Flash News

ഏകാദശിയുടെ പുണ്യം തേടി ഭക്തജന ലക്ഷങ്ങള്‍ ഗുരുവായൂരിലേക്ക്

November 19, 2018

imageചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിക്ക് തുടക്കമായി. വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്. വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്ത ജനലക്ഷങ്ങളാണ് ഇന്ന് ഗുരുപവനപുരിയിലെത്തുക. ദേവ ഗുരുവും വായുദേവനും ചേര്‍ന്ന് ഗുരുവായൂരില്‍ പ്രതിഷ്ഠ നടത്തിയതും ഈ ദിവസമാണത്രെ. ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവദ് ഗീത ഉപദേശിച്ച ദിവസവും ഏകാദശി നാളിലായതിനാല്‍ ഇതേ ദിവസം ഗീതാ ദിനമായും ആഘോഷിച്ച് വരുന്നു. മേല്‍പ്പത്തൂര്‍ നാരായണന്‍ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചതും ഏകാദശി ദിനത്തിലാണ്. നിരവധി പുണ്യസംഭവങ്ങളുടെ സംഗമമാണ് ഏകാദശി ദിനം.ഇതിനാല്‍ ഏകാദശി ദിവസം ഗീതാ ദിനമായും ആഘോഷിച്ച് വരുന്നുണ്ട്.

ദേവഗുരുവും വായുദേവനും ചേര്‍ന്ന് ഗുരുവായൂരില്‍ പ്രതിഷ്ഠ നടത്തിയത് ഏകാദശി ദിനത്തിലായതിനാൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിദിനം പ്രതിഷ്ഠാ ദിനമായും ആഘോഷിക്കും. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചതും ഏകാദശി ദിനത്തില്‍ പ്രഭാതത്തിലാണ്. വൃശ്ചികമാസത്തില്‍ വെളുത്തപക്ഷത്തില്‍ വരുന്ന ഗുരുവായൂര്‍ ഏകാദശി കോടിക്കണക്കായ പാപങ്ങളെ നശിപ്പിക്കാന്‍ പര്യാപ്തമാകുമെന്നാണ് വിശ്വാസം. ഏകാദശി വ്രതംനോറ്റ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിഴക്കേ ഗോപുരം വഴിയാണ് ദര്‍ശനത്തിനായുള്ള ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.

ഗോതമ്പ് ചോറ്, കാളന്‍, ഗോതമ്പ് പായസം എന്നിവയാകും വിഭവങ്ങള്‍. ക്ഷേത്രത്തില്‍ ദേവസ്വം വകയാണ് ഉദയാസ്തമന പൂജയോടുകൂടിയുള്ള വിളക്കാഘോഷം നടക്കുക. രാവിലെ കാഴ്ച്ച ശീവേലിക്ക് ശേഷം പഞ്ചവാദ്യത്തിന്‍റെ അകമ്പടിയില്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ട്. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top