Flash News

കിളിക്കൊഞ്ചല്‍ (ബാലസാഹിത്യ നോവല്‍ – 5)

November 25, 2018 , കാരൂര്‍ സോമന്‍

Kilikonchal 5 banner-smallപത്തിവിടര്‍ത്തി നിന്ന മൂര്‍ഖന്റെ മുകളില്‍ രണ്ട് തത്തകള്‍ തലങ്ങും വിലങ്ങും ശബ്ദമുണ്ടാക്കി പറന്നപ്പൊള്‍ പത്തി ഭയപ്പെട്ടു താണു. കുട്ടന്‍ ഓടിയെത്തി പാമ്പിന് മുന്നില്‍നിന്നു കുരച്ചപ്പോള്‍ പാമ്പിനെപ്പോലെ ചാര്‍ളിയും ഒന്ന് ഞെട്ടി. കുട്ടന്റെ ഓരോ മുന്നോട്ടുള്ള കുതിപ്പും പാമ്പിനെ കടിക്കാനാണ്. പാമ്പ് അപ്പോഴൊക്കെ തലയുയര്‍ത്തി കുട്ടനെ കൊത്താന്‍ മുന്നോട്ട് വരും. കുട്ടന്‍ പിറകോട്ട് മാറും. കുട്ടന്‍ പാമ്പുകളെ കടിച്ച് കൊന്ന് പരിചയമുള്ളവനാണ്.

തത്തകള്‍ കുട്ടന്‍ വന്നതോടെ പറന്നകന്നു. കുട്ടന്‍ പാമ്പിനെ മടക്കി അയക്കാനുള്ള ഭാവമില്ല. ചാര്‍ളി നിശ്ചലനായി ആ കാഴ്ച കണ്ടു നില്ക്കയാണ്. എന്നെ കൊത്തിക്കൊല്ലാന്‍ വന്ന പാമ്പല്ലേ. ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല. എന്നാല്‍ അതിന് പ്രതികാരമായി പാമ്പിനെ കൊല്ലാനും മനസ്സില്ല. അതും ജീവനുള്ള ഒരു ജന്തുവല്ലേ. എനിക്ക് വേണമെങ്കില്‍ പാമ്പിനെ അടിച്ചുകൊല്ലാം. സത്യത്തില്‍ എനിക്ക് പാമ്പിനോട് ദ്വേഷ്യമാണ്. ഞങ്ങളുടെ സ്കൂളിലെ ഒരു കുട്ടി പാമ്പ് കടിച്ച് മരിച്ചു. എന്തിനാണ് ഇത്തരത്തിലുള്ള വിഷജീവികളെ ദൈവം സൃഷ്ടിച്ചത്? പാമ്പിന് എങ്ങനെയും രക്ഷപ്പെടണമെന്നുള്ള ഭാവമാണ്.

പാമ്പിന് അമ്പരപ്പുളവാക്കും വിധമാണ് കുട്ടന്റെ കുരയും ഓരോ ചലനങ്ങളും. തെല്ലും അമ്പരപ്പില്ലാതെയാണ് കുട്ടന്‍ പാമ്പിനെ നേരിടുന്നത്. അതിനെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കയാണ് വേണ്ടത്. പാമ്പ് മടങ്ങി പോകാന്‍ തിടുക്കം കാട്ടുമ്പോള്‍ കുട്ടന്‍ കടിക്കാനായി ആഞ്ഞടുക്കും. കുട്ടന്‍ പാമ്പിനെ കൊല്ലാനുള്ള ഭാവമാണ്. അവന്‍ ഒരിക്കലും പിന്മാറില്ല. മുഖത്ത് പാമ്പിന്റെ കടിയേല്‍ക്കാതെ അവന്‍ വഴുതി മാറുന്നുണ്ട്. മറ്റ് ശരീരഭാഗങ്ങളില്‍ നല്ല കറുത്ത രോമമുള്ളതിനാല്‍ അത്രവേഗം പാപിന്റെ കടിയേല്‍ക്കില്ല. ഈ അവസരത്തില്‍ ആരെയാണ് സഹായിക്കേണ്ടത്?

