Flash News

ഇന്ത്യയുടെ മഹാദുരന്തമെന്ന് വിശേഷിപ്പിക്കുന്ന നോട്ട് നിരോധനത്തിന് ഇന്ന് രണ്ടു വയസ്സ്

November 8, 2018

demonetisation-kqcG--621x414@LiveMintഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് വിശേഷിപ്പിച്ച, ‘മിഡ്‌നൈറ്റ്’ പ്രസംഗത്തിലൂടെ ഇന്ത്യാ മഹാരാജ്യത്തെ പിടിച്ചുലച്ച നോട്ട് നിരോധനം എന്ന ദുരന്ത നാടകത്തിന് ഇന്ന് രണ്ട് വര്‍ഷം. 2016 നവംബര്‍ 8-ാം തീയതി അര്‍ധരാത്രിയാണ് 500,1000 രൂപാ നോട്ടുകള്‍ നിരോധിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നത്. രാജ്യത്തു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും അഴിമതി കുറയുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

അത് വരെ പ്രചാരത്തിലുണ്ടായിരുന്ന 2402.3 കോടി രൂപയായിരുന്നു ഒരു രാത്രികൊണ്ട് അസാധുവായത്. ഇതില്‍ 1716. കോടി എണ്ണം 500 രൂപ നോട്ടുകളും 685.8 കോടി 1000 രൂപ നോട്ടുകളുമായിരുന്നു. എന്നാല്‍ അസാധുവാക്കിയ കറന്‍സിയില്‍ 99.03 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് ഒടുവില്‍ വെളിപ്പെടുത്തിയത്.

അപ്രതീക്ഷിത നീക്കത്തിലൂടെ കറന്‍സികള്‍ അസാധുവാക്കിയപ്പോള്‍ ശരിക്കും കുടുങ്ങിയത് സാധാരണ ജനങ്ങളായിരുന്നു. രാജ്യത്ത് വന്‍ തോതില്‍ കറന്‍സി ക്ഷാമം അനുഭവപ്പെട്ടു. പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറച്ചതോടെ എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് 115 പേര്‍ വിവിധയിടങ്ങളില്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടതും രാജ്യത്തെ സാമ്പത്തിക നിലയെ അവതാളത്തിലാക്കി. ജി.ഡി.പി നിരക്കിലും കാര്യമായ കുറവുണ്ടായി. പിന്നീടാണ് 2000,500 രൂപയുടെ പുത്തന്‍ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. എന്നാല്‍ ഇവ എ.ടി.എം വഴി പിന്‍വലിക്കാന്‍ കഴിയാത്തത് വീണ്ടും തിരിച്ചടിയായി.

50367-azbptsgcsk-1485686798നോട്ടുനിരോധനത്തിന്റെ ഭാഗമായി കള്ളപ്പണമായി സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ അസാധു നോട്ടുകള്‍ ആര്‍.ബി.ഐയിലേക്ക് തിരിച്ചെത്തില്ലെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അസാധുവാക്കിയ കറന്‍സിയില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ കേന്ദ്രത്തെ വീണ്ടും വെട്ടിലാക്കി. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ ഭൗതിക പണമിടപാട് നോട്ടു നിരോധനത്തിന് മുമ്പുള്ളതിനെക്കാള്‍ 9.5 ശതമാനം വര്‍ധിച്ചതായി ആര്‍.ബി.ഐയുടെ കണക്കുകള്‍ പറയുന്നുണ്ട്. 2016 നവംബര്‍ 4ന് 17.9 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സിയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ 2018 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം അത് 19.6 ലക്ഷം കോടിയായി വര്‍ധിച്ചു.

മൊബൈലിലൂടെയുള്ള പണമിടപാട് വര്‍ദ്ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2016 ഒക്ടോബറില്‍ 1.13 ലക്ഷം കോടി രൂപയുടെ മൊബൈല്‍ പണമിടപാട് 2018 ആഗസ്‌തോടെ 2.06 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.

നോട്ടുനിരോധനം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നികുതി അടയ്ക്കാത്ത സമൂഹത്തില്‍ നിന്നും നികുതി കൃത്യമായി അടയ്ക്കുന്ന സമൂഹത്തിലേക്ക് ഇന്ത്യാക്കാരെ മാറ്റാനായതാണ് നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നോട്ടുനിരോധനത്തിന് മുമ്പ് 6.6 ശതമാനമായിരുന്ന നികുതി വരുമാനം ഇപ്പോള്‍ 9 ശതമാനമാണ്. ഏതാണ്ട് 15 മുതല്‍ 18 ശതമാനം വരെ വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. വരും വര്‍ഷങ്ങളിലും ഈ പ്രവണത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

demonetisationനോട്ട് നിരോധനവും ജി.എസ്.ടിയും ഏല്‍പ്പിച്ച താത്കാലിക ആഘാതത്തില്‍ നിന്നും രാജ്യം കരകയറിയെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തെ സാമ്പത്തിക രംഗം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും തൊഴില്‍ രംഗത്ത് ഇപ്പോഴും മുരടിപ്പാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആകുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്നത് കൂടിയാണ് ലോകബാങ്ക് റിപ്പോര്‍ട്ട്.

അതിനിടെ ആര്‍.ബി.ഐയുടെ കൈവശമുണ്ടായിരുന്ന കരുതല്‍ ശേഖരത്തില്‍ നിന്നും കേന്ദ്രം 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആര്‍.ബി.ഐയുടെ സ്വയംഭരണ അവകാശത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 19ന് ഉര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഉര്‍ജിത് പട്ടേല്‍ രാജിവച്ചാല്‍, അത് നരേന്ദ്ര മോദി സര്‍ക്കാരിനും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാകും. കേന്ദ്രസര്‍ക്കാരും കേന്ദ്രബാങ്കും തമ്മിലെ പോര്, ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതിന് തടസമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ, രാഷ്ട്രീയമായും ഉര്‍ജിതിന്റെ രാജി സര്‍ക്കാരിനെ വലയ്ക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top