Flash News

ശബരിമല നടവരവില്‍ വന്‍ കുറവ് ; വരുമാനം പരസ്യപ്പെടുത്തേണ്ടെന്ന് ദേവസ്വം ബോര്‍ഡ്

November 23, 2018

sabarimalaസന്നിധാനം : ശബരിമലയിലെ നടവരവ് പരസ്യമാക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡ്. മണ്ഡലകാലത്തെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ നടവരവ് പരസ്യപ്പെടുത്തിയാല്‍ അത് തീര്‍ത്ഥാടനത്തെ ബാധിക്കുമെന്നാണ് ദേവസ്വത്തിന്‌റെ കണക്കുകൂട്ടല്‍. സന്നിധാനത്തിന് പുറമെ അപ്പം,അരവണ കൗണ്ടറുകള്‍ പമ്പയിലും നിലയ്ക്കലിലും തുടങ്ങാനുളള പദ്ധതി ഉപേക്ഷിക്കാനാണ് ദേവസ്വത്തിന്റെ ആലോചന.

മണ്ഡലമകരവിളക്ക് ഉത്സവത്തിന് നടതുറന്ന് ഒരാഴ്ച്ചയാകുമ്പോഴും ഭക്തരുടെ ഒഴുക്ക് ശബരിമലയിലേക്കില്ല. പ്രതിഷേധങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും ഭക്തര്‍ അതൊന്നും ഗൗനിക്കാതെ ദര്‍ശനത്തിന് വരുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് കരുതിയിരുന്നത്. കഴിഞ്ഞ മണ്ഡലകാലത്തെക്കാള്‍ ആദ്യ ആഴ്ച്ചയില്‍ വരുമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. ഭക്തരുടെ കുറവ് അപ്പം അരവണ വില്‍പ്പനയെയും ബാധിച്ചു. ഇതോടെയാണ് നടവരവ് ഉള്‍പ്പടെയുളള വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിടേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

കഴിഞ്ഞ തവണത്തെക്കാള്‍ 7 കോടിയുടെ കുറവുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വരുമാനം കുറഞ്ഞത് ഔദ്യോഗികമായി പുറത്ത് വിട്ടാല്‍ രാഷ്ട്രീയമായി സര്‍ക്കാരിനുമേല്‍ ആരോപണം വരുമെന്നതും നടവരവ് പുറത്ത് വിടാതിരിക്കുന്നതിന്റെ കാരണമാണ്. സന്നിധാനത്ത് നിയന്ത്രണം വന്നപ്പോള്‍ അപ്പം,അരവണ കൗണ്ടറുകള്‍ പമ്പയിലും നിലയ്ക്കലിലും തുടങ്ങാന്‍ ദേവസ്വം ആലോചിച്ചിരുന്നു. എന്നാല്‍ സന്നിധാനത്ത് നിന്ന് ഭക്തര്‍ക്ക് നല്‍കുന്നത് പ്രസാദമാണ്. അതു പമ്പയിലോ നിലയ്ക്കലിലോ വിതരണം ചെയ്താല്‍ കച്ചവടമായി കണക്കാക്കപ്പെടുന്നതിനാലാണ് മറ്റു സ്ഥലങ്ങളില്‍ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top