Flash News

പുണ്യഭൂമിയെ കലാപഭൂമിയാക്കരുത് (എഡിറ്റോറിയല്‍)

November 22, 2018

Punyabhoomiye banner-1ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവിന്റെ മറവില്‍ അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളും നിയന്ത്രണങ്ങളും ഭക്തരെ സംബന്ധിച്ചേടത്തോളം പീഢനകാലമാവുകയാണോ? സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച സമരങ്ങളും, വഴിതടയലും, നിരോധനവും പൊലീസ് നടപടിയുമെല്ലാം ചേര്‍ന്നപ്പോള്‍ ശബരിമലയെ ഒരു കലാപ ഭൂമിയാക്കി മതരാഷ്ട്രീയത്തിലൂടെ വോട്ടുമലയാക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശബരിമലയിലെ യഥാര്‍ത്ഥ ഭക്തരോ, തീര്‍ത്ഥാടകരോ അല്ല അവിടെ പ്രശ്നങ്ങളുണ്ടാക്കുന്നത്. അവരെ മറയാക്കി, രാഷ്‌ട്രീയ നേട്ടം കൊയ്യാനെത്തുന്നവരാണു കുഴപ്പക്കാര്‍. ശബരിമല‍‍യിലെ യുവതീ പ്രവേശനം വിശ്വാസികളായ യുവതികള്‍ക്കു പോലും സ്വീകാര്യമല്ല. ശബരിമല പ്രവേശനത്തിന് അനുമതി ലഭിച്ചിട്ടും ആക്റ്റിവിസ്റ്റുകളായ കുറച്ചു സ്ത്രീകളല്ലാതെ, സാധാരണക്കാരായ ഒരാള്‍പോലും ദര്‍ശനത്തിനെത്തുകയോ അതിനു താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പ്രശ്നപരിഹാരമാണ് ആവശ്യമെങ്കില്‍ ഇപ്പോഴത്തെ കോടതി വിധി അതിജീവിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട് പല വഴികള്‍. അതിനു ശ്രമിക്കാതെ രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പോരാട്ടമാണ് എല്ലാവരും നടത്തുന്നത്. പക്ഷേ, അതിനുള്ള വേദി പരമ പവിത്രവും വിശ്വാസ ദീപ്തവുമായ ശബരിമല സന്നിധാനമായിരുന്നില്ല എന്നു മാത്രം ഓര്‍മിപ്പിക്ക‌ട്ടെ.

SABARIMALA_EPS147787വൃശ്ചിക പുലരി മുതല്‍ ആദ്യത്തെ ആഴ്ച ഏതാണ്ട് ഒന്നര ലക്ഷം പേരെ സന്നിധാനത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ മണ്ഡലകാലം ആരംഭിച്ച് ആദ്യത്തെ ആഴ്ച നാലര മുതല്‍ ആറ് ലക്ഷം വരേ അയ്യപ്പ ഭക്തര്‍ വന്നുകൊണ്ടിരുന്നുവെന്ന കണക്ക് പരിഗണിക്കുമ്പോള്‍ ഇത്തവണ ഭക്തരുടെ വരവ് നന്നെ കുറഞ്ഞുവെന്ന് വ്യക്തം. എന്താണ് ഇതിന് കാരണമെന്ന് സര്‍ക്കാറും, ദേവസ്വം ബോര്‍ഡും, പൊലീസും, ശബരിമലയില്‍ ആചാര സംരക്ഷണത്തിന് ഇറങ്ങിയ ബിജെപിയും സംഘ്പരിവാറും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഉള്ളു തുറന്നു പരിശോധിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ. ഇന്ത്യയുടെ മതേതര തീർഥാടനത്തിന്‍റെ മകു‌ടോദാഹരണമായ ശബരിമലയിലെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും സങ്കീർണമാകുകയാണ്. വിശ്വാസികളുടെ പുണ്യഭൂമിയാണു ശബരിമല. അവിടത്തെ ആചാരങ്ങളും വിശ്വാസങ്ങളും നിയമങ്ങളും നിശ്ചയിക്കേണ്ടതു ശരിയായ വിശ്വാസികളാണ്.

