Flash News

ആരാണ് സവര്‍ണ്ണര്‍ ? (ലേഖനം)

November 21, 2018 , സന്തോഷ് പിള്ള

savarnar1ശബരിമല പ്രശ്‌നത്തോടെ ഉയര്‍ന്നു വന്ന ഒരു ആക്ഷേപം, ഹിന്ദു മതത്തിലെ സവര്‍ണ്ണര്‍, ആധിപത്യത്തിനു വേണ്ടി ശ്രമിക്കുന്നു എന്നുള്ളതാകുന്നു. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയില്‍ ആരാണ് സവര്‍ണ്ണര്‍ എന്ന് പരിശോധിക്കാം.

മൂന്നര കോടി വരുന്ന കേരള ജനസംഖ്യയില്‍ ബ്രാഹ്മണരുടെ ജനസംഖ്യ അമ്പതിനായിരത്തോളം വരും. ഇവരുടെ വരുമാനം ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന ശമ്പളവും, ദക്ഷിണയും ഒക്കെ ആകുന്നു. കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളും നിത്യവൃത്തിക്ക് നിവൃത്തി ഇല്ലാത്തവയാണ് . അവിടെ നിന്നും ലഭിക്കാവുന്ന വരുമാനം വളരെ പരിമിതമാണ് . എല്ലാ ബ്രാഹ്മണര്‍ക്കും വരുമാനം അധികമുള്ള , ശബരിമലയിലെയും, ഗുരുവായൂരിലെയും പൂജാരിമാര്‍ ആവാന്‍ സാധിക്കുക ഇല്ലല്ലോ. മാധ്യമങ്ങളിലൂടെ നമ്മള്‍ എപ്പോഴും കാണുന്നതും കേള്‍ക്കുന്നതും ഇവരില്‍ വളരെ ചെറിയ ഒരു ശതമാനത്തിലെ സമ്പന്നരെ മാത്രമാണ് . ഭൂരിഭാഗം സവര്‍ണ്ണര്‍ എന്നു കരുതുന്നവരും, ദുരിതക്കയത്തിലാണ് ജീവിക്കുന്നത്. ഇക്കൂട്ടര്‍, പരമ്പരാഗത തൊഴില്‍ കൊണ്ട് ജീവിക്കാന്‍ പ്രയാസമാകുമ്പോള്‍ പിന്നീട് ശ്രമിക്കുന്നത് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണ്. പണ്ട് പൂര്‍വികര്‍ ജന്മികളായിരുന്നത് കൊണ്ട് നിലവില്‍ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അതായത് മുത്തച്ഛന്‍ അനുഭവിച്ച സമ്പത്തിന് (എല്ലാ മുത്തച്ഛന്‍മാരും അനുഭവിച്ചിട്ടുണ്ടോ എന്നതും സംശയമാണ് ) കൊച്ചു മകന് ശിക്ഷ കിട്ടുന്ന സംവിധാനം. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നത് .

ഇനി ഇവര്‍ കഷ്ടപ്പെട്ട് കുട്ടികളെ കോളേജിലൊക്കെ വിട്ട് പഠിപ്പിച്ചാല്‍, മേല്‍ ജാതി എന്ന കുറ്റത്താല്‍ ഈ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിക്കുകയില്ല. അതിലും ഉപരിയായി പൂജാരികളായ പുരുഷന്‍മാരെ വിവാഹം ചെയ്യാന്‍ ഇപ്പോഴുള്ള നമ്പൂതിരി സ്ത്രീകള്‍ തയ്യാറാകുന്നുമില്ല. ഇനി അഥവാ ഒരു വിവാഹമൊക്കെ തരപ്പെട്ടാല്‍ പിന്നീട് ഭാവിയെക്കുറിച്ചുള്ള വ്യാധിയായി. കുട്ടികള്‍ പിറന്നാല്‍ അവരുടെ ഭാവി എന്താണ് ? അതുകൊണ്ട് കുട്ടികള്‍ എന്ന ചിന്ത ആദ്യമെ മാറ്റിവെക്കും. ഈ ദുരിത പൂര്‍ണമായ ലോകത്തേക്ക് അനേകം ജീവിതങ്ങളെ എന്തിനു വലിച്ചിഴക്കണം. അങ്ങനെ, ഒരുകുട്ടി മതി എന്ന് തീരുമാനിക്കും. മാതാപിതാക്കളായ രണ്ടുപേര്‍ ജീവിതത്തില്‍ നിന്നും വിടചൊല്ലുമ്പോള്‍ അവരുടെ സ്ഥാനം ഏറ്റെടുക്കാന്‍ അടുത്ത തലമുറയില്‍ ഒരു വ്യക്തിമാത്രം. ഇതിന്റെ പ്രത്യാഘാതം , രണ്ടുമൂന്നു തലമുറകള്‍ കഴിയുമ്പോള്‍ ഇവരുടെ ജനസംഖ്യ കുറഞ്ഞു, കുറഞ്ഞു നാമാവശേഷമാവും എന്നതാവും.

