Flash News

മരണം മധുരോദാരം! (കവിത): ജയന്‍ വര്‍ഗീസ്

November 25, 2018

maranam madhurodaram banner-1മരണമേ, മരണമേ,
മധുരോദാരമാം മരണമേ,
വരിക, യെന്നാത്മാവിന്‍ താലത്തിലൊരു പിടി –
യരിമുല്ല, പ്പൂവുമായ് ഞാനിരിപ്പൂ !

മരണമാം മാന്ത്രികന്‍
മയക്കി കിടത്തുമെന്നെ,
മറവി തന്‍ ശവക്കോട്ട –
പ്പറമ്പിലൊന്നില്‍ !
ഞാനുറങ്ങും, – ഞാന്‍
വീണുറങ്ങും, എന്റെ
മോഹങ്ങളലിഞ്ഞൊരീ –
ച്ചുവന്ന മണ്ണില്‍ !

തല തല്ലി ചിരിച്ചാര്‍ത്തു
തലമുറ വരും, പോകും,
സമയത്തിന്‍ രഥചക്ര –
മുരുണ്ടു നീങ്ങും !
അവിരാമ, മനുസ്യൂത –
മൊഴുകുമീ പ്രവാഹത്തില്‍
ഒരു വെറും കുമിള ഞാന്‍,
എന്റെ സ്വപ്നം !

ഒന്നറിയാതെ തൊട്ടാല്‍,
തകരുമീ പുറം തോടില്‍
വന്നുദിച്ചീടുന്നെത്ര
വര്‍ണ്ണ താരങ്ങള്‍ !
സപ്ത വര്‍ണ്ണാക്ഷരങ്ങള്‍
വിരചിക്കുമൊരു വെറും
ഗദ്ഗദ കാവ്യം, അതാ –
നെന്റെയീ ജന്മം !

മരണമേ, മരണമേ,
മധുരോദാരമാം മരണമേ,
വരികയെന്നാത്മാവിന്‍
താലത്തിലൊരു പിടി –
യരിമുല്ല പ്പൂവുമായ്
ഞാനിരിപ്പൂ !!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top