• “മാതാപിതാക്കള്കുട്ടികളുടെ ഓണ്‍ലൈന്‍ ജീവിതത്തില്‍ ശ്രദ്ധയുള്ളവരാകണം. അവരില്‍ ആദ്ധ്യാത്മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുകയും തുറന്നമനസ്സോടെ എന്തും പങ്കുവയ്ക്കുവാനുമുള്ള സുഹൃദ്ബന്ധം വളര്‍ത്തിയെടുക്കുകയും വേണം.”
• അബുദാബിയില്‍ നടക്കുന്ന ഇന്റര്‍ഫെയ്ത്ത് അലയന്‍സിന്റെ ഭാഗമായി ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത സാമൂഹിക നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് അമ്മ ഇക്കാര്യം വ്യക്തമാക്കിയത്.
• അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് അമ്മയെ ക്ഷണിച്ചത്.
നവംബര്‍ 20, 2018 അബുദാബി
ആഗോള ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 25 ശതമാനവും കുട്ടികളും കൗമാര പ്രായക്കാരുമാണ്. ഇതില്‍ 80 കോടിയിലധികം പേര് ലൈംഗീക ചൂഷണങ്ങള്‍ക്കും മറ്റും ഇരയാകുന്നു. 2015 ല്‍ മൈക്രോസോഫ്ട് നടത്തിയ പഠനത്തില്‍ ദിനംപ്രതി 7,20,000 ബാലപീഡന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാനായി അബുദാബി കിരീടാവകാശിയുടെ രക്ഷകര്‍തൃത്വത്തില്‍ രൂപീകരിച്ച ആഗോള കൂട്ടായ്മയിലാണ് അമ്മ സംസാരിച്ചത്.
അബുദാബിയിലെ വാഹത്-അല്‍-കരാമയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട മത നേതാക്കളോടൊപ്പം ബാലാവകാശ സംരക്ഷണത്തിനായുള്ള ‘അബുദാബി അന്തര്‍മത ഉടമ്പടി’യില്‍ അമ്മ ഒപ്പുവയ്ക്കുകയും, സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
സത്യവും അസത്യവും, നന്മയും തിന്മയും, ദേവനും അസുരനും ഒത്തുചേര്‍ന്ന ഒരു നിഗൂഢതയാണ് മനുഷ്യ മനസ്സ്. അവിടെ അടിഞ്ഞുകൂടി കിടക്കുന്നതില്‍ വെച്ച് ഏറ്റവും നിന്ദ്യവും നികൃഷ്ടവും അപകടകരവുമായ വൈകല്യങ്ങളില്‍ ഒന്നാണ് ലോംഗിക ചൂഷണവും അക്രമവാസനയും. വിവേക ബുദ്ധി വളര്‍ന്നിട്ടില്ലാത്ത പ്രായത്തില്‍ കൊച്ചു കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ്. പക്ഷിയെപ്പോലെ പറക്കാനും മത്സ്യത്തെപ്പോലെ നീന്താനും നമ്മള് പഠിച്ചു. പക്ഷേ മനുഷ്യനെപ്പോലെ നടക്കാനാണ് നമ്മള് മറന്നു പോയത്.
ലൈംഗീക ചൂഷണങ്ങള്‍ ഇത്ര അപകടകരമാം രീതിയില്‍ വര്‍ദ്ധിക്കുവാന്‍ എന്താണ് കാരണം? ഐക്യരാഷ്ട്രസഭയും, വിവിധ രാജ്യങ്ങളും, സന്നദ്ധ സംഘടനകളും മറ്റും ഇതിനിതിരെ പ്രവര്‍ത്തിച്ചിട്ടും എന്തുകൊണ്ടാണ് ഒരു മാറ്റവും കാണുവാന്‍ സാധിക്കാത്തത്? അറിഞ്ഞോ അറിയാതെയോ നാം വിസ്മരിച്ച ഒരു കാര്യമുണ്ട് – അത് ആദ്ധ്യാത്മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചില്ല എന്നതാണ്. ഹൃദയത്തിന് റെസംസ്കാരം വളര്‍ത്തിയെടുക്കാന്‍ ബാല്യം മുതല്ക്കു ആദ്ധ്യാത്മിക മൂല്യങ്ങള്‍ തന്നെ പകര്‍ന്നു നല്കുന്ന അന്തരീക്ഷം ഓരോ കുടുംബത്തിലും ഉണ്ടാവണം.
