Flash News

ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്

November 18, 2018

sure2ശബരിമലയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ കാണിച്ച പ്രകടനങ്ങളെല്ലാം കാപട്യമായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. പോലീസ് ഇരുമുടിക്കെട്ട് താഴെയിട്ട് ചവിട്ടിയെന്നും തന്നെ നിലത്തിട്ട് വലിച്ചിഴച്ചെന്നുമൊക്കെയുള്ള ആരോപണം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ബിജെപി നേതാവ് തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് മനപൂര്‍വ്വം താഴെയിടുന്നതിന്റെ ദൃശ്യങ്ങള്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടു. പൊലീസ് ഇരുമുടിക്കെട്ട് താഴെയിട്ടെന്നും തന്നെ നിലത്തിട്ട് വലിച്ചിഴച്ചെന്നുമായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സുരേന്ദ്രന്‍ ബോധപൂര്‍വ്വം ഇരുമുടിക്കെട്ട് രണ്ട് തവണ താഴെയിടുന്നതും രണ്ടുതവണയും എസ്പി തിരിച്ച് ചുമലില്‍ വെച്ചുകൊടുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് സ്റ്റേഷനിലെ സിസി ടിവി ക്യാമറ ഒപ്പിയെടുത്തതുള്‍പ്പെടെ മൂന്ന് വീഡിയോകള്‍ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

“കെ.സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം 2 തവണ താഴെയിടുന്നത് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തു.”

മരുന്നും കഴിക്കാന്‍ അനുവദിച്ചില്ലെന്നും കുടിവെളളം നിഷേധിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ താന്‍ നേരിട്ട് വിളിച്ചിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ദേവസ്വം മന്ത്രി അറിയിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി എന്താണ് നടന്നതെന്ന് കാമറയില്‍ ഉണ്ടെന്നും സിഐ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനില്‍ സുരേന്ദ്രന് എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നു. ഉറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്നത് കളളക്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല നട അടച്ചതിന് ശേഷം ആരെയും സന്നിധാനത്ത് വിരിവെക്കാന്‍ അനുവദിക്കില്ലെന്ന പൊലീസ് തീരുമാനത്തിന്റെ ഭാഗമായാണ് കെ സുരേന്ദ്രനെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. കോടതി സുരേന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

സംഘം ചേരല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. കൊട്ടാരക്കര സബ്ജയിലിലാണ് സുരേന്ദ്രന്‍ ഇപ്പോഴുളളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top