Kili 5-3പാമ്പിന് രക്ഷപ്പെട്ട് പോകണമെന്ന താല്പര്യമുണ്ട്. വളരെയേറെ അതിനായി ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ പാമ്പ് നായയെ ഭയപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ പാമ്പിനെ സഹായിക്കണം. പാമ്പ് ഭയത്തിന്റെ നിഴലിലാണ്. ആ ശരീരത്തെ മണ്ണിലടിക്കാന്‍, വളച്ചൊടിക്കാന്‍ അനുവദിക്കരുത്. അവന്‍ വിളിച്ചു..

“കുട്ടാ അത് പോട്ട്…ഇങ്ങു വാ”

അവനത് ചെവിക്കൊണ്ടില്ല. ശക്തനായി നില്‍ക്കയാണ്. അവന്റെ ക്രൂരമായ നോട്ടത്തിലും ഭാവത്തിലും നിന്നോട് ആരു പറഞ്ഞു എന്റെ പുരയിടത്തില്‍ വരാന്‍. മണ്ണിന്റെ അധിപന്മാരായ മനുഷ്യരെ കൊല്ലാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു? ഏതെങ്കിലും കാട്ടിലോ വനത്തിലോ സന്തുഷ്ടനായി കഴിയേണ്ട നീ എന്തിന് മനുഷ്യരുടെ ഇടയിലേക്ക് ഇഴഞ്ഞു വരുന്നു. അതിന്റെ അര്‍ത്ഥം നീയൊരു ധിക്കാരിയെന്നല്ലേ? നിനക്ക് മനുഷ്യരെ കടിക്കാന്‍ അംഗീകാരം എവിടുന്ന് ലഭിച്ചു?

ചാര്‍ളി പലവട്ടം വിളിച്ചെങ്കിലും കുട്ടന്‍ ഗൗനിച്ചില്ല. എന്നെ കടിക്കാന്‍ വന്നതുകൊണ്ടാണ് അവന് ദ്വേഷ്യം കൂടിയത്. കുട്ടനെ ഭയന്ന് ഒരു ചേര പോലും പറമ്പില്‍ കയറാറില്ല. പാമ്പ് വഴിതെറ്റി വന്നതായിരിക്കും. അതിനെ ദേഹോപദ്രവം ഏല്പിക്കാതെ വിടണം. ഒരു ജീവിയേയും ഉപദ്രവിക്കുന്നതിന് അവന്‍ തയ്യാറല്ല. അവന്‍ പാമ്പിനെ സൂക്ഷിച്ചു നോക്കി. പാവം പാമ്പ്! അവന്‍ ഭയപ്പെട്ടും പരവശനായും മാറിക്കഴിഞ്ഞു. കോപിഷ്ഠനായ കുട്ടന്റെ അടുത്തേക്ക് ചെന്ന് അവന്റെ കഴുത്തില്‍ കിടന്ന വളയത്തില്‍ പിടിച്ചു.

“കുട്ടാ…നീ…വാ… അതങ്ങ് പോട്ട്….”

അതോടെ കുട്ടന്‍ ഒന്ന് തണുത്തു. കുട്ടന്‍ എന്തോ ഒക്കെ മുറുമുറുത്തു. ഒരു ജീവനെ ഒടുക്കാന്‍ വന്നവനെ ജീവനോടെ മടക്കി അയക്കരുതെന്നായിരുന്നു കുട്ടന്റെ ആഗ്രഹം. ഒരു ദുരന്തത്തില്‍ നിന്ന് മുന്നോട്ട് വളരെ വേഗം ഇഴഞ്ഞുപോയ പാമ്പിന് മീതെ രണ്ട് തത്തകള്‍ ശബ്ദമുണ്ടാക്കി പറക്കുന്ന കാഴ്ചയാണ് ചാര്‍ളി കണ്ടത്. പാമ്പ് വളരെ ഭീതിയോടെ മുന്നോട്ട് ഇഴഞ്ഞ് ഒരു പച്ചിലക്കുറ്റിയുടെ അടിഭാഗത്ത് ഒളിച്ചു. പാമ്പ് അമ്പരപ്പോടെയാണ് ഒളിവില്‍ പോയത്. ഇനി ഒരിക്കലും ഈ ഭാഗത്തേക്ക് വരില്ലെന്നുള്ള ഉറച്ച തീരുമാനം എടുത്തു കാണും. ഈ ബുദ്ധിയില്ലാത്ത ജീവികള്‍ക്ക് എന്തും എപ്പോഴും സംഭവിക്കാം. ബുദ്ധിയുള്ളവര്‍ ആപത്തില്‍ ചെന്ന് ചാടാറില്ലല്ലോ.

