Flash News

ഈനാം‌പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെയാണ് ജലീലിനെ പിന്തുണയ്ക്കുന്ന ഇ.പി. ജയരാജന്റേതെന്ന് യൂത്ത് ലീഗ്; ജലീലിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പി.കെ. ഫിറോസ്

November 4, 2018

imageകോഴിക്കോട് : ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് യൂത്ത് ലീഗ്. അപേക്ഷകരില്‍ യോഗ്യതയുള്ളവര്‍ ഇല്ലെന്ന വാദം നിലനില്‍ക്കില്ല. അപേക്ഷിച്ച ഏഴുപേരുടെയും യോഗ്യത മന്ത്രി പുറത്തുവിടണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. അദീബിന്റെ നിയമനത്തിന് വിജിലന്‍സ് അംഗീകാരമുണ്ടോ എന്ന് മന്ത്രി വ്യക്തമാക്കണം. വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന് മന്ത്രിസഭാ തീരുമാനമുണ്ട്. കേരളത്തിലെ ജനങ്ങളെ മന്ത്രി കബളിപ്പിക്കുകയാണ്. കെ ടി ജലീല്‍ രാജി വെയ്ക്കണം. മന്ത്രിയ്‌ക്കെതിരെ യൂത്ത് ലീഗ് നിയമപരമായി നീങ്ങും. വിജിലന്‍സിന്‍ പരാതി കൊടുക്കും. ഗവര്‍ണറെ കാണാന്‍ ശ്രമിക്കുകയാണ്. രാജിവെയ്ക്കും വരെ യൂത്ത് ലീഗ് സമരം ചെയ്യുമെന്നും പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

മന്ത്രിയുടെ തോന്നല്‍ അനുസരിച്ചാണോ നിയമനം നടത്തേണ്ടത് എംബിഎ വിത്ത് ഫിനാന്‍സും എക്‌സ്പീര്യന്‍സുമുള്ള എത്രയോ യുവാക്കള്‍ കേരളത്തിലുണ്ട്. അവിടെയാണോ ആളെ കിട്ടാന്‍ പ്രയാസം. വിഷയത്തില്‍ സിപിഎം ഒരക്ഷരം മിണ്ടിയിട്ടില്ല എന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ഇ.പി. ജയരാജന്‍ മാത്രമാണ് ജലീലിനെ പിന്തുണച്ചിട്ടുള്ളത്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെയാണിത്. ഡിവൈഎഫ്‌ഐ ഒന്നും പ്രതികരിച്ചിട്ടില്ല. തിരികെ ജലപീരങ്കി ഉപയോഗിക്കുന്ന രീതിയിലെങ്കിലും ജലീലിന്റെ വീട്ടിലേക്കു സമരം നടത്താന്‍ ഡിവൈഎഫ്‌ഐ തയാറാകണം എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ബന്ധുവിനെ ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായിട്ടായിരുന്നു നിയമിച്ചത്. ജലീലിന്റെ പിതൃസഹോദര പുത്രനായ കെ.ടി. അദീബിനായി വിദ്യാഭ്യാസ യോഗ്യതകളിലും മന്ത്രി മാറ്റം വരുത്തിയെന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു. സ്വകാര്യ ബാങ്കിന്റെ കോഴിക്കോട് റീജനല്‍ ഓഫിസില്‍ സീനിയര്‍ മാനേജരായിരുന്നു അദീബ്.

അതേസമയം ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമാനുസൃതമായാണ് നിയമനം നടത്തിയതെന്ന് പറഞ്ഞ മന്ത്രി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അതിനാല്‍ തന്നെ തനിക്ക് ഭയമില്ലെന്നും വ്യക്തമാക്കിയിരുന്നു.

പത്രത്തില്‍ കൃത്യമായി വാര്‍ത്ത നല്‍കിയാണ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രിക ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മൂന്ന് പേരാണ് ഇന്റര്‍വ്യൂവിന് വന്നത്. മതിയായ യോഗ്യത ഇല്ലാത്തതിനാല്‍ ആരെയും നിയമിച്ചില്ല. യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന ആരോപണം തെറ്റാണ്. ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജെയിംസ് വന്നത് എസ്‌ഐബിയില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ്. തനിക്ക് ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.

ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജി.എം ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാരനാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കാണ്. കെഎസ്എസ്ആറിലെ 9 ബി വകുപ്പ് പ്രകാരം സര്‍ക്കാരിന് താല്‍പര്യമുള്ള ആരെയും നിയമിക്കാം. നേരത്തെയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നായിരുന്നു. ബാങ്കില്‍ ലഭിക്കുന്ന പല അലവന്‍സുകളും ഡെപ്യൂട്ടേഷനില്‍ ലഭിക്കില്ല. അതിനാലാണ് ബാങ്ക് ജീവനക്കാര്‍ ഈ പോസ്റ്റില്‍ ഡെപ്യൂട്ടേഷനില്‍ വരാന്‍ തയ്യാറാവാത്തതെന്നും ജലീല്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top