Flash News

KCRM NORTH AMERICA 11-ാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

November 24, 2018 , ചാക്കോ കളരിക്കല്‍

phone-clipart-conference-call-2KCRMNA-യുടെ പതിനൊന്നാമത് ടെലികോണ്‍ഫറന്‍സ് 2018 നവംബര്‍ 14 ബുധനാഴ്ച രാത്രി ഒമ്പതു മണിക്ക് നടത്തുകയുണ്ടായി. രണ്ടിലധികം മണിക്കൂര്‍ നീണ്ടുനിന്നതും എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അന്‍പതില്പരം ആള്‍ക്കാര്‍ പങ്കെടുക്കുകയും അതില്‍ മുപ്പതിലധികം പേര്‍ ചര്‍ച്ചയില്‍ സജീവമായി ഇടപെടുകയുണ്ടായി. മൗന ഈശ്വര പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. സിസ്റ്റര്‍ ജെസ്‌മി (Sr. Jesme) യായിരുന്നു ഇപ്രാവശ്യം വിഷയം അവതരിപ്പിച്ചത്. ചർച്ച് ആക്ട് കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സനും കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ സജീവ പ്രവര്‍ത്തകനുമായ ജെയിംസ് ഐസക് കുരീക്കാട്ടില്‍ സിസ്റ്റര്‍ ജെസ്‌മിയെ ടെലികോണ്‍ഫറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പരിചയപ്പെടുത്തി.

“ക്രൈസ്തവ സഭകളിലെ ചൂഷണ വിധേയരായിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രികള്‍”എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു ഇപ്രാവശ്യം ചര്‍ച്ച നടന്നത്. സിസ്റ്റര്‍ ജെസ്‌മിയുടെയും കൂടാതെ, കോണ്‍ഫറന്‍സില്‍ സജീവമായി പങ്കെടുത്തവരുടെയും വിഷയ സംബന്ധമായ അഭിപ്രായങ്ങളും അനുഭവങ്ങളും ചുരുക്കമായി ഇവിടെ കുറിക്കുന്നു. മഠങ്ങളുടെ നാലു ഭിത്തിക്കുള്ളില്‍ നിരവധി കന്യാസ്ത്രികള്‍ പലവിധ പീഡനങ്ങള്‍ക്ക് ബലിയാടുകളാകുന്നുണ്ട്. ജെസ്‌മി, വയനാട്ടിലെ മേരി ചാണ്ടി, ചെർപ്പുങ്കലെ മേരി സെബാസ്റ്റ്യന്‍, അഭയ, ഞാറയ്ക്കല്‍ കന്യാസ്ത്രികള്‍, കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികള്‍ തുടങ്ങിയവര്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

നല്ല വിദ്യാഭ്യാസവും ഉന്നത ജോലിയുമുള്ള കന്യാസ്ത്രികള്‍ക്കുപോലും പീഡന അനുഭവങ്ങള്‍ ഉള്ളപ്പോള്‍ വിദ്യാഭ്യാസം കുറഞ്ഞ, ജോലി കുറഞ്ഞ, പാവപ്പെട്ട വീടുകളിലെ കന്യാസ്ത്രികളുടെ സ്ഥിതി എന്ത് പരിതാപകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ കരളലിയിക്കുന്ന കഥകളും രോദനങ്ങളും മഠത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ അടങ്ങും. പൗരോഹിത്യ മേധാവികളുടെ ലൈംഗിക ചൂഷണങ്ങള്‍ കൊണ്ട് ഹൃദയം പൊട്ടിയാലും അത് പരമ രഹസ്യമായി ഹൃദയത്തില്‍ തന്നെ സൂക്ഷിക്കും. ചിലര്‍ക്ക് മഠത്തിലെ ജീവിതം ജയില്‍വാസമാണ്. ചതിക്കുഴിയില്‍ വീണവര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗവുമില്ല. സഭാസംവിധാനവും സാമൂഹ്യ ചുറ്റുപാടുകളും കുടുംബ പശ്ചാത്തലവും അവരെ ആ ചെളിക്കുഴിയില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കുന്നു.