ചാര്‍ളി പുല്ലു പറിച്ചു തുടങ്ങി. കുട്ടന്‍ അവന് കാവല്‍ നിന്നു. തത്തമ്മയും കൂട്ടുകാരനും തലക്ക് മുകളിലൂടെ പറന്ന് “ചാളി….ചാളി” എന്ന് വിളിച്ചു. ചാര്‍ളി പുഞ്ചിരിയോടെ വലത് കരമുയര്‍ത്തി നന്ദി അറിയിച്ചു, കുട്ടന്‍ പതുക്കെ പാമ്പ് പോയ ഭാഗത്തേക്ക് നടന്നു. ഇനിയും ഇവിടെ നുഴഞ്ഞു കയറിയാല്‍ കടിച്ചുകൊല്ലും എന്ന ഭാവമായിരുന്നു. അടുത്തൊരു തെങ്ങിന്‍ ചുവട്ടില്‍ നിന്ന് മൂത്രമൊഴിക്കാനും അവന്‍ മറന്നില്ല.

Kili 5-2പുല്ലു പറിക്കുമ്പോഴും ചാര്‍ളിയുടെ മനസ്സ് മുഴുവന്‍ തത്തമ്മയും കുട്ടനുമായിരുന്നു. എനിക്കൊരു ആപത്ത് വന്നപ്പോള്‍ എത്ര വേഗത്തിലാണ് അവര്‍ സഹായത്തിനെത്തിയത്. അതോടെ ഭയം മാറി. സത്യത്തില്‍ പ്രിയപ്പെട്ടവര്‍ ആരാണ്? ആപത്തില്‍ സഹായിക്കുന്നവര്‍. ജീവിതത്തില്‍ എത്ര വേദനകള്‍ അനുഭവിക്കുന്നവരായാലും അതൊക്കെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. മനുഷ്യരില്‍ നല്ല മുഖമുള്ളവരും മുഖം മൂടിയുള്ളവരുമുണ്ടെന്ന് കഴിഞ്ഞ ആഴ്ച സ്കൂള്‍ ലൈബ്രറിയിലുള്ള കുട്ടികളുടെ ഒരു നോവല്‍ വായിച്ചപ്പോള്‍ മനസ്സിലായി. ഇതുമായി നോക്കുമ്പോള്‍ അത് വാസ്തവമല്ലേ? സ്നേഹമുള്ളവര്‍ക്കേ മറ്റുള്ളവരെ ആപത്തില്‍ രക്ഷപ്പെടുത്താനാകൂ. അപകടങ്ങള്‍ വരുമ്പോള്‍ എത്രയോ മനുഷ്യരാണ് ബോധപൂര്‍‌വ്വം ഒഴിഞ്ഞുമാറി നടക്കുക. അതൊക്കെ കാണുമ്പോള്‍ സ്നേഹമുള്ള മനുഷ്യര്‍ക്ക് ഒരു മുറിവാണുണ്ടാക്കുക. ഏതാവശ്യത്തിലും ശക്തമായി ഇടപെടാന്‍ തത്തയെപ്പോലെയും കുട്ടനെപ്പോലെയും എത്ര പേര്‍ക്ക് കഴിയും?

ഈ സംഭവം അവനില്‍ പ്രത്യാശയും തിരിച്ചറിവും വളര്‍ത്തി. ഏതാപത്തിനെയും നേരിറ്റാന്‍ തയ്യാറാകണം. എന്റമ്മയെപ്പറ്റി കേട്ടിട്ടുള്ളത് സ്നേഹവും ക്ഷമയുമുള്ള ആളായിരുന്നുവെന്നാണ്. അമ്മയുടെ മാര്‍ഗം എനിക്കും തുടരണം. ഒരു നല്ല കുട്ടിയായിരിക്കുക എന്ന് പറഞ്ഞാല്‍ ആദ്യം ആവശ്യം മറ്റുള്ളവരെ സ്നേഹിക്കുക എന്നുള്ളതാണ്. പുല്ലുപറിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പള്ളിയില്‍ നിന്നുള്ള പാട്ടും അതിനുശേഷം അച്ചന്റെ പ്രസംഗവും കേട്ടു തുടങ്ങി. തൊഴുത്തില്‍ ചാണകം വാരുമ്പോഴും അവന്റെ ശ്രദ്ധ മുഴുവന്‍ അച്ചന്റെ വാക്കുകളിലായിരുന്നു. നിത്യവും വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും തെറ്റുകള്‍ ചെയ്ത് മുന്നോട്ട് ജീവിക്കുന്നവരില്‍ ഒരിക്കലും ആത്മീയ പുരോഗതി ലഭിക്കില്ലെന്നും ഇവരൊക്കെ വെറും നാമമാത്ര ക്രിസ്ത്യാനികളാണെന്നും യേശു ക്രിസ്തുവിന്റെ കല്പനകളെ അനുസരിച്ച് ജീവിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികളെന്നും അച്ചന്‍ അറിയിച്ചു.

