Flash News

മഴയ്ക്കു മുന്നേ അറബിക്കടലില്‍ റിലീസ് ചെയ്ത് ഫേസ്ബുക്ക് കൂട്ടായ്മ: സോണി കെ. ജോസഫ്

November 6, 2018

DSCN8496ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയാണ് തങ്ങള്‍ നിര്‍മ്മിച്ച ഫിലിം അറബിക്കടലില്‍ റിലീസ് ചെയ്ത് ശ്രദ്ധയാകര്‍ഷിച്ചത്. സൊസൈറ്റി കൂട്ടായ്മ നിര്‍മ്മിച്ച ‘മഴയ്ക്കു മുന്നെ’ എന്ന ഷോര്‍ട്ട് ഫിലിം ആണ് എറണാകുളത്തു അറബിക്കടലിലൂടെ നടത്തിയ ബോട്ട് യാത്രയില്‍ റിലീസ് ചെയ്തത്.

പ്രളയവും പേമാരിയും വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ചോ വലിയ സെലിബ്രിറ്റികളെ കൊണ്ടുവന്നോ ഒരു റിലീസ് വേണ്ടെന്ന് ഈ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. മറിച്ച്, പ്രളയദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളുടെ രക്ഷയ്ക്ക് ദൈവദൂതന്മാരെപ്പോലെ ഓടി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ചാണ് ഇവര്‍ അറബിക്കടലിലൂടെ ബോട്ട് യാത്ര നടത്തി ഫിലിം റിലീസ് ചെയ്ത് വിത്യസ്തരായത്. ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തതിനൊപ്പം മധുരപലഹാരവും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. തുടര്‍ന്ന് പാലാരിവട്ടം ഡോണ്‍ബോസ്‌ക്കോ സ്ക്കുളിന്റെ തിയേറ്ററില്‍ മഴയ്ക്ക് മുന്നെയുടെ പ്രദര്‍ശനവും നടന്നു. സിനിമ സ്വപ്നവുമായി നടന്ന കുറെപ്പേര്‍ ഫേസ്ബുക്കിലൂടെയാണ് പരസ്പരം അറിയുന്നത്. സോണി കല്ലറയ്ക്കല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇട്ട ഒരു പോസ്റ്റില്‍ രണ്ടു വര്‍ഷം മുന്‍പ് ഒത്തുകൂടിയവരാണ് സിനിമയെ സ്‌നേഹിക്കുന്ന ഇവര്‍. അന്ന് അവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ സിനിമയാണ് മിറക്കിള്‍. ഫേസ് ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി അന്ന് കിട്ടുകയും ചെയ്തിരുന്നു.

DSCN8428പിന്നീട് ഈ കൂട്ടായ്മ പല സിനിമ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. പക്ഷേ സിനിമയില്‍ എത്തിപ്പെടാന്‍ ഇവര്‍ക്ക് ആവശ്യമായ പണമോ പിന്‍ബലമോ ഇല്ലായിരുന്നു. അങ്ങനെയാണ് ഫേസ് ബുക്കില്‍ ഒത്തുചേര്‍ന്നവര്‍ ഗോഡ്‌സ് ഓണ്‍ സിനിമ $ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കുന്നത്. ആദ്യം ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുക. പിന്നീട് സിനിമയില്‍ ചുവട് ഉറപ്പിക്കുക എന്ന ലൈന്‍ ഈ ഗ്രൂപ്പ് സ്വീകരിക്കുകയായിരുന്നു.

അങ്ങനെ ഈ സൊസൈറ്റിയിലെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ പിറന്ന ഷോര്‍ട്ട് ഫിലിം ആണ് മഴയ്ക്ക് മുന്നെ. ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും ക്യാമറയുമെല്ലാം കൈകാര്യം ചെയ്തിരുക്കുന്നത് അംഗങ്ങള്‍ തന്നെ. സൊസൈറ്റി പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം ആണ് ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. കൂടെ സൊസൈറ്റിയുടെ മറ്റ് ഭാരവാഹികളായ ജോഷി സെബാസ്റ്റിന്‍, മുബ് നാസ് കൊടുവള്ളി, വിബിഷ് സി.ടി, ആഷിഖ് അബുദുള്ള എന്നിവര്‍ അസോസിയേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായും പ്രവര്‍ത്തിക്കുന്നു. ഒപ്പം ഒരു വനിതയും ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ബീനാ ടീച്ചര്‍ എന്ന ഒരു പ്രധാന കഥാപാത്രത്തെ ഇതില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയുംകട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍ ആണ്. അദേഹം രചിച്ച ‘മഴയൊരു നിറവായ് നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറികഴിഞ്ഞു. സൗഹൃദ ബന്ധനത്താല്‍ സച്ചിന്‍ ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. നിശോഭ് താഴെമുണ്ടയാട് എന്ന ഉഛജ ഒപ്പം ലെജീഷ് പി വി ( അസോസിയേറ്റ് )ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു .

DSCN8542സുനീഷ് വടക്കുമ്പാടനാണ് കലാസംവിധാനം . നിര്‍മ്മാണ നിയന്ത്രണം രക്ഷാധികാരി സോണി കല്ലറയ്ക്കല്‍ തന്നെ. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാംഅവതരിപ്പിച്ചിരിക്കുന്നത് ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്‍ക്കും അറിയാം . ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്‌നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം എന്ന വിശ്വാസം ഈ ഗ്രൂപ്പും വെച്ച് പുലര്‍ത്തുന്നു. സ്ക്കുള്‍ കുട്ടികളെ സീറോ ബഡ്ജറ്റില്‍ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നതിനും ഇപ്പോള്‍ ഈ ഗ്രൂപ്പ് നേതൃത്വം നല്‍കി വരുന്നു. കുട്ടികളെക്കൊണ്ട് തിരക്കഥ സ്വയം എഴുതിപ്പിച്ച് ചെലവില്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 18 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയ്ക്ക് മുന്നെ സമകാലിക സംഭവത്തിന്റെ ദൃഷ്യാവിഷ്ക്കാരവും സാമൂഹിക സന്ദേശം ഉണര്‍ത്തുന്ന വിഷയവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് അടുത്ത ചിത്രവും പുറത്തിറങ്ങുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഈ ഷോര്‍ട്ട് ഫിലിമിനുശേഷം ചെറിയ മുതല്‍ മുടക്കില്‍ ഒരു സിനിമ നിര്‍മ്മിക്കാനും ആലോചിക്കുന്നുണ്ട്. അതിനുള്ള തിരക്കഥാ ചര്‍ച്ചകളും അണിയറയില്‍ നടന്നുവരുന്നു. ഇതിനുള്ള പണം അംഗങ്ങളെക്കൊണ്ട് മാത്രം കണ്ടെത്താന്‍ പരിമിതികള്‍ ഉള്ളതിനാല്‍ പുറത്തുനിന്ന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും സൊസൈറ്റി ശ്രമിച്ചു വരുന്നു. സിനിമയില്‍ അഭിനയിക്കാനും സാങ്കേതികമായി പ്രവര്‍ത്തിക്കാനും താല്പര്യമുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ സ്വപ്നങ്ങള്‍ തങ്ങളുടേതാക്കി മാറ്റി ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ‘മഴയ്ക്ക് മുന്നെ‘ കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ 3 ദിവസങ്ങളിലായാണ് ഷൂട്ട് ചെയ്തത്.

സോണി കെ. ജോസഫ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top