ആദ്യം ജനങ്ങള്‍ തീരുമാനിക്കാന്‍ പോകുന്ന കാര്യമാണെന്നിരിക്കെ. രാജ്യസുരക്ഷയുടെ പേരില്‍ ജനപ്രിയമല്ലാത്ത തന്ത്രപരമായ ഒരാക്രമണം ജനാധിപത്യ പ്രക്രിയ തടയപ്പെടുന്ന രീതിയില്‍ ഉണ്ടായേക്കുമോയെന്ന് സുരക്ഷാ ഉപദേശകന്റെ അസാധാരണ ഇടപെടല്‍ ആശങ്കപ്പെടുത്തുന്നു. അജിത് ഡോവലുമായി ബന്ധപ്പെട്ട സമീപകാല പശ്ചാത്തല വിവരങ്ങള്‍ ചേര്‍ത്തവെക്കുമ്പോള്‍ പ്രത്യേകിച്ചും.

കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയുടെ ഡയറക്ടറായി 2005ല്‍ റിട്ടയര്‍ ചെയ്ത അജിത് ഡോവല്‍ 2009 ഡിസംബറില്‍ പൊതു നയ രൂപീകരണവുമായി ബന്ധപ്പെട്ടു സ്ഥാപിച്ചതാണ് ഡല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. ഇതാണ് 2011-12ല്‍ അണ്ണാ ഹസാരയെ മുന്‍നിര്‍ത്തി അരവിന്ദ് കെജ് രിവാള്‍, കിരണ്‍ബേദി, ബാബാ രാംദേവ് എന്നിവര്‍ ഉള്‍പ്പെട്ട ‘ടീം അണ്ണ’ രൂപീകരിച്ചത്. യു.പി.എ ഗവണ്മെന്റിന്റെ അഴിമതിക്കെതിരെ വമ്പിച്ച ബഹുജനപ്രസ്ഥാനം ആസൂത്രണം ചെയ്തത്.

മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിച്ച പ്രചാരണ നയപ്രസംഗങ്ങളുടെ ആശയസ്രോതസ്സാകെ അജിത് ഡോവല്‍ സ്ഥാപക ഡയറക്ടറായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റേതാണ്. അഴിമതിക്കും കള്ളപ്പണത്തിനും യുവാക്കളുടെ തൊഴിലില്ലായ്മയ്ക്കും എതിരെ നടത്തിയ യുദ്ധപ്രഖ്യാപനമാണ് മോദിയെ അധികാരത്തിലെത്തിച്ചത്. അതിന്റെ നാലാംദിവസം ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവലിനെ കൊണ്ടുവന്നു.

ഡോവല്‍ മാത്രമല്ല പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദേബ്രോയ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, പ്രസാദ് ഭാരതി ചെയര്‍മാന്‍ എ സൂര്യപ്രകാശ് തുടങ്ങി മോദി ഗവണ്മെന്റിന്റെ മര്‍മ്മ സ്ഥാനങ്ങളില്‍ നിയോഗിക്കപ്പെട്ടവരുടെ ദീര്‍ഘമായ പട്ടിക വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍നിന്നാണ്. ‘റോ’യുടെ മുന്‍ മേധാവി, വായുസേനയുടെ മുന്‍ മേധാവി, ഉപമേധാവി, മുന്‍ വിദേശ സെക്രട്ടറി, ഹോം സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി തുടങ്ങി പലരും അതില്‍ ഉള്‍പ്പെടുന്നു. ആ നിലയില്‍ ബ്രജേഷ് മിശ്ര മുതല്‍ ജെ.എന്‍ ദീക്ഷിത് വരെ ദേശീയ സുരക്ഷാ ഉപദേശകരായി പ്രവര്‍ത്തിച്ചതില്‍നിന്ന് വ്യത്യസ്തമായി മോദി ഗവണ്മെന്റിന്റെ മര്‍മ്മ കേന്ദ്രങ്ങളിലെല്ലാം നീരാളിപ്പിടുത്തവും നിയന്ത്രണവുമുള്ള ആളാണ് അജിത് ഡോവല്‍.

ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിലാണ് ത്രിപുരയടക്കം ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളില്‍ അപ്രതീക്ഷിതമായി ബി.ജെ.പി അധികാരത്തില്‍വരാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തിരശ്ശീലയുടെ മറവിലിരുന്നു ഡോവല്‍ ഇടപെട്ടത്. മോദിയുടെ വാട്ടര്‍ലൂവായേക്കാവുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏതുതരത്തിലുള്ള നീക്കവും ഡോവല്‍ നടത്തും. ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങള്‍ സ്വകാര്യ മേഖലാ കമ്പനികള്‍ നിറവേറ്റണമെന്നാണ് ‘തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന’ നയപ്രഖ്യാപനവും ഡോവലിന്റെ പ്രസംഗത്തിലുണ്ട്. വരുംദിവസങ്ങള്‍ ജനങ്ങള്‍ക്കും ജനാധിപത്യത്തിനും അതിനിര്‍ണ്ണായകമാണെന്ന മുന്നറിയിപ്പാണ് യഥാര്‍ത്ഥത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 11ന് അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ഫലം പുറത്തുവരുന്നതോടെ മോദിയുടെ തന്ത്രപരമായ നീക്കമെന്തെന്ന് കൂടുതല്‍ വ്യക്തമാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top