വൈദികര്‍ക്ക് പണം സമ്പാദിക്കാം; ആഢംബര ജീവിതം നയിക്കാം; കൂദാശകള്‍ വെച്ച് വിലപേശാം; വിശ്വാസികളെ അടച്ചു ഭരിക്കാം; വേണ്ടിവന്നാൽ ഫ്രാങ്കോമാരാകാം. പാവം കന്യാസ്തീകള്‍ക്ക് കൂദാശകള്‍ പാരികര്‍മം ചെയ്യാനുള്ള അധികാരമില്ല; അവരുടെ അന്തസ്സുപോലും ഒരു കൂദാശയല്ല; തേനീച്ചകളെപ്പോലെ രാപകലില്ലാതെ പണിയെടുത്ത് മഠത്തിന് സമ്പത്തുകൂട്ടാൻ ളോഹയിട്ട കുറെ അവിവാഹിതകള്‍! ഒരു സ്ത്രീയുടെ എല്ലാവിധ അടിസ്ഥാന മനുഷ്യാവകാശങ്ങളെയും നിഷേധിക്കുന്ന അവസ്ഥയാണ് കന്യാസ്ത്രീ ജീവിതം. ‘യേശുവിന്റെ മണവാട്ടി’ എന്ന തട്ടിപ്പു പേരും ചാര്‍ത്തിക്കൊടുത്ത് എത്രയോ ജീവിതങ്ങളാണ് മഠങ്ങളില്‍ അടഞ്ഞുകിടന്ന്‌ നശിച്ചു പോകുന്നത്? ജീവിതം പാഴാക്കിയ ജന്മങ്ങള്‍!!

കന്യാസ്ത്രികളുടെ മാനം പോയാല്‍ ആര്‍ക്കു ചേതം എന്ന മട്ടിലാണ് സഭാധികാരം. കുറ്റാരോപിതനായ ഫ്രാങ്കോയെ ന്യായീകരിക്കാനും ജയിലില്‍ പോയി കാണാനും സ്വീകരിക്കാനും മെത്രാന്മാരും പട്ടക്കാരും കന്യാസ്ത്രീകളും രാഷ്ട്രീയക്കാരും വിശ്വാസികളും (അന്ധവിശ്വാസികളും) ഉണ്ട്. വൈദിക അതിക്രമങ്ങളെ എതിര്‍ത്താല്‍ ജഡം കിണറ്റിലോ തൂങ്ങി മരിച്ച നിലയിലോ കാണപ്പെടും. പല കന്യാസ്ത്രീകളെയും മാനസിക രോഗികളായി മുദ്രകുത്തും. അവരുടെ കണ്ണുനീര്‍ അവര്‍ തന്നെ കുടിച്ചു തീര്‍ക്കും. ലോകം എന്തേ ഇങ്ങനെ?

സിസ്റ്റര്‍ ജെസ്‌മിയെ പോലുള്ളവര്‍ സംസാരിക്കുന്നതും എഴുതുന്നതും സഭയെ നശിപ്പിക്കാനല്ല. മറിച്ച്, സഭാധികാരവും മഠങ്ങളും നല്ല വ്യക്തിത്വമുള്ള കന്യാസ്ത്രീകളെ നശിപ്പിക്കാതിരിക്കാനും സഭയിലെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്യാനും ലൈംഗിക ചൂഷണങ്ങള്‍ക്ക് അറുതി വരുത്താനും സഭാധികാരികളുടെ സുഖലോലുപ ജീവിതത്തെ അനാവരണം ചെയ്യാനുമാണ്, സ്വന്തം ജീവിത സുരക്ഷിതത്വത്തെത്തന്നെ അപകടത്തിലാക്കി സാഹസികരായി പോരാടുന്നത്. അവര്‍ സഭയുടെ നന്മയെ കാംക്ഷിക്കുന്നു. തിന്മകള്‍ക്കെതിരെയുള്ള ആദര്‍ശത്തെയാണവര്‍ പൊക്കിപ്പിടിക്കുന്നത്. സഹിഷ്ണതയില്ലാത്ത, സ്നേഹമില്ലാത്ത സഭാധികാരികളുടെ കണ്ണു തുറപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. സിസ്റ്റര്‍ ജെസ്‌മിയെപ്പോലുള്ളവര്‍ രാക്ഷസികളോ ഭൂതങ്ങളോ രക്തയക്ഷസികളോ പ്രേതഭൂതങ്ങള്‍ ആവസിച്ച വ്യക്തികളോ അല്ല. അവര്‍ മാംസവും രക്തവും വലിയ ഹൃദയവുമുള്ള പ്രവാചകകള്‍ ആണ്.

