Flash News

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്; ഇടക്കാല തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് അറ്റോര്‍ണി ജനറലിനെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിച്ച് ഡൊണാള്‍ഡ് ട്രം‌പ്

November 8, 2018

819430632.0വാഷിംടണ്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ അമിതമായ ആത്മവിശ്വാസം കൈക്കൊണ്ട പ്രസിഡന്റ് ട്രം‌പിന് പരാജയത്തിന്റെ രുചി അറിയേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ സമ്മര്‍ദ്ദത്തിലാക്കി രാജി വെപ്പിച്ചു.

പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദ്ദം കാരണമാണ് രാജി വെക്കുന്നതെന്ന് സെഷന്‍സ് തന്റെ രാജിക്കത്തില്‍ വ്യക്തമാക്കി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നതില്‍ നിന്ന് സെഷന്‍സ് പിന്‍മാറിയതാണ് രാജി ആവശ്യപ്പെടാന്‍ കാരണം. സെഷന്‍സിന്‍റെ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും പുതിയ അറ്റോര്‍ണി ജനറലിനെ ഉടന്‍ നിയമിക്കുമെന്നും ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സെഷന്‍സിനു പകരം മാത്യു വിറ്റാക്കറെ താൽക്കാലികമായി നിയമിച്ചു.

യുഎസ് നീതിന്യായ സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോർണി ജനറലിന്‍റേത്. ട്രംപിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുള്ളയാളായിരുന്നു സെഷൻസും. അലബാമയിൽനിന്നുള്ള സെനറ്ററായ സെഷൻസ് ആദ്യം ട്രംപ് അനുകൂലിയായിരുന്നു. സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റി അംഗമായിരിക്കെ സെഷൻസ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ജെഫ് സെഷന്‍സ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടിലുള്ളത്.

ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേറ്റത് കനത്ത തിരിച്ചടിയാണ്. ജനപ്രതിനിധി സഭയില്‍ 222 സീറ്റുകളില്‍ ഡെമോക്രാറ്റുകൾ വിജയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 196 സീറ്റുകളാണ് ലഭിച്ചത്. സെനറ്റില്‍ 5 സീറ്റുകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നിലാണ്. അതിനിടെ രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി ഒപ്പം നില്‍ക്കണമെന്ന് ട്രംപ് ഡെമോക്രാറ്റുകളോട് ആഹ്വാനം ചെയ്തു.

ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്‍റെ ആദ്യ പ്രതികരണമാണിത്. രാജ്യത്ത് സാമ്പത്തിക മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തന്നോടൊപ്പം ചേരണമെന്നാണ് ട്രംപ് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടത്. നിലവില്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യമാണ് അമേരിക്കയില്‍ ഒരുങ്ങുന്നതെന്ന് ഇടക്കാല തിരഞ്ഞെടുപ്പിലൂടെ വ്യക്തമാണ്. നിലവില്‍ 26 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകളിലെത്തി നില്‍ക്കുകയാണ്.

എട്ട് വര്‍ഷത്തിന് ശേഷമാണ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിക്കുന്നത്. വിർജീനിയ, ഫ്ലോറിഡ, പെൻസിൽവാനിയ, കോളറാഡോ തുടങ്ങിയ റിപ്പബ്ലിക്കന്‍ സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. നേരത്തെ, ഒബാമയുടെ ഭരണകാലത്താണ് ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തെ കുറിച്ചുള്ള ഹിത പരിശോധന കൂടിയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top