Flash News

ശബരിമല; സര്‍‌വ്വകക്ഷി യോഗം പരാജയമെന്ന് രമേശ് ചെന്നിത്തല; ചര്‍ച്ച സൗഹാര്‍ദ്ദപരമെന്ന് മുന്‍ രാജകുടുംബവും തന്ത്രി കുടുംബവും

November 15, 2018

cm-2തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തസര്‍വകക്ഷിയോഗം പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. എന്നാല്‍, ചര്‍ച്ച സൗഹാര്‍ദപരമായെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ കൂടിയാലോചനകള്‍ക്ക് സമയം വേണമെന്നും മുന്‍ രാജകുടുംബവും തന്ത്രി കുടുംബവും പറഞ്ഞു.

യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്. സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് പിടിവാശിയാണ്. സാവകാശം തേടണം. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ”ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. സർക്കാർ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാൻ സാവകാശഹർജി നൽകണം എന്നതായിരുന്നു, രണ്ട് -വിധി നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഐഎമ്മും പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ ഒത്തു കളിയ്ക്കുകയാണ്.” ചെന്നിത്തല സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിനോട് രണ്ടു കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് മുഖ്യമന്ത്രി നിഷേധിച്ചു. വിധി നടപ്പാക്കുന്നതിൽ സാവകാശം തേടണമെന്നും ജനുവരി 22 വരെ വിധി നടപ്പാക്കുന്നതു നിർത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. സർവകക്ഷി യോഗം പ്രഹസനമായിരുന്നു. സമവായത്തിനുള്ള ഒരുനീക്കവും ഉണ്ടായില്ല. ഇനി എന്തു പ്രശ്നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രിയാണ്. സർക്കാർ ബിജെപിയുടെയും ആർഎസ്എസിന്റെയും കയ്യാങ്കളിക്ക് കൂട്ടുനിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

രൂക്ഷവിമർശനമാണ് ബിജെപിയും കോൺഗ്രസും സർവകക്ഷിയോഗത്തിൽ സർക്കാരിനെതിരെ ഉന്നയിച്ചത്. സർക്കാർ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമപരമായ കാര്യങ്ങൾ കൂടി ചർച്ച ചെയ്യുന്ന യോഗത്തിൽ നിയമമന്ത്രി എ.കെ.ബാലൻ പങ്കെടുത്തില്ല. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വിട്ടുവീഴ്ച വേണമെന്ന തരത്തിൽ പ്രസ്താവന നടത്തിയതു കൊണ്ടാണ് എ.കെ.ബാലനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം 11 മണിയ്ക്കാണ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടന്നത്.

പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ച ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്‍റെയും, പന്തളം കൊട്ടാരത്തിന്‍റെയും പ്രതിനിധികൾ പങ്കെടുക്കുന്ന പ്രത്യേകയോഗം.

newsrupt2018-119bacf744-8c96-41ac-ba34-92286c14689dthantriഎന്നാല്‍, മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച സൗഹാര്‍ദ്ദപരമാണെന്ന് മുന്‍ രാജകുടുംബാംഗം ശശികുമാര വര്‍മ്മ പറഞ്ഞു. ആചാരങ്ങളുടെ ഭാഗമായതിനാല്‍ എല്ലാവരുമായി ചര്‍ച്ച നടത്തിയെ തീരുമാനം എടുക്കാന്‍ സാധിക്കുകയുളളു. അന്തിമതീരുമാനം കൂടുതല്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമെ പറയാന്‍ സാധിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സമവായ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പരിമിതികളും കോടതി വിധിയെക്കുറിച്ചും മുഖ്യമന്ത്രി അറിയിച്ചു. ആചാര അനുഷ്ഠാനങ്ങളില്‍ പിറകിലോട്ട് പോകാന്‍ പറ്റാത്തതിനെക്കുറിച്ച് തങ്ങളും വ്യക്തമാക്കി. തങ്ങളുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനമായി കൈമാറി. യുവതി പ്രവേശനം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

യുവതികള്‍ ദയവായി ശബരിമലയിലേക്ക് വരരുതെന്നാണ് തന്ത്രി കണ്ഠരര് രാജീവര് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ചില പ്രത്യേക ദിവസങ്ങളില്‍ യുവതികള്‍ക്ക് പ്രവേശനം സാധ്യമാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തിന് ശേഷം പറഞ്ഞിരുന്നു. വൈകിട്ട് മുന്‍ രാജകുടുംബം, തന്ത്രി കുടുംബം എന്നിവരുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top