Flash News

മൂന്നര പതിറ്റാണ്ട് മുന്‍പ് കാണാതായ പതിനഞ്ചു വയസ്സുകാരിയുടെതെന്ന് സംശയിക്കുന്ന അസ്തികൂടം കണ്ടെത്തി; ഇറ്റലിയില്‍ നടന്ന കൊലപാതകങ്ങളുടെ നിഗൂഢതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങളുടെ ചുരുളഴിയുന്നു

November 4, 2018

MURDER.jpg7_ (1)ഇറ്റലിയില്‍ ഈയ്യിടെ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടത്തിന് മൂന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന കണ്ടെത്തലില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വത്തിക്കാന്‍ എംബസിയുടെ കെട്ടിടങ്ങളിലൊന്നില്‍ നിന്നാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. അതോടെ 35 വര്‍ഷം പഴക്കമുള്ള ഒരു കേസിന്റെ ഫയല്‍ പൊടിതട്ടി എടുത്തിട്ടുമുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 29നാണു നാലു നിര്‍മ്മാണ തൊഴിലാളികള്‍ എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തിന്റെ തറയ്ക്കടിയില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തറ പൊളിക്കുകയായിരുന്നു അവര്‍. ഉടന്‍ തന്നെ വത്തിക്കാന്‍ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു.

അസ്ഥികൂടം കണ്ടെത്തിയതോടെ അത് ആരുടേതായിരിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മിസിംഗ് പെഴ്സണ്‍ കേസുകളില്‍ രണ്ടു പേരുകളാണ് ഉയര്‍ന്നു വരുന്നത്. എമന്വേല ഒര്‍ലാന്‍ഡി, മിറെല ഗ്രിഗോറി എന്നിവയാണ് ആ പേരുകള്‍. 1983ല്‍ ഒന്നര മാസത്തെ ഇടവേളയില്‍ കാണാതായ രണ്ടു പതിനഞ്ചുകാരികളായിരുന്നു ഇവര്‍. ഇന്നും ആര്‍ക്കും അറിയില്ല ഈ രണ്ടു പേരും എവിടെയാണെന്ന്. പക്ഷേ എംബസി കെട്ടിടത്തിനടിയില്‍ നിന്നു ലഭിച്ചത് ഇവരില്‍ ഒരാളുടെ മൃതദേഹമാണെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശ്വസിക്കുന്നത്. അതിന് ബലം പകരുന്ന തെളിവുകളുമുണ്ട്. ഇറ്റാലിയന്‍ മാഫിയ സംഘം വരെ ഉള്‍പ്പെട്ടിട്ടുള്ള യഥാര്‍ഥ സംഭവങ്ങളാണ് ഇരുവരുടെയും തിരോധാനവുമായി ബന്ധപ്പെട്ടുള്ളത്. അതിനിടെ ഭാര്യയോടുള്ള ഒരു ഭര്‍ത്താവിന്റെ ക്രൂരതയാണ് ആ മനുഷ്യ അസ്ഥികൂടത്തിനു പിന്നിലെന്നു മറ്റൊരു അഭ്യൂഹമുണ്ട്.

അസ്ഥികൂടത്തിന്റെ പ്രാഥമിക പരിശോധനയില്‍ ഒരു കാര്യം വ്യക്തമായി. അതൊരു പെണ്‍കുട്ടിയുടെ അസ്ഥിയാണ്. ഇടുപ്പെല്ലിന്റെ പരിശോധനയിലാണ് അതു തെളിഞ്ഞത്. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് അതെന്നു പല്ലിന്റെ പരിശോധനയിലും വ്യക്തമായി. പല്ലില്‍ നിന്ന് ഡിഎന്‍എ സാംപിളും ശേഖരിച്ചിട്ടുണ്ട്. ഇതു പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ഡിഎന്‍എയുമായി ഒത്തുനോക്കും. ഇതിന് പത്തു ദിവസത്തോളം സമയമെടുക്കും. അതിനിടെ തിരോധാനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പൊലീസ് തിരയുന്നുണ്ട്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കാവല്‍ക്കാരുടെ വിവരങ്ങളും മറ്റും ഉള്‍പ്പെടെ പൊലീസിന് വത്തിക്കാന്‍ കൈമാറിയിട്ടുണ്ട്. കേസിനോടു പൂര്‍ണമായും സഹകരിക്കുന്നുമുണ്ട്.

