- Malayalam Daily News - http://www.malayalamdailynews.com -

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ദസ്സോ സി‌ഇഒ എറിക് ട്രാപ്പിയര്‍; അനില്‍ അംബാനിയുടെ റിലയന്‍സിനെ തിരഞ്ഞെടുത്തത് തങ്ങള്‍ തന്നെയാണെന്ന്

eric-trapierന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയായി തിരഞ്ഞെടുത്തത് തങ്ങള്‍ തന്നെയാണെന്ന് ദസ്സോ സിഇഒ എറിക് ട്രാപ്പിയര്‍. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് എറിക് ഇക്കാര്യം വ്യക്തമാക്കിയത്.

റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിയെ ദസ്സോ പങ്കാളിയാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. റിലയന്‍സിനെ പങ്കാളിയാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തിയെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. തങ്ങള്‍ തന്നെയാണ് റിലയന്‍സിനെ തിരഞ്ഞെടുത്തതെന്ന ദസ്സോ സി ഇ ഒയുടെ വാദം പ്രധാനമന്ത്രിയെ രക്ഷിക്കാനാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

റഫാല്‍ യുദ്ധവിമാനക്കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ കരാറില്‍ പങ്കാളിയാക്കിയത് മോഡി സര്‍ക്കാരിന്റെ താത്പര്യപ്രകാരമാണെന്നാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദാണ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ച് രംഗത്തെത്തി. ഫ്രഞ്ച് വെബ്‌സൈറ്റായ മീഡിയാ പാര്‍ട്ടിയാണ് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. അനില്‍ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ തങ്ങള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു എന്നും തങ്ങള്‍ക്ക് തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്‍ദ് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇത് നിഷേധിച്ച ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ചു. ഫ്രഞ്ച് മുന്‍ പ്രസിഡന്റാണോ ഇത് പറഞ്ഞതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധ മന്ത്രാലയ വ്യക്താവ് പറഞ്ഞിരുന്നു.

ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനാണ് റഫാല്‍ പോര്‍വിമാനം നിര്‍മ്മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാരീസ് യാത്രയിലാണ് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ മാറ്റിവെച്ച് പുതിയ തീരുമാനം കൈക്കൊണ്ടത്. അന്ന് ഫ്രാന്‍സ് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വാ ഒലോന്‍ദുമായി 36 പോര്‍വിമാനങ്ങള്‍ വ്യോമസേനക്കായി വാങ്ങാനാണ് മോഡി തീരുമാനിച്ചത്. കരാര്‍ പ്രകാരം ദസോള്‍ട്ടിന്റെ ഇന്ത്യന്‍ പങ്കാളിയായത് റിലയന്‍സാണ്.

ഇതുവഴി 30,000 കോടി രൂപയുടെ കരാറാണ് റിലയന്‍സിന് ലഭിക്കുക. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ(എച്ച്എഎല്‍) തഴഞ്ഞാണ് സ്വകാര്യ കമ്പനിയായ റിലയന്‍സിന് പങ്കാളിത്തം നല്‍കിയത്.
18 പോര്‍വിമാനങ്ങള്‍ നേരിട്ട് വാങ്ങാനും 108 പോര്‍വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍(എച്ച്എഎല്‍) നിര്‍മ്മിക്കാനുമാണ് യുപിഎ സര്‍ക്കാര്‍ രൂപപ്പെടുത്തിയ കരാര്‍. ഇത് മാറ്റിവെച്ച് 36 പോര്‍വിമാനങ്ങള്‍ കൂടിയ വിലയ്ക്ക് ഫ്രാന്‍സില്‍ നിന്ന് വാങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തീരുമാനിച്ചത്.

കോണ്‍ഗ്രസ് ജെപിസി അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും മോഡി സര്‍ക്കാര്‍ അത് തളളിക്കളഞ്ഞിരുന്നു. 2019 സെപ്റ്റംബര്‍ മുതല്‍ കരാര്‍പ്രകാരം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തും. റഫാല്‍ ഇടപാടില്‍ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സര്‍ക്കാരിനെ പിന്തുണച്ച് എത്തിയിരുന്നു.

ഇങ്ങനെ വിവാദം കത്തുന്നതിനിടെയാണ്‌ താന്‍ കള്ളം പറയാറില്ലെന്നും അംബാനിയെ തങ്ങള്‍ തന്നെ തിരഞ്ഞെടുത്തതാണെന്നും എറിക് അഭിപ്രായപ്പെടുന്നത്‌. താന്‍ മുമ്പു പറഞ്ഞ കാര്യങ്ങളും പ്രസ്താവനകളും സത്യമാണ്. കള്ളം പറയുന്ന ശീലം എനിക്കില്ല. സി ഇ ഒ എന്ന നിലയില്‍ എനിക്ക് കള്ളം പറയാനാകില്ലെന്ന് എറിക് കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]