തിരഞ്ഞെടുത്തിരിക്കുന്ന ജീവിതാന്തസ്സ്‌ പറ്റിയതല്ലെങ്കില്‍ ഇറങ്ങിപ്പോരണം. കൂലിവേല ചെയ്‌തെങ്കിലും സ്വതന്ത്രമായി അന്തസ്സായി ജീവിക്കണം. കേരളത്തില്‍ 38,000-ത്തില്‍ കൂടുതല്‍ കന്യാസ്ത്രീകളുണ്ട്. അതിൽ ഒരു ശതമാനമേ നല്ലവരൊള്ളു എന്ന അഭിപ്രായമാണ് സിസ്റ്റര്‍ ജെസ്‌മിക്കുള്ളത്. സ്വന്തം വ്യക്തിത്വമില്ലാത്തവര്‍ വെറും ഒഴുക്കില്‍പ്പെട്ട് മുമ്പോട്ടു പോകുന്നു.  ഭൗതിക ചിന്ത കടന്നുകൂടി, സമ്പത്ത് ദൈവമാകുമ്പോള്‍ അതിനോടുള്ള ആക്രാന്തം വര്‍ദ്ധിക്കുന്നു. ധനമായി, ശക്തിയായി (ആത്മീയ ശക്തി, സാമൂഹിക ശക്തി, അക്കാദമിക ശക്തി, രാഷ്ട്രീയ ശക്തി) മന്ത്രിമാരെയും രാഷ്ട്രിയക്കാരെയും സ്വാധീനിക്കുന്ന വോട്ടു ബാങ്കായി, ലൗകികതയില്‍ മുഴുകി, സുഖഭോഗങ്ങളില്‍ ആറാടി, മദ്യവും മദിരാക്ഷിയുമായി അധഃപതിച്ച ജീവിതം നയിക്കുന്നവര്‍ക്ക് നിത്യവും അപ്പം തരുന്ന ദൈവത്തിന്റെ പരിപാലനയിലുള്ള വിശ്വാസം ഇല്ല. അതു പണ്ടേ നഷ്ടപ്പെട്ടുപോയി. സഭാ മേലധ്യക്ഷന്മാരുടെ സാമ്പത്തിക കാര്യങ്ങളിലെ ഉത്തരവാദിത്വക്കുറവ് പൊതുസമൂഹത്തിന് ഉതപ്പും സഭയോടുള്ള വിശ്വസ്ഥതയ്ക്ക് മങ്ങലുമേല്‍ക്കുന്നു.

ചില കന്യാസ്ത്രീകളുടെ മെത്രാന്മാരോടും വൈദികരോടുമുള്ള അധിക ബഹുമാനവും ആദരവും മൃദുസമീപനവും അവര്‍തന്നെ വീണുകൊടുക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയും തക്കം നോക്കിയിരിക്കുന്ന പുരോഹിതര്‍ക്ക് വീണുകിട്ടിയ കനിയായി മാറുകയും ചെയ്യും. അതുകൊണ്ട് കന്യാസ്ത്രീകള്‍ വൈദികരോട് അല്പം അകലം പാലിക്കുന്നത് നല്ലതു തന്നെ. ലോകപ്രസിദ്ധയായ ദയാഭായിക്ക് ഒരു വൈദികനില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമ അനുഭവും ചേരിയില്‍നിന്നുള്ള കുട്ടികളുടെ കൂട്ടകരച്ചിലും സഭയോ ക്രിസ്തുവോ (Church or Christ) എന്ന ചോദ്യത്തിലേക്ക് അവരെ നയിച്ചു. കാരണം യേശു പള്ളിക്കു പുറത്തായി എന്നവര്‍ക്ക് ബോധ്യമായി. സഭയോടടുക്കുമ്പോള്‍ ദൈവത്തില്‍ നിന്നകലുന്നു. ദൈവത്തോടടുക്കുമ്പോള്‍ സ്വാഭാവികമായി സഭയില്‍ നിന്ന് അകലുന്നു.

ചേരികളിലെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മഠം വിട്ടിറങ്ങിയ മദര്‍ തരേസയെ സഭ അന്ന് തിരിഞ്ഞുനോക്കിയില്ല. ആ സഭ ആ സ്ത്രീയെ പുണ്യവതിയാക്കി ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു!