WRITING-PHOTO-reducedപള്ളിക്കുള്ളില്‍ ഇരുന്ന ചിലര്‍ക്ക് അച്ചന്റെ വാക്കുകള്‍ അത്ര സ്വീകാര്യമായിരുന്നില്ല. മനുഷ്യനെ നശിപ്പിക്കാന്‍ ബോംബുകള്‍ ഉണ്ടാക്കിയത് ആരാണ്? ക്രിസ്ത്യാനികളും ഈശ്വര വിശ്വാസികളുമല്ലേ? ദൈവത്തെ ദുരുപയോഗം ചെയ്തു ജീവിക്കുന്നവരോടാണ് അച്ചന്‍ ഈ പ്രസംഗം നടത്തേണ്ടത്. അല്ലാതെ പള്ളിക്കുള്ളിലെ പാവങ്ങളോടല്ല. അവര്‍ പൊട്ടിത്തെറിക്കുന്ന ഒരു പടക്കം പോലും ഉണ്ടാക്കാറില്ല. പള്ളിയിലെ സമ്പന്നര്‍ക്കും ആര്‍ഭാടത്തിലിരിക്കുന്നവര്‍ക്കും അച്ചന്റെ പ്രസംഗം നന്നേ ഇഷ്ടപ്പെട്ടു. ഈ കൂട്ടരൊക്കെ പള്ളിയില്‍ അതിരാവിലെ തന്നെ വരുന്നത് വില കൂടിയ കാര്‍ വാങ്ങിയത്, പുതിയ വസ്ത്രധാരണം ചെയ്തത്, കഴുത്തില്‍ ചങ്ങല പോലുള്ള സ്വര്‍ണ്ണമാലകള്‍ അണിഞ്ഞത് കാണിക്കാന്‍ അങ്ങനെ പലതും മറ്റുള്ളവരെ കാണിക്കാനാണ്. വെറും വിരലില്‍ എണ്ണാന്‍ മാത്രമുള്ളവരിലാണ് ആത്മീയ പോരാട്ടങ്ങള്‍ നടക്കുന്നത്. അവരുടെ ഹൃദയത്തിലാണ് സ്നേഹമെന്ന വിത്ത് മുളക്കുന്നത്.

ഉച്ചക്ക് പള്ളിയില്‍ നിന്ന് റീന മടങ്ങിവരുമ്പോള്‍ ചാര്‍ളി തള്ളക്കോഴിയെയും കുഞ്ഞുകോഴികളെയും കൊണ്ട് പറമ്പില്‍ നടക്കുന്നതാണ് കണ്ടത്. റീന മനസ്സില്‍ കണ്ടതുപോലെ അവന്‍ ചെയ്യുന്നുണ്ട്. ബോബി കാറില്‍ നിന്നുമിറങ്ങിയില്ല. മടങ്ങിപ്പോകാന്‍ കാര്‍ തിരിക്കുമ്പോള്‍ തൊഴുത്തിന്റെ വരാന്തയിലിരുന്ന് തത്തമ്മ “കള്ളന്‍” എന്നു വിളിച്ചത് ബോബിയെ ഭയപ്പെടുത്തി.

