Flash News

ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രിക്കെതിരെ ശരണം വിളിയോടെ പ്രതിഷേധവുമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍

November 8, 2018

mahila (1)ഗുരുവായൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുവായൂരില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം. ശബരിമല വിഷയത്തിലാണ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ശരണം വിളിച്ചായിരുന്നു പ്രതിഷേധിച്ചത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടൊപ്പം അടുത്ത പരിപാടി നടക്കേണ്ടിയിരുന്ന പീച്ചിയിലേക്ക് പോകുന്ന വഴിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിന്നിരുന്നു. ഇവരെയും പോലീസ് നീക്കം ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യാനായി രാവിലെ പത്ത് മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മഞ്ജുളാലിന്റെ സമീപത്താണ് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

ഭ്രാന്താലയം എന്ന വിശേഷണമല്ല കേരളത്തിന് ലോകത്തിന്റെ മുന്നിലുള്ളത്. ഉയര്‍ന്ന മതിനിരപേക്ഷ സമൂഹമെന്ന പദവിയാണ്. ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടമാണിത്. ക്ഷേത്രപ്രവേശന സമരം ആചാരം ലംഘിച്ചാണ് നടന്നത്. ഗുരുവായൂര്‍ സത്യഗ്രഹ സമയത്ത് ആചാരം ലംഘിക്കണമെന്ന നിലപാടാണ് അന്നത്തെ കോണ്‍ഗ്രസ് എടുത്തത്. നവോത്ഥാന കാലത്ത് സ്വീകരിച്ച നിലപാട് തുടരാന്‍ കഴിയുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രം അടച്ചിട്ട ചരിത്രം ഗുരുവായൂര്‍ സത്യഗ്രഹത്തിനുണ്ട്. കേരളത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ നടന്ന സമരങ്ങളില്‍ അന്നത്തെ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ഇന്നത്തെ നിലയിലേക്ക് കേരളം ഉയര്‍ന്നത് തെറ്റായ ആചാരങ്ങള്‍ ലംഘിച്ചാണ്. ആചാരം ലംഘിച്ചാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്. ആചാരങ്ങള്‍ ലംഘിക്കാനുള്ളതു കൂടിയാണെന്ന് നമ്മളെ പഠിപ്പിച്ചത് സാമൂഹിക പരിഷ്കർത്താക്കളാണ്. നമ്മുടെ സാമൂഹിക ജീവിതം മുന്നോട്ട് പോകാന്‍ കഴിയാതെ നിരവധി അന്ധ വിശ്വാസങ്ങളാല്‍ കുടുങ്ങി കിടന്നതായിരുന്നു. വിശ്വാസത്തിന് പ്രാധാന്യം നല്‍കാത്ത കെ. കേളപ്പന്‍ സമരത്തിന് നേതൃത്വം കൊടുത്തത് എല്ലാവര്‍ക്കും ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്.

നിഷേധിക്കപ്പെട്ട അവകാശം നേടിയെടുക്കാന്‍ മുന്നില്‍ നിന്നവരാണ് കൃഷ്ണപിള്ളയും എ.കെ.ജിയും. ചാതുര്‍വര്‍ണ്യം തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ആചാരം പറയുന്നവര്‍. ആചാരങ്ങള്‍ മാറ്റമില്ലാത്തവയല്ല. അനാചാരങ്ങള്‍ മാറ്റിയാണ് നവോഥാനത്തിന്റെ വെളിച്ചം വന്നത്. വിശ്വാസികള്‍ തന്നെയാണ് അനാചാരങ്ങള്‍ മാറ്റുന്നതില്‍ മുന്നില്‍ നിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദൈവത്തിന്റെ മുന്നില്‍ എന്തിനാണ് മനുഷ്യന് വേര്‍തിരിവ്? ദൈവനാമം ആര്‍ക്കും നിഷിദ്ധമല്ല എന്നാണ് ഹരിനാമ കീര്‍ത്തനം പറയുന്നത്. ഹരിനാമ കീര്‍ത്തനം മുഴങ്ങുന്ന ഇടമാണ് ഗുരുവായൂര്‍. അനാചാരങ്ങള്‍ പരിരക്ഷിക്കാന്‍ മറയാക്കേണ്ട ഒന്നല്ല വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയ്ക്കു വിരുദ്ധമായി പുരാണങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉത്തരവാദപ്പെട്ട ചിലര്‍: മുഖ്യമന്ത്രി

ഭരണഘടനയ്ക്ക് വിരുദ്ധമായി പുരാണങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലരെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രവും യുക്തിബോധവും വളര്‍ത്തേണ്ടതു മൗലിക ചുമതലയായി രേഖപ്പെടുത്തിയിട്ടുള്ള ഭരണഘടനയാണ് നമ്മളുടേതെന്നും എന്നിട്ടും പുരാതനകാലത്തു പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നതിന്റെ തെളിവാണ് ഗണപതിയെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവിയാണെന്നും ജനിതക ശാസ്ത്രത്തിന്റെ തെളിവാണു കര്‍ണനെന്നും പറയുന്നവര്‍ പുരാണകഥകളെ ചരിത്രമായി ബോധപൂര്‍വം അവതരിപ്പിക്കുകയാണെന്നു പിണറായി പറഞ്ഞു. ഇതു ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണെന്നും പിണറായി ഓര്‍മിപ്പിച്ചു.

പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ അനലറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിഷയത്തില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി പിണറായിയെ കരിങ്കൊടി കാണിക്കാന്‍ പീച്ചി പട്ടിക്കാട് കാത്തുനിന്ന 6 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മടങ്ങിയശേഷം വിട്ടയച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top