ഒരു ജൂത കച്ചവടക്കാരനാണ് 1949ല്‍ കെട്ടിടം വത്തിക്കാനു കൈമാറിയത്. കാണാതായ പെണ്‍കുട്ടികളില്‍ എമന്വേല ഒര്‍ലാന്‍ഡിയുടെ പിതാവ് വത്തിക്കാന്‍ പൊലീസിലെ അംഗമായിരുന്നു. അതിനാല്‍ത്തന്നെ എമന്വേലയുമായി ബന്ധപ്പെട്ട കഥകള്‍ക്കാണ് ഏറെ പ്രചാരം ലഭിച്ചത്. 1983 ജൂണ്‍ 22നാണ് ഈ പെണ്‍കുട്ടിയെ കാണാതാകുന്നത്. റോമില്‍ സംഗീതപഠനത്തിനു പോയി മടങ്ങി വരികയായിരുന്നു. അവസാനമായി ഒരു ബസ് സ്റ്റോപ്പില്‍ വച്ച് എമന്വേലയെ കണ്ടവരുണ്ട്. എന്നാല്‍ അതിനപ്പുറം ഈ പെണ്‍കുട്ടി എവിടെയെന്നത് ഇന്നും ദുരൂഹം.

സംഭവത്തെക്കുറിച്ച് രണ്ടു നിഗമനങ്ങളിലാണ് പൊലീസ് എത്തിയത്. ഒന്ന് പ്രദേശത്തെ മാഫിയ തലവനായിരുന്ന എന്റിക്കോ ഡി പെഡിസുമായി ബന്ധപ്പെട്ടതാണ്. ഇയാളുടെ നേതൃത്വത്തില്‍ എമന്വേലയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നായിരുന്നു അത്. വത്തിക്കാനിലെ ഒരു ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പറയപ്പെടുന്നു. എന്റിക്കോയുമായി ബന്ധമുണ്ടായിരുന്ന ഗിസെപ്പോ സിമോണെ എന്നയാളുടെ നിര്‍ദേശ പ്രകാരമായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാല്‍ സിമോണെ 12 വര്‍ഷം മുന്‍പു മരിച്ചു. ‘മാഗ്‌ലിയാ ഗ്യാങ്’ എന്ന മാഫിയ സംഘത്തിന്റെ തലവനായിരുന്നു എന്റിക്കോ. ഇയാള്‍ എമന്വേലയെ സിമന്റിലാഴ്ത്തി കുഴിച്ചിടുന്നതു കണ്ടതായി കാമുകി 2007ല്‍ മൊഴി നല്‍കിയിരുന്നു.

ഇത്തരത്തില്‍ പല ആരോപണങ്ങളും വന്നതോടെ 2012ല്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പൊലീസ് എന്റിക്കോയുടെ കല്ലറ തുറന്നു പരിശോധിച്ചു. ഇയാള്‍ക്കൊപ്പം 400 പെട്ടികളിലായി പലരുടെയും അസ്ഥികൂടങ്ങള്‍ അങ്ങനെയാണു കണ്ടെത്തിയത്. ഇവയെല്ലാം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കി. എന്നാല്‍ അതില്‍ എമന്വേലയുടെ മൃതദേഹം ഇല്ലെന്നു വ്യക്തമാവുകയായിരുന്നു. അതോടെ 2016ല്‍ തിരോധാനവുമായി ബന്ധപ്പെട്ട കേസ് തന്നെ അവസാനിപ്പിച്ചു.