എത്രയും വേഗം ഈ മുറ്റത്തു നിന്ന് പോയാല്‍ മതിയായിരുന്നു. കാര്‍ മുന്നോട്ടു പോകുമ്പോള്‍ തത്തമ്മ കാറിന് മുകളിലിരുന്ന് ‘ക..ള്ള…ന്‍’ എന്നു വിളിച്ചു. വളരെ വേഗത്തില്‍ കാറിന്റെ ഗ്ലാസ്സടച്ചു. തത്തമ്മ വേഗത്തില്‍ മുകളിലേക്ക് പറന്നു. തത്തമ്മ പറന്ന് വന്ന് ചാര്‍ളിയുടെ തോളിലിരുന്നു പറഞ്ഞു. “ക…ള്ള…ന്‍”. ഉടനടി ചാര്‍ളി പറഞ്ഞു…. “അങ്ങനെ പറയാതെ തത്തമ്മേ.” തത്തമ്മ അങ്ങനെ വിളിക്കുന്നത് അവന് ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്തുകൊണ്ടാണ് തത്തമ്മ വല്യപ്പനെ വെറുക്കുന്നതെന്ന് അവനറിയില്ല. തത്തമ്മ ചാര്‍ളിയോട് പറഞ്ഞു. ‘ചോര്‍….ചോര്‍’ അവന് മനസ്സിലായി. ചാര്‍ളി ഭക്ഷണം കഴിക്കുന്നത് വരാന്തയിലിരുന്നാണ്. കുഞ്ഞമ്മ ഭക്ഷണം കൊടുക്കുമ്പോള്‍ പാത്രത്തില്‍ നിന്ന് ഏതാനും ചോറ് തത്തമ്മക്ക് കൊടുക്കാറുണ്ട്. കുഞ്ഞമ്മ കാണാതെയാണ് തത്തമ്മക്കും കുട്ടനും അവന്റെ ഭക്ഷണത്തിന്റെ ഒരു വിഹിതം കൊടുക്കാറുള്ളത്. ഉടനടി അവന്‍ പറഞ്ഞു.

“തത്തമ്മ പോയിട്ട് പിന്നീട് വാ. ഇനിയും എനിക്കു പശുവിനെ കുളിപ്പിക്കണം. വീടെല്ലാം അടിച്ചുവാരണം. എന്നിട്ടേ കുഞ്ഞമ്മ ഉച്ചക്കു വല്ലോം കഴിക്കാന്‍ തരൂ.” വീണ്ടും തത്തമ്മ പറഞ്ഞു.

“ചോര്‍….ചോര്‍…”

“തത്തമ്മ പോയിട്ട് കുറച്ച് കഴിഞ്ഞ് വാ…”

അവന്‍ കോഴികളെയും കൊണ്ടു വീട്ടിലേക്ക് നടന്നു. തൊഴുത്തിന്റെ ഒരു ഭാഗത്തുള്ള ഒരു കുട്ടക്കീഴില്‍ കോഴിക്കുഞ്ഞുങ്ങളെ അടച്ചിട്ട് അവന്‍ പുറത്തേക്ക് നടന്നു. മുറിക്കുള്ളിലെത്തി ചൂലെടുത്തപ്പോള്‍ കണ്ടത് കുഞ്ഞമ്മ അകത്തെ തീന്‍മേശയില്‍ കെവിനെ ഭക്ഷണം കഴിപ്പിക്കുന്നതാണ്. ആ സമയം വീട് തൂക്കുന്നത് കുഞ്ഞമ്മക്ക് ഇഷ്ടപ്പെടില്ലെന്ന് അവനറിയാം. ചൂലു മാറ്റി വച്ചിട്ട് പശുവിനെ കുളിപ്പിക്കാനായി കിണറ്റിനടുത്തേക്ക് നടന്നു. കിണറ്റില്‍ നിന്ന് കുറെ വെള്ളം കോരി ചരുവത്തില്‍ നിറച്ചു. തെങ്ങില്‍ കെട്ടിയിരുന്ന പശുവിനെ കുളിപ്പിച്ചു. റീന പുറത്തേക്ക് വന്നു പറഞ്ഞു.

“എടാ പേരിനുവേണ്ടി കുളിപ്പിക്കാതെ അതിന്റെ മേല് കുറെ വെള്ളം കോരി ഒഴിക്ക്.”

