Flash News

ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ നീട്ടി; ശരണം വിളിയ്ക്കോ നാമജപത്തിനോ നിയന്ത്രണമില്ലെന്ന് പോലീസ്

November 22, 2018

sabarimala-new-3പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ നീട്ടി. ശരണം വിളിയ്ക്കോ നാമജപത്തിനോ നിയന്ത്രണമില്ലെന്ന് പോലീസ്. തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ജനുവരി 14 വരെ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കലക്ടര്‍ തീരുമാനമെടുത്തത്. അയ്യപ്പന്മാരുടെ സമാധാനപരമായ ദര്‍ശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല. തീര്‍ഥാടകര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. തീര്‍ഥാടനത്തിനായി നട തുറന്ന ശേഷം 17 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 72 പേരെ റിമാന്‍ഡ് ചെയ്തു. ജില്ലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 84 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസിന്റെ ആവശ്യപ്രകാരം 15ന് അര്‍ധരാത്രി മുതല്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, എരുമേലി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹൈക്കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകണണെന്ന ആവശ്യമുയര്‍ന്നിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം പ്രകോപനപമായി തുടരുന്ന സാഹച്യത്തില്‍ മകരവിളക്ക് ദിവസമായ ജനുവരി 14വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നത്. ഇത് കൂടി പരിശോധിച്ചാണ് ജില്ലാ കളക്ടര്‍ നാല് ദിവസത്തേക്ക് നിരോധനാജ്ഞ ഇപ്പോള്‍ നീട്ടിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇതില്‍ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുക.

അതേസമയം ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ കേസെടുത്തു. ഭക്തരുടെ നാമജപ മറപിടിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ സന്നിധാനത്തടക്കം പ്രതിഷേധങ്ങള്‍ ഉയരുന്നതാണ് പൊലീസ് നിയന്ത്രിക്കുന്നത്. ഭക്തിനിര്‍ഭരമായ നാമജപത്തിന് പകരം പലഘട്ടങ്ങളിലും ഇത് പ്രതിഷേധമുദ്രാവാക്യത്തിന്റെ സ്വഭാവത്തിലേക്ക് മാറിയിരുന്നു. യഥാര്‍ത്ഥ ഭക്തര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രയാസമുണ്ടാക്കുന്ന വിധത്തിലും ഈ സംഘങ്ങള്‍ പെരുമാറുന്നതാണ് പൊലീസ് നിയമത്തിനുള്ളില്‍ പാലിക്കാവുന്ന നിയന്ത്രണങ്ങളിലൂടെ ക്രമീകരിക്കുന്നത്.

പൊലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഇത്തവണ തീര്‍ത്ഥാനടത്തിന് ഏറെ സൗകര്യം ചെയ്തുവെന്ന് സന്നിധാനത്ത് നിന്ന് ദര്‍ശനത്തിന് ശേഷം മടങ്ങിയ നിരവിധി യഥാര്‍ഥ വിശ്വാസികള്‍ അഭിപ്രായപ്പെടുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഭക്തര്‍ക്കാണ് പൊലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം മതിപ്പ്.

നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. സന്നിധാനത്ത് അറസ്റ്റിലായ ശേഷം കോടതി ജാമ്യം അനുവദിച്ച 69 പേര്‍ക്കും പന്തളം കൊട്ടാരത്തില്‍ വന്‍സ്വീകരണം നല്‍കി. ഭക്തരെ തടയുന്ന നിരോധനാജ്ഞ ശബരിമലയില്‍ ഇല്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ സാങ്കേതികം മാത്രമാണെന്നും കടകംപള്ളി പറഞ്ഞു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അന്തിമവിധിക്കായി കാത്തിരിക്കുകയാണെന്നു ബിജെപി അറിയിച്ചു. യുവതീപ്രവേശത്തെ ഭക്തര്‍ എതിര്‍ക്കുന്നു. സര്‍ക്കാര്‍ ഇരന്നുവാങ്ങിയ പ്രക്ഷോഭമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞെന്നാരോപിച്ചു തമിഴ്‌നാട് കന്യാകുമാരി ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ബന്ദ് പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ബന്ദ്. അയ്യപ്പഭക്തരെ ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെ.സുരേന്ദ്രനെ വേട്ടയാടാനുള്ള സര്‍ക്കാര്‍! നീക്കം അനുവദിക്കില്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top