Flash News

കേന്ദ്രത്തെ റഫാലില്‍ കുരുക്കി സുപ്രിം കോടതി; എയര്‍ വൈസ് മാര്‍ഷലും നാല് വൈസ് എയര്‍ മാര്‍ഷലുമാരും കോടതിയിലെത്തി

November 14, 2018

newsrupt2018-11f1d0f008-ab77-4b1d-9fd2-4eeec9a1ef2846147866_2291513734412857_5180953980410265600_nന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളില്‍ വാദം കേള്‍ക്കവെ പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. അഡീഷണല്‍ ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഇതിന്റെ വിശദാംശങ്ങള്‍ തേടി. ചീഫ് ജസ്റ്റിസിന്റെ ശാസനയെ തുടര്‍ന്ന് എയര്‍ മാര്‍ഷലും നാല് വൈസ് എയര്‍ മാര്‍ഷലുമാരും കോടതിയിലെത്തി വിശദീകരണം നല്‍കി. നേരത്തെ റാഫേലിന്റെ സാങ്കേതിക വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയേണ്ടെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വാദം നടക്കുമ്പോള്‍ വ്യോമസേന ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയിലുണ്ടാവണമെന്ന് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത്.

കേന്ദ്ര സര്‍ക്കാരിനെ കുരുക്കുന്ന നാല് ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ നാലു മണിക്കൂറിലേറെ നീണ്ട വാദത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രത്തിനുവേണ്ടി വാദിച്ചു. എജിയുടെ വാദങ്ങളോടു ശക്തമായ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഉയര്‍ത്തിയത്.

സുപ്രീംകോടതിയുടെ നിര്‍ണായക നാല് ചോദ്യങ്ങള്‍ ഇവയാണ്:

1. ഓഫ് സെറ്റ് കരാറില്‍ മാറ്റം വരുത്തിയതെന്തിന്?
2. ഓഫ് സെറ്റ് കരാറും മുഖ്യകരാറും ഒന്നിച്ചല്ലേ പോകേണ്ടത്?
3. ഏതെല്ലാം രാജ്യങ്ങള്‍ റഫാല്‍ വിമാനം വാങ്ങിയിട്ടുണ്ട്?
4. ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യമുള്ള വിമാനങ്ങളുടെ എണ്ണവും ഇനവും ഏതെല്ലാം?

റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുമാണ് കോടതി അന്വേഷിച്ചത്. 1985ന് ശേഷം പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് എയര്‍ ഫോഴ്‌സ് വൈസ് മാര്‍ഷല്‍ അറിയിച്ചു. വ്യോമസേനയില്‍ പുതിയതായി ചേര്‍ത്തവ എന്തൊക്കെയാണെന്ന് കോടതി ചലപതിയോട് ചോദിച്ചു. സുഖോയ് – 30 ആണ് ഏറ്റവും പുതിയതായി സേനയില്‍ ചേര്‍ത്തിരിക്കുന്നത്. ഇനി 4+ തലമുറയില്‍പ്പെട്ട ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യയ്ക്ക് ആവശ്യം. അതാണ് റഫാല്‍ ജെറ്റുകള്‍ തെരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു. ഡിഫന്‍സ് പ്രോക്യുര്‍മെന്റ് പോളിസിയില്‍ 72 ല്‍ വരുത്തിയിട്ടുള്ള മാറ്റം എന്തിനായിരുന്നെന്നും ഏത് സാഹചര്യത്തിലാണ് അത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അഡി. ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് സുപ്രീം കോടതി വിശദാംശങ്ങള്‍ തേടി.

കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ചോദിച്ചു. അക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ഉറപ്പില്ലെന്ന് എജി വ്യക്തമാക്കി.

അതേസമയം, റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാല്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നീക്കം കോടതി തടഞ്ഞു.

ഇടപാടിന്റെ നടപടിക്രമങ്ങളില്‍ പെട്ടെന്നൊരു വ്യതിയാനമാണ് ഉണ്ടായിരിക്കുന്നതെന്ന് അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ ഇത്തരം പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ നീതീകരിക്കാനാകില്ല. കേന്ദ്ര സര്‍ക്കാരും ഡാസോ ഏവിയേഷനും തമ്മിലുള്ള കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറായി കണക്കാക്കാനാകില്ല. സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ വാണിജ്യ കരാര്‍ മാത്രമാണെന്നും ഹെഗ്‌ഡെ വാദിച്ചു.

റഫാല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ അല്ലെന്ന് കോണ്‍ഗ്രസ് കോടതിയില്‍ വാദിച്ചു. ദസോയും പ്രതിരോധ മന്ത്രാലയവും തമ്മിലാണ് കരാര്‍ ഒപ്പിട്ടതെന്നും ഫ്രഞ്ച് സര്‍ക്കാര്‍ സമ്മതപത്രം നല്‍കുക മാത്രമാണ് ചെയ്തതെന്ന് കപില്‍ സിബല്‍ വാദിച്ചു. എറിക് ട്രാപ്പിയര്‍ പറയുന്നത് കള്ളമാണ്. എച്ച്.എഎല്ലിന് ഭൂമിയില്ലാത്തതിനാല്‍ ഒഴിവാക്കിയെന്ന ട്രാപ്പിയറിന്റെ വാദവും കള്ളമാണെന്നും ഭൂമിയുള്ളതിനാല്‍ റിലയന്‍സിനെ പങ്കാളിയാക്കിയെന്ന വാദവും കള്ളമെന്നും കപില്‍ സിബല്‍ വാദിച്ചു.

”പ്രിയപ്പെട്ട എയര്‍ മാര്‍ഷല്‍, വൈസ് മാര്‍ഷല്‍സ് നിങ്ങള്‍ക്ക് ഇനി മടങ്ങിപ്പോകാം. ഇവിടെ കോടതിയില്‍ വ്യത്യസ്തമായ യുദ്ധ രീതിയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ റൂമുകളിലേക്ക് മടങ്ങി പോകാം.” ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞ വാക്കുകളാണിത്. അഞ്ച് മണിക്കൂറോളം നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top