Kili 5-1അവന്‍ അതുപോലെ ചെയ്തു. അവന്‍ സ്വയം പറഞ്ഞു “ഞാനങ്ങനെ കുളിപ്പിക്കാറില്ല. അല്ലെങ്കിലും ഞാനെന്തു ചെയ്താലും കുഞ്ഞമ്മക്ക് പുച്ഛഭാവമാണ്.” അവന്‍ ശ്രദ്ധയോടെ പശുവിനെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചുകൊണ്ടിരിക്കെ തത്തമ്മ റീനയുടെ മുകളിലൂടെ പറന്ന് റീനയെ അമ്പരപ്പിച്ചു. തത്തയുടെ സാന്നിധ്യം റീനയെ ഭയപ്പെടുത്തി. ഇത് എവിടെയാണ് പതുങ്ങിയിരിക്കുന്നത്. ഞാനതിനെ ശ്രദ്ധിച്ചതുമില്ല. ഒരു ശബ്ദവുമുണ്ടാക്കാതെയല്ലേ പറന്നത്. അത് എന്നെ ലക്ഷ്യം വെച്ചു തന്നെയാണ്. ഇന്നലെ എന്റെ തലയില്‍ കൊത്തി മുറിവേല്പിക്കാന്‍ കഴിഞ്ഞില്ല. ഇന്നതിന് പകരം തീര്‍ക്കാന്‍ വന്നതാണ്. അതിപ്പോള്‍ കൂടുതല്‍ ബോധ്യമായി. പെട്ടെന്നവര്‍ വീടിനുള്ളിലേക്ക് ഓടിക്കയറി. തത്തയോട് വല്ലാത്ത വെറുപ്പ് തോന്നി. കുഞ്ഞമ്മ അകത്തേക്ക് ഓടുന്നത് കണ്ട് ചാര്‍ളി പുഞ്ചിരിച്ചു. നിഷ്ക്കളങ്കമായ അവന്റെ മനസ്സിന് അത് സന്തോഷം നല്‍കി.

വരാന്തയില്‍ നിന്ന് റീന ഒരു നിമിഷം ആലോചിച്ചു.

“ഇനിയും എന്താണ് ചെയ്യുക? ഈ തത്ത ഒരു തലവേദനയായല്ലോ. ഇതിനെ അങ്ങനെ വിടാന്‍ പാടില്ല.”

ദേഷ്യത്തോടെ അകത്തേക്ക് ചെന്ന് കതകിന്റെ പിറകിലിരുന്ന ഒരു വടിയെടുത്ത് മുറ്റത്തേക്കിറങ്ങി. എന്നിട്ട് ചാര്‍ളിയോട് പറഞ്ഞു.

“വിളിക്കടാ നിന്റെ തത്തമ്മയെ. എന്റെ തലയീ കൊത്താന്‍ വരാന്‍ പറ.”

അവന്‍ സൂക്ഷിച്ചു നോക്കി. എനിക്കതില്‍ എന്ത് കാര്യമിരിക്കുന്നു? അടുത്ത മാവിന്‍കൊമ്പിലിരുന്ന് തത്തമ്മ ആ കാഴ്ച കണ്ടു. ഉടനടി വിളിച്ചു. “ക…കള്ളി.” റീന മരത്തിലേക്ക് നോക്കി. കണ്ണു തുറിച്ചു വന്നു. ഭീഷണിപ്പെടുത്തി പറഞ്ഞു.

“നന്ദികെട്ട തത്ത! നിന്നെ ഞാന്‍ അടിച്ചുകൊല്ലും. നോക്കിക്കോ.”

തത്തമ്മ ഗൗരവത്തോടെ വിളിച്ചു… “കള്ളി….കള്ളി…”

റീനക്ക് ദേഷ്യമടക്കാനായില്ല. ഒന്നും പറയാനും തോന്നിയില്ല. മുഖം വല്ലാതെ വിളറി. ചുറ്റുപാടും നോക്കിയിട്ട് കുറേ കല്ലുകള്‍ കൈയിലെടുത്തു. മാവിലേക്കെറിഞ്ഞു. തത്ത വേഗത്തില്‍ പറന്നകന്നു. ചാര്‍ളിയുടെ മുഖത്ത് ഒരല്പം പരിഭ്രമം തോന്നി. തത്തമ്മക്ക് ഏറു കൊള്ളുമോ? കുഞ്ഞമ്മയുടേ ആ ശ്രമം പരാജയപ്പെട്ടതില്‍ സന്തോഷം തോന്നി.

