Flash News

നഷ്ടപ്പെടുത്തിയ മാര്‍തോമാ പൈതൃകം

November 8, 2018 , ചാക്കോ കളരിക്കല്‍

marthoma pythrikam banner-1എന്നെ സംബന്ധിച്ചിടത്തോളം മാര്‍തോമാ ക്രിസ്ത്യാനികളുടെ ചരിത്രവും പൈതൃകവും പഠിച്ചുപോയത് വേദനയായി. മാര്‍തോമാ നസ്രാണി കത്തോലിക്കാ സഭയില്‍ എന്‍റെ പൂര്‍വീകര്‍ ജനിക്കാനും ഞാന്‍ ആസഭയെ സ്‌നേഹിക്കാനും കാരണമായത് സങ്കടമായി. മാര്‍തോമാ നസ്രാണി കത്തോലിക്കരുടെ മേലധ്യക്ഷന്മാര്‍ (സീറോ മലബാര്‍ മെത്രാന്‍ സിനഡ്) ഒറ്റക്കെട്ടായി അവര്‍ സംരക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്ന മാര്‍തോമാപാരമ്പര്യത്തെയും പൈതൃകത്തെയുംഎന്നന്നേയ്ക്കുമായി ഇല്ലാതാക്കിയത് ദുഃഖകരമായി.

ഏതൊരു സഭയ്ക്കും (റീത്തിനും)അതിന്‍റെതായ ചരിത്രവും അതിനെ മറ്റ്‌സഭകളില്‍ നിന്നും വേര്‍തിരിക്കുന്ന കൃത്യമായ അതിരുകളുമുണ്ട്. വസ്തുശാസ്ത്രത്തിലാണെങ്കില്‍ അത്തരം അതിരുകളെ ‘പ്രാകാരവിധി’ കള്‍എന്നു പറയും. ഒരു സഭയെ സംബന്ധിച്ചു ചിന്തിക്കുമ്പോള്‍ അതിന്‍റെ പ്രാകാര വിധികള്‍ ദൈവശാസ്ത്രം, ആരാധനക്രമം, ആധ്യാത്മികത, ശിക്ഷണ ക്രമം, ഭക്താഭ്യാസങ്ങള്‍, പാരമ്പര്യങ്ങള്‍, ഭരണരീതികള്‍, സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങള്‍ തുടങ്ങിയവയാണ്.

ആപ്രാകാര വിധികളാണ് ഭാരതീയ ക്രൈസ്തവ സമുദായത്തിന്‍റെയും സഭകളുടെയും അസ്തിത്വത്തിന്റെ നിദാനം. അപ്പോള്‍ നസ്രാണി പാരമ്പര്യ ബന്ധങ്ങളെ വിളംബരം ചെയ്യുന്ന സ്മാരകങ്ങളാണ് പൈതൃക പ്രാകാര വിധികള്‍. കാലികങ്ങളായ മാറ്റങ്ങള്‍ സഭയില്‍ കൊണ്ടുവരുമ്പോള്‍ അതിന്‍റെ ചരിത്രത്തെയും പൈതൃകത്തെയും മുറിവേല്‍പ്പിക്കുന്നവ ആയിരിക്കാന്‍ പാടില്ല. ചരിത്രബോധമോ സത്വബോധമോ ഇല്ലാത്ത സഭാധികാരികള്‍ പ്രാകാര വിധികളില്‍/പൈതൃകങ്ങളില്‍ മുറിവുകള്‍ ഏല്പിക്കുന്നത് സ്വാര്‍ത്ഥ താത്പര്യം കൊണ്ടുമാത്രമാണ്.

സ്വന്തം അധികാരത്തിനും അതിനു സമാനമായി സമ്പത്തിനും വേണ്ടി പൈതൃകങ്ങളെ എങ്ങനെ വൈകൃതമാക്കാമെന്നാണ് ഇത്തരക്കാര്‍ ചിന്തിക്കുന്നത്. അതിന് സ്വന്തം കാര്യലബ്ധിക്കായി കണ്ണടച്ച് പിന്തുണ നല്‍കുന്ന പുരോഹിതരും നക്കാപ്പിച്ച കാര്യലാഭത്തിനായി ചൂട്ടുപിടിക്കുന്ന സഭാ പൗരരും ഒന്നുപോലെ തെറ്റിന് കൂട്ടു നില്‍ക്കുന്നവരാണ്. നമ്മുടെ പിതാമഹന്മാരെ ബഹുമാനിക്കുന്ന ഒരു വ്യക്തിക്കും സഹിക്കാനാവുന്നതിനപ്പുറമാണത്.

മാര്‍തോമാ മലങ്കരയില്‍ കൊണ്ടുവന്ന് പാകി മുളപ്പിച്ചു വളര്‍ത്തിയ യേശുസന്ദേശങ്ങള്‍ സ്ഥലകാല സാഹചര്യങ്ങളിലൊതുങ്ങി പലവിധ മതിലുകള്‍ സൃഷ്ടിച്ച് പതിനഞ്ചു നൂറ്റാണ്ടുകള്‍ താണ്ടി. പിന്നീടത് മതകൊളോണിയ പിടിയിലമര്‍ന്ന് അതിന്‍റെ പലമതിലുകളും പൊളിച്ചു പണിതു. അത് നസ്രാണി സമൂഹത്തിനേറ്റ വന്‍ പ്രഹരമായിരുന്നു. ചരിത്ര ബോധമില്ലാത്ത അഥവാ ചരിത്രബോധത്തെ മനഃപൂര്‍വം തമസ്ക്കരിച്ച അധികാരികള്‍ തങ്ങള്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന്‌ നോക്കാതെ, ഈ അടുത്ത കാലത്ത്, ആ മതിലുകളെ തങ്ങളുടെ ഇഷ്ടപ്രകാരം വീണ്ടും പൊളിച്ചു കെട്ടി.