ചാവദോഷത്തിലിരിക്കുന്ന പുരോഹിതന്‍ കുര്‍ബാന ചൊല്ലിയാല്‍ അത് വാസ്തവമെന്ന് പഠിപ്പിക്കുന്ന പുരുഷമേധാവിത്വം തന്നെ സ്ത്രീകള്‍ക്ക് പട്ടം എന്ന കൂദാശ സ്വീകരിക്കാന്‍ പാടില്ലെന്ന് വിധിക്കുന്നു. നിര്‍മലയായ ഒരു കന്യാസ്ത്രീക്കു പോലും ഒരു കൂദാശ പാരികര്‍മം ചെയ്യാന്‍ അധികാരമില്ല.

സല്‍പ്പേര് കാത്തുസൂക്ഷിക്കാന്‍ വേണ്ടി മഠങ്ങളിലെ സുപ്പീരിയര്‍മാര്‍ വല്ലതും കേട്ടാലും കണ്ടാലും എല്ലാം കണ്ണടയ്ക്കുന്നു. വൈദികരോടുള്ള അടിമചിന്ത ആ സമൂഹത്തെ മുഴുവന്‍ അടിമകളാക്കുന്നു.

നന്മ ചെയ്യാന്‍ ആഗ്രഹിച്ച് മഠത്തില്‍ ചേരുന്ന കുട്ടികളെ നന്മ ചെയ്യാന്‍ അനുവദിക്കാതെ പണം സമ്പാദിക്കുന്ന ഉപകാരണങ്ങളാക്കിത്തീര്‍ത്ത് ഒരു ജന്മം മുഴുവന്‍ പാഴാക്കിക്കളയുന്നു. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത എന്ത് പ്രവര്‍ത്തികളാണ് കന്യാസ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കുക? മാന്യമായ ഒരു ജീവിതാവസ്ഥക്കുള്ള ഇടമല്ല മഠം. യഥാർത്ഥ സ്നേഹം അവിടെ ഇല്ലെന്നാണ് സിസ്റ്റര്‍ ജെസ്‌മിയുടെ അഭിപ്രായം. കുറഞ്ഞ ഭക്ഷണവും വസ്ത്രവും മാത്രം ആവശ്യമുള്ള 38,000 കന്യാസ്ത്രീകള്‍ ഒത്തുപിടിച്ചാല്‍ കേരളത്തെ സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും രക്ഷിക്കാന്‍ കഴിയും. മഠത്തിനുള്ളിലിരുന്ന് പ്രാർത്ഥിച്ചിട്ട് എന്തു കാര്യം? യാഥാര്‍ത്ഥത്തില്‍ വംശനാശ ഭീഷണി നേരിടുന്ന വര്‍ഗമാണ് കന്യാസ്ത്രീകള്‍, ഇന്ന്.

എതിര്‍പ്പ് കാണിക്കുന്ന കന്യാസ്ത്രീകളെ മറ്റു കന്യാസ്ത്രീകളുടെ നോട്ടപ്പുള്ളികളാക്കിയും മുറികളില്‍ പൂട്ടിയിട്ടും ‘നീ സഭയില്‍ നിന്ന് പൊയ്‌ക്കോ’ എന്ന ശാപവാക്കുകള്‍ വര്‍ഷിച്ചും കൊല്ലാക്കൊല ചെയ്യുമ്പോഴും മഠത്തിന് പുറത്തു പോയി ജീവിക്കാന്‍ അവര്‍ക്ക് ഒരു മാര്‍ഗവുമില്ല. പണമില്ല, അന്തിയുറങ്ങാന്‍ വീടില്ല, ജോലിയില്ല, സഭയുടെയും സമൂഹത്തിന്റേയും എതിര്‍പ്പ് വേറെ. ഭ്രാന്തി, വേശ്യ എന്നെല്ലാം വിളിച്ചുള്ള അവഹേളനവും സഹിക്കണം. പുരോഹിത അടിമത്വത്തില്‍ നിന്ന് വെളിയില്‍ വരാന്‍ കന്യാസ്ത്രീകളെ പ്രേരിപ്പിക്കണമെന്നും പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടുന്ന കന്യാസ്ത്രീകൾക്കു വേണ്ട സഹായം ചെയ്തുകൊടുത്ത് ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് മാതൃകയാകണമെന്നും അഭിപ്രായപ്പെടുകയുണ്ടായി.