skynews-sabarimala-kerala_4493394ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ചും പൊലീസ് നടപടികളെക്കുറിച്ചും ഹൈക്കോടതി ബുധനാഴ്ച നടത്തിയ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ബന്ധപ്പെട്ടവരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഭക്തരുടെ വരവ് കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നുണ്ട്. അധികൃതര്‍ അത് അംഗീകരിക്കുന്നുവെന്ന് വേണം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അവിടെ നിയന്ത്രണങ്ങളില്‍ വരുത്തിയ അയവു വിലയിരുത്തിയാല്‍ മനസിലാവുക. പതിനെട്ടാം പടിയില്‍ അയ്യപ്പഭക്തന്മാര്‍ ആരുമില്ലാതെ അവരെ കാത്ത് നില്‍ക്കുന്ന പൊലീസ് നിരയുടെ ചിത്രം വാസ്തവത്തില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണ് തുറപ്പിക്കണം. കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വ്രതമെടുത്ത് വരുന്ന അയ്യപ്പ ഭക്തരെ തടഞ്ഞു നിര്‍ത്തി അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനും ജാതകം നോക്കാനും ആചാര-വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിയവര്‍ക്ക് എന്താണ് അധികാരം. ഈ പ്രവര്‍ത്തി പൗരസ്വാതന്ത്യത്തിന്റെ നിഷേധവും, നിയമവിരുദ്ധവും മാന്യതയ്ക്ക് നിരക്കുന്നതുമല്ലെന്ന് അണികള്‍ ഓര്‍ത്തിട്ടുണ്ടാവില്ല പക്ഷെ നേതാക്കള്‍ ഇത് മറക്കാന്‍ പാടുണ്ടോ?

sabaപൂങ്കാവനത്തെ പുളകിതമാക്കി‍യിരുന്ന ശരണം വിളിക്കു പകരം, രാഷ്ട്രീയക്കാരുടെ അട്ടഹാസങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ ബലപ്രയോഗവും അമിതാധികാര പ്രയോഗവുമാണ് അവിടെ നടക്കുന്നത്. വളരെക്കുറച്ചു പേര്‍ എത്തുമ്പോഴും അവര്‍ക്കു പോലും മാന്യമായ പെരുമാറ്റവും സൗകര്യങ്ങളും ലഭിക്കുന്നില്ല. ഭക്തരെ അക്രമികളായി കാണുന്ന സമീപനം നന്നല്ല. വ്രതശുദ്ധിയോടും ആചാരാനുഷ്ഠാനങ്ങളോടും മുംബൈയില്‍ നിന്നെത്തിയ 120 അംഗ തീര്‍ഥാടക സംഘം ശബരിമല ദര്‍ശനമൊഴിവാക്കി മടങ്ങിയ സംഭവം അതീവ ദുഃഖകരവും അതിനെക്കാള്‍ ഗുരുതരവുമാണ്. അയ്യപ്പ സങ്കേതത്തെ സമരമുഖമാക്കിയതും സമരം നേരിടാനെന്ന പേരില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുമാണ് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീര്‍ത്ഥയാത്ര സങ്കീര്‍ണ്ണമാക്കിയത്. അയ്യപ്പഭക്തര്‍ക്കു ലഭിക്കുന്ന നിന്ദ്യമായ സ്വീകരണം മൂലമാണ് മുംബൈയില്‍ നിന്നുള്ളവര്‍ ദര്‍ശനം നടത്താതെ മടങ്ങിയതും ഭൂരിഭാഗം തീര്‍ഥാടകര്‍ ശബരിമലയില്‍ നിന്നു വിട്ടുനില്‍ക്കുന്നതും. അതു മനസിലാക്കിയുള്ള പരിഹാര നടപടികളാണ് ഇപ്പോള്‍ ആവശ്യം. സന്നിധാനത്ത് ഭക്തര്‍ക്കു നീതിപൂര്‍വകമായ സ്വീകരണം ലഭിക്കുന്നെങ്കില്‍ മാത്രമേ അവിടേക്ക് ജനങ്ങളെത്തൂ. പൊലീസ് രാജിലൂടെ ജനവിശ്വാസം നേടിയെടുക്കാനാകുമെന്ന ചിന്ത അസ്ഥാനത്താണ്. സന്നിധാനത്തും പരിസരത്തും സര്‍ക്കാരും രാഷ്‌ട്രീയക്കാരും പൊലീസും നടത്തുന്ന അതിക്രമങ്ങള്‍ ഒഴിവാക്കപ്പെട്ടാല്‍ മാത്രമേ പഴയതുപോലെ ഭക്തരുടെ പ്രവാഹം ഉണ്ടാകൂ.

