Flash News

കട്ടൗട്ടില്‍ ‘പാലാഭിഷേക’മില്ല; പകരം നിര്‍ധനയായ യുവതിയുടെ വിവാഹം നടത്തി വിജയ് ഫാന്‍സ്

November 6, 2018

imageമെഗാ-സൂപ്പര്‍ താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനു മുന്‍പ് ഫാന്‍സ് അസ്സോസിയേഷന്റെ പതിവ് രീതിയായ കട്ടൗട്ടിലെ ‘പാലാഭിഷേകം’ വേണ്ടെന്നു വെച്ച് തമിഴ് സൂപ്പർ സ്റ്റാർ ഇളയദളപതി വിജയിയുടെ ഫാന്‍സ്. അദ്ദേഹത്തിന്റെ ‘സര്‍ക്കാര്‍’ സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. അതിനോടനുബന്ധിച്ച് കോട്ടയം ഫാന്‍സ് അസോസിയേഷന്‍ പ്രവർത്തകര്‍ വിജയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയല്ല ശ്രദ്ധയാകര്‍ഷിക്കുന്നത്. റിലീസ് ആഘോഷത്തിനായി കരുതിയ പണവും അതിലുപരിയും സ്വരൂപിച്ചു നിര്‍ധനയായ ഒരു യുവതിയുടെ വിവാഹം നടത്തിക്കൊടുത്തു മാതൃകയാവുകയാണ് ഈ യുവാക്കള്‍.

കോട്ടയം മെഡിക്കല്‍ കോളേജിനു സമീപമുള്ള കാരുണ്യ സ്ഥാപനമായ സാന്ത്വനത്തിലെ അന്തേവാസിയായ ചങ്ങനാശ്ശേരി ചീരംചിറ സ്വദേശി കെഎം മോനിഷയാണ് ഇന്ന് വിവാഹിതയാകുന്ന ഇവരുടെ കുഞ്ഞുപെങ്ങള്‍. ചീരംചിറ സ്വദേശിയായ മണ്ണാത്തിപറമ്പില്‍ സിബി- ഉഷ ദമ്പതികളുടെ മകന്‍ സിനു സിബിയാണ് വരന്‍. ദീപാവലി ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി ഗത് സമനി പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് ഇരുവരും വിവാഹിതരാകും.

മോനിഷയ്ക്ക് ഇഷ്ടപ്പെട്ട ആലോചന വന്നപ്പോള്‍ എങ്ങനെ കല്യാണ ചെലവുകള്‍ നടത്തുമെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് കൈത്താങ്ങായി വിജയ് ഫാന്‍സ്‌ എത്തിയത്. ‘സര്‍ക്കാരിന്റെ’ കട്ടൗട്ടുകള്‍ സ്ഥാപിച്ച് പാലഭിഷേകം നടത്തുന്നതടക്കമുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് ഈ യുവാക്കള്‍ തുക സ്വരൂപിച്ചത്.

85000 രൂപ ചിലവിട്ട് മൂന്നര പവന്‍ സ്വര്‍ണ്ണം, മൂന്ന് ലക്ഷം വരുന്ന വിവാഹ ഒരുക്കങ്ങള്‍, എല്ലാം ഈ ആങ്ങളമാര്‍ ഏറ്റെടുത്ത് നടത്തുകയാണ്. വിജയ് സിനിമ റിലീസാകുന്ന ദിവസം തന്നെ മോനിഷയുടെ താലികെട്ട് നടത്താന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ് കോട്ടയത്തെ വിജയ് ഫാന്‍സ് അസോസിയേഷന്‍. വിവാഹശേഷം നൂണ്‍ഷോ തീരുന്ന ഉച്ചക്ക് ഒന്നരയോടെ ഇരുവരും കോട്ടയം അനുപമ തീയറ്ററില്‍ എത്തുമെന്ന് ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിജോ മാര്‍ക്കോസും പ്രവര്‍ത്തകരും സന്തോഷത്തോടെ പറയുന്നു.

എട്ടു വര്‍ഷം മുമ്പ് ഭര്‍ത്താവിന്‍റെ അമിത മദ്യപാനം ഉപദ്രവവും സഹിക്കാതെ മൂന്നു കുട്ടികളുമായി വീടുവിട്ടിറങ്ങിയതാണ് മോനിഷയുടെ മാതാവ് രാധാമണി. ഇവരുടെ നിസ്സഹായാവസ്ഥയിലാണ് സ്വാന്ത്വനം ട്രസ്റ്റ് ഡയറക്ടര്‍ ആനി ബാബു തുണയാകുന്നത്. അമ്മയെയും മൂന്ന് മക്കളെയും കൂടെ കൂട്ടി. കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. ഇതിനിടെ സ്വാന്ത്വ നത്തിലെ അന്തേവാസികള്‍ക്ക് വീടൊരുക്കാന്‍ സ്വകാര്യ വ്യക്തി പത്തര സെന്റ് സ്ഥലം സൗജന്യമായി നല്‍കി. അതില്‍നിന്ന് മൂന്നര സെന്റ് സ്ഥലം മോനിഷയുടെ അമ്മയുടെ പേരില്‍ എഴുതി നല്‍കി. മാന്നാനം കെഇ കോളജിലെ പഠനകാലത്ത് മോനിഷക്ക് കോളേജ് അധികൃതരുടെ കാരുണ്യത്താല്‍ ഈ സ്ഥലത്തു ഒരു വീടും നിര്‍മിച്ചു നല്‍കി. എറണാകുളത്ത് അക്കൗണ്ടന്റായി ജോലിയും കിട്ടി. ഇതിനിടെ എത്തിയ ആലോചനയിലാണ് സിനുവുമായുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹ ചെലവുകള്‍ നടത്താന്‍ സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലാണ് വിജയ് ഫാന്‍സ്‌ കൈപിടിക്കാന്‍ കൂടെയെത്തിയത്. തന്നെ ഇവിടെവരെ എത്തിച്ച സ്വാന്തനത്തില്‍ നിന്ന് സന്തോഷവതിയായി മോനിഷ പടിയിറങ്ങുകയാണ് അണിഞ്ഞൊരുങ്ങി സിനുവിന്‍റെ മണവാട്ടിയായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top