അതിനു മുന്‍പ് 1997ലും കേസ് ഫയല്‍ മടക്കിയതാണ്. അതിനിടെയാണ് വത്തിക്കാനിലെ ഒരു ബാങ്ക് തലവന്റെ നിര്‍ദേശ പ്രകാരം എമന്വേലയെ തട്ടിയെടുത്തു കൊലപ്പെടുത്തിയെന്ന എന്റിക്കയുടെ കാമുകിയുടെ മൊഴി പുറത്തെത്തിയത്. 1982ല്‍ തകര്‍ന്ന ബാന്‍കോ ആംബ്രോസിയോനോ എന്ന ഇറ്റാലിയന്‍ ബാങ്കിനു വത്തിക്കാനുമായുണ്ടായിരുന്ന പണമിടപാടാണ് ഇത്തരമൊരു തട്ടിക്കൊണ്ടു പോകലിലേക്കു നയിച്ചതെന്നും പരാതി ഉയര്‍ന്നു. വത്തിക്കാനില്‍ നിന്ന് പണം ഈടാക്കാന്‍ മാഫിയ സംഘത്തിന്റെ സഹായം ബാങ്ക് ഉപയോഗപ്പെടുത്തിയെന്നായിരുന്നു പരാതി. ഈ വിഷയത്തില്‍ വത്തിക്കാനോടു സമ്മര്‍ദം ചെലുത്താന്‍ അവിടത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തന്നെ മകളെ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു ലക്ഷ്യമെന്നും നിഗമനങ്ങളുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണവും എവിടെയുമെത്തിയില്ല. കേസ് മടക്കിയെങ്കിലും വത്തിക്കാനോട് സ്വന്തം അന്വേഷണത്തിന് ഇറ്റലി നിര്‍ദേശം നല്‍കിയിരുന്നു.

പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച തുര്‍ക്കിക്കാരനെ വിട്ടുകിട്ടാനുള്ള വിലപേശലിനു വേണ്ടി എമന്വേലയെ തട്ടിക്കൊണ്ടു പോയതെന്ന് മറ്റൊരു കഥ. പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ ഇറ്റാലിയന്‍ പൊലീസിനു ലഭിച്ച ഫോണ്‍കോളുകളാണ് അത്തരമൊരു നിഗമനത്തിലെത്തിച്ചത് എമന്വേലയെ വിട്ടുകിട്ടണമെങ്കില്‍ തുര്‍ക്കി കൊലയാളിയായ മെഹ്‌മെത്ത് അലി അഗ്കയെ ജയിലില്‍നിന്നു മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. കേസുമായി ബന്ധപ്പെട്ടു മെഹ്‌മെത്തിനെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

തുര്‍ക്കിയെ അങ്കാറയില്‍ തടവിലായിരുന്ന മെഹ്‌മെത്തിനെ 2010ലാണു മോചിപ്പിക്കുന്നത്. 19 വര്‍ഷം ഇറ്റലിയിലെ ജലിയില്‍ കിടന്ന മെഹ്‌മെത്തിനെ മാര്‍പാപ്പ മാപ്പു നല്‍കിയതിനെത്തുടര്‍ന്ന് 2000ത്തില്‍ തുര്‍ക്കിക്ക് വിട്ടുകൊടുത്തു. എന്നാല്‍ 1979ല്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് ഇയാള്‍ക്കെതിരെ തുര്‍ക്കിയിലുണ്ടായിരുന്നു. തുടര്‍ന്ന് പത്തു വര്‍ഷത്തോളം വീണ്ടും ജയില്‍ ശിക്ഷ. പുറത്തിറങ്ങിയ മെഹ്‌മെത്ത് വാര്‍ത്താസമ്മേളനം വിളിച്ച് എമന്വേലയുടെയും മിറെലയുടെയും തിരോധാനവുമായി തനിക്കു ബന്ധമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