സമൂഹത്തിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വിഭാവങ്ങളെ ഉദ്ധരിക്കാനായി കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സമൂഹത്തിലെ ഒരുവിഭാഗത്തെ പാടെ തുടച്ചുമാറ്റുകയാവും ഫലം. ആയുധങ്ങള്‍ കൊണ്ട് ഒരുവിഭാഗത്തില്‍ പെട്ട ജനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ‘ജീനോസൈഡ് ‘ എന്നാണ് അറിയപ്പെടുന്നത് . കേരളത്തില്‍ ഈ പ്രക്രിയ ആയുധങ്ങളിലൂടെയും, വികലമായ നിയമങ്ങളിലൂടെയും സാവധാനം നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

പ്രളയം, വന്‍പിച്ച നാശ നഷ്ടങ്ങള്‍ വിതച്ച തിരുവല്ല, പാണ്ടനാട് പ്രദേശത്ത് ഭവന പുനരുദ്ധാരണ ധനസഹായം വിതരണം ചെയ്യാനായി അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ ലഭിച്ച ഒരു അപേക്ഷ ഒരു ക്ഷേത്ര പൂജാരിയുടേതായിരുന്നു. പ്രാദേശികമായി നേരിട്ടന്വേഷിച്ചപ്പോള്‍ മനസ്സിലായത് , പ്രളയത്തിനു മുന്‍പുതന്നെ വളരെ പരിതാപകരമായ അവസ്ഥിയിലായിരുന്നു ഈ ബ്രാഹ്മണനെന്ന് . സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഇദ്ദേഹത്തെ പോലെയുള്ള അവശ വിഭാഗത്തെ, സവര്‍ണനെന്നു മുദ്രകുത്തി ഇന്നത്തെ സമൂഹത്തിലെ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്നത് ശരിയാണോ? ഇവരെ അധിക്ഷേപിക്കാന്‍ ഭരണവര്‍ഗം മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ജനസംഖ്യ കുറവായതിനാല്‍ വോട്ട് ബാങ്ക് അല്ലാത്തതു കൊണ്ട് ഇവരെ ജാതിപ്പേര്‍ വിളിച്ചാക്ഷേപിച്ചാലും ഒരു കുഴപ്പവുമില്ല.

ആരാണ് ഈ നവയുഗത്തിലെ സവര്‍ണ്ണന്‍? തീര്‍ച്ചയായും, പണ്ട് രാജാവിരുന്ന കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നവര്‍ സവര്‍ണര്‍ ആണ്. കോടികളുടെ ആസ്തി, ആജ്ഞാപിച്ചാല്‍ കൊല്ലാനും, കൊല്ലിക്കാനും ശേഷിയുള്ളവര്‍. ലക്ഷമുള്ളവന്‍ ലക്ഷാധിപന്‍, കോടിയുള്ളവരെ വിളിക്കുന്നത് കോടീശ്വരന്‍ എന്നല്ലേ? അങ്ങനെ വരുമ്പോള്‍ കോടികള്‍ ഉള്ളവരാണ് സവര്‍ണ്ണര്‍. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സമൂഹത്തില്‍, വ്യക്തികള്‍, സവര്‍ണനും, അവര്‍ണനുമൊക്കെ ആയിത്തീരുന്നത്. അതെ പണവും അധികാരവുമുള്ളവര്‍ സവര്‍ണ്ണന്‍, അതില്ലാത്തവര്‍!!!

കോരന് കഞ്ഞി ഇന്നും കുമ്പിളില്‍ തന്നെ, കോരന്റെ രൂപത്തില്‍ ചെറിയ ഒരു മാറ്റം വന്നു എന്നു മാത്രം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top