കുഞ്ഞമ്മയുടെ വാക്കുകള്‍ അവന്റെ മനസ്സിനെ സാരമായി സ്പര്‍ശിച്ചു. തത്തമ്മയെ അടിച്ചു കൊല്ലുമെന്നാണ് പറഞ്ഞിരിക്കുന്നത്. തത്തമ്മയെ കുഞ്ഞമ്മയുടെ കൈകളില്‍ നിന്നു രക്ഷപ്പെടുത്തണം. അതെങ്ങനെ? ഈ വീട്ടിലേക്ക വരരുതെന്ന് പറയണം. ഞാനത് എങ്ങനെ പറഞ്ഞു മനസ്സിലാക്കും? പശുവിനെ തിരികെ കൊണ്ടുപോയി കെട്ടുമ്പോഴും മനസ്സു നിറയെ പ്രിയപ്പെട്ട തത്തമ്മയായിരുന്നു. കുഞ്ഞമ്മ ദ്വേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി. തത്തയോട് പറയേണ്ടത് അവന്‍ മനസ്സില്‍ ചിട്ടപ്പെടുത്തിക്കൊണ്ടിരുന്നു. ആദ്യം ചുണ്ടില്‍ കളിയാടിയ പുഞ്ചിരി മാറി ഇപ്പോള്‍ മുഖം വല്ലാതെ വാടി. ഒരു മരക്കൊമ്പിലിരുന്ന് ഏതോ ഒരു കിളി ശ്രുതിമധുരമായി പാടുന്നു. വീടിനുള്ളിലെത്തി മുറികള്‍ എല്ലാം അടിച്ചുവാരി. കെവിന്‍ ഏതോ കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവന്‍ വളരെ ബുദ്ധിമുട്ടിയാണ് കസേരയില്‍ നിന്നും എഴുന്നേറ്റ് മാറിയത്. മുറി വൃത്തിയാക്കാന്‍ വന്നതുകൊണ്ടാണ് ഒന്നും പറയാഞ്ഞത്.

അവന്‍ കൈയും മുഖവും കഴുകി വാതില്‍ക്കല്‍ ഭക്ഷണത്തിനായി നിന്നു. റീന അവന് ഭക്ഷണം വിളമ്പിക്കൊടുത്തു. വാരാന്തയില്‍ കഴിച്ചുകൊണ്ടിരിക്കെ “ചാളി” എന്നുവിളിച്ച് തത്തമ്മ മുറ്റത്ത് വന്നു. അവന് സന്തോഷമായി. അവന്റെ കണ്ണും കവിളും തിളങ്ങി. തത്തമ്മ ഭയന്ന് ഇനിയും ഇങ്ങോട്ട് വരുമോ എന്ന് ചിന്തിച്ചിരുന്നു. അവന്‍ അകത്തേക്ക് നോക്കി. കുഞ്ഞമ്മയെ കാണാനില്ല. വേഗത്തിലവന്‍ ഏതാനും ചോറുകള്‍ തത്തമ്മയുടെ മുന്നില്‍ ഒരു പ്ലാവിലയില്‍ വെച്ചു കൊടുത്തു. തത്തമ്മയുടെ പവിഴച്ചുണ്ടുകള്‍ കൊണ്ട് അത് കൊത്തി തിന്നു. കുട്ടനും വാലാട്ടി നിന്നു. കുട്ടനും രണ്ട് ഉരുള ചോറും കറിയും കൊടുത്തു. അതില്‍ ഇറച്ചിയുമുണ്ടായിരുന്നു. ഇറച്ചിക്കറി കൊടുക്കുമ്പോഴൊക്കെ അതിന്റെ ചാറ് മാത്രമാണ് അവന്‍ കഴിക്കുന്നത്. ഇറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ഇറച്ചിയെല്ലാം കുട്ടനാണ് കൊടുക്കുന്നത്. അതിനാല്‍ കുട്ടന് ചാര്‍ളിയോട് ഒരു പ്രത്യേക സ്നേഹമാണ്.

മുറ്റത്ത് വണ്ടുകള്‍ പാറിപ്പറന്നു. കുട്ടനും തത്തമ്മയും ചാര്‍ളിയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തത്തയെ തല്ലി കൊല്ലാന്‍ ഒരു വടിയുമായി കുഞ്ഞമ്മ വന്നത്. പതുങ്ങി വന്ന കുഞ്ഞമ്മയെ ഉത്കണ്ഠയോടെ നോക്കി അവന്റെ ഉള്ളം ഇളകി മറിഞ്ഞു. തത്തമ്മ തലകുനിച്ച് ചോറ് കൊത്തി വിഴുങ്ങുകയായിരുന്നു.

(തുടരും)

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top