അതുമൂലം സഭാമക്കള്‍ക്കുണ്ടായ നൊമ്പരവും വേദനയും ആരറിയാന്‍!

സംരക്ഷിക്കേണ്ടത് നാം സംരക്ഷിക്കണം; പൊളിച്ചടുക്കുകയല്ലാ വേണ്ടത്. അതല്ലായെങ്കില്‍ വരുംതലമുറയോട് നാം ചെയ്യുന്ന വലിയ പാതകമായിരിക്കുമത്. ആയതിനാല്‍ പൊളിച്ചു കെട്ടിയ മതിലുകളെ പൂര്‍വ പാരമ്പര്യത്തിലും പൈതൃകത്തിലുമധിഷ്ഠിതമായി പ്രാകാര വിധികളോടെ പുനര്‍ നിര്‍മിക്കപ്പെടണം. മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും വകവയ്ക്കാതെയും അവഗണിച്ചും കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷം കൊണ്ട് സീറോ മലബാര്‍ മെത്രാന്‍ സിനഡ് മാര്‍തോമാ നസ്രാണി സഭയെ ലത്തീന്‍ സഭയുമായി അനുരൂപപ്പെടുത്തി.ഹൃദയമുള്ള ഒരു നസ്രാണിക്കും സഹിക്കാന്‍ സാധിക്കുന്ന കാര്യമല്ല, അവര്‍ കാട്ടിക്കൂട്ടിയത്. എന്തിനുവേണ്ടി? യേശുപഠനത്തിന് കടകവിരുദ്ധമായി അധികാരത്തിനും സമ്പത്തിനും വേണ്ടി.

ഞാന്‍ സ്‌നേഹിക്കുന്ന സഭയുടെ മൗലികത നഷ്ടപ്പെട്ടു പോയതില്‍ ഞാന്‍ കഠിനമായി വേദനിക്കുന്നു. നിങ്ങള്‍ക്കും അതില്‍ വേദനയുണ്ടെന്ന് ഞാന്‍ കരുതുന്നു. മഹത്തായ നസ്രാണി പാരമ്പര്യത്തെയും പൈതൃകത്തെയും തകര്‍ത്ത് പാശ്ചാത്യര്‍ പാശ്ചാത്യവല്‍ക്കരിക്കാന്‍ ശ്രമിച്ചെങ്കില്‍ നമുക്കത് മനസ്സിലാക്കാനാവുന്നതേയുള്ളൂ. എന്നാല്‍ ഇന്നീ കര്‍മ്മം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ നാട്ടുമെത്രാന്മാരും അവര്‍ക്ക് ഓശാന പാടി നിന്ന ക്ലര്‍ജികളും ഇക്കാര്യത്തില്‍ കൂട്ടുകുറ്റക്കാരാണ്. മാറിമാറി വരുന്ന വികാരിമാരുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് തകര്‍ന്നടിയുന്ന നമ്മുടെ അതിപുരാതന ദേവാലയങ്ങള്‍ പോലെ നസ്രാണി പാരമ്പര്യവും പൈതൃകവും നാമാവിശേഷമായിക്കൊണ്ടിരിക്കുന്നു.

സഭാപൗരരുടെ അഭിപ്രായങ്ങളെ ശ്രവിക്കാന്‍ കൂട്ടാക്കാത്ത മെത്രാന്മാര്‍ കാട്ടിക്കൂട്ടുന്ന തോന്യാസങ്ങളെ നമുക്കകലെ നിന്ന് വേദനയോടെ അനുഭവിക്കാനെ കഴിയൂ. ഇവര്‍ക്കുള്ള അധികാരം ദൈവത്തില്‍ നിന്ന് നേരിട്ട് കിട്ടിയതാണെന്നുള്ള തട്ടിപ്പു പറഞ്ഞാലും എല്ലാവരും ഒത്തുപിടിച്ചാല്‍ ഈ ധിക്കാരികളെ മൊത്തത്തോടെ മഹറോന്‍ ചൊല്ലാന്‍ കഴിയും.

പ്രിയരേ, ചരിത്രം നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും ഇന്നെവിടെ? കടപുഴക്കി മെത്രാന്‍ സംഘം അതിനെ വേമ്പനാട്ടു കായലില്‍ തള്ളി. സത്യത്തില്‍ ഇന്നവര്‍ സഭാപൗരരുടെ നേരെ കൊലച്ചിരിയുമായി നില്‍ക്കുകയാണ്, അധികാരവും സമ്പത്തും അവരുടെ പിടിയില്‍ അമര്‍ന്നതിന്റെ പേരില്‍. മാര്‍തോമാ നസ്രാണി കത്തോലിക്കാ സഭയില്‍ നടക്കുന്ന സമകാലിക സംഭവവികാസങ്ങളെ വിലയിരുത്തുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും ഈ സഭയ്ക്ക് സംഭവിച്ചുകൊണ്ടിരുക്കുന്ന അപചയം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “നഷ്ടപ്പെടുത്തിയ മാര്‍തോമാ പൈതൃകം”

  1. Alexander Mapleton says:

    Very well arranged, written, enlightening and thought provoking article. Nothing will change until the laity act. Wake up

  2. Thomas T A says:

    ഇന്ന് സഭയെ പ്രതിനീധീകരിക്കന്നതും മെത്രാന്‍മാര്‍ക്ക് വേണ്ടതും കരിമ്പിന്‍കാലാകളാണ്. എവിടെ അവസാനിക്കുമെന്ന് വ്യക്തമാണല്ലൊ.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top