ഫെയ്സ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗം ഇന്ന് സമൂഹത്തിന് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. കുട്ടികളുടെ ലൈംഗിക ചൂഷണങ്ങളില്‍ വലിയ പങ്കാണ് ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ക്കുള്ളത്. ഇതില്‍ ഏറ്റവും പ്രശ്നം ക്യാമറകളുള്ള മൊബൈല്‍ ഫോണുകളാണ്. അന്യരുടെ സ്വകാര്യതയ്ക്ക് ഇത്രയധികം വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊന്നില്ല. ഇതിനെതിരേ കര്‍ശന നിയമസംവിധാനം ഉണ്ടാവേണ്ടതുണ്ട്. പഴയ കാലഘട്ടത്തില്‍ ആളുകള്‍ക്ക് ഭൂതപ്രേതാദികളെയായിരുന്നു ഭയം. എന്നാല്‍ ഈ തലമുറയ്ക്ക് അത്തരം ഭയങ്ങളില്ല. എന്നാല്‍ സ്വന്തം കുളിമുറിയിലോ, വസ്ത്രം മാറുന്ന സ്ഥലത്തോ ഒളിക്യാമറകളെ ഭയക്കേണ്ടിവരുന്നവരാണ് ഇന്നുള്ളത്. അടുത്ത ബന്ധുക്കളില്‍ നിന്നുപോലും ലൈംഗിക ചൂഷണങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ആയിരങ്ങളാണ് തന്നെ കാണാന്‍ എത്താറുള്ളതെന്ന് അമ്മ പറഞ്ഞു. പലരും ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. അച്ഛനും അമ്മാവനുമടക്കമുള്ളവരില്‍ നിന്നും ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടിവന്ന കുരുന്നുകളുണ്ട്. കൗണ്‍സലിംഗ് നല്കിയിട്ടുപോലും പൂര്‍ണമായും ജീവിതത്തിലേക്ക് കടന്നുവരാത്തവരുണ്ട്. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവരുമായി ഓണ്‍ലൈന്‍ ചങ്ങാത്തത്തിന്റെ പുറത്ത് ഇറങ്ങിപ്പോയി ജീവിതം നഷ്ടപ്പെടുത്തിയവരുണ്ട്.
ദൈവസൃഷ്ടിയായ വെള്ളവും അഗ്നിയുമെല്ലാം മനുഷ്യജീവന് ഏറെ ആവശ്യമുള്ളതാണ്. എന്നാല്‍ അവയുടെ തെറ്റായ ഉപയോഗം മനുഷ്യജീവിതത്തെ ഇല്ലാതാക്കിക്കളയുമെന്നത് പോലെ തന്നെയാണ് ഇന്റര്‍നെറ്റും. കുഞ്ഞുങ്ങള്‍ക്ക് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നല്കുമ്പോള് ചിലതെല്ലാം നിയന്ത്രിക്കാന്‍ നമ്മള് തയ്യാറാവണം. വിശപ്പും ദാഹവും പോലെയാണ് ലൈംഗികതയും. അതൊരു ആവശ്യമാണ്. ലൈംഗികത ആവശ്യമാണെങ്കിലും, അത് വിവേകത്തോടെയും മനഃസമ്മതത്തോടെയും ആവണം. അതിന് മതാചാര്യന്മാര് ആധ്യാത്മിക വശങ്ങളെക്കുറിച്ച് വിശ്വാസികളെ ഉദ്ബോധിപ്പിക്കണം. വേദന അനുഭവിക്കുന്നവരോട് ഹൃദയത്തിന്റെ ഭാഷയാണ് ഏറ്റവും ഉത്തമം. ഭൂതകാലത്തിന്റെ ഇരുട്ടിലേക്കല്ല, പ്രതീക്ഷയുടെ വെളിച്ചത്തിലേക്കാണ് നാം അവരെ നയിക്കേണ്ടതെന്നും അമ്മ പറഞ്ഞു.