എമന്വേലയെ കാണാതാകുന്നതിന് കൃത്യം 40 ദിവസം മുന്‍പ്, മേയിലാണു, പതിനഞ്ചുകാരിയായ മിറെല ഗ്രിഗോറിയെയും കാണാതാകുന്നത്. തന്റെ സ്‌കൂളിലെ ഒരു സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്നായിരുന്നു മിറെല അമ്മയോടു പറഞ്ഞത്. എന്നാല്‍ പിന്നീടു മടങ്ങിയെത്തിയില്ല. അസ്ഥികൂടം കണ്ടെത്തിയ എംബസി കെട്ടിടത്തില്‍ നിന്ന് 10 മിനിറ്റ് മാത്രം നടക്കാവുന്ന ദൂരത്തിലായിരുന്നു അന്ന് മിറെലയുടെ കുടുംബം താമസിച്ചിരുന്നത്. എമന്വേലയുടെയും മിറെലയുടെയും തിരോധാനങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇന്നും ഇരുവരുടെയും വീട്ടുകാര്‍ വിശ്വസിക്കുന്നത്. പ്രതീക്ഷയറ്റു കിടന്നിരുന്ന ഇരു കുടുംബങ്ങളും പുതിയ അന്വേഷണത്തിലും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. തിരോധാനം സംബന്ധിച്ച ഒരു ചെറുതുമ്പെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. അതിനിടെയാണ് മറ്റൊരു സംഭവവും ചുരുളഴിഞ്ഞത്.

എംബസി കെട്ടിടം നിര്‍മിച്ചതിനു ശേഷം അവിടെ കാവല്‍ക്കാരായിരുന്നവരുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് വത്തിക്കാനില്‍ നിന്നു ശേഖരിച്ചിരുന്നു. 1980കളില്‍ ജീവിച്ചിരുന്ന ഒരു കാവല്‍ക്കാരന്റെ ജീവിതത്തില്‍ നിന്നു ചില സത്യങ്ങള്‍ പൊലീസിനു മുന്നില്‍ വെളിപ്പെട്ടതായാണു വിവരം. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കാവല്‍ക്കാരനും ഭാര്യയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇടയ്ക്കിടെ ഇരുവരും തമ്മില്‍ വഴക്കുകൂടുന്നതു കേള്‍ക്കാം. പെട്ടെന്നൊരു ദിവസം ഭാര്യയെ കാണാതായി. അയല്‍ക്കാരും ബന്ധുക്കളും ഇതിനെപ്പറ്റി ചോദിച്ചെങ്കിലും മറ്റൊരാളുമായി അവര്‍ ഒളിച്ചോടിയെന്നായിരുന്നു മറുപടി.

കെട്ടിടത്തിന്റെ തറ അവസാനമായി പൊളിച്ചു പണിതത് 1980കളിലാണ്. അന്നുപക്ഷേ യാതൊന്നും അതിനു താഴെയുണ്ടായിരുന്നില്ലെന്നു നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍ പിന്നീടു വന്ന അന്ന മാസിയ എന്ന കാവല്‍ക്കാരി പറഞ്ഞ കാര്യങ്ങള്‍ മുന്‍ കാവല്‍ക്കാരനിലേക്കു തന്നെയാണു വിരല്‍ ചൂണ്ടുന്നത്. താന്‍ വന്ന സമയത്ത് തറ ആകെ വിണ്ടുകീറി നശിച്ച അവസ്ഥയിലായിരുന്നെന്നും അതില്‍ അറ്റകുറ്റപ്പണി നടത്തിയെന്നുമായിരുന്നു അത്.

തറ കുഴിച്ചു നോക്കാതിരുന്നതിനാല്‍ത്തന്നെ അസ്ഥികള്‍ ‘സുരക്ഷിതമായി’ അവിടെയിരുന്നു. മൃതദേഹം ജീര്‍ണിച്ചതിനു ശേഷം അസ്ഥികൂടം മാത്രം ശേഖരിച്ച് കെട്ടിടത്തില്‍ കുഴിച്ചിട്ടതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വമ്പന്‍ മതിലുകളും ആയുധധാരികളായ കാവല്‍ക്കാരും ഉള്ള കെട്ടിടത്തില്‍ പുറമേ നിന്ന് ഒരാള്‍ക്കും പ്രവേശിക്കാനാകില്ലെന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top