Flash News

ശബരിമല ദര്‍ശനത്തിന് കൊച്ചിയിലെത്തി രഹസ്യ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ആറ് യുവതികള്‍ പോലീസ് നിരീക്ഷണത്തില്‍

November 19, 2018

newsrupt2018-11318472cb-041f-4dc6-a129-be23157da8a3sabarimala2ശബരിമലയില്‍ ദര്‍ശനത്തിനു പോകാന്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്ന് വന്ന് കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ താമസിക്കുന്ന ആറ് യുവതികള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. മലബാറില്‍ നിന്ന് ട്രെയിനിലാണ് ഇവരെത്തിയതെന്നും പോലീസ് പറയുന്നു. ആറ് യുവതികളെക്കുറിച്ചും അവരുടെ പശ്ചാത്തലം എന്താണെന്നതിനെക്കുറിച്ചും പൊലീസ് പരിശോധന നടത്തുകയാണെന്നാണ് വിവരം. നേരത്ത നട തുറന്നപ്പോള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ പൊലീസ് സംഘര്‍ഷ സാധ്യത ധരിപ്പിച്ച് മടക്കി അയച്ചിരുന്നു. യുവതികള്‍ സന്നിധാനത്തേക്ക് എപ്പോള്‍ പോകുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ഇക്കാര്യത്തില്‍ പ്രതിഷേധം ഉറപ്പാണെന്നതിനാല്‍ പൊലീസ് നിരീക്ഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം യുവതികള്‍ സന്നിധാനത്തേക്ക് എത്തിയാല്‍ അത് പ്രതിഷേധം ശക്തമാകാന്‍ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ കനത്ത ജാഗ്രതയാണ് പൊലീസും ഇവിടെ പുലര്‍ത്തുന്നത്.

മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി 800ലേറെ സ്ത്രീകള്‍ ബുക്ക് ചെയ്തിരുന്നു. കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് സൈറ്റില്‍ നിന്ന് നീക്കിയിരുന്നു. ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ട യുവതികളാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കൂടാതെ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന കാര്യം വ്യക്തമല്ല.

കേരളത്തില്‍ നിന്ന് എത്ര സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പുറത്തു വിട്ടിട്ടില്ല. മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്നവരുടെ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതികളുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ ആര്‍എസ്എസുകാരായ പ്രതിഷേധക്കാരെ എത്തിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇത് തെറ്റിച്ച് നടപന്തലില്‍ നാമജപ യജ്ഞം നടത്താന്‍ ആര്‍എസ്എസ് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് പൊലീസിന് തലവേദന ഉണ്ടാക്കുന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ യുവതികളുടെ നീക്കവും സര്‍ക്കാറിനെയും പൊലീസിനെയും വെട്ടിലാക്കുന്നത്. വിധി നടപ്പിലാക്കുന്നതിന് സാവകാശം ചോദിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി എന്ത് തിരുമാനം എടുക്കുമെന്ന ആശങ്ക ശക്തമാണ്. കോടതി വിധി എന്തായാലും യുവതികളെ സന്നിധാനത്തേക്ക് വിടില്ലെന്നാണ് ആര്‍എസ്എസ് നിലപാട്. ആചാര സംരക്ഷണത്തിന് ഏതറ്റം വരെ പോകാനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകളിലൂടെ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. സന്നിധാനത്ത് നിരവധി സംഘപരിവാറുകാര്‍ എപ്പോഴും ഉണ്ടാകും. യുവതികള്‍ എത്തിയാല്‍ എന്ത് വില കൊടുത്തും തടയാനാണ് ഇത്. അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍ നിര നേതാക്കളൊന്നും ഇല്ലെങ്കിലും സന്നിധാനത്ത് യുവതികളെ തടയാനുള്ള സംവിധാനം ശക്തമാണ്. ആചാര സംരക്ഷണത്തിന് ഏതറ്റം വരേയും പോകും. ഇത് തന്നെയാണ് പൊലീസിനെ വെല്ലുവിളിച്ച് സന്നിധാനത്ത് ഇന്നലെ നടന്ന നാമജപ പ്രതിഷേധത്തിലും നിറഞ്ഞത്. ഇതിന്റെ ഭാഗമായി ശബരിമലയിലേക്കു പുറപ്പെടുന്ന യുവതികളെ ശക്തമായി പ്രതിരോധിക്കാന്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ രഹസ്യ സ്‌ക്വാഡും തയ്യാറാണ്.

കേരളത്തിന്റെ മുക്കും മൂലയിലും ഈ സ്‌ക്വാഡ് സജീവമാണ്. ഇത് പൊലീസിനും മനസ്സിലായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കേന്ദ്രീകരിക്കുന്ന സ്‌ക്വാഡിനെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും എറണാകുളം, കോട്ടയം, പത്തനംതിട്ട, എരുമേലി ബസ് സ്റ്റാന്‍ഡുകളിലുമാണു സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഇവിടെയെല്ലാം ഇവര്‍ സജീവമാണ്. ചെങ്ങന്നൂരില്‍ എത്തിയ മേരി സ്വീറ്റിയെ തടഞ്ഞതും ഈ സ്‌ക്വാഡിന്റെ ഇടപെടല്‍ കാരണമാണ്. സംശയാസ്പദമായി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കും. ഓരോ തീവണ്ടി എത്തുമ്പോഴും ഇവര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സജീവമാകും. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ 24 മണിക്കൂര്‍ ഈ സ്‌ക്വാഡ് സജീവമാണ്. എരുമേലിയിലും നിലയ്ക്കലിലും പ്രവര്‍ത്തകര്‍ സജീവം.

വാട്‌സ്ആപ്പ് വഴി സന്ദേശം കൈമാറി യുവതികളെ വഴിയില്‍ തടയുകയുമാണ് പദ്ധതി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. പൊലീസ് സുരക്ഷയില്‍ ആരെങ്കിലും മലകയറാന്‍ എത്തിയാല്‍ അതു തടയാനുള്ള വ്യക്തമായ പദ്ധതികളും ഇവര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് സൂചനയുണ്ട്. അതിനാല്‍, വലിയ വാഹനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതെല്ലാം അതീവ രഹസ്യമായാണ് നടക്കുന്നത്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ എത്തുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഏത് തരത്തിലും യുവതികളെ പൊലീസ് സന്നിധാനത്ത് എത്തിക്കുമെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top