അമ്മയെക്കൂടാതെ, അല്‍ എസ്ഹര് ഗ്രാന്‍ഡ് മോസ്ക് ഇമാം ആദരണീയ പ്രൊഫ. ഡോ. അഹ്മദ്അല്-തയ്യിബ്, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ പരമാധ്യക്ഷന്‍ ആദരണീയ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ പ്രഥമന്‍, ഈഗുപ്തായ ഒര്‍ത്തഡോക്സ് സഭ (Coptic Orthodox Church of Alexandria) പരമാധ്യക്ഷന്‍ അലക്സാന്‍ഡ്രിയയിലെ മാര്‍പ്പാപ്പ ആദരണീയ തവോദ്രോസ് ദ്വിതീയന്‍ തുടങ്ങി പ്രധാന മത നേതാക്കളും, കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി സെക്രട്ടറി ജനറല്‍ മാര്‍ത്ത സാന്റോസ് പയസ്, ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റാപ്പോര്‍ട്ടര്‍, മൗദ്ദെബോര്-ബുക്വിച്ചിയോ തുടങ്ങി 450 വിശിഷ്ടാഥിതികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
മതസൗഹാര്‍ദ്ദം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖലകളില്‍ വൈദഗ്ദ്ധ്യവും ആഗോളതലത്തില്‍ സ്വാധീന ശക്തിയുമുള്ള പോണ്ടിഫിക്ക യൂണിവേഴ്സിറ്റ, യൂണിസെഫ്, വീ പ്രൊട്ടക്റ്റ് ഗ്ലോബല്‍ അലയന്‍സ്, ചൈല്‍ഡ് ഡിഗ്നിറ്റി ഇന്‍ ദ ഡിജിറ്റല്‍ വേള്‍ഡ്, അറിഗാതൗ ഇന്റര്‍നാഷണല്‍, റിലീജിയന്‍സ് ഫോര്‍ പീസ് , എന്‍ഡ് വയലന്‍സ് എഗെയ്ന്‍സ്റ്റ് ചില്‍ഡ്രന്‍ എന്നീ സംഘടനകളുമായി ചേര്‍ന്നാണ് സര്‍വ്വമത സമ്മേളനം സംഘടിപ്പിച്ചത്.
2017 ഒക്ടോബറില്‍ വത്തിക്കാനില്‍ വെച്ച് “ചൈല്‍ഡ് ഡിഗ്നിറ്റി ഇന്‍ ദ ഡിജിറ്റല്‍ വേള്‍ഡ്” കോണ്‍ഗ്രസ് നടക്കുകയും അവിടെ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍ “റോം പ്രഖ്യാപനം” എന്ന പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ആണ് സുരക്ഷിത സമൂഹങ്ങള്‍ക്കായി സര്‍വ്വമത കൂട്ടായ്മ എന്ന ആശയം രൂപപ്പെട്ടത്.
വത്തിക്കാന്‍ സമ്മേളനത്തിനിടയില്തന്നെ, സര്‍വ്വമതസമ്മേളനത്തിനു വേദിയാകാന്‍ വേണ്ടി സംഘാടകര്‍ മതസഹിഷ്ണുതയുള്ള രാജ്യം എന്ന നിലയില്‍ യു എ ഇ തെരഞ്ഞെടുകയും ലോക മതങ്ങള്‍ തമ്മിലുള്ള സ്നേഹ സംവാദത്തിനു മുന്‍കൈ എടുക്കുക എന്ന ആശയവുമായി ആ രാജ്യത്തെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇത്തരം പരിശ്രമങ്ങളുടെ ഫലമായി ‘സുരക്ഷിത സമൂഹങ്ങള്‍ക്കായി സര്‍വ്വമത കൂട്ടായ്മ’ എന്ന ആശയം സാക്ഷാത്കരിക്കപ്പെടുകയും ‘ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ മാന്യത’ എന്ന വിഷയത്തില്‍ ആ കൂട്ടായ്മയുടെ ആദ്യ സമ്മേളനമാണ് അബുദാബിയില്‍ വെച്ച് നടന്നത്.

Leave a Reply