Flash News

മന്ത്രി കെ.ടി. ജലീലിനെതിരെ നടക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്; സത്യാവസ്ഥ അക്കമിട്ടു നിരത്തി മന്ത്രിയുടെ പ്രസ് മീറ്റ്

November 4, 2018

jaleel1ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീലിന്റെ പ്രസ് മീറ്റ്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമാനുസൃതമായാണ് നിയമനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. അതിനാല്‍ തന്നെ തനിക്ക് ഭയമില്ലെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി. പത്രത്തില്‍ കൃത്യമായി വാര്‍ത്ത നല്‍കിയാണ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രിക ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മൂന്ന് പേരാണ് ഇന്റര്‍വ്യൂവിന് വന്നത്. മതിയായ യോഗ്യത ഇല്ലാത്തതിനാല്‍ ആരെയും നിയമിച്ചില്ല. യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന ആരോപണം തെറ്റാണ്.

അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് യൂത്ത്‌ലീഗ് ഉന്നയിക്കുന്നത് എന്ന് കെടി ജലീല്‍ പറഞ്ഞു. കിട്ടാക്കടം തിരിച്ചു പിടിക്കാനുളള നടപടി ന്യൂനപക്ഷ കമ്മീഷന്‍ ശക്തമാക്കിയതിന് പിന്നാലെയാണ് യൂത്ത് ലീഗ് ആരോപണമുന്നയിച്ചത്. കടക്കാരെ അന്വേഷിച്ച് ചെല്ലുമ്പോള്‍ പലരും ലീഗുമായി ബന്ധമുളളവരാണെന്നും മന്ത്രി പറഞ്ഞു. അഴിമതി ഉണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെ. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുടെ സേവനം ആവശ്യമായി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്യം നല്‍കി ആളുകളെ ക്ഷണിച്ചിരുന്നു. ഇതില്‍ യോഗ്യതയുളളവരെ ലഭിക്കാത്തതിനാലാണ് ഡപ്യൂട്ടേഷന്‍ വഴി നിയമനം നടത്തിയത്. എല്ലാ പ്രധാന പത്രത്തിലും പരസ്യം നല്‍കിയ ശേഷമാണ് നിയമനം നടത്തിയത്.

ഫിറോസ് ചന്ദ്രിക എങ്കിലും വായിക്കുന്നുണ്ടെന്നാണ് കരുതിയത്. കാര്യബോധം ഇല്ലാതെയാണ് യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചത്. ലീഗിന്റെ ആരോപണം പൊട്ടാത്ത പടക്കമാണ്. ജനറൽ മാനേജർ നിയമനത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ല. യോഗ്യത പുനര്‍ നിര്‍ണയിച്ചത് 2016 ആഗസ്റ്റ് 18നാണ് 2016 ആഗസ്റ്റ് 25നാണ് പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയത്.ബി ടെക് യോഗ്യത ഉള്‍പ്പെടുത്തിയത് കൂടുതല്‍ യോഗ്യരായവര്‍ വരട്ടെ എന്ന നിലപാടിലാണ്.

ബാങ്കിംഗ് മേഖലയില്‍ ഇപ്പോള്‍ കൂടുതലും ബിടെക്കുകാരാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാംരാജന്‍ പോലും ബിടെക്കുകാരനാണ്. ഒരാളെ ലക്ഷ്യം വച്ചല്ല ബി ടെക് യോഗ്യത ഉള്‍പ്പെടുത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ 10 വർഷമായി ജോലി ചെയ്യുന്ന ആളാണ് ആബിദ് .ആബിദിന് അവിടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ ധനകാര്യ വികസന കോർപ്പറേഷനിൽ ലഭിക്കില്ല. അതുകൊണ്ടാണ് ആബിദ് വരാൻ താൽപര്യം കാണിക്കാതിരുന്നത്. ചെയർമാൻ വഹാബ് താൽപര്യം എടുത്ത് വിളിച്ചത് കൊണ്ടാണ് വന്നത്.ആബിദ് ചുമതല ഏറ്റപ്പോൾ കാട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടി സ്വീകരിച്ചു.

കിട്ടാക്കടം അടക്കേണ്ടവരെ അന്വേഷിച്ച് ചെന്നപ്പോൾ എത്തിയത് ലീഗ് നേതാക്കളുടെ വീടിന് മുന്നിലാണ്. അവർ തിരിച്ചടക്കേണ്ട എന്ന ഉറപ്പിൽ നിർലോഭം ലോൺ എടുത്തിരുന്നു. വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവർ ലീഗുകാരാണന്ന് കണ്ടെത്തിയതും വായ്പ തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചതുമാണ് ലീഗുകാരെ ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

കോര്‍പ്പറേഷനുകളില്‍ ഓഡിറ്റുകള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. കമ്പ്യൂട്ടര്‍വത്കരിക്കാനും കഴിഞ്ഞിട്ടില്ല. നോണ്‍ബാങ്കിങ് ലൈസന്‍സ് ആര്‍.ബി.ഐയില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിനാല്‍ പരിചയ സമ്പന്നനായ ഒരാളെ നിയമിക്കണം എന്നുണ്ടായിരുന്നു.

ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജി.എം ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാരനാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കാണ്. കെ.എസ്.എസ്.ആറിലെ 9 ബി വകുപ്പ് പ്രകാരം സര്‍ക്കാരിന് താല്‍പര്യമുള്ള ആരെയും നിയമിക്കാം. നേരത്തെയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നായിരുന്നു. ബാങ്കില്‍ ലഭിക്കുന്ന പല അലവന്‍സുകളും ഡെപ്യൂട്ടേഷനില്‍ ലഭിക്കില്ല. അതിനാലാണ് ബാങ്ക് ജീവനക്കാര്‍ ഈ പോസ്റ്റില്‍ ഡെപ്യൂട്ടേഷനില്‍ വരാന്‍ തയ്യാറാവാത്തത്.

ഏതെങ്കിലും ഒരാളുമായി അകന്ന ബന്ധം ഉണ്ട് എന്ന കാരണത്താല്‍ അവസരം നിഷേധിക്കുന്നതും തെറ്റാണ്. ഈ നിയമനത്തില്‍ നിയമം വിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല. മറച്ചുവെക്കാനും ഒന്നുമില്ല. നിയമനത്തിന്റെ ഒരു ഘട്ടത്തിലും താന്‍ നേരിട്ട് ഇടപെട്ടിട്ടില്ല. കമ്പനി സെക്രട്ടറിയും കോര്‍പ്പറേഷന്‍ വിട്ട് പോയ ഘട്ടത്തിലാണ് വാര്‍ത്ത നല്‍കി രണ്ട് പേരെ നിയമിച്ചതെന്നും കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിയുണ്ടോ എന്ന് കോടതി പരിശോധിക്കട്ടെ എന്നും കെ ടി ജലീല്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top