യേശുവിനെ സഭയില്‍ തിരിച്ചുകൊണ്ടുവരണമെങ്കില്‍ വിശ്വാസികള്‍ തങ്ങളുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് സഭാധികാരികളുടെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വതന്ത്രരാകണം. കേരളത്തിലെ പൊതുജീവിതത്തില്‍ പുരുഷാധിപത്യം ഉണ്ട്. എന്നാല്‍ അതിന്റെ പത്തിരട്ടി ക്രിസ്തീയ സഭകളിലുണ്ട്. ലൈംഗിക വിഷയത്തില്‍ കുറ്റാരോപിതരായ പുരോഹിതരെ സംരക്ഷിക്കുന്ന ചരിത്രമെ ക്രിസ്തീയ സഭകള്‍ക്കുള്ളൂ. അപ്പോള്‍ ചൂഷിതരായ കന്യാസ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കും?പുരോഹിത ഇംഗിതത്തിനു വഴങ്ങാത്ത കന്യാസ്ത്രീകളുടെ ഉടുപ്പൂരിപ്പിക്കുന്ന പരിപാടിക്കെതിരായി വിശ്വാസികള്‍ ശബ്ദമുയര്‍ത്തിയേ പറ്റൂ.

മഠജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് സിസ്റ്റര്‍ ജെസ്‌മി ശ്രോതാക്കളെ കൊണ്ടുപോയി. സിസ്റ്ററിന്റെ ഹൃദയഹാരിയായ പ്രഭാഷണം കൊണ്ട് സിസ്റ്റര്‍ ആരെന്നുള്ളതിന്റെ വ്യക്തതയും കൂടാതെ അവരെ സംബന്ധിച്ചുള്ള പല തെറ്റായ ധാരണകളും തിരുത്തപ്പെടാനും ഇടയായി.

മതമില്ലെങ്കിലും നന്മപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് സ്വർഗം കിട്ടുമെന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഉപദേശവും ചര്‍ച്ചയില്‍ പൊന്തിവന്നു. ബൈബിള്‍ വായിച്ച് പള്ളിയെ ഉപേക്ഷിച്ച വ്യക്തിയും കോണ്‍ഫറന്‍സില്‍ സജീവമായിരുന്നു. ചെളിയില്‍ വീണിട്ട് തന്റെ ദേഹത്ത് ചെളി പറ്റിയെന്ന് ആവലാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കന്യാസ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ സമരം ചെയ്യാന്‍ ധൈര്യം ലഭിച്ചെങ്കില്‍, അവര്‍ സഭയില്‍ തിരുത്തല്‍ ശക്തിയായി മാറിക്കഴിഞ്ഞു. സഭയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചവരുമുണ്ട്. സഭാനവീകരണ കൂട്ടായ്മകള്‍ സഭയെ എതിര്‍ക്കുകയോ സഭയെ നശിപ്പിക്കുവാന്‍ ശ്രമിക്കുകയോ അല്ലാ ചെയ്യുന്നത്. നേരെമറിച്ച്, ആനുകാലികമായ നല്ല മാറ്റങ്ങള്‍ സഭയില്‍ വരുത്തി മുങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന കപ്പലിനെ രക്ഷിക്കുകയാണ് സഭാനവീകരണ പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത് എന്ന അഭിപ്രായമാണ് എല്ലാവരും പ്രകടിപ്പിച്ചത്.

പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മഠം ഉപേക്ഷിച്ചു പോന്ന, ഇപ്പോള്‍ ഒഹായോയിലെ ക്ലീവ്‌ലാന്റില്‍ ഡോക്ടറേറ്റിന് പഠിച്ചുകൊണ്ടിരിക്കുന്ന മേരി ജോസും അവരുടെ മഠത്തിലെ ജീവിതാനുഭവങ്ങള്‍ കുറെയൊക്കെ പങ്കുവെച്ചു എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

മോഡറേറ്റര്‍ എ സി ജോര്‍ജ് എല്ലാവര്‍ക്കും പ്രത്യേകിച്ച് സിസ്റ്റര്‍ ജെസ്‌മിയ്ക്കും നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു. നമ്മുടെ അടുത്ത ടെലികോണ്‍ഫറന്‍സ് 2018 ഡിസംബര്‍ 12, ബുധനാഴ്ച രാത്രി 9:00 മണിക്ക് (EST) നടത്തുന്നതാണ്.

വിഷയം: “ക്രൈസ്ത വസഭകളും ജനാധിപത്യവും”
മുഖ്യപ്രഭാഷകന്‍: ഫാ. അഗസ്റ്റിന്‍ വട്ടോളി

WISHING EVERYONE A SAFE AND HAPPY THANKSGIVING

ചാക്കോ കളരിക്കല്‍
ജനറല്‍ കോഓര്‍ഡിനേറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top