sureപ്രളയത്തെ തുടര്‍ന്ന് പുണ്യനദിയുടെ തീരം തകര്‍ന്നത് ഒരു പരിധിവരേ നേരെയാക്കാനോ അവിടെ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനോ ദേവസ്വം ബോര്‍ഡിന് രണ്ട് മാസമായിട്ടും സാധിച്ചില്ലെന്നതിന് എന്തൊക്കെ വിശദീകരണമുണ്ടായാലും ക്ഷന്തവ്യമല്ല. സന്നിധാനത്ത് യുവതികള്‍ വരുന്നുണ്ടോ എന്ന് നോക്കാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും പ്രവര്‍ത്തകരോട് ഊഴമിട്ട് സന്നിധാനത്ത് എത്താന്‍ സര്‍ക്കുലര്‍ ഇറക്കിയവര്‍ക്ക് ഈ വരുന്നവരോട് ഒരു ദിവസമെങ്കിലും പമ്പയിലിറങ്ങി ശ്രമദാനത്തിലൂടെ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ഉപദേശിച്ചിരുന്നെങ്കില്‍ നന്നായേനെ. ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥയും മുന്‍ പരിചയവുമുളളവര്‍ സര്‍ക്കുലറിലൂടെ ക്ഷണിച്ചു വരുന്നവരുടെ സംഘത്തില്‍ ഉണ്ടെന്ന് ഓര്‍ക്കണം.

udfഇത്തിരി വൈകിയാണെങ്കിലും കോണ്‍ഗ്രസും യുഡിഎഫും ശബരിമലയിലെ അസൗകര്യങ്ങള്‍ മനസിലാക്കാന്‍ എത്തിയിരുന്നു. പക്ഷെ അവര്‍ ചെയ്തതെന്താണ്? ഗണപതി ക്ഷേത്രത്തിന്റെ മുമ്പിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും സംസ്ഥാന ഭരണത്തേയും മുഖ്യമന്ത്രിയേയും ആക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും പ്രതിപക്ഷത്തിന് അവകാശവും ബാധ്യതയുമുണ്ട്. അത് പക്ഷെ ക്ഷേത്ര സന്നിധിയില്‍ വേണമായിരുന്നോ എന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായം. പോലീസിന്റെ സമീപനം എത്രമാത്രം വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടെന്ന് പരിശോധിക്കണം. ചില ഓഫീസര്‍മാരുടെ വാക്കും നോക്കും ശരീര ഭാഷയും ഒട്ടും ആശ്വാസ ജനകമല്ല. ഭക്തജനങ്ങള്‍ക്കും സമരക്കാര്‍ക്കും മാത്രമല്ല ക്രമസമാധാനത്തിന് എത്തിയ പൊലീസിനും ആത്മനിയന്ത്രണം അനിവാര്യമാണ്.. സ്വാമിയേ ശരണമയ്യപ്പാ….!

മൊയ്തീന്‍ പുത്തന്‍‌ചിറ
എഡിറ്റര്‍ ഇന്‍ ചീഫ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top