Flash News

കര്‍ണ്ണാടകയില്‍ ബിജെപിക്ക് അടി പതറുന്നു; കോണ്‍ഗ്രസ് മുന്നേറുന്നു

November 6, 2018

karnataka electonബംഗളൂരു : കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ട് നിയമസഭ മണ്ഡലങ്ങളിലും രണ്ട് ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം മുന്നേറുന്നു. ബെല്ലാരിയില്‍ കോണ്‍ഗ്രസും മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥനാര്‍ത്ഥിയും മികച്ച ലീഡ് നേടിക്കഴിഞ്ഞു. മാണ്ഡ്യയിലും ബെല്ലാരിയിലും സഖ്യസ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു.

ഷിമോഗ ലോക്‌സഭാ സീറ്റില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബി.വൈ രാഘവേന്ദ്രയാണ് ലീഡ് ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാര്‍ത്ഥി. നിയമസഭാ സീറ്റുകളായ രാമനഗരയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി ലീഡ് ചെയ്യുമ്പോള്‍ ജാംഘണ്ഡിയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. രാമനഗരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍. ചന്ദ്രശേഖര്‍ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പാണ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്ന ബെല്ലാരി റെഡ്ഡി സഹോദരന്മാരുടെയും ബിജെപി നേതാവ് ശ്രീരാമലുവിന്റെയും തട്ടകമാണ്. ശ്രീരാമലു എം.പി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ.ശാന്തയെയാണ് ഇവിടെ ബിജെപി കളത്തിലിറക്കിയത്.കോണ്‍ഗ്രസിലെ വിഎസ് ഉഗ്രപ്പ 60000ത്തിലധികം വോട്ടിനാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

മാണ്ഡ്യയില്‍ ജെഡിഎസിലെ ശിവരാമ ഗൗഡ ബിജെപിയിലെ സിദ്ധരാമയ്യക്കെതിരെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കുന്ന ഷിമോഗയില്‍ 30,000ത്തോളം വോട്ടിന്റെ ലീഡാണ് രാഘവേന്ദ്രയ്ക്കുളളത്. മറ്റിടങ്ങളിലെല്ലാം കോണ്‍ഗ്രസ് ജെഡിഎസ് സ്ഥാനാര്‍ത്ഥികള്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

ജാംഘണ്ഡി മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മകന്‍ ആനന്ദ് ന്യാമഗൗഡയാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് കുല്‍ക്കര്‍ണിയ്‌ക്കെതിരെ മത്സരിക്കുന്നത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരു വിഭാഗങ്ങള്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഉപതിരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള നിരീക്ഷരുടെ അഭിപ്രായം ബെല്ലാരിയില്‍ ഒരു പക്ഷെ കോണ്‍ഗ്രസ് ജയിച്ചേക്കാം എന്നാണ്. മുസ്ലിംങ്ങള്‍, കുറുബ, ലിംഗായത്തുകള്‍, മഡിക, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. എന്നാല്‍ വാല്‍മീകി, മറ്റ് പട്ടികജാതി സമുദായങ്ങള്‍ എന്നിവര്‍ ബിജെപിക്കും വോട്ട് ചെയ്തു എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് സമുദായക്കാരനുമായ ബിഎസ് യെദ്യൂരപ്പയെ ശ്രീരാമലു ഒതുക്കാന്‍ ശ്രമിക്കുകയും അടുത്ത മുഖ്യമന്ത്രിയാകുവാന്‍ പരിശ്രമിക്കുന്നു എന്ന വികാരം ലിംഗായത്ത് സമുദായത്തിനിടക്ക് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ മകന്റെ മരണം താന്‍ ശപിച്ചതു കൊണ്ടാണെന്നുള്ള ബിജെപി നേതാവ് ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ പരാമര്‍ശം, യെദ്യൂരപ്പയെ മറികടന്ന് മുഖ്യമന്ത്രിയാവാനുള്ള ശ്രീരാമലുവിന്റെ ശ്രമം എന്നിവെയാക്കെ ലിംഗായത്തുകളെ ബിജെപിക്ക് എതിരായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന് പ്രാദേശിക ബിജെപി നേതാവ് പ്രതികരിച്ചു.

ബിജെപി നേതാവിന്റെ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലാണ് നായക സമുദായത്തിലെ മുദ്ദല കൃഷ്ണ എന്ന യുവാവിന്റെ പ്രതികരണം. ഈ ഉപതെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ട് ചെയ്യുന്നില്ല എന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം മനസ്സ് മാറുകയും കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ തീരുമാനിക്കുകയും ആയിരുന്നു. ആവശ്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പ് വരുത്തി വച്ച ശ്രീരാമലുവിനെ ഒരു പാഠം പഠിപ്പിക്കണം എന്നെനിക്കുണ്ടായിരുന്നു യുവാവിന്